Header Ads

അമ്മയാണ് അങ്കിളിനെ വിളിച്ചുവരുത്തിയത്, വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്; തിയേറ്റര്‍ പീഡനത്തിലെ പെണ്‍കുട്ടിയുടെ മൊഴി
അമ്മയാണ് അങ്കിളിനെ സിനിമ കാണാന്‍ വിളിച്ചു വരുത്തിയതെന്ന് മലപ്പുറം എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി. കൗണ്‍സിലിങ്ങിനിടയിലാണ് കുട്ടി ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. അങ്കില്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും കുട്ടി പറയുന്നു. അത് സത്യമാണ് എങ്കില്‍, മൊയ്തീന്‍ കുട്ടി ആദ്യമായാണ് കുട്ടിയെ കാണുന്നത് എന്ന അമ്മയുടെ വാദം പൊളിയുകയാണ്.

സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ ഉപദ്രവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി വ്യക്തമാക്കി. 'വേദന കൊണ്ടു കൈ തട്ടി മാറ്റിയപ്പോഴെല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തു പോയി ഭക്ഷണം വാങ്ങി നല്‍കി,' എന്നും പറയുന്നു. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൂരമായ ലൈംഗിപീഡനമാണു സംഭവിച്ചത്. 

പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളില്‍നിന്നും കുട്ടിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. കുട്ടിയുടെ മൊഴിയില്‍ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗണ്‍സലിങ് റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും. ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ കഴിയുമെന്ന് കൗണ്‍സല്‍ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ ചോദിക്കുന്നു.

കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്‌സോ നിയമത്തിലെ അഞ്ച്എം വകുപ്പ് ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കവിതാശങ്കര്‍ വ്യക്തമാക്കുന്നു. നിലവില്‍ ആറ്്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണെന്നും കൂടുതല്‍ ഗൗരവമുള്ള വകുപ്പുവേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

നേരത്തെ പ്രതിക്കെതിരെ പോക്‌സോയിലെ 9,10,16 വകുപ്പുകളും, ബാലനീതിനിയമം 75 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ ഏറെ പഴുതുകള്‍ ഉണ്ടായിരുന്നു. പ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ 5 എം, 6 വകുപ്പുകള്‍ ചേര്‍ക്കണമെന്ന ചൈല്‍ഡ് ലൈനിന്റെയും ശിശുക്ഷേമ സമിതിയുടെയും നിര്‍ദ്ദേശം പൊലീസ് ആദ്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് വിവാദമായതോടെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

ബാലപീഡകര്‍ക്കെതിരെയുള്ള കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തിലായാല്‍ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ ബാലികയ്ക്ക് എതിരായ അതിക്രമം, സ്വകാര്യ ഭാഗങ്ങളിലെ സ്പര്‍ശനം എന്നിവയാണ് വരുന്നത്. എന്നാല്‍ അഗ്രവേറ്റഡ് പെനിട്രേറ്റീവ് സെക്ഷ്വല്‍ അസോള്‍ട്ട് (Aggravated penetrative sexual assault) ഉള്‍പ്പെട്ട അഞ്ചാംവകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടിയിരുന്നതെന്നും സി.സി ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും പൊലീസ് ഈ വകുപ്പ് ചുമത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നടപടി പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പൊലീസ് ഒത്തുകളിയാണെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു

അതേസമയം, പ്രതി മൊയ്തീന്‍കുട്ടിയുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ടെന്നും ക്വാട്ടേഴ്‌സില്‍ സന്ദര്‍ശിക്കാറുണ്ടെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിയേറ്ററില്‍ അമ്മയുടെ സമ്മതത്തോടെയാണ് പ്രതി കുട്ടിയെ രണ്ടര മണിക്കൂര്‍ പീഡിപ്പിച്ചത്. രണ്ട് ദിവസം പൊലീസിനൊപ്പം കഴിഞ്ഞ കുട്ടിയെ ഞായറാഴ്ച ഉച്ചയോടെയാണ് മലപ്പുറത്തെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചത്.


.......................................................................................................................

Tags: sexual violence in a theatre in Edappal, child line activists, Moideenkutty is arrested, but police is trying to protect him with minor punishments, Malayalam news, thamasoma, News Courtesy: Marunadan Malayali

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.