Header Ads

കെവിന്‍ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹനയ്ക്കും മുഖ്യ പങ്കെന്ന്, അനുനയം പൊളിഞ്ഞത് പകയിലേക്കു നയിച്ചു



Manu & Rehna

ദുരഭിമാനത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയതില്‍ നീനുവിന്റെ മാതാവ് രഹനയ്ക്ക് സുപ്രധാനപങ്കെന്ന് സൂചന. ഇത് സംബന്ധിച്ച് അറസ്റ്റിലായവരില്‍ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് അറിയുന്നത്. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നീനുവിനെ കാണാനില്ലെന്ന് പൊലീസില്‍ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാല്‍ തനിക്ക് കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനുവും താമസിച്ച സ്ഥലം കണ്ടെത്താന്‍ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗര്‍ പൊലീസില്‍ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഷാനുവിന് താമസിക്കാന്‍ ഒളിത്താവളം ഒരുക്കിയത് ഷാനുവിന്റെ ഭാര്യയാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ രഹനയേയും ഷാനുവിന്റെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ശക്തമാണ്.

ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി മകളെ കാണാന്‍ അവസരനൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൊലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇവര്‍ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകന്‍ ഷാനുവിനെ വിവരങ്ങള്‍ ധരിപ്പിച്ചെന്നും ഏതുമാര്‍ഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവര്‍ ഷാനുവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണില്‍ വിളിച്ചിരുന്നു.

കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ രഹന പൊലീസിന് കൈമാറിയത്. താന്‍ കോട്ടയത്തിന് പോയെന്നും യാത്ര ബസ്സിലായിരുന്നെന്നുമാണ് സംഭവത്തെത്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ പൊലീസ് സംഘത്തോട് രഹന പ്രതികരിച്ചത്. എന്നാല്‍ ഇവര്‍ തിരിച്ച് നാട്ടിലെത്തിയത് കാറിലായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തെന്മലയില്‍ നിന്നും ഇവര്‍ കോട്ടയത്തിന് തിരിച്ചത് കാറിലായിരിക്കാമെന്നും ഇവര്‍ക്കൊപ്പം ഷാനുവും ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സ്‌റ്റേഷനിലേയ്ക്കും കെവിന്റെ താമസസ്ഥലത്തേയ്ക്കും ഇവര്‍ ബോധപൂര്‍വ്വം കാര്‍യാത്ര ഒഴിവാക്കുകയായിരുന്നെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഷാനുവിനും കൂട്ടര്‍ക്കും കെവിന്റെ താമസസ്ഥലം എളുപ്പം കണ്ടെത്താനായത് ഇവര്‍ രഹനയ്‌ക്കൊപ്പം ഇവിടെയെത്തിയതിനാലാവാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സൂചനുണ്ട്. മൃതദ്ദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഷാനുവുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രഹന വെളിപ്പെടുത്തിയതും സംശങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഷാനുവിന്റെ ഭാര്യയ്ക്കും തട്ടിക്കൊണ്ടു പോകല്‍ അറിയാമെന്ന് പൊലീസ് സംശയിക്കുന്നു. ഷാനുവിനും പിതാവിനും ഒളിത്താവളം ഒരുക്കിയോ എന്ന കാര്യത്തിലും നേഴ്‌സിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഷാനുവും ചാക്കോയും ബംഗളൂരുവില്‍ ഒളിവില്‍ താമസിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാനുവിനെയും ചാക്കോയെയും കുടുക്കിയത് ബെംഗളൂരുവില്‍ ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള വിവരമാണ്. പിടിയിലായ ഇഷാന്‍, റിയാസ്, നിയാസ് എന്നിവരില്‍നിന്ന് മുഖ്യപ്രതികളായ ഷാനു ചാക്കോയെയും പിതാവ് ചാക്കോയും ബെംഗളുരുവിലേക്കു കടക്കുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇതോടെ ബെംഗളുരു പൊലിസും അന്വേഷണം തുടങ്ങി. ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷനും പൊലിസ് നിരീക്ഷിച്ചു. അതിനിടെ ഹോട്ടലിലെ സിസിടിവിയില്‍ ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്നതായി പൊലിസ് കണ്ടെത്തി. പൊലിസ് നീക്കം ശക്തമായതോടെ പ്രതികള്‍ ഇരുവരും വീണ്ടും കേരളത്തിലേക്കു നീങ്ങി. ഇവിടെ ഒളിത്താവളം ഒരുക്കിയത് ഷാനുവിന്റെ ഭാര്യയാണെന്നാണ് സൂചന. ഷാനു നാഗര്‍കോവിലിലാണുള്ളതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ഷാനുവിന്റെ തിരുവനന്തപുരത്തുള്ള ഭാര്യ വീട്ടുകാരും ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷാനുവിന്റെ ഭാര്യയ്‌ക്കെതിരേയും അന്വേഷണം നടത്തുകയാണ് പൊലീസ്.

എവിടെ പോയി ഒളിച്ചാലും തങ്ങള്‍ കുടുങ്ങുമെന്നുള്ള ഉത്തമ ബോധ്യം വന്നതോടെയാണ് ഷാനുവും അച്ഛനും കീഴടങ്ങിയത്. അതേസമയം അഭിഭാഷകരും മറ്റും ഇവര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും സൂചനയുണ്ട്. അമ്മയെ അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഈ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കെവിനെ തട്ടിക്കൊണ്ടു വരാന്‍ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടില്‍ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയില്‍ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്.
................................................................................................................

Tags: Neenu's mother Rehna has important role in the murder of kevin, honor killing in Kottayam, Rehna has major role, she cannot escape from the responsibility, police is investigating the role of Rehna, News source: marunadan malayali, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.