Header Ads

ഫ്‌ളവേഴ്‌സ് ടി വിയുടെ എ ആര്‍ റഹ്മാന്‍ സംഗീതനിശയുടെ മറവില്‍ വയല്‍ നികത്തുന്നു; സംഭവം തൃപ്പൂണിത്തറയില്‍





ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും പരാതി. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഈ മാസം 12 ന് വൈകിട്ട് ഈ സ്ഥലത്താണ് ഒരു ഫ്‌ളവേഴ്‌സ് ചാനലിന്റെ നേതൃത്വത്തില്‍ എ.ആര്‍. റഹ്മാന്‍ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സര്‍വ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി.

ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജെസിബി, ട്രാക്റ്റര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നികത്തല്‍. മുന്‍പ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്. 


പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. സാധാരണക്കാരന് വീട് വയ്ക്കാന്‍ പോലും കൃഷി ഭൂമിയില്‍ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ താണ്ടണമെന്നിരിക്കെ ഭൂമി നികത്തല്‍ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്.

പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തല്‍ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകല്‍ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്.

അതിനാല്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണെമെന്നും കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലന്‍സ് ഡയറക്റ്റര്‍, ജില്ലാ കലക്റ്റര്‍ എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.

ഹരീഷ് വാസുദേവനും സി ആര്‍ നീലകണ്ഠനും ഇതൊന്നും അറിഞ്ഞിട്ടില്ലേ...??

എ ആര്‍ റമാന്‍ ഷോയുടെ മറവില്‍ തൃപ്പൂണിത്തുറയില്‍ വന്‍തോതില്‍ ഭൂമി നികത്തുന്നത് പരിസ്ഥിതി പ്രവര്‍ത്തകരായ ഹരീഷ് വാസുദേവനും സി ആര്‍ നീലകണ്ഠനും അറിഞ്ഞിട്ടില്ലേ...?? പരിസ്ഥിതിക്ക് കോട്ടമുണ്ടാകുന്ന ഏതൊരു പ്രവര്‍ത്തനത്തെയും എതിര്‍ത്ത് മുമ്പന്തിയില്‍ ഉള്ളവരാണ് ഈ രണ്ടുപേര്‍. ഫഌവേഴ്‌സ് ടി വി യുടെ ആഭിമുഖ്യത്തില്‍ ഭൂമി നികത്തുന്നതിനെതിരെ ഇവര്‍ രണ്ടുപേരും മൗനം പാലിക്കുകയാണ്. 

..................................................................................................

AR Rahman Show at Kochi, Flowers TV, Paddy land is converted for making ground for music night, A R Rahman music night, Harish Vasudevan, C R Neelakandan, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.