Header Ads

സോളാര്‍ ഭൂതം ഉമ്മന്‍ ചാണ്ടിയെ വിട്ടുപോയി, സരിതയുടെ ലൈംഗിക ആരോപണങ്ങളും കത്തും കോടതി റദ്ദാക്കിഅവസാനം സോളാര്‍ ഭൂതത്തിന്റെ പിടിയില്‍നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മോചനം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് നീക്കിയത്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തി. എന്നാല്‍ അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു.

പക്ഷേ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷന് ആശ്വസിക്കാനുള്ള വകയില്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കേസില്‍നിന്നു സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ ആക്ഷേപം. കമ്മിഷന്റെ പരാമര്‍ശങ്ങള്‍ തന്റെ സല്‍ക്കീര്‍ത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഹര്‍ജി.

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു പ്രകാരം പുതുക്കണമെന്നുമാണ് കോാടതിയുടെ നിര്‍ദ്ദേശം. സോളര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ആക്ഷേപം.

സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് വ്യവസായി എം.കെ. കുരുവിള ബാംഗ്ലൂര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ഉമ്മന്‍ ചാണ്ടിയടക്കം ആറു പ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍, സോളാര്‍കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിച്ചു. ഈ ആവശ്യം കണക്കിലെടുത്ത് ഏപ്രിലില്‍ വിധി റദ്ദാക്കുകയും വീണ്ടും വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കുരുവിളയുടെ ഹര്‍ജിയില്‍ ജൂണില്‍ വാദം തുടങ്ങിയതും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്നതും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സോളര്‍ തട്ടിപ്പു കേസില്‍ പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുകേസില്‍ ഉത്തരവാദികളാണ്. അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും നാലു മുന്‍ മന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മറ്റ് 21 പേര്‍ക്കുമെതിരെ ക്രിമിനല്‍, വിജിലന്‍സ് കേസ് നടപടികള്‍ക്കു മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. സോളര്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ സരിത എസ്. നായര്‍ എഴുതിയെന്നു കരുതുന്ന കത്തില്‍ പേരുള്‍പ്പെട്ട, ഉമ്മന്‍ ചാണ്ടിയടക്കമുള്ള 14 പേര്‍ക്കെതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്താനും തീരുമാനിച്ചിരുന്നു.

.......................................................................................................................

Tags: Solar scam, Oommen Chandy, Saritha S Nair, Oommen Chandy is escaped from solar scam, The political future of Oommen Chandy was under the grip of Saritha Nair, Malayalam News, Thamasoma 
വാര്‍ത്തയ്ക്കു കടപ്പാട്: മറുനാടന്‍ മലയാളി

No comments

Powered by Blogger.