പോലീസിന്റെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി, പക്ഷേ, അകം ചുവപ്പുതന്നെ
വിവാദത്തെത്തുടര്‍ന്ന് പോലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളന വേദിയിലെ
രക്തസാക്ഷി സ്തൂപത്തിന്റെ നിറം ചുവപ്പില്‍ നിന്നും ചുവപ്പും നീലയുമാക്കി
മാറ്റി. പക്ഷേ, അസോസിയേഷന്റെ ഇടതു ചിന്താഗതി മാറ്റമില്ലാതെ തുടരുന്നു.
രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും ചുവപ്പുകളറും മാറ്റില്ല
എന്ന് വാര്‍ത്താ സമ്മേഷനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
എന്നാല്‍, പൊതുസമൂഹത്തില്‍ നിന്നുമുള്ള കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ
തീരുമാനങ്ങള്‍ക്കു മാറ്റമുണ്ടായത്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന
മുദ്രാവാക്യം പോലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാക്കി മാറ്റുകയും
ചെയ്തിട്ടുണ്ട്.
പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ സിപിഎം സമ്മേളനങ്ങളുടെ രീതിയിലേക്ക്
മാറുന്നുവെന്നും മുന്‍മുഖ്യമന്ത്രിമാര്‍ പോലും ഇത്തരം സമ്മേളനങ്ങളില്‍
വിമര്‍ശിക്കപ്പെടുന്നുവെന്നുമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്
നിയന്ത്രിക്കപ്പെടണമെന്നും ആഭ്യന്തരവകുപ്പിന് മുന്നിലുള്ള റിപ്പോര്‍ട്ടില്‍
പറയുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അസോസിയേഷന്‍ നേതാക്കള്‍
തള്ളിക്കളഞ്ഞിരുന്നു.
പോലീസില്‍ രാഷ്ട്രീയം പാടില്ലെന്ന വ്യവസ്ഥ കാറ്റില്‍ പറത്തി കേരള പൊലീസ്
അസോസിയേഷന്‍ ഇടത്തേക്ക് പോകുന്നതായിട്ടാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്
നല്‍കിയത്. അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം
അപകടകരമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഉടന്‍ ഇടപെടണമെന്നും ഇന്റലിജന്‍സ്
മേധാവി ടി.കെ.വിനോദ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥിതിഗതികളുടെ
ഗൗരവം വ്യക്തമാക്കുന്ന പ്രത്യേക കത്തും കൈമാറിയിരുന്നു. ഈ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റിലജന്‍സ് കേന്ദ്ര
ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
'പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളില്‍ രക്തസാക്ഷി സ്തൂപങ്ങള്‍
നിര്‍മ്മിച്ച് 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിക്കുന്നത് രാഷ്ട്രീയമാണ്.
ഇടത് പാര്‍ട്ടി സമ്മേളനങ്ങളിലെ മാതൃകയാണ് ഇത്. ഇത്തരം നടപടി അച്ചടക്കത്തിനു
ചേര്‍ന്നതല്ല. ഔദ്യോഗിക പദവികളില്ലാത്ത ഭരണകക്ഷി നേതാക്കളെ വിളിച്ചു
പ്രസംഗിപ്പിക്കുന്നതും സേനയെ രാഷ്ട്രീയമായി ഭിന്നിപ്പിക്കുമെന്നും
മുന്നറിയിപ്പുണ്ട്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ സിപിഎം
നേതാക്കള്‍ക്ക് പ്രാധാന്യം കിട്ടിയിരുന്നു. പല സമ്മേളനവും സിപിഎം ജില്ലാ
സെക്രട്ടറിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്,' ഇന്റലിജന്‍സ്
റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ചിഹ്നം നീലയായിരുന്നു. ഇതാണ് ചുവപ്പായി
മാറിയത്. 1980 മുതല്‍ അസോസിയേഷന്‍ ഔദ്യോഗികമായി ഉപയോഗിക്കുന്ന
ചിഹ്നത്തിന്റെ നിറമാണു സംഘടന അംഗീകരിച്ച നിയമാവലിക്കു വിരുദ്ധമായി
മാറ്റിയത്. നീല വൃത്തത്തിനകത്ത് ഒരു കയ്യില്‍ ദീപശിഖയും മറുകയ്യില്‍
നീതിയുടെ തുലാസുമേന്തി യൂണിഫോമില്‍ നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രമാണ്
അസോസിയേഷന്റെ ഭരണഘടനയിലുള്ളത്. മലബാര്‍ സ്‌പെഷല്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍
രൂപകല്‍പന ചെയ്തതാണിത്. എന്നാല്‍ ഏതാനുംനാള്‍ മുന്‍പു നീലനിറം മാറ്റി
ചുവപ്പാക്കി. സംഘടനാ ഓഫിസിനു മുന്നിലെ ബോര്‍ഡില്‍ പോലും നിറം ചുവപ്പാക്കി.
ഇതെല്ലാം സംഘടന ചുവക്കുന്നതിന്റെ ലക്ഷണമാണെന്നാണ് വിലയിരുത്തല്‍.
കോട്ടയത്ത് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍
മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും സാന്നിധ്യത്തില്‍ 50 ഉദ്യോഗസ്ഥര്‍
ചുവന്ന വേഷത്തില്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. രഹസ്യവിവരങ്ങള്‍
ശേഖരിക്കേണ്ട സ്‌പെഷല്‍ ബ്രാഞ്ചിലെ അഞ്ച് ഉദ്യോഗസ്ഥരും
കൂട്ടത്തിലുണ്ടായിരുന്നു. ഇത് തീര്‍ത്തും അംഗീകരിക്കാനാവില്ല. സേനയ്ക്ക്
രാഷ്ട്രീയ നിറം കൊടുക്കുന്നതിന് തുല്യമാണ് ഇത്. അസോസിയേഷന്റെ 28 ജില്ലാ
സമ്മേളനങ്ങളില്‍ 27 എണ്ണം പൂര്‍ത്തിയായി. നിരോധനാജ്ഞ ഉള്ളതിനാല്‍
കോഴിക്കോട് സിറ്റി സമ്മേളനം മാറ്റിവച്ചിരിക്കുകയാണ്. മിക്കയിടത്തും
രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു മുദ്രാവാക്യം
വിളിച്ചായിരുന്നു തുടക്കം.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പല സമ്മേളനങ്ങളിലും
സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചു. മുന്‍ മുഖ്യമന്ത്രിമാരെ പ്രതിനിധികള്‍
പേരെടുത്തു വിമര്‍ശിച്ചു. എന്നാല്‍ സംഘടനയ്ക്കു സര്‍ക്കാര്‍ പിന്തുണയും
ഭരണകക്ഷി അനുഭാവവും ഉള്ളതിനാല്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നു വടകരയില്‍ ആരംഭിക്കും. ഇതിന്
മുന്നോടിയായാണ് ഈ ഇടപെടല്‍. ഈ യോഗത്തിലും ഇന്റലിജന്‍സുകാരുടെ നിരീക്ഷണം
ശക്തമായി ഉണ്ടാകും. ഐബിക്കാരും വടകരയിലെത്തും.
അതിനിടെ കേരള പൊലീസ് അസോസിയേഷനു രാഷ്ട്രീയ ചായ്‌വുകളില്ലെന്നും
മുദ്രാവാക്യം മുഴക്കുന്നതു പൊലീസിലെ രക്തസാക്ഷികള്‍ക്കു വേണ്ടിയാണെന്നും
ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാറിന്റെ വിശദീകരണം. പൊലീസില്‍
ചേരുന്നതിനു മുന്‍പു പല രാഷ്ട്രീയ കാഴ്ചപ്പാടുകളുമുണ്ടാകും. എന്നാല്‍
സേനയുടെ ഭാഗമാകുന്നതോടെ സേവനത്തില്‍ മാത്രമാകും ശ്രദ്ധ. രാഷ്ട്രീയ
വേര്‍തിരിവോടെ ആരെയും കാണാറില്ല. പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ റിപ്പോര്‍ട്ട് വന്നിരുന്നെങ്കില്‍ മേലുദ്യോഗസ്ഥരില്‍നിന്നു
താക്കീത് ഉണ്ടാകുമായിരുന്നു.
.......................................................................................................
Tags; Due to vehement criticism, Police association changed the color of the pyramid, changing color of Kerala police, Intelligence report, Lefticism in kerala police, News Source: Mangalam & Marunadan Malayali, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല