Header Ads

ഫ്‌ളവേഴ്‌സ്‌ ചാനലിന്റെ എ ആര്‍ റഹ്മാന്‍ ഷോ മഴ അലങ്കോലമാക്കി; നിരാശരായി റഹ്മാന്‍ ആരാധകര്‍



ഫ്‌ളവേഴ്‌സ്‌ ചാനല്‍ സംഘടിപ്പിച്ച എ ആര്‍ റഹ്മാന്‍ ഷോ കനത്ത മഴയെത്തുടര്‍ന്ന് അലങ്കോലമായി. കനത്ത മഴ പെയ്തതോടെ നിലംനികത്തിയെടുത്ത പാടത്ത് പരിപാടി നടത്താന്‍ പറ്റാത്ത സ്ഥിതിയായി. ഇതോടെ പരിപാടിയില്‍ വന്‍തുകകള്‍ നല്‍കി ടിക്കറ്റെടുത്ത ആയിരങ്ങള്‍ രോഷാകുലരായി. ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആര്‍ റഹ്മാന്‍ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയില്‍ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകര്‍ ചാനലിനെതിരെ തിരിഞ്ഞു. തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ ആണ് പരിപാടിക്കായി വേദി ഒരുക്കിയത്. എന്നാല്‍ ഇതിനടുത്ത സ്ഥലം മണ്ണിട്ട് നികത്തിയെടുത്തെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ കോടതിയില്‍ പരാതി എത്തുകയും മണ്ണിട്ടു നികത്തില്‍ വിലക്കുകയും ചെയ്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ഫഌവഴ്‌സിന്റെ ഷോ നടക്കുന്നതെന്ന പ്രചരണവും നടന്നു. തകര്‍ത്തു പെയ്ത മഴയില്‍ പ്രദേശം ചളിക്കുളമായി.

വളരെ അപൂര്‍വമായി മാത്രമാണ് സംഗീത നിശയ്ക്ക് എ ആര്‍ റഹ്മാന്‍ സമയം അനുവദിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തില്‍ നിന്നു മാത്രമല്ല, വിദേശത്തുനിന്നുള്ള പ്രവാസികള്‍ വരെ ഈ രാത്രിക്കായി കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ മഴ പെയ്ത് ഗ്രൗണ്ട് ചളിക്കുളമായതോടെ എല്ലാം താളംതെറ്റി. വൈകിട്ട് ആറ് മണിയോടെ സംഗീത വിസ്മയത്തിന് തുടക്കമാവുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, മഴ ശക്തമായി പെയ്തതോടെ, പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. 

സിനിമയിലൂടെ മാത്രം കേട്ട ആ മാന്ത്രിക സംഗീതം നേരിട്ട് കേള്‍ക്കുന്നതിനപ്പുറം ആ സംഗീത വിസ്മയത്തെ നേരിട്ട് കാണാമെന്ന ആവേശത്തിലായിരുന്നു റഹ്മാന്‍ ആരാധകര്‍. ടിക്കറ്റ് വില്‍പ്പന ഫഌവഴ്‌സ് ചാനലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തിയത്. നാലു റേറ്റിലായിരുന്നു വില്‍പന. ഇത്തരമൊരു പരിപാടി ഇരുമ്പനം ഗ്രൗണ്ടില്‍ സംഘടിപ്പിച്ചതുതന്നെ സ്വകാര്യ ആശുപത്രി മുതലാളിക്ക് സ്ഥലം നികത്താന്‍ അവസരമൊരുക്കാന്‍ ആയിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.


ഇത്തരത്തില്‍ നികത്തിയെടുത്ത സ്ഥലമായതിനാല്‍ മഴ പെയ്തതോടെ എല്ലാം പാളി. കാലെടുത്തു വയ്ക്കാന്‍ പറ്റാത്ത രീതിയില്‍ ആ സ്ഥലം ചെളിക്കുളമായി. അതോടെ ആരാധകരും വലിയ പ്രതിഷേധത്തിലായി. അഞ്ഞൂറു രൂപമുതല്‍ അയ്യായിരം രൂപവരെയുള്ള നാലു സെഗ്മെന്റുകളിലായായിരുന്നു ടിക്കറ്റ് വില്‍പന. ഇത്തരത്തില്‍ ടിക്കറ്റ് വാങ്ങിയെത്തിയവരാണ് ഷോ മുടങ്ങിയതോടെ നിരാശരായത്. എ.ആര്‍ റഹ്മാന്റെ സംഗീതനിശയുടെ മറവില്‍ വയല്‍ നികത്തുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ നികത്തിയെടുത്ത വയലാണ് ഷോയ്ക്ക് മുമ്പു പെയ്ത മഴയില്‍ ചളിക്കുളമായി മാറിയത്. ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ആണ് പരാതി ഉയര്‍ന്നത്. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്.

പണം മുടക്കി പാസെടുത്തവര്‍ക്ക് തുക തിരിച്ചു കിട്ടില്ല

ഷോ കാണാന്‍ എത്തിയവരുടെ കൈയില്‍ നിന്നും പാസുകള്‍ വാങ്ങി, പകരമായി കൈയില്‍ ധരിക്കാന്‍ ബാന്റുകള്‍ നല്‍കി. എന്നാല്‍ കനത്ത മഴയില്‍ ഈ ബാന്റുകളും സീറ്റ് നമ്പറുകളും വളരെ പെട്ടെന്നു തന്നെ മാഞ്ഞുപോയി. ഇപ്പോള്‍, പാസെടുത്ത പലര്‍ക്കും അതിന്റെ തെളിവുപോലും കൈയിലില്ലാതെ എല്ലാം മാഞ്ഞുപോയിരിക്കുന്നു. പ്രത്യേകിച്ചും പരിപാടി നടന്ന സ്ഥലത്തു നിന്നും പാസെടുത്തവരുടെ പണം പൂര്‍ണ്ണമായും വെള്ളത്തിലായി. 


പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ക്ക് ഫഌവേള്‌സ് ടിവിയുടെയും എ ആര്‍ റഹ്മാന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടി ഷര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മഴ കനത്തതോടെ, കാണികള്‍ രോഷാകുലരായി. ചാനല്‍ പ്രവര്‍ത്തകരാണെന്നു കരുതി ആളുമാറി തല്ലു കിട്ടാതിരിക്കാന്‍ ആ ടി ഷര്‍ട്ടുകള്‍ പലരും ഊരിയെറിഞ്ഞു കളയുകയായിരുന്നു. ഗ്രൗണ്ടിനടുത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യമില്ല എന്ന് സംഘാടകള്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്കു ചെയ്തവരെ മാത്രമാണ് അറിയിച്ചിരുന്നത്. അതിനാല്‍, ഇവിടെ വലിയ ട്രാഫിക് കുരുക്കും രൂപപ്പെട്ടിരുന്നു. 

കുറച്ചു ദിവസങ്ങളായി, വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്യുന്നത് സംഘാടകര്‍ക്ക് അറിവുള്ളതാണ്. പിന്നെ എന്തുകൊണ്ട് ഇത്തരമൊരു ബൃഹത് പരിപാടി വെളിയില്‍ വച്ചു നടത്തി...?? ഷോ നടന്നാലും ഇല്ലെങ്കിലും പാടം നികത്തുക എന്ന അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞു. മഴ നനയാത്ത രീതിയില്‍ പരിപാടി ഓഡിറ്റോറിയത്തിലേക്കോ മറ്റോ മാറ്റണമെന്നും ടിക്കറ്റെടുത്ത എല്ലാവര്‍ക്കും ഫ്രീയായി ഷോ കാണാന്‍ അവസരം നല്‍കണമെന്നുമാണ് ആരാധകരുടെ ആവശ്യം. എന്നാലും, മഴയില്‍ കുതിര്‍ന്നു പോയ ഇലക്ട്രോണിക് സാധനങ്ങളും നഷ്ടപ്പെട്ട സമയവുമെല്ലാം തിരിച്ചു കൊടുക്കാന്‍ ആര്‍ക്കു കഴിയും...?? 

......................................................................................................

A R Rahman Show, Flowers TV, A R Rahman show at Kochi, show postponed, paddy field is used for conducting the show, allegations against flowers channel, Sreekandan Nair, Source: Marunadan Malayali, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.