Header Ads

ചോരക്കൊതി മാറാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍.....




സ്വന്തം മകനെ നഷ്ടമായ മാതാപിതാക്കള്‍, ഭര്‍ത്താവിനെ നഷ്ടമായ ഭാര്യ, അച്ഛനെ നഷ്ടമായ മക്കള്‍, സഹോദരനെ നഷ്ടമായ കൂടെപ്പിറപ്പുകള്‍ അങ്ങനെ ധാരാളം പേര്‍ കണ്ണൂരിന്റെ വിവിധഭാഗങ്ങളിലായി ജീവിക്കുന്നു. പാര്‍ട്ടി എത്ര കാര്യമായി ആ കുടുംബത്തിന് ചിലവിന് കൊടുത്താലും ഇവരുടെയൊന്നും കണ്ണുനീര്‍ തോരില്ല. പ്രിയ നേതാക്കളെ, നിങ്ങള്‍ക്ക് ഈ പാവപ്പെട്ടവന്റെ ചോര കണ്ടു മതിയായില്ലേ? ഒരു രക്തസാക്ഷിയും, ബലിദാനിയേയും സൃഷ്ട്ടിക്കുന്നതാണോ രാഷ്ട്രീയം എന്ന് പറയുന്നത്? നേതാക്കളുടെ മനുഷ്യത്വം ഇത്രത്തോളം ഇല്ലാതെയായോ? ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാല്‍ എതിരാളിയെ കത്തിമുനയില്‍ അവസാനിപ്പിക്കാം എന്നത് രാഷ്ട്രീയമല്ല, കാടത്തമാണ്. 

ഒരു കാര്യം വ്യക്തമാണ്, നേതാക്കളുടെ നിര്‍ദ്ദേശവും, അറിവും ഇല്ലാതെ ഒരു രാഷ്ട്രീയ കൊലപാതകങ്ങളും ഇവിടെ നടക്കുകയില്ല. തിരക്കഥ മെനയുന്നത് ഉയര്‍ന്ന തലങ്ങളില്‍ തന്നെ. കൊലപാതകികളെ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുവാന്‍ ഇവിടുത്തെ കൊലപാതകം നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കഴിയുമോ? പാര്‍ട്ടി അന്ന്വേഷിക്കുന്നതിനു പകരം രാജ്യത്തെ നിയമ വ്യവസ്ഥക്ക് മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുവാന്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമോ? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊടും കൊലപാതകികള്‍ക്ക് ജയിലറകളിലെ സുഖ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാതിരിക്കുവാന്‍ നേതാക്കള്‍ക്ക് കഴിയുമോ? 

മരിച്ചവന്റെ മൃതശരീരത്ത് വലിയ തലയെടുപ്പോടെ നിങ്ങള്‍ സമര്‍പ്പിക്കുന്ന റീത്തും നിങ്ങളുടെയൊക്കെ മുഖത്തെ കപട വിഷാദവും കാണുമ്പോള്‍ ഒരുതരം പുച്ഛമാണ് നിങ്ങളോടൊക്കെ തോന്നുന്നത്. സ്വന്തം മക്കളുടെ ഭാവിയും, ജീവിതവും ഭദ്രമാക്കിയിട്ട്, ഒരു കുടുംബത്തിന്റെ അത്താണി ആയവനെ കത്തിമുനക്ക് വിട്ടുകൊടുക്കുന്ന കപട രാഷ്ട്രീയം അല്ലേ ഇവിടെ നടക്കുന്നത്? അലക്കിത്തേച്ച് വടിവൊത്ത വേഷങ്ങള്‍ ധരിച്ഛ് ആഡംബര കാറിലും, ജീവിതത്തിന്റെ എല്ലാ സുഖ ഭോഗങ്ങളും അനുഭവിക്കുന്നത്, ഈ പാവപ്പെട്ടവന്റെ ചോരകൊണ്ടും, അവന്റെ തൊണ്ട പൊട്ടിയുള്ള സിന്ദാബാദ് വിളികൊണ്ടും മാത്രമാണ് എന്നുള്ള സത്യം വല്ലപ്പോഴും നേതാക്കള്‍ ഓര്‍ക്കുന്നത് നന്ന്. 

സ്വന്തം കഴിവുകൊണ്ടോ, വിദ്യാഭ്യാസ യോഗ്യത കൊണ്ടോ അല്ല, പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നും പതിനായിരങ്ങള്‍ ശമ്പളമായി എണ്ണിവാങ്ങുന്നത്. ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും ഒരു ചടങ്ങ് ഇവിടെ കാലങ്ങളായി നടത്തിവരുന്നു. സര്‍വകക്ഷി യോഗം എന്നത് ഒരുതരം തട്ടിപ്പാണ്. അതിന്റെ പേരിലും നഷ്ടമാകുന്നത് ഖജനാവിലെ പണം തന്നെ. തലസ്ഥാനത്തുനിന്നും അകമ്പടിയോടുകൂടി മന്ത്രിയുടെ യാത്ര, മറ്റുള്ള മുന്‍നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവെച്ചിട്ട് യോഗത്തില്‍ പങ്കെടുക്കുന്ന ജില്ലാ ഭരണാധികാരി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി ധന ദുര്‍വിനിയോഗം തന്നെ. അതിന്റെതായ യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പ്രഹസന നാടകം. ഷുഹൈബ് വധത്തിന്റെ അലയടികള്‍ തീരുംമുമ്പ് അടുത്ത കൊലപാതകം നടക്കുന്നൂ. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയും അധികാരത്തിന്റെ ധാര്‍ഷ്ട്ര്യമാണ് ഇവിടെ കാട്ടുന്നത്. 

അണികളെ തമ്മിലടിപ്പിച്ചിട്ട്, ഒളിച്ചും മറഞ്ഞും അധികാരത്തിന്റെ പല സുഖങ്ങളും പരസ്പരം പങ്കുവെക്കുന്നൂ. ഇതൊന്നും അറിയാതെ താഴെത്തട്ടിലുള്ള അണികള്‍ നേതാക്കള്‍ക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെയും സാമാന്യ വിവേകത്തിന്റെയും കുറവായിട്ടുതന്നെ ഇതിനെ കാണുവാന്‍ കഴിയു. പാര്‍ട്ടി ക്ലാസുകള്‍ മാത്രമാണ് ഇവരുടെ അടിസ്ഥാന യോഗ്യത. കേരളത്തില്‍ എന്തെല്ലാം മനുഷ്യത്വ രഹിതമായ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിന് എതിരെ വായ് തുറക്കാത്ത ഒരു കൂട്ടം ആളുകള്‍ ഉണ്ട്. നമ്മുടെ സാംസ്‌കാരിക നായകര്‍. കേരളം ആദരിക്കുന്ന കലാകാരന്മാര്‍ ഉണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം പേരും പ്രശസ്തിയും അംഗീകാരവും മാത്രം. ഭരിക്കുന്ന സര്‍ക്കാരിന്റെ തെറ്റുകളെ വിമര്‍ശിച്ചാല്‍ കിട്ടുവാന്‍ സാധ്യതയുള്ള അവാര്‍ഡുകള്‍, സ്ഥാന മാനങ്ങള്‍ ഇവയൊക്കെ ഇവിടുത്തെ പാവപ്പെട്ടവന് വേണ്ടി എന്തിന് കളയണം. 

അനുസരണയോടുകൂടി നിന്നതിനാല്‍ പലര്‍ക്കും പല ഉന്നത സ്ഥാനമാനങ്ങളും നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ഒരു ചിന്തയാകാം ഇവരെയൊക്കെ തിന്മകള്‍ക്ക് എതിരെ പ്രതികരിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ വളര്‍ത്തിയ പല കലാകാരന്മാരുടെയും ഇന്നത്തെ ഭാവങ്ങള്‍ കണ്ടാല്‍ നമ്മളൊക്കെയും അവരുടെ ദാസന്മാര്‍ ആണ് എന്നുള്ള നിലയില്‍ ആണ്. അവരുടെ ഫോട്ടോ എടുക്കുവാന്‍ പാടില്ല, അഥവാ എടുത്താല്‍ അത് വാങ്ങി ഡിലീറ്റ് ചെയ്യുക. 

നമ്മള്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കും, ചില പുങ്കന്‍ കലാകാരന്മാര്‍ക്കും നല്കുന്ന അമിതമായ ബഹുമാനം ആണ് ഇവരെ അഹങ്കാരികളാക്കുന്നത് എന്നുള്ള സത്യം ഇനിയും നമ്മള്‍ തിരിച്ചറിയാതെ പോകുന്നു. അതോടൊപ്പം ഈ കൊച്ചുകേരളത്തില്‍ എന്തിന് മനുഷ്യര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി തമ്മില്‍ തല്ലി ജീവിതം അവസാനിപ്പിക്കണം. രാഷ്ട്രീയം അതിന്റെ വഴിക്കു പോകട്ടെ. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുകൊണ്ട്, കേരളത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപിടിക്കാം. അപ്പോള്‍ ഈ രാഷ്ട്രീയ കൊലപാതകങ്ങളും ശണ്ഠകളും താനേ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം.


സന്തോഷ് പവിത്രമംഗലം.


...............................................................................................

Tags: Political vendetta in Kerala, Killing of party members, BJP, CP(I)M, Malayalam News, Thamasoma, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.