Header Ads

സദാചാരക്കൊല: ആരോപണവിധേയനായ എസ് ഐ കള്ളവണ്ടി രജിസ്റ്റര്‍ ചെയ്ത് വിറ്റ കേസിലെ ആരോപണ വിധേയന്‍തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എസ്പിയുടെ വ്യാജ നമ്പരുള്ള ബുള്ളറ്റ് സംരക്ഷിക്കാന്‍ കോട്ടയത്തെ രണ്ടുപേരില്‍ നിന്ന് അരലക്ഷം രൂപ വീതം ബലമായി വാങ്ങിയതിന് എസ്‌ഐ ഷിബുവിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കിട്ടിയിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്പി പരാതി അന്വേഷിച്ചു. ഷിബുവിന്റെ കളി കൈയോടെ പിടികൂടി. ഷിബുവിനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് രണ്ടുവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. കോട്ടയം എസ്പി മുഹമ്മദ് ഷഫീഖിന് പോലും പേടിയായിരുന്നു ഷിബുവിനെ തൊടാന്‍.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായ വിഎന്‍ വാസവന്റെ അടുത്ത ബന്ധുവായ ഡിവൈഎസ്പിയായിരുന്നു ഷിബുവിന്റെ സംരക്ഷന്‍. പൊലീസ് ആസ്ഥാനത്ത് എസ് പി റാങ്കിലുള്ള പദവിയിലാണ് ഡിവൈഎസ്പിയായ ഇയാള്‍ ജോലി ചെയ്യുന്നത്. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്റ്റേഷനില്‍ എസ് ഐ ആയി ഷിബുവെത്തുന്നത്. കോട്ടയത്ത് നിന്ന് മാറ്റിയ എസ് പി മുഹമ്മദ് ഷഫീഖിന് അതിവേഗം തസ്തിക തരപ്പെടുത്തിയതും ഇയാളാണെന്നാണ് സൂചന. ഈ ധൈര്യത്തിലാണ് കെവിനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ഭാര്യയെ ഷിബു കണ്ടില്ലെന്ന് നടിച്ചത്. യുവതി തന്റെ പ്രശ്‌നങ്ങള്‍ കരഞ്ഞു പറഞ്ഞിട്ടും ബിജു തിരിഞ്ഞു നോക്കിയില്ല. ഇതിന് എല്ലാം കാരണം സിപിഎം നേതാവിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി ഉപയോഗിച്ചിരുന്ന പഴയ മോഡല്‍ ബുള്ളറ്റിന്റെ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് എട്ടുമാസം മുന്‍പ് കോട്ടയത്ത് കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ പ്രശസ്തമായ കുടുംബത്തിലെ പ്രവാസിയില്‍ നിന്ന് ഒരു വര്‍ക്ക്‌ഷോപ്പുടമ വാങ്ങിയതായിരുന്നു അത്. ഇയാള്‍ മൂന്നാമതൊരാള്‍ക്ക് വിറ്റു. മൂന്നാമനില്‍ നിന്ന് എസ്‌ഐയുടെ സുഹൃത്ത് ബുള്ളറ്റ് വാങ്ങി. ഇതിനിടെ ബുള്ളറ്റ് റീടെസ്റ്റ് നടത്തി മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കള്ളവണ്ടിയാണെങ്കില്‍ റീടെസ്റ്റില്‍ കണ്ടുപിടിക്കില്ലേ എന്ന ചോദ്യം വര്‍ക്ക്‌ഷോപ്പുടമ ഉന്നയിച്ചെങ്കിലും എസ്‌ഐ വഴങ്ങിയില്ല. കള്ളക്കളിയാണ് പിന്നീട് നടന്നത്.

വര്‍ക്ക്‌ഷോപ്പുടമയും മൂന്നാമത് വണ്ടി വാങ്ങിയ ആളും അരലക്ഷം രൂപ വീതം തന്റെ സുഹൃത്തിന് നല്‍കണമെന്നും എസ്‌ഐ ആവശ്യപ്പെട്ടു. അതിനു വഴങ്ങാതായപ്പോള്‍ ക്രൈംബ്രാഞ്ച് എസ്പിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാണാന്‍ പറഞ്ഞുവിട്ടു. അവിടെയെത്തിയപ്പോള്‍ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് പോര്‍ച്ചിലിരിക്കുന്നു. എസ്‌ഐയുടെ സുഹൃത്തിനു വിറ്റ ബുള്ളറ്റ് എന്‍ജിന്‍ നമ്പര്‍ മായ്ചശേഷം നശിപ്പിക്കണമെന്ന് എസ്പി നിര്‍ദ്ദേശിച്ചു. അവിടന്ന് തലയൂരിയ യഥാര്‍ത്ഥ ബുള്ളറ്റിന്റെ ഉടമകള്‍ പിന്നീട് രണ്ട് ബുള്ളറ്റുകളുടെയും ചിത്രം സഹിതം ഡി.ജി.പിക്ക് പരാതി നല്‍കി.

ഇതേക്കുറിച്ച് അറിയില്ലെന്ന് അന്വേഷണം നടത്തിയ എസ്പിക്ക് ആദ്യം മൊഴിനല്‍കിയ എസ്‌ഐ, മൊബൈല്‍ സംഭാഷണ വിവരങ്ങളെടുക്കുന്നെന്ന് മനസിലാക്കി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് വിവരങ്ങളെടുത്ത് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനോട് പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദ്ദേശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. കോട്ടയത്തെ ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കണമെന്ന് വെസ്റ്റ് സിഐക്ക് നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനെല്ലാം കാരണം ഷിബുവിന്റെ സ്വാധീനമായിരുന്നു.

അടുത്തിടെ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്പിക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് വീണ്ടും അറിയിപ്പ് നല്‍കിയിട്ടും എസ്‌ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ അന്വേഷണം ഉണ്ടായില്ല. വ്യാജനമ്പര്‍ ബുള്ളറ്റ് വിഷയത്തില്‍ ആരോപണവിധേയനായ ക്രൈംബ്രാഞ്ച് എസ്പിയെ വഴിവിട്ട് സഹായിച്ചെന്നും നിയമപരമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയെന്നും എസ്‌ഐക്കെതിരെ സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കെവിന്‍ വിവാദം ഉണ്ടാകുന്നത്.

കോട്ടയത്ത് നിന്നും ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകത്തിന് കാരണമായത് കേരളാ പൊലീസിന്റെ ഗുരുതര അനാസ്ഥയായിരുന്നു. നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത പൊലീസുകാര്‍ കൃത്യമായ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ മന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ രാവിലെ തന്നെ പരാതി നല്‍കിയെങ്കിലും വി.ഐ.പി ഡ്യൂട്ടിയുടെ പേര് പറഞ്ഞ് അന്വേഷണത്തില്‍ ഉഴപ്പിയ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് തന്നെയാണ് സംഭവത്തിലെ ഒന്നാം പ്രതി. സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ എം.ആര്‍.ഷിബുവിന് ഗുരുതര വീഴ്ചയുണ്ടായി.

കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിന്‍.പി.ജോസഫും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഇതിനിടയില്‍ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം പോകണമെന്നാണ് നീനു മൊഴി നല്‍കിയത്.

ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പൊലീസുകാരുടെ മുന്നില്‍ വച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങി. തുടര്‍ന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിലേക്ക് മാറ്റി. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ കെവിന്റെ വീട്ടിലെത്തിയ സംഘമാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോയത്. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

..............................................................................................................

Tags: SI Shibu, honor killing in Kerala, DYSP saved SI Shibu, Police inefficiency leads the murder of Kevin, Kevin-Neenu couples, News source: Marunadan Malayali, Malayalm news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.