Header Ads

ലിഗയെ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടയില്‍: ഉമേഷും ഉദയനും പ്രതികള്‍
വിദേശവനിത ലിഗയെ തങ്ങള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉമേഷ്, ഉദയന്‍ എന്നിവര്‍ സമ്മതിച്ചു. ഫോറന്‍സിക് പരിശോധനയിലും ലിഗ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെ, പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തും. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ഇന്ന് ഉച്ചയോടെ അറസ്റ്റു ചെയ്യും. ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഉമേഷ് മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്. ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു.

ലിഗയെ വശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ച ശേഷം ഉമേഷും ഉദയനും ഇവരെ പീഡിപ്പിച്ചു. അതിനു ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ ലിഗയുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി. പീഡനവിവരം പോലീസിനെ അറിയിക്കുമെന്ന് ലിഗ പറഞ്ഞതോടെ ഇവര്‍ ലിഗയെ തള്ളിയിടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. 

പനത്തുറ സ്വദേശികളാണ് പ്രതികള്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഉമേഷിന്റെ സഹോദരന്‍ അടക്കം നാലു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഉമേഷും ഉദയനുമാണ് യഥാര്‍ത്ഥ പ്രതികളെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. ലിഗയുടെ ഫേറന്‍സിക്, ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലങ്ങള്‍ ലഭിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനം. 

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാലു പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനു സമീപത്തായിരുന്നു ഇവര്‍ താമസിച്ചിക്കുന്നത്. കോവളത്തെത്തിയ ലിഗയെ ബോട്ടിംഗിനെന്ന പേരില്‍ ഇവരുടെ ഒരു സുഹൃത്ത് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവര്‍ മറ്റു രണ്ടു പേരെയും വിളിച്ചുവരുത്തി. ഇവര്‍ ലിഗയ്ക്ക് സിഗരറ്റ് നല്‍കി. പണം പിടിച്ചുപറിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ലിഗയ്ക്കു നേരെ പീഡനശ്രമവും കയ്യേറ്റവും നടന്നതായി ഉമേഷിന്റെ സുഹൃത്ത് മൊഴിനല്‍കി.

ഏപ്രില്‍ 20 നാണ് പോലീസ് ലിഗയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍, ഇതിനു മുന്‍പുതന്നെ മൃതദേഹം കിടക്കുന്നത് കണ്ടിരുന്നുവെന്ന് ഉമേഷിനും ഉദയനും ഒപ്പം കസ്റ്റഡിയിലായവര്‍ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. 

ഉദയന്‍ ഒരു ടൂറിസ്റ്റ് ഗൈഡാണ്. മാര്‍ച്ച് 14ന് കോവളത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ ലിഗയെ ഇയാളാണ് പറഞ്ഞുവശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ചത്. ഒരു സ്ഥാപനത്തിലെ കെയര്‍ ടേക്കറാണ് ഉമേഷ്. ഇവര്‍ മുന്‍പും പലരേയും വശീകരിച്ച് ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ആദ്യഘട്ടത്തില്‍ ഭയപ്പെട്ടിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചതിന് പ്രത്യേകം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ലിഗയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍

കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്നു വൈകിട്ട് നാലിനു നടക്കും. ചിതാഭസ്മം ഇലീസ് ലാത്‌വിയയിലേക്കു കൊണ്ടുപോകും. ലിഗയുടെ കൊലയാളിയെ പൊലീസ് തിരച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിന് ശേഷം സഹോദരി ഇലീസും ഭര്‍ത്താവും അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും.

ലിഗയെ തേടിയുള്ള യാത്രയില്‍ താങ്ങും തണലുമായി ഒപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ടു നന്ദി പറയണം, ആരോടും പരിഭവമില്ലെന്ന് ലിഗയുടെ സഹോദരി ഇലീസ് മടങ്ങുന്നത് അതിന് ശേഷമാകും. ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ലിഗയുടെ ഓര്‍മകളുമായി മെഴുകുതിരി വെളിച്ചത്തില്‍ ഇതിനായി സുമനസുകള്‍ ഒത്തുചേരും. കാണാതായ ലിഗയ്ക്കായി ഭര്‍ത്താവ് ആന്‍ഡ്രുവും താനും ചേര്‍ന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങള്‍ ഇലീസ് പങ്കുവയ്ക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണവും ഉണ്ടാകും.

സംസ്‌കാര ചടങ്ങുകള്‍ക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്‌കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുന്‍പായിരുന്നു ലിഗയും ഇലീസും നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നത്. സംസ്ഥാന സര്‍ക്കാരാണ് ടിക്കറ്റ് എടുത്ത് നല്‍കിയത്.

കഴിഞ്ഞ ദിവസം ഇലീസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും ഇലീസ് നന്ദി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ലിഗയുടെ കുടുംബത്തോടൊപ്പമാണെന്നും മുഖ്യമന്ത്രി ഇലീസിനെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു. വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് ഇല്‍സി പറഞ്ഞു. ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്ന് ഇല്‍സി പറഞ്ഞു

തെറ്റായ വാര്‍ത്തകളും പ്രചാരണവും ഉണ്ടായതില്‍ വിഷമിക്കേണ്ടെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഃഖകരമായ ഈ സംഭവത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇല്‍സി പറഞ്ഞു.

.........................................................................................

Liga was murdered, Police will arrest Udayan and Umesh soon, Liga killed during rape attempt, source: Mangalam and Marunadan Malayali; Malayalam News, Thamasoma 


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.