ആവി പറക്കുന്ന ഐസ്‌ക്രീം: ലിക്വിഡ് നൈഡ്രജന്റെ അപകടത്തെക്കുറിച്ച് സുജിത് കുമാര്‍ എഴുതുന്നു
ദ്രവ നൈട്രജന്‍ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്‌ക്രീമിനു നമ്മുടെ
നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള
അപകടത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു അപകടത്തിന്റെ
വാര്‍ത്തയിലൂടെയാണ് ഇന്ത്യയില്‍ ലിക്വിഡ് നൈട്രജനെക്കുറിച്ച് കൂടുതല്‍
പേരും അറിഞ്ഞിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍
ഒരാള്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത് തണുപ്പിച്ച പുകയുന്ന കോക്‌ടെയില്‍
ഡ്രിങ്ക് കഴിച്ചതേ ഓര്‍മ്മയുള്ളൂ. ആമാശയത്തില്‍ വലിയൊരു ദ്വാരമായിരുന്നു
ഫലം. ഇന്ത്യയില്‍ ലിക്വിഡ് നൈട്രജന്‍ കാരണമാകുന്ന ആദ്യ അപകടം.
ഇതിനെത്തുടര്‍ന്ന് ബാറുകളിലും പാര്‍ട്ടികളിലും മറ്റും ലിക്വിഡ് നൈട്രജന്‍
ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. ഇപ്പോള്‍ എന്താണ് അവസ്ഥ
എന്നറിയില്ല. ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണ സാധനങ്ങളും
പാനീയങ്ങളും കഴിക്കുന്നതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള
അപകടങ്ങള്‍ വിരളമാണെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ കാര്യത്തില്‍ ആക്രാന്തം
കാണിക്കുന്നവര്‍ പ്രത്യേകിച്ചും.
നൈട്രജന്‍ ഒരു നിഷ്‌ക്രിയ വാതകമാണ്. ശരീരത്തിനു ദോഷകരമായതും അല്ല.
പൂജ്യത്തിനും താഴെ 195.79 °C ല്‍ ഉന്നത മര്‍ദ്ദത്തില്‍
ദ്രാവകാവസ്ഥയിലെത്തുന്ന നൈട്രജന്‍ വാതകത്തെ ആണ് ലിക്വിഡ് നൈട്രജന്‍ എന്നു
വിളിക്കുന്നത്. ഉയര്‍ന്ന ചൂട് വളരെ വേഗം വലിച്ചെടുത്ത് തണുപ്പിക്കേണ്ടി
വരുന്ന ഭാഗങ്ങളുള്ള ഉപകരണങ്ങളിലും (സൂപ്പര്‍ കമ്പ്യൂട്ടറുകള്‍, എം അര്‍ ഐ
സ്‌കാനര്‍, മെഗലേവ് ട്രയിനുകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍... ) വ്യാവസായിക
ആവശ്യങ്ങള്‍ക്കും ലബോറട്ടറികളീലുമൊക്കെ ലിക്വിഡ് നൈട്രജന്‍ പരക്കെ
ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അടുക്കളകളിലേക്ക് ഒരു താരമായി ഇത് കടന്നു
വന്നിട്ട് അധികം കാലമായിട്ടില്ല. സെക്കന്റുകള്‍ക്കകം ഭക്ഷണ പദാര്‍ത്ഥങ്ങളെ
തണുപ്പിച്ചെടുക്കാമെന്നതും ശരീരത്തിനു ദോഷകരമല്ല എന്നുള്ളതുമായ ലിക്വിഡ്
നൈട്രജന്റെ ഗുണങ്ങളാണിവിടെ ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണ സാധനങ്ങള്‍ക്ക്
ചുറ്റും പരന്നൊഴുകുന്ന പുകമഞ്ഞ് നല്‍കുന്ന ആകര്‍ഷണീയതയും ഒരു പ്രധാന ഘടകം
തന്നെ.
ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുമ്പോള്‍ സാധാരണ
പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കുന്ന ഐസ്‌ക്രീമുകളില്‍ നിന്നും
വ്യത്യസ്തമായി ഐസ്‌ക്രീമിനു മൃദുത്വം കൂടുന്നു. 195 ഡിഗ്രി തണുപ്പുള്ള
ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം മിശ്രിതത്തിലേക്ക് ഒഴിക്കുമ്പോള്‍ വളരെ
പെട്ടന്ന് തന്നെ അതിലെ ചൂടിനെ വലിച്ചെടുക്കുന്നതിനാല്‍ മിശ്രിതം
തണുത്തുറഞ്ഞ് ഉഗ്രന്‍ ഐസ്‌ക്രീം ആയി മാറുന്നു. ഈ പ്രക്രിയ വളരെ വേഗത്തില്‍
ഉള്ളതായതിനാല്‍ മിശ്രിതത്തിലെ ഐസ് തരികളുടെ വലിപ്പം സാധാരണ
ഐസ്‌ക്രീമിനേക്കാള്‍ വളരെ ചെറുതായിരിക്കുമെന്നതിനാല്‍ സ്വാഭാവികമായും
മൃദുത്വം കൂടുതലായിരിക്കും.
ഇനി ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം അപകടകരമാണോ എന്ന് നോക്കാം.
നൈട്രജന്‍ ഒരു വിഷവാതകമോ ഏതെങ്കിലും രീതിയില്‍ ശരീരവുമായോ മറ്റ്
വസ്തുക്കളുമായോ പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നോ അല്ലാത്തതിനാല്‍ ആ
വഴിക്കുള്ള ഭീതി അസ്ഥാനത്താണ്. പക്ഷേ ലിക്വിഡ് നൈട്രജന്റെ ചില ഭൗതികമായ
സവിശേഷതകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്ക്
വഴിതെളിക്കാം.
1. വളരെ തണുത്ത വസ്തുക്കളില്‍ സ്പര്‍ശിക്കുമ്പോള്‍ ശരീര കോശങ്ങളില്‍
നിന്നും അവ ചൂടിനെ പെട്ടെന്ന് തന്നെ വലിച്ചെടുത്ത് അവിടം മരവിപ്പിക്കുന്നു.
അതായത് ലിക്വിഡ് നൈട്രജനില്‍ വിരല്‍ മുക്കിയാല്‍ പിന്നെ ആ വിരല്‍ മുറിച്ച്
കളയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കും എന്നറിയുന്നതിലൂടെ അപകടത്തിന്റെ
വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുമല്ലോ. അതിനാല്‍ ലിക്വിഡ് നൈട്രജന്‍
കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലിക്വിഡ്
നൈട്രജന്‍ ഉപയോഗിച്ച് പെട്ടെന്ന് തണുപ്പിച്ചെടുക്കുന്ന ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ കാര്യവും അതു തന്നെ. നൈട്രജന്‍ മുഴുവനായും വാതകമായി
പോകുന്നതിനു മുന്‍പ് അത് വായിലേക്ക് ഒഴിക്കുന്നതോ സ്പര്‍ശിക്കുന്നതോ അപകടം
ക്ഷണിച്ചു വരുത്തുന്നു. ഐസ്‌ക്രീം പോലെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പെട്ടെന്നെടുത്ത് ആരും വിഴുങ്ങാത്തതുകൊണ്ടാണ് ലിക്വിഡ് നൈട്രജന്‍
ഉപയോഗിച്ച് തയ്യാറാക്കുന്ന ഐസ്‌ക്രീം കഴിച്ചുള്ള അപകടങ്ങള്‍ ഉണ്ടാകാത്തത്.
പക്ഷേ കോക്‌ടെയില്‍ ഡ്രിങ്കുകളുടെ കാര്യം അങ്ങനെയല്ല. പെട്ടെന്നെടുത്ത്
വായിലേക്ക് കമഴ്ത്തുന്നത് ഡ്രിങ്കിനോടൊപ്പം ലിക്വിഡ് നൈട്രജനും അതേ
രൂപത്തില്‍ ഉള്ളിലേക്ക് എത്തിക്കും. വയറിലെത്തിയ ലിക്വിഡ് നൈട്രജന്‍ പണി
തുടങ്ങും. 700 മടങ്ങാണ് ദ്രാവകത്തില്‍ നിന്നും വാതകമാകുമ്പോള്‍ വ്യാപ്തം
വര്‍ദ്ധിക്കുക. അതോടൊപ്പം വളരെപ്പെട്ടെന്ന് ആമാശയത്തിലെ ദ്രവ
പദാര്‍ത്ഥങ്ങളെ ഐസ് ആക്കുക കൂടി ചെയ്യും. വയര്‍ ബലൂണ്‍ പോലെ പൊട്ടാന്‍ ഒരു
സ്പൂണ്‍ ലിക്വിഡ് നൈട്രജന്‍ തന്നെ ധാരാളം.
2. ലിക്വിഡ് നൈട്രജന്‍ വാതകമാകുമ്പോള്‍ അതിന്റെ വ്യാപ്തം 700 മടങ്ങ്
വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞല്ലോ. ഓക്‌സിജനെ തള്ളി
നീക്കിക്കൊണ്ടായിരിക്കും ഇത് വ്യാപിക്കുന്നത് എന്നതിനാല്‍ ലിക്വിഡ്
നൈട്രജന്‍ ഗ്യാസ് ആയി മാറുന്ന ഇടങ്ങളിലെ വായുവില്‍ ഓക്‌സിജന്റെ കുറവ്
ഉണ്ടാകും. നല്ല രീതിയില്‍ വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ മുറികളിലും
മറ്റും ലിക്വിഡ് നൈട്രജന്‍ കൈകാര്യം ചെയ്യുന്നത് ഓക്‌സിജന്‍ കുറച്ച്
ബോധക്ഷയം ഉണ്ടാകുന്നതിനിടയാക്കുമെന്നതിനാല്‍ കൈകാര്യം ചെയ്യുന്നവര്‍
പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കയ്യുറകള്‍
ഉപയോഗിക്കേണ്ടതും അത്യാവശ്യം തന്നെ. ഒരു അപകടം ഉണ്ടാകുന്നതിനു മുന്‍പേ
അധികൃതര്‍ ഈ കാര്യങ്ങളില്‍ വേണ്ട പരിശോധനകള്‍ നടത്തേണ്ടതാണ്.
3. നൈട്രജന്‍ വിഷവാതകമല്ലെങ്കിലും അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന
പ്രക്രിയയിലൂടെ മറ്റെന്തെങ്കിലും പദാര്‍ത്ഥങ്ങള്‍ ഇതിലേക്ക് ചേരുന്നുണ്ടോ
എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതായത് ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക്
നേരിട്ട് പകരുന്നതിനാല്‍ ഇതിനായി ഉപയോഗിക്കുന്ന നൈട്രജന്‍ 'ഫുഡ് ഗ്രേഡ് '
ആണോ എന്ന് പരിശോധിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് കൈക്കൊള്ളേണ്ടതുണ്ട്.
ലിക്വിഡ് നൈട്രജന്‍ ഉണ്ടാക്കുന്ന കമ്പ്രസ്സറുകളില്‍ നിന്നുള്ള ഓയില്‍
ലീക്കും ടാങ്കുകളില്‍ നിന്നും അന്യ പദാര്‍ത്ഥങ്ങള്‍ കലരുന്നതുമൊക്കെ
ഇത്തരത്തില്‍ ലിക്വിഡ് നൈട്രജനെ മലിനമാക്കുന്നതാണ്. ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ്
ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം നിര്‍മ്മാണത്തിനുപയോഗിക്കുന്നുണ്ടോ എന്ന്
പരിശോധിക്കേണ്ടത് വിവിധ സര്‍ക്കാര്‍ വകുപ്പുകളാണ്.
4. ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് തണുപ്പിച്ച കോക്ടെയില്‍ ഡ്രിങ്കുകളും
ഐസ്‌ക്രിം ഡെസര്‍ട്ടുകളും സമയമെടുത്ത് അതിലെ ലികിഡ് നൈട്രജന്‍ മുഴുവനായും
വാതകമായി മാറുന്നതുവരെ കാത്തിരുന്ന് ക്ഷമയോടെ കഴിക്കുക. ഐസ്‌ക്രീമില്‍ അപകട
സാദ്ധ്യത തീരെ കുറവാണെങ്കിലും പാനീയങ്ങളുടെ കാര്യത്തില്‍ കൂടുതല്‍
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
................................................................................
Tags: Liquid Nitrogen, dangers of eating liquid nitrogen foods, liquid nitrogen cocktail, liquid nitrogen icecream, steamed ice-cream, Sujith Kumar, Malayalam news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല