Header Ads

അശ്വതി ജ്വാല എന്നെ നിരന്തരം വേട്ടയാടുന്നു, അവരുടെ കൂടെയുള്ളത് ഗുണ്ടാപ്പട, അവരുടെ ലക്ഷ്യം പത്മശ്രീ: തെരുവോരം മുരുകന്‍മാറാരോഗത്താലും വിശന്നു തളര്‍ന്നും വഴിയരികില്‍ വീണുകിടക്കുന്നവരെ ശുശ്രൂഷിക്കാന്‍ നിരവധി സംഘടനകള്‍ കേരളത്തില്‍ ഉടനീളമുണ്ട്. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വലിയ വലിയ സംഘടനകളും സെലിബ്രിറ്റികളും മതത്തിന്റെ പേരില്‍ അനാഥാലയങ്ങള്‍ നടത്തുന്നവരും ഉള്‍പ്പടെ വലുതും ചെറുതുമായ 3000ത്തോളം അനാഥാലയങ്ങളാണ് ഇന്നു കേരളത്തില്‍ ഉള്ളത്. പാവങ്ങള്‍ക്കു വേണ്ടി എന്ന പേരില്‍ നടത്തുന്ന ഈ അനാഥാലയങ്ങള്‍ പക്ഷേ, പൂര്‍ണ്ണമായും സത്യസന്ധമായല്ല നടത്തുന്നത് എന്ന് ജനങ്ങള്‍ക്കു മനസിലായിക്കഴിഞ്ഞു. ഇപ്പോഴിതാ, പാവങ്ങളുടെയും അനാഥരുടേയും രക്ഷകര്‍ തെരുവു യുദ്ധത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അക്കൗണ്ടിലേക്കു കുമിഞ്ഞു കൂടുന്ന പണം എത്രയാണ് എന്നോ ഏതു കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നോ ആരും ചോദിക്കുന്നില്ല. ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സി അതിനു തുനിഞ്ഞാല്‍ സ്വാധീനമുപയോഗിച്ച് അവരെ നിശബ്ദരാക്കുന്നതും നാം കാണുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്വതി ജ്വാല എന്ന പെണ്‍കുട്ടിയെക്കുറിച്ചും നിരവധി ആരോപണങ്ങള്‍ ഉയരുന്നു. കണ്ണീര്‍ജന്മങ്ങളെ രക്ഷിച്ച കഥകള്‍ നിരത്തി ആ അന്വേണങ്ങളെയും ആരോപണങ്ങളെയും അവര്‍ വഴിതിരിച്ചുവിടുന്നു. തെരുവുവെളിച്ചത്തിന്റെ സ്ഥാപകന്‍ തെരുവോരം മുരുകനും ജ്വാലയുടെ സ്ഥാപക അശ്വതിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ഏറ്റവും ഒടുവിലത്തേത്. മുരുകന് എന്താണു പറയാനുള്ളത് എന്നു കേള്‍ക്കാന്‍ പോലും തയ്യാറാകാതെ തെറിവിളിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ഇതാ, മുരുകന് പറയാനുള്ളത് കേള്‍ക്കാം..... 

എന്തുകൊണ്ടാണ് അശ്വതി ജ്വാലയ്‌ക്കെതിരെ ആരോപണമുന്നയിക്കുന്നത്...???

കേരളത്തില്‍ മൊത്തം 3000 ത്തോളം അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം കുഷ്ടരോഗികള്‍, മാറാരോഗികള്‍ തുടങ്ങിയ രോഗികളും അനാഥരുമുണ്ട്. ഇവരെ അവിടെ കിടത്തി, അവര്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്താല്‍ അതു വാരി, കഴുകി അവരെ സംരക്ഷിച്ചു പോരുന്നു. ഇത്രയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒന്നുമാത്രമാണ് എന്റെ സ്ഥാപനം. ഞങ്ങളെപ്പോലെ വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങള്‍. പക്ഷേ, യാതൊരു വിധ കാരണങ്ങളുമില്ലാതെ ഞങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും സഥാപനങ്ങളെ തകര്‍ക്കുന്നതിനു വേണ്ടി, ഗൂഢമായ നീക്കങ്ങള്‍ നടത്തുകയുമാണ്. ഇതിനായി അവര്‍ മന്ത്രിമാരുമായ സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. മനുഷ്യാവകാശ കമ്മീഷനെപ്പോലും ഇവര്‍ സ്വാധീനിക്കുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണോ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു കമ്മീഷനെ വച്ചിരിക്കുന്നത്..?? 

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കഴിഞ്ഞ നാലുവര്‍ഷക്കാലമായി ഇവര്‍ എന്നെ വേട്ടയാടുകയാണ്. എനിക്കെതിരെ പലരീതിയിലും ഇവര്‍ പീഡനം നടത്തുകയാണ്. ഇതിനു പിന്നില്‍ വലിയൊരു ടീമാണ് പ്രവര്‍ത്തിക്കുന്നത്. അശ്വതി ജ്വാല എന്നു പറയുന്നത് ഇന്ന് ഒരു വ്യക്തിയല്ല. ഇതിന്റെ പിന്നില്‍ വലിയൊരു ടീമുണ്ട്. ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളും ഇവരുടെ ബാങ്കില്‍ വരുന്ന പണത്തിന്റെ കണക്കും അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ ഹാജരാക്കാന്‍ ഇവര്‍ തയ്യാറാവണം. ഇന്ത്യന്‍ നിയമവും ഭരണഘടനയുമനുസരിച്ച് ഇവര്‍ നടത്തുന്ന സ്ഥാപനത്തിന്റെ വരവു ചെലവു കണക്കുകള്‍, അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഇവര്‍ തയ്യാറാവണം. അതിനു തയ്യാറാകാതെ, ഞങ്ങളെപ്പോലുള്ള ആളുകളെ താറടിച്ചുകാണിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഞങ്ങളുടെ നേരെ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാത്തരം അന്വേഷണങ്ങളെയും നേരിട്ടവരാണ് ഞങ്ങള്‍.

എന്തൊക്കെ രീതിയിലാണ് അവര്‍ നിങ്ങളെ ഉപദ്രവിക്കുന്നത്...??

ഗുണ്ടകളെ വിട്ട് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഞങ്ങളുടെ വാഹനത്തിനു മുന്നില്‍ അവരുടെ ഗ്യാംങില്‍ പെട്ടവര്‍ വണ്ടി കുറുകെ വയ്ക്കുന്നു. ഞങ്ങളെ ഫോണില്‍ വിളിച്ചു തെറി പറയുന്നു. ഫേയ്‌സ്ബുക്കില്‍ ഇവര്‍ക്കു പണിയെടുക്കുന്ന ഫാന്‍സ് അസോസിയേഷനുണ്ട്. സിനിമക്കാര്‍ക്കില്ല ഇത്രയധികം ഫാന്‍സ് അസോസിയേഷന്‍, മദര്‍തെരേസയ്ക്കില്ല ഇത്രയധികം ഫാന്‍സ് അസോസിയേഷന്‍. ഇവര്‍ക്കു പിന്നില്‍ മാത്രം ഇത്രയധികം ഫാന്‍സുകള്‍ കൂടിയത് എങ്ങനെ...??

ഇതിന്റെ പിന്നിലുള്ള സത്യമെന്താണ്....? എന്താണ് ഇവരുടെ പണത്തിന്റെ ഉറവിടം..?? ഇത് കേരള സമൂഹത്തിനു മുമ്പില്‍ ഇവര്‍ വെളിപ്പെടുത്തണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇത്രമാത്രം. അവര്‍ ചെയ്യുന്നത് അത്ര നല്ല പ്രവര്‍ത്തിയാണെങ്കില്‍ ടൂറിസം മന്ത്രി അവരെ വിളിച്ച് പൊന്നാട അണിയിച്ചോട്ടെ. മുഖ്യമന്ത്രി ഇവരെ കണ്ട് ഇവര്‍ക്ക് അനുമോദനം അര്‍പ്പിച്ചോട്ടെ, ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, ഞങ്ങള്‍ക്കെതിരെ നടത്തുന്നത് തരം താഴ്ന്ന ഗുണ്ടായിസമാണ്. സാമൂഹ്യപ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തനവും നടത്തുന്ന ഇവരെപ്പോലുള്ളവര്‍ കനിവും ദയയും ഉള്ളവരായിരിക്കണം. പാവങ്ങളോടും അനാഥരോടും ദയയും കാരുണ്യവും കാണിക്കാനും അവരെ ശുശ്രൂഷിക്കാനും വേണ്ടിയാണ് നാം സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരാളുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് അല്ല അശ്വതി ജ്വാലയുടേത്. ഇതു കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. പിന്നെ, ഏകപക്ഷീയമായി പലരീതിയില്‍ അവരെ മാലാഖയാക്കാനുമെല്ലാം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതെന്തായാലും, ഞങ്ങള്‍ അന്വേഷണത്തിലൂടെ ശുദ്ധി കലശം നടത്തിയ ആള്‍ക്കാരാണ്. അതുപോലെ തന്നെ അവരും ശുദ്ധികലശം നടത്തേണ്ടതുണ്ട്. അന്വേഷണത്തെ നേരിടണം. അതാണു ഞങ്ങള്‍ പറയുന്നത്. 

നിങ്ങളുടെ സംഘടനയുടെ കണക്കുകള്‍ കൃത്യമാണോ...??

തെരുവു വെളിച്ചത്തെക്കുറിച്ച് എന്തെങ്കിലും സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് സാമൂഹ്യ വകുപ്പില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും. അതല്ലെങ്കില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രേഖകള്‍ ലഭിക്കും. കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്റെ സ്ഥാപനത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും ഞാന്‍ കൊടുത്തിട്ടുണ്ട്. എന്നെ നിങ്ങള്‍ വിശ്വസിക്കേണ്ട, പക്ഷേ ഈ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വിളിച്ച് നിങ്ങള്‍ക്ക് അതു സ്ഥിരീകരിക്കാവുന്നതാണ്. 

അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്താണ്. തെരുവോരം മുരുകന്റേത് എറണാകുളത്തും. പിന്നെ എന്തിനാണ് മുരുകനെ ഇവര്‍ ഇങ്ങനെ ഉപദ്രവിക്കുന്നത്...?? 

അശ്വതി ജ്വാല എന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ താറടിച്ചു കാണിച്ച് മറ്റെന്തോ നേടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അഞ്ചുതവണ ഇവര്‍ എനിക്കെതിരെ പേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഞങ്ങള്‍ അതിന്റെയൊന്നും പുറകെ പോകുന്ന ആളുകളല്ല. ഇപ്പോഴും അവര്‍ എന്നെ എന്തൊക്കെയാ പറയുന്നത്...?? തെരുവു തെണ്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്നു. ഞങ്ങള്‍ അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരു പോലീസിനും പരാതി കൊടുത്തിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ ഇവര്‍ പേടിക്കുന്നത്...?? 

സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതുകൊണ്ടുള്ള പകതീര്‍ക്കലല്ലേ അശ്വതിക്കെതിരെ നടക്കുന്നത്...??

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ ഇവര്‍ അട്ടിമറിക്കുമെന്ന കാര്യം ഉറപ്പാണ്. അത്രയും സ്വാധീനം ഇവര്‍ക്കുണ്ട്. നല്ല രീതിയില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇവര്‍ക്കു ചോദ്യം ചെയ്യാം. ഡി ജി പിയെ ഇവര്‍ക്കു ചോദ്യം ചെയ്യാം. ഇവര്‍ക്കെതിരെ എന്തേ ആര്‍ക്കും ശബ്ദിച്ചു കൂടെ...?? 

വ്യക്തിദൈവങ്ങള്‍ക്കോ വ്യക്തി പൂജകള്‍ക്കോ അല്ല പ്രാധാന്യം. ഓരോരുത്തരും ചെയ്യുന്ന കര്‍മ്മമനുസരിച്ചാവണം അംഗീകാരം. ആ കര്‍മ്മം എന്താണ്...? നാട്ടിലുള്ള ആളുകളുടെ കാശെല്ലാം വാങ്ങി, സ്വന്തം ഇഷ്ടപ്രകാരം ചെലവഴിച്ചിട്ട്, കണക്കു ചോദിക്കുമ്പോള്‍ എന്നോട് എന്തിനാണ് കണക്കു ചോദിക്കുന്നത് എന്നു ഞാന്‍ പറയാന്‍ പാടുണ്ടോ...?? 'ഞാന്‍ തെരുവോരം മുരുകനല്ലേ, തെരുവിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്ന ആളല്ലേ...' എന്നുള്ള ന്യായങ്ങളല്ല നിരത്തേണ്ടത്. ഇങ്ങനെയെല്ലാം പറയുന്നതില്‍ യാതൊരു ന്യായവുമില്ല. 

ഈ പരാതി കൊണ്ടു മാത്രം അവര്‍ രക്ഷപ്പെടുകയില്ല. പരാതികള്‍ ഇനിയും വരും. ഇവര്‍ ആക്രമിച്ചിട്ടുള്ള ആളുകള്‍ ഇവിടെ പേടിച്ചു കാത്തു നില്‍ക്കുകയാണ്. ഞാന്‍ മാത്രമല്ല, നിരവധി പേര്‍ ഇവരുടെ ഇരകളാണ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇവരെ പേടിച്ചു നില്‍ക്കുന്നു. അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. പക്ഷേ, വരും ദിവസങ്ങളില്‍ അവരെല്ലാം രംഗത്തു വരും. 

മുരുകനെ പോലീസിനെക്കൊണ്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ടോ...??

പോലീസിനെക്കൊണ്ട് ഇവര്‍ പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നെ അങ്ങനെ ഭീഷണിപ്പെടുത്തേണ്ട കാര്യമൊന്നും വന്നിട്ടില്ല. കാരണം നമ്മള്‍ ദൈവത്തിന്റെയും നിയമത്തിന്റെയും മുന്നില്‍ കീഴടങ്ങുന്ന ആള്‍ക്കാരാണ്. പക്ഷേ എന്നെയും എന്റെ പ്രസ്ഥാനത്തെയും താറടിച്ചു കാണിക്കുകയും എന്നെ നിരന്തരം ഇല്ലായ്മ ചെയ്യാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. 

മുരുകനെ തകര്‍ക്കുന്നതു കൊണ്ട് അശ്വതി ജ്വാലയ്ക്കുള്ള നേട്ടമെന്താണ്...?? 

എന്നെ തകര്‍ക്കുന്നതു കൊണ്ടുള്ള നേട്ടമെന്താണ് എന്ന് അവരല്ലേ പറയേണ്ടത്...?? എനിക്കതിനു മറുപടി പറയാന്‍ പറ്റില്ല. പിന്നെ, ഞാന്‍ പറയട്ടെ, അവര്‍ പറയുന്നുണ്ടല്ലോ ഇതു വ്യാജപരാതിയാണ് എന്ന്. എന്തേ ഞങ്ങളോടു ചോദിക്കാത്തത്...?? കേരളത്തില്‍ 3000 ത്തോളം അനാഥാലയങ്ങള്‍ ഉണ്ടല്ലോ. അവര്‍ക്ക് ആര്‍ക്കുമില്ലാത്ത എന്തുപ്രത്യേകതയാണ് അശ്വതി ജ്വാലയ്ക്ക് ഉള്ളത്? അവരോട് എല്ലാവര്‍ക്കും ഇഷ്ടമുണ്ട്. ഒരു പെണ്‍കുട്ടി ഇങ്ങനെ തെരുവിലെ ആളുകളെ സംരക്ഷിക്കുന്നു. നല്ല കാര്യമല്ലേ...?? പക്ഷേ, ഞങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടതിന്റെ തെളിവുകള്‍ ഞങ്ങള്‍ പുറത്തുവിട്ടു. അപ്പോള്‍ ഇങ്ങനെ എന്നെ അവര്‍ വിമര്‍ശിക്കാനുള്ള കാര്യമെന്താണ്...?? ഞങ്ങള്‍ അവരോട് യാതൊന്നും ചോദിച്ചില്ല. പക്ഷേ, മനസുകൊണ്ടു ഞങ്ങള്‍ കരഞ്ഞു. ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പേരും കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും അവര്‍ തകര്‍ത്തു. ഞങ്ങള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവരും ദൈവത്തില്‍ വിശ്വസിക്കട്ടെ. പക്ഷേ, ഇപ്പോള്‍ അവര്‍ കളിക്കുന്നത് രാഷ്ട്രീയ കളിയാണ്. 

അത് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കളിയാണ് എന്നാണോ മുരുകന്‍ പറയുന്നത്...??

എന്താണു സംശയം. കണ്ടുനില്‍ക്കുന്ന ആള്‍ക്കാരൊന്നും അരിയാഹാരം കഴിക്കുന്നവരല്ലേ...?? ഇപ്പോള്‍ കളിക്കുന്നത് രാഷ്ട്രീയമായിട്ടുള്ള കളിയാണ്. ഇപ്പോള്‍ ഇവരുടെ കൂടെ നില്‍ക്കുന്നവരെല്ലാം ഇവരുടെ സഹതാപത്തിനും സമൂഹത്തിന്റെ ഇടയില്‍ അവര്‍ക്കു പ്രീതി കിട്ടാനും വേണ്ടിയാണ് അശ്വതി ജ്വാലയുടെ കൂടെ നില്‍ക്കുന്നത്. അതൊന്നും ആത്മാര്‍ത്ഥമായിട്ടുള്ളതായിട്ട് ഞാന്‍ കരുതുന്നില്ല. ആ കുട്ടി അവരുടെ പ്രവര്‍ത്തനം ചെയ്യട്ടേ. തെറ്റുചെയ്തിട്ടില്ലെങ്കില്‍ അവര്‍ പേടിക്കുന്നത് എന്തിന്. അവരെ ഈ സര്‍ക്കാര്‍ ആദരിക്കട്ടെ. അല്ലാതെ ഞങ്ങള്‍ക്ക് അവരോട് യാതൊരു വിരോധവുമില്ല. പക്ഷേ, ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ഞങ്ങളുടെ ആരോപണം അവര്‍ നേരിടണ്ടേ..?? 

മുരുകനെ പലരീതിയില്‍ ഇവര്‍ ഉപദ്രവിച്ചു എന്നു പറയുന്നു. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടോ...?? 

ഇല്ല, ഞാന്‍ ഇവര്‍ക്കെതിരെ ഇതുവരെ പോലീസില്‍ പരാതി കൊടുത്തിട്ടില്ല. എനിക്കെതിരെ ഞാനിട്ട പോസ്റ്റിന് ഇവര്‍ ഏതു തരത്തിലാണ് പ്രതികരിക്കുന്നത് എന്നു കാണട്ടെ. എനിക്കെതിരെ പോലീസിലും മനുഷ്യവകാശ കമ്മീഷനിലും കോടതിയിലും പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇവര്‍ ഒരു സ്ത്രീയെ സമീപിച്ചിരുന്നു. ആ സ്ത്രീ ഇവര്‍ക്കെതിരെ മൊഴി പറയുകയും രംഗത്തു വരികയും ചെയ്യും. പിന്നെ, ഞങ്ങള്‍ക്ക് കുതന്ത്രവും കുബുദ്ധിയും ഇല്ലാത്തതു കൊണ്ടല്ല, മറിച്ച് ഞങ്ങള്‍ അത് ഉപയോഗിക്കാറില്ല. അത്രമാത്രം. 

ഫേയ്‌സ്ബുക്കില്‍ ഇതുപോലുള്ള കൂലിത്തൊഴിലാളികളെ വിട്ട് തെറി പറയുകയും ചീത്ത പറയുകയും ചെയ്താലൊന്നും ഞങ്ങള്‍ പിന്‍മാറില്ല. അതു മനസിലാക്കിയാല്‍ അവര്‍ക്കു കൊള്ളാം. കേരളത്തിലെ ജനങ്ങളെയും അമ്മമാരെയും പറ്റിക്കുന്നത് അവര്‍ നിറുത്തണം. എന്നിട്ട് സത്യസന്ധമായി പ്രവര്‍ത്തിക്കണം. തെറ്റുപറ്റിയെങ്കില്‍ അത് അംഗീകരിക്കണം. ചെയ്ത തെറ്റ് അംഗീകരിക്കാതെ വീണ്ടും വീണ്ടും ആളുകളെ വിട്ട് തെറി പറയിപ്പിക്കുന്നത് എന്തിന്...?? എന്റെ പരാതി വരും ദിവസങ്ങളില്‍ തന്നെ പുറത്തുവരും. പോലീസിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതികള്‍ വഴിയാവും പിന്നീടുള്ള നിയമപോരാട്ടം. അതിനു യാതൊരു മാറ്റവുമില്ല.

ഒരാളെ തകര്‍ക്കാനും തളര്‍ത്താനും മാത്രം ഇത്രയേറെ ശ്രമങ്ങള്‍ നടത്തണമെങ്കില്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന പണം അത്രയേറെ കണക്കില്ലാത്തതാണോ...??

അതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല. അവരെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളുമെല്ലാം വായിച്ചാല്‍ നിങ്ങള്‍ക്കതു ബോധ്യമാകും. പോലീസാണ് അത് അന്വേഷിക്കേണ്ടത്. സര്‍ക്കാരിനും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് അതിന്റെ ഉത്തരവാദിത്വം. പത്മശ്രീ പോലുള്ള അവാര്‍ഡുകള്‍ കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തിലൊക്കെ അവര്‍ കാട്ടിക്കൂട്ടുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അവര്‍ കുറച്ചു കാലം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൂടെയായിരുന്നു. അതിനു മുമ്പ് കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. ഇപ്പോള്‍ അവര്‍ ബി ജെ പിയുടെ കൂടെയാണ്. ബി ജെ പിയുടെ ആളുകളാണ് കൂടുതലായി ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നെ തെറി പറയുന്നതും ആ പാര്‍ട്ടിയിലുള്ള ആളുകളാണ്. പത്മശ്രീയാണ് ഇവരുടെ ലക്ഷ്യമെന്ന് വേറെ ആളുകളും പോസ്റ്റ് ഇടുന്നുണ്ട്. ഞങ്ങള്‍ക്കു വിരോധമൊന്നുമില്ല. പത്മശ്രീ അവര്‍ക്കു കിട്ടിക്കോട്ടെ. നല്ലതല്ലേ. മലയാളത്തില്‍ ഒരാള്‍ക്ക് കൂടി പത്മശ്രീ കിട്ടന്നത് നല്ല കാര്യമാണ്. 

കണക്കില്ലാത്ത സ്വത്തുക്കള്‍ ചാരിറ്റിക്കായി ഒഴുകിയെത്തുമ്പോള്‍, കൃത്യമായ ഓഡിറ്റിംഗും ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും അത്യന്താപേക്ഷിതമാണ്. തെരുവില്‍ അലയുന്നവര്‍ എന്തറിയുന്നു. അവരുടെ പേരില്‍ കോടികള്‍ വാങ്ങി അതിസമ്പന്നരായിക്കൊണ്ടിരിക്കുകയാണ് ചിലര്‍. വമ്പന്‍ ചാരിറ്റി പ്രവര്‍ത്തകരെ തൊടാന്‍ പോലും സര്‍ക്കാരിനു കഴിയില്ല എന്നതാണ് സത്യം. 

....................................................................................

Tags: Theruvoram Murugan, Theruvuvelicham, Aswathy Jwala, Allegations against Aswathy Jwala, Murugan alleges that Aswathy Jwala tries to threaten him continuously, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.