Header Ads

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, കൊന്നത് അതിക്രൂരമായി; പോലീസ് സംരക്ഷിച്ചത് മുഖ്യമന്ത്രിയെയും വിവാദ സുവിശേഷകന്‍ തങ്കു ബ്രദറിനെയും



കെവിന്‍ പി ജോസഫിനെ വീട്ടില്‍ കയറി അതിക്രമം നടത്തി നീനുവിന്റെ സഹോദരന്മാരും ഗുണ്ടാസംഘവും തട്ടിക്കൊണ്ടുപോയ വേളയില്‍ പരാതിയുമായി ഭാര്യ നീനു ചാക്കോ പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അന്വേഷിക്കാന്‍ തടസമായി ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അദ്ദേഹം പോയ ശേഷം അന്വേഷിക്കാം എന്നായിരുന്നു. ഈ അനാസ്ഥായാണ് യുവാവിന്റെ ജീവന്‍ എടുത്തതും. തന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോയതെന്ന് നീനു പൊലീസില്‍ പറയുകയും സഹോദന്റെ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഈ സമയം പൊലീസ് കൃത്യമായ ഇടപെടില്‍ നടത്തിയിരുന്നെങ്കില്‍ ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഗാന്ധിനഗര്‍ പൊലീസിന് കൃത്യനിര്‍വഹണം നടത്തുന്നതില്‍ വീഴ്ച്ച വന്നതില്‍ ആ അര്‍ത്ഥത്തില്‍ ഒരു പങ്ക് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. വിവാദ സുവിശേഷകനായ തങ്കു പാസ്റ്ററുടെ പരിപാടിയില്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. വിവാദ സുവിശേഷകന്റെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ വലിയ തോതില്‍ പൊലീസ് സന്നാഹവും ഒരുക്കേണ്ടി വന്നു. അതുകൊണ്ട് 'എന്റെ ഭര്‍ത്താവിനെ അവര്‍ കൊല്ലു'മെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ 23കാരിയുടെ കണ്ണൂനീര്‍ കാണാന്‍ പൊലീസ് കൂട്ടാക്കിയില്ല.

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച്ച വരുത്തിയാല്‍ നടപടി കടുത്തതാകുമെന്ന ഭയം തന്നെയാണ് പൊലീസുകാരെ പിന്തിരിപ്പിച്ചതെന്ന് കരുതേണ്ടി വരും. തട്ടിക്കൊണ്ട് പോയ യുവാവ് സഞ്ചരിച്ച വാഹനം നിരവധി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലൂടെയാണ് കടന്ന പോയത്. ആ സമയത്ത് വയര്‍ലസ് വഴി ഇടപെടല്‍ നടത്തിയെങ്കില്‍ വണ്ടി പിടിക്കാനെങ്കിലും സാധിക്കുമായിരുന്നു.


തങ്കു പാസ്റ്റര്‍ എന്ന വിവാദ സുവിശേഷകന്റെ നേതൃത്വത്തിലുള്ള റിച്ച് വേള്‍ഡ് വൈഡ് എന്ന സംഘടനയുടെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് തങ്കുവിന്റെ സേവനങ്ങളെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തുകയായിരുന്നു.

ഇടത്പക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്ത് വായിക്കേണ്ടതാണെന്നും റിച്ച് വേള്‍ഡ് വൈഡ് അത്തരം മഹത്തായ സേവനങ്ങളാണ് തങ്കുവിന്റെ നേതൃത്വത്തിലുള്ള സംഘടന ചെയ്യുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സഭക്കും സര്‍ക്കാരിനുമിടയില്‍ സഹകരിക്കാനുള്ള പുതിയ മേഖലകള്‍ രൂപപ്പെട്ട് വരികയാണെന്നുമൊക്കെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവാദ വ്യക്തിത്വത്തിന് ഉടമയാണ് തങ്കു പാസ്റ്റര്‍ എങ്കിലും പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. മുമ്പ് തങ്കു പാസ്റ്ററുടെ മകന്റെ വിവാഹത്തിലും പിണറായി പങ്കെടുത്തിരുന്നു.

തങ്കു പാസ്റ്റര്‍ നേതൃത്വം കൊടുക്കുന്ന ഹെവന്‍ലി ഫീസ്റ്റ് എന്ന സുവിശേഷ സംഘടന വിദേശ ഫണ്ടിങ്ങിന്റെ പേരില്‍ അടക്കം വിവാദത്തിലായിരുന്നു. 2008ല്‍ മെയ് 25ന് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തങ്കു പാസ്റ്ററിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഈ കേസ് പിന്നീട് സമര്‍ത്ഥമായി തന്നെ ഒതുക്കുകയും ചെയ്തു. മാധ്യമങ്ങള്‍ പോലും തങ്കുബ്രദറിന് എതിരായ റെയ്ഡ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. കുറെയധികം സ്വര്‍ണ്ണാഭരണങ്ങളും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തെന്നായരുന്നു അന്നത്തെ വാര്‍ത്തകള്‍. ഈ സ്വര്‍ണാഭരണങ്ങളെല്ലാം പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവരുടെ കൈകളില്‍ നിന്നും കളഞ്ഞ് പോയതാണെന്നാണ് സ്വര്‍ഗീയ വിരുന്ന് അധികൃതര്‍ പിന്നീട് പൊലീസില്‍ പറഞ്ഞത്.

ഇങ്ങനെയുള്ള വിവാദ വ്യക്തിയുമായി പിണറായി വിജയന് എന്തു ബന്ധമെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അടുത്തിടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് പാസ്റ്റര്‍ ചേക്കേറുമെന്ന വാര്‍ത്ത വന്നിരുന്നു. ഇതിനിടെ ആത്മീയ വിരുന്നിന്റെ പേരില്‍ വിശ്വാസത്തെ മറയാക്കി പണപ്പിരിവു നടത്തുന്ന തങ്കുബ്രദറിന് എതിരായി വാര്‍ത്താസമ്മേളനം വിളിച്ച് തെളിവുകള്‍ നല്‍കിയിട്ടും വാര്‍ത്ത നല്‍കാതെ മലയാളത്തിലെ പത്രമുത്തച്ഛിമാര്‍ ആത്മീയ വ്യാപാരിയോടുള്ള കൂറ് ആവര്‍ത്തിച്ചു തെളിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.


മുണ്ടക്കയം സ്വദേശിയും, മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു പി കെ രാജന്‍, ഭാര്യ ബീനാ രാജന്‍ എന്നിവരാണ് ആത്മീയ വിരുന്നില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തെളിവുകള്‍ സഹിതം വാര്‍ത്താസമ്മേളനം നടത്തിയത്. അഞ്ച് വര്‍ഷത്തോളം വര്‍ഷമായി സ്വര്‍ഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് സ്വര്‍ഗീയ വിരുന്നില്‍ മാറിയതോടെയാണ് ഇവര്‍ക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. എന്നാല്‍, സ്വര്‍ഗീയ വരുന്നിന്റെ തലവന്‍ തങ്കു പാസ്റ്റര്‍ക്കെതിരെയായതിനാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല.

8 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെണ്‍കുട്ടിയെ കൈവയ്പ് ശുശ്രൂഷയ്‌ക്കെന്ന പേരില്‍ തങ്കുപാസ്റ്റര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വന്‍വിവാദമായിരുന്നു. വന്‍ തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എന്‍ഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വന്‍ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും, ശുശ്രൂഷകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പുറത്തുവന്നിരിക്കുന്നത്.

ചിട്ടിക്കമ്പനിക്കാരനായ മാത്യു കുരുവിള തങ്കുബ്രദറായ കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം പട്ടണത്തില്‍ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്ന് മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്‍. കോട്ടയം സിഎംഎസ് കോളേജില്‍ നിന്നും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പ്രീ ഡിഗ്രി മാത്രം കൈമുതലായുള്ള തങ്കു സഹോദരന്റെ പേരിന് മുന്‍പിലുള്ള ഡോക്ടര്‍ പദവി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. തങ്കു ബ്രദറിലേക്കുള്ള ജീവിതയാത്രയുടെ തുടക്കത്തില്‍ കോളേജ് രാഷ്ട്രീയത്തിലെ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനില്‍ നിന്നുമായിരുന്നു. ചിട്ടി നടത്തിപ്പുകാരനായി ജീവിതം കരുപ്പിടിവിക്കുവാന്‍ തങ്കുബ്രദര്‍ ശ്രമിച്ചു. ചിട്ടി എട്ടുനിലയില്‍ പൊളിയുകയും, അവസാനം വിദേശത്തേക്ക് നാടുവിടുകയുമായിരുന്നു തങ്കു.

ചിട്ടി പൊട്ടിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയ ഇയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദൈവവഴിയില്‍ ആയതോടെ പൂര്‍വാശ്രമ കഥകളൊക്കെ ബ്രദര്‍ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് ബ്രദര്‍ വളര്‍ന്നു. ആറ് വര്‍ഷം കോണ്ട് തങ്കു ബ്രദര്‍ കോടീശ്വരനായി. കോട്ടയത്തെ സ്വര്‍ഗീയ വിരുന്നിന്റെ ആസ്ഥാനം പടര്‍ന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നിക്ഷേപിക്കാന്‍ പന്തലില്‍ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് ഇവിടെ പ്രാര്‍ത്ഥന നടക്കുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയത്തുള്ള സ്വര്‍ഗ്ഗീയ വിരുന്നില്‍ കേരളാ പൊലീസ് ക്രൈം ബ്രാഞ്ച് കയറിയിറങ്ങിയപ്പോള്‍ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അനധികൃത സ്വത്ത് വിവരങ്ങളുടെ കണക്കുള്‍ക്കൊപ്പം വിദേശത്തുനിന്നും സ്വീകരിക്കപ്പെടുന്ന അനധികൃത ഫണ്ട് വിവരങ്ങളും അവയുടെ വ്യാപ്തിയും കണ്ട് കേരളജനത ഞെട്ടി. ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്ത അന്നത്തെ കേസുകളില്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

തായ് വാന്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും തങ്കു ബ്രദര്‍ സ്വീകരിക്കുന്ന കണക്കില്‍പെടാത്ത പണത്തിന്റെ സ്രോതസിനെക്കുറിച്ച് ഐബി സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള വിവാദ വ്യക്തിയുടെ വേദിയിലാണ് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും എത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍, വോട്ടു ബാങ്ക് രാഷ്ട്രീയം കൂടി ഇതില്‍ നിലനില്‍ക്കുന്നുണ്ടെന്നതിലാല്‍ തങ്കുവിനെതിരെ ആരും നടപടി സ്വീകരിക്കാറില്ലെന്ന് മാത്രാം.

കെവിന്റെത് ദുരഭിമാനക്കൊല

സമ്പന്നയായ നീനുവിന്റെ വീട്ടുകാര്‍ കെവിനെ കൊലപ്പെടുത്താന്‍ കാരണമായത് ദളിതരോടുള്ള പുച്ഛം തന്നെയാണ്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.

കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ സ്വദേശിയാണ് കെവിന്‍. മാന്നാര്‍ അടങ്ങുന്ന ഈ മേഖലയില്‍ കൂടുതലും ദളിത് ക്രിസ്ത്യാനികളാണ് താമസിക്കുന്നത്. നീനു ചാക്കോ എന്ന സമ്പന്ന ക്രൈസ്തവ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചപ്പോള്‍ ഒരേ സമുദായം ആണെങ്കിലും പ്രണയ വിവാഹത്തിന് സമ്മതിക്കാതിരുന്നത് യുവാവിന്റെ ദളിത് സത്വമായിരുന്നു.

മൂന്ന് കൊല്ലമായി നീനുവുമായി പ്രണയത്തിലായിരുന്നു കെവിന്‍. വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തതോടെയാണ് പെണ്‍വീട്ടുകാര്‍ക്ക് കടുത്ത അമര്‍ഷത്തിലായി. ദളിത് ക്രൈസ്തവനെ വിവാഹം ചെയ്തത് അംഗീകരിക്കാന്‍ ആ വീട്ടുകാര്‍ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പെണ്‍കുട്ടിയെ അവളുടെ വഴിയില്‍ വിടാതെ പണമെറിഞ്ഞ് പൊലീസിനെ സ്വാധീനിച്ചും അവരെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കാതിരുന്നത്. സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ മാത്രം വൈരാഗ്യം ആ യുവാവിനോട് നീനുവിന്റെ വീട്ടുകാര്‍ക്ക് രൂപപ്പെട്ടിരുന്നു.

പൊലീസ് ദളിതരോട് എങ്ങനെ പെരുമാറുന്നു എന്നതിനും തെളിവാണ് ഈ ദുരഭിമാനക്കൊല. കെവിനെ ബന്ധുവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് വീട് ആക്രമിച്ച ശേഷമാണ്. വീട്ടിലെ സാമഗ്രികളെല്ലാം തല്ലിത്തകര്‍ത്ത് ബന്ധുവായ അനീഷ് സെബാസ്റ്റ്യനെയും സംഘം തട്ടിക്കൊണ്ടുപോയി. ഈ സംഭവം അറിഞ്ഞ് പരാതി നല്‍കാന്‍ അതിരാവിലെ തന്നെ കെവിന്റെ പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍, പുലര്‍ച്ചെയാണെന്ന കാരണം പറഞ്ഞ് പൊലീസ് പരാതി സ്വീകരിച്ചില്ല. സമ്പന്നനായ പെണ്‍വീട്ടുകാരോട് മമത കാണിച്ച പൊലീസ് ഈ സാധു കുടുംബത്തെ വേട്ടയാടുകയാണ് ചെയ്തത്. ദളിത് ക്രൈസ്തവന്‍ സവര്‍ണ ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം ചെയ്തത് തെറ്റായി എന്ന വിലയിരുത്തലില്‍ പരാതിയുമായി ചെന്നവരെയും പെണ്‍കുട്ടിയെയും പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.


ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഇന്നലെ 11 മണിക്ക് നീനുവും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം' എന്നാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു. എന്നാല്‍, ആ സാധു ജീവന്‍ രക്ഷിക്കാന്‍ പൊലീസിന്് താല്‍പ്പര്യമുണ്ടായരുന്നില്ല. എസ് ഐ എംഎസ് ഷിബു പ്രതികളില്‍ നിന്നം പണം വാങ്ങിയെന്നും ആരോപണമുണ്ട്. സമ്പന്ന കുടുംബത്തോടുള്ള കൂറാണ് എസ്‌ഐ പുലര്‍ത്തിയത്.

ഇലക്ട്രീഷ്യനാണ് കൊല്ലപ്പെട്ട കെവിന്‍. ഈ യുവാവുമായുള്ള വിവാഹമാണ് പെണ്‍വീട്ടുകാരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തികമായ അന്തരത്തിനുപരി, ജാതിയായിരുന്നു ഇവിടെ വില്ലനായ ഘടകം. ദളിതനായ കെവിനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് നീനു പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്നും നീനു പ്രതിഷേധിച്ചപ്പോഴാണ് ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചതും. ഇതും പൊലീസ് വീഴ്ച്ച ചൂണ്ടിക്കാട്ടുന്നതാണ്.

..................................................................................................

Tags: Kevin's body discovered, Death of Kevin, Kottayam, Neenu, Gandhi Nagar police did not act as per the importance of the case, Kevin was brutally tortured, SI MS Shibu, Police has no interest to save the life of Kevin, News source: Marunadan Malayali, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.