Header Ads

സുനന്ദ പുഷ്‌കറിന്റെത് ആത്മഹത്യയെന്ന് ഡല്‍ഹി പോലീസ്: തരൂരിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം



സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവ് ശശി തരൂരിനെതിരെ കേസെടുത്തു. ശശി തരൂരിനെതിരെ കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദാ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചില്ല. ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് പാട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പര്‍ 345ല്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. ഐപിഎസിയിലെ 498 എ വകുപ്പും (ഗാര്‍ഹിക പീഡനം) 306-ാം (ആത്മഹത്യ പ്രേരണ) വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ടുതന്നെ ശശി തരൂരിനെ ഏത് സമയത്തും പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കാം. പത്തുകൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. 

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കേസില്‍ ശശി തൂരൂര്‍ ശാസ്ത്രീയ മനഃശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു, രാജ്യത്തുതന്നെ അപൂര്‍വമായി നടത്തിയിട്ടുള്ള ഫോറന്‍സിക് സൈക്കോളജി പരിശോധനയാണ് ഡല്‍ഹി പൊലീസ് നടത്തിയത്. നേരത്തെ ഈ കേസില്‍ ശശി തരൂര്‍ നുണപരിശോധനയ്ക്കും വിധേയനായിരുന്നു. ഇതിന് ശേഷമാണ് ശശി തരൂരിനെ കേസില്‍ പ്രതിയാക്കുന്നുണ്ട്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലനില്‍ക്കുന്ന സംശയം അകറ്റുന്നതിന് ശശി തരൂരിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഡല്‍ഹി പൊലീസ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇന്ത്യയില്‍ മധുമിത ശുക്ല, ആരുഷി തല്‍വാര്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടും നിതാരി കൊലപാതകങ്ങളിലും ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.




ദുരൂഹം, സുനന്ദയുടെ ജീവിതവും മരണവും

അത്യന്തം നിഗൂഢമാണ് സുനന്ദ പുഷ്‌ക്കറിന്റെ ജീവിതവും മരണവും. അധികാരത്തിന്റെ ഇടനാഴികളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സമാധാനമില്ലാത്ത ജീവിതം. ശശി തരൂരിനെക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു സുനന്ദയുടേത്.

കൊച്ചി ടസ്‌കേഴ്‌സിലെ വിയര്‍പ്പോഹരി മുതല്‍ പാക് മാധ്യമപ്രവര്‍ത്തകയുടെ വിവാദ ട്വിറ്റര്‍ സന്ദേശങ്ങള്‍ വരെ സുനന്ദയെ മുഖ്യധാരയില്‍ നിര്‍ത്തി. ഒടുവില്‍ അപ്രതീക്ഷിതമായി, ദുരൂഹമായ മരണവും. പക്ഷേ മറുപടി നല്‍കേണ്ടി വരിക ഭര്‍ത്താവ് ശശി തരൂര്‍ തന്നെയാകും.


ദുബായില്‍നിന്ന് ശശി തരൂരിന്റെ ഭാര്യയായാണ് സുനന്ദയുടെ ഇന്ത്യയിലേക്കുള്ള വരവ്. മാര്‍ക്കറ്റിങ് രംഗത്തെ ആഗോള മുഖമായിരുന്നു അതുവരെ സുനന്ദ. ഗള്‍ഫ് മേഖലയിലെ വമ്പന്‍ അന്താരാഷ്ട്ര കമ്പനികളുടെ ഉപദേഷ്ടാവ്. ശശി തരൂരിനായി ഐപിഎല്‍ ടീമിന്റെ ലേലത്തില്‍ ചരട് വലിച്ച് വിവാദത്തിലായി. ആദ്യ വിവാഹത്തില്‍ ഒരു മകനുമുണ്ട്. തരൂരിന്റെ മൂന്നാം ഭാര്യയായി സുനന്ദ എത്തിയത് താരപകിട്ടുമായാണ്. ആഗോള പൗരനെന്ന തരൂരിന്റെ ഇമേജ് തന്നെയാണ് ഇവരെ തിരുവനന്തപുരം എംപിയുമായി അടുപ്പിച്ചത്.

മറ്റ് രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരെപ്പോലെയായിരുന്നില്ല അവര്‍. പരസ്യമായി നൃത്തം ചെയ്തും ആഘോഷങ്ങളിലും വിരുന്നുകളിലും പങ്കെടുത്തും വശ്യമായ വസ്ത്രധാരണത്തിലുമൊക്കെ അവര്‍ വേറിട്ടുനിന്നു. വിരുന്നുകളില്‍ നേതാക്കള്‍പോലും നാപ്കിന്‍ പേപ്പറുകള്‍ കൊണ്ട് വിസ്‌കി നുണയുമ്പോള്‍, സുനന്ദ അവിടെയും മറവ് കാട്ടിയിരുന്നില്ല. ഏത് വിഷയത്തെക്കുറിച്ചായാലും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അവര്‍ ശ്രമിച്ചിരുന്നു. തന്നെ പൊതുസ്ഥലത്ത് അപമാനിക്കാന്‍ ശ്രമിച്ചയാളുടെ ചെകിട്ടത്തടിക്കാനും നരേന്ദ്ര മോദിയുടെ '50 കോടി കാമുകി' പ്രയോഗത്തോട് ശക്തമായി പ്രതികരിക്കാനും അവര്‍ മടിച്ചിരുന്നില്ല.

അധികാര കേന്ദ്രത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അവരുടെ ജീവിതം സമാധാനപൂര്‍ണമായിരുന്നില്ല എന്ന് മരണം കൊണ്ടവര്‍ തെളിയിച്ചു. പരാജയപ്പെട്ട രണ്ട് വിവാഹ ബന്ധങ്ങള്‍ക്കുശേഷം ശശി തരൂരിന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ അവര്‍ സമാധാനം പ്രതീക്ഷിച്ചിരിക്കണം. എന്നാല്‍, അവര്‍ പറയാന്‍ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങള്‍ മുഴുവനാക്കാതെ സുനന്ദ മടങ്ങി. ഇനിയൊരിക്കലും ആ രഹസ്യങ്ങള്‍ എന്തായിരുന്നുവെന്ന് പുറം ലോകമറിയില്ല. ഏതായാലും ഒന്നുറപ്പാണ്. ശാന്തമായിരുന്നില്ല ആ മരണം പോലും.


ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ, രാഷ്ട്രീയക്കാര്‍ക്കിടയില്‍ ശശിതരൂര്‍ വേറിട്ടുനിന്നു. വലിയ താരത്തിളക്കത്തോടെ തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. ക്രിക്കറ്റ് എന്ന ഇന്ത്യയിലെ പണംവാരി വ്യവസായത്തില്‍ അദ്ദേഹം കണ്ണുവയ്ക്കുന്നതോടെയാണ് തരൂരിന്റെ ജീവിതത്തിലെ വിവാദപര്‍വ്വം ആരംഭിക്കുന്നത്. ഒരു ശതമാനം ഓഹരി മാത്രമുള്ള ഒരു മലയാളി, പേരിന് തലപ്പത്തുനിന്ന്, ഗുജറാത്തി മാര്‍വാഡി വ്യവസായികള്‍ പണം മുടക്കിത്തുടങ്ങിയ കൊച്ചി ടസ്‌കേഴ്‌സ് കേരള എന്ന ഐപിഎല്‍ ടീമിന്റെ 26% ഓഹരികള്‍ പണം മുടക്കാത്ത ഒരു യുവതിയുടെ പേരില്‍ വന്നത് പ്രശ്‌നമാക്കിയത് ഐപിഎല്‍ കമ്മിഷണറായിരുന്ന ലളിത് മോദിയാണ്. ഇവര്‍ ഒരു കേന്ദ്രമന്ത്രിയുടെ ബിനാമിയാണെന്നും മോദി ആരോപിച്ചു. സുനന്ദ പുഷ്‌കര്‍ എന്ന പേര് നാം കേള്‍ക്കുന്നത് ആ വിവാദത്തോടെയാണ്. താന്‍ ആ ഓഹരികള്‍ വേണ്ടെന്നുവയ്ക്കുന്നു എന്ന് സുനന്ദ പുഷ്‌കറിന് പിന്നീട് പറയേണ്ടിവന്നു. ആ വിവാദത്തില്‍ തട്ടി ശശി തരൂരിന് ആദ്യതവണ മന്ത്രിസ്ഥാനം നഷ്ടമായി. തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം കഴിക്കുന്നതാണ് നാം കണ്ടത്.

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ഉണ്ടായ വിവാദത്തിനു പിന്നാലെ സുനന്ദ പുഷ്‌കര്‍ ഇക്കണോമിക് ടൈംസിനും ഇന്ത്യന്‍ എക്‌സ്പ്രസിനും എന്‍ഡിടിവിക്കും നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ അവര്‍ക്കുതന്നെ വിഴുങ്ങേണ്ടിവന്നിരുന്നു. തങ്ങളുടെ വിവാഹജീവിതം സന്തുഷ്ടമാണെന്ന പ്രഖ്യാപനം അവര്‍ക്ക് നടത്തേണ്ടിവന്നു. തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നിന്നപ്പോള്‍ പാക് ചാരവനിതയുമായി തരൂരിന് ബന്ധം എന്ന തരത്തില്‍ സുനന്ദ ഉയര്‍ത്തിയ ആരോപണം തരൂരിനു മാത്രമല്ല, കോണ്‍ഗ്രസിനു മൊത്തത്തില്‍ ബാധിച്ചിരുന്നു. എന്നിട്ടും തരൂര്‍ തിരുവനന്തപുരത്ത് നിന്ന് വീണ്ടും ലോക്‌സഭയിലെത്തി.

മരണത്തിന് തൊട്ട് മുമ്പുള്ള ദിവസം ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ പറഞ്ഞത്, ഐപിഎല്‍ വിവാദത്തില്‍ തരൂരിന് വേണ്ടി കുറ്റം താന്‍ ഏറ്റെടുത്തതായാണ്. ഒരു ഗള്‍ഫ് രാജ്യത്തില്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട മകനെ രക്ഷിക്കാന്‍ ഒരു കേന്ദ്രമന്ത്രി ഇടപെട്ടു എന്ന് സുബ്രമണ്യം സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചതും സുനന്ദയുടെ മരണത്തിന് തൊട്ടമുമ്പായിരുന്നു. താന്‍ ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന മറുപടിയുമായി അന്ന് തരൂര്‍ രംഗത്തെത്തി. സുനന്ദയുടെ മകന്‍ ശിവ് ആണ് ജയിലിലായത് എന്ന് പിന്നീടറിഞ്ഞു. തരൂര്‍ ഈ പ്രതികരണം നടത്തിയില്ലായിരുന്നുവെങ്കില്‍ ഈ വിവരം തന്നെ പുറത്തുവരില്ലായിരുന്നു.

തരൂരിന് മെഹറുമായി ബന്ധമുണ്ടെന്ന് സുനന്ദ ട്വിറ്ററില്‍ കുറിച്ചിരുന്നു. അതിന് മുന്‍പ് തന്നെ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചില വെളിപ്പെടുത്തലുകള്‍ സുനന്ദ നടത്തിയിരുന്നു. തന്റെ അക്കൗണ്ട് ഹാക് ചെയ്‌തെന്ന് പറഞ്ഞ് തരൂര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ കയറിയത് താനാണെന്ന് വെളിപ്പെടുത്തി സുനന്ദ രംഗത്തുന്നു. മെഹര്‍ തരൂര്‍ ബന്ധത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും തരൂരുമായുള്ള ബന്ധം വേര്‍പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.

മെഹര്‍ പാക് ചാരസംഘടനയായ ഐ.എസ്‌ഐയുടെ ഏജന്റ് ആണെന്ന് സുനന്ദ വീണ്ടും ട്വീറ്റ് ചെയ്തു. തുടര്‍ന്ന് മെഹ്‌റിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് തന്നെ സുനന്ദ പോര് തുടങ്ങി. ഭര്‍ത്താവില്‍ നിന്ന് അകലം പാലിക്കണമെന്ന് മെഹറിനോട് സുനന്ദ ആവശ്യപ്പെട്ടു. തന്നെ ഐ.എസ്. ഐ ഏജന്റ് എന്ന് വിളിച്ച സുനന്ദയ്ക്ക് മാനസികരോഗമാണെന്ന് മെഹര്‍ തിരിച്ചടിച്ചു. സ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തുന്ന അവര്‍ക്ക് എന്തോ മാരക രോഗമുണ്ട്. അവരുടെ വിവാഹത്തെ ബഹുമാനിക്കുന്നില്ലെന്നും മെഹര്‍ ട്വിറ്ററില്‍ പറഞ്ഞു.

അന്ന് വൈകിട്ട് വിവാദത്തിന് വിരാമമിട്ട് സുനന്ദയും തരൂരും ഫേസ്ബുക്കില്‍ സംയുക്ത പ്രസ്താവന നടത്തി. വിവാഹബന്ധം വേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത ഇരുവരും നിഷേധിച്ചു. ട്വിറ്ററില്‍വന്ന സന്ദേശങ്ങള്‍ തങ്ങളുടെതല്ലെന്നും അവര്‍ പറഞ്ഞു. ഭാര്യയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് സുനന്ദ ആശുപത്രിയിലായിരുന്നു. ഇനി വിശ്രമം ആവശ്യമാണ്. തങ്ങളുടെ സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിച്ചത്. എന്നിട്ടും ചില നിലപാടുകളില്‍ നിന്ന് സുനന്ദ പിന്നോട്ട് പോയില്ല.

മെഹറിന് താന്‍ ട്വീറ്റുകള്‍ അയച്ചിരുന്നതായി അവര്‍ ഒരു ദേശീയ ചാനലിനോട് പ്രതികരിച്ചു. തരൂര്‍ സന്തുഷ്ടകുടുംബ ജീവിതം നയിക്കുന്ന ആളാണെന്ന് അറിയാതെ അദ്ദേഹവുമായി ബന്ധത്തിന് മെഹര്‍ ശ്രമിച്ചതിനാലാണ് തടയാന്‍ ശ്രമിച്ചതെന്ന് സുനന്ദ പറഞ്ഞതായി ചാനല്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ആയതിനാല്‍ മെഹറില്‍ നിന്ന് അകലം പാലിക്കണമെന്ന് തരൂരിനോട് പറയാനിരിക്കുകയായിരുന്നു. തരൂര്‍ മന്ത്രിയാണ്. എന്നാല്‍ ഞാന്‍ ആം ആദ്മിയാണ്. ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ പെട്ടെന്ന് തകര്‍ന്നുപോകുമെന്നും സുനന്ദ പ്രതികരിച്ചിരുന്നു. സംയുക്ത പ്രസ്താവനയുടെ പിറ്റേന്ന് ജനുവരി 17ന് ഡല്‍ഹിയില്‍ സുനന്ദയുടെ മരണം സംഭവിച്ചത്.
...................................................................................................

Tags: Death of SUnanda Pushkar, Delhi police says Sunanda was committing suicide, case registered against Sasi Tharoor for the death of Sunanda Pushkar, Malayalam News, Thamasoma

വാര്‍ത്തയ്ക്കു കടപ്പാട്: മറുനാടന്‍ മലയാളി

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.