സുന്നത്തിന്റെ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഭയപ്പെടുത്തുന്നു: അലി അക്ബര്‍
അഗ്രം മുറിക്കുന്ന സുന്നത്തിന്റെ ഭീതികരമായ വേദന അമ്പതു വര്‍ഷത്തിനു ശേഷവും
തന്നെ വേട്ടയാടുന്നുവെന്ന് പ്രശസ്ത സംവിധായകന്‍ അലി അക്ബര്‍. കോഴിക്കോട്
നടന്ന 'മതിയാക്കൂ, ആചാരങ്ങളിലെ ബാലപീഡനം' എന്ന സെമിനാറില്‍ പങ്കെടുത്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. അലി അക്ബര്‍ അടക്കമുള്ളവര്‍ കടുത്ത
വിമര്‍ശനമാണ് ചേലാകര്‍മ്മം, കുത്തിയോട്ടം തുടങ്ങിയ പ്രാകൃത ആചാരത്തിനെതിരെ
പ്രകടിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ആനന്ദാണ് സെമിനാര്‍ ഉത്ഘാടനം
ചെയ്തത്.
അലി അക്ബറിന്റെ വാക്കുകളിലൂടെ. 'അഞ്ചാം വയസില്‍ നടന്ന ചേലാകര്‍മ്മത്തിന്റെ
ഭീതിതമായ ഓര്‍മ്മകള്‍ അമ്പതു വര്‍ഷം കഴിഞ്ഞിട്ടും എന്റെ ഓര്‍മ്മകളില്‍
നിന്നും മാഞ്ഞിട്ടില്ല. ഒരു ദിവസം കൂട്ടുകാര്‍ പറഞ്ഞാണ് എന്റെ
ചേലാകര്‍മ്മമാണെന്ന് അറിഞ്ഞത്. ഞാന്‍ പേടിച്ച് ഓടി ഒരു റബ്ബര്‍ കാട്ടില്‍
ഒളിച്ചു. എന്നാല്‍ അയല്‍വാസികളായ ഏതാനും ദ്രോഹികള്‍ എന്നെ കണ്ടത്തെി
തൂക്കിയെടുത്തുകൊണ്ടുപോയി. എന്റെ കരച്ചില്‍കണ്ട് ഉമ്മാക്ക് അലിവ് തോന്നി
അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠന്‍ വെറുതെ വിട്ടില്ല.
ചെലവ് കുറക്കാന്‍ വേണ്ടി മറ്റ് രണ്ട് സഹോദരന്മാര്‍ക്കൊപ്പം എന്നെയും
കെട്ടിവലിച്ച് കൊണ്ടുപോയി. എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച്
ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത്
തള്ളുകയായിരുന്നു. അതിന്റെ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല.'
'ഇപ്പോള്‍ ഞാന്‍ പറയുന്നു, എന്റെ മുറിച്ചുമാറ്റിയ സാധനം എനിക്കു
തിരിച്ചുകിട്ടണമെന്ന്. കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്. എന്റെ
ജേഷ്ഠനും നാട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാന്‍വേണ്ടി ഏത് കോടതിയിലും
ഞാന്‍ പോകും. പരാതിക്കാരന്‍ ഇല്ല എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തടിതപ്പാന്‍
കഴിയില്ല. പക്ഷേ കേസ് ഏറ്റെടുക്കാന്‍ വക്കീലില്ല,' അലി അക്ബര്‍ പറയുന്നു.
'മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാര്‍ ഇങ്ങനെ മാറിമാറി
പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകര്‍മ്മം വഴിയുള്ള ലൈംഗിക സുഖ
നിഷേധമാണ്. ഏറ്റവും സെന്‍സറ്റീവായ അഗ്രചര്‍മ്മം ഛേദിക്കപ്പെടുന്നതോടെ
വികാരപരമായ നിര്‍ജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവര്‍ മാറിമാറി പെണ്ണ്
കെട്ടുകയാണ്,' അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
'മതത്തിന്റെ പേരില്‍ മാത്രമല്ല ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും
ചേലാകര്‍മ്മം നടക്കുന്നുണ്ട്. 1971ല്‍ അമേരിക്കയിലൊക്കെ 90 ശതാമാനം
പുരുഷന്മാരും ചേലാകര്‍മ്മത്തിന് വിധേയരായത് ഡോക്ടര്‍മാരുടെ മൗനവും
ശാസ്ത്രത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണവും മൂലമാണ്. ഇതുകൊണ്ട് യാതൊരു
ഫലവുമില്ല എന്ന തുടര്‍ച്ചയായ പഠനങ്ങളുടെയും ബോധവത്ക്കരണത്തെയും തുടര്‍ന്ന്
ഇപ്പോള്‍ അമേരിക്കയില്‍ പത്തുശതമാനത്തില്‍ താഴെയായി ചേലാകര്‍മ്മത്തിന്റെ
നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്,' ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കവെ
എഴുത്തുകാരന്‍ ആനന്ദ് വ്യക്തമാക്കി.
'ഖുര്‍ആനില്‍ എവിടെയും ചേലാകര്‍മ്മത്തെക്കുറിച്ച് പറയുന്നില്ല. ഇബ്രാഹീം
നബി 80-ാം വയസ്സില്‍ കോടലികൊണ്ട് ചേലാകര്‍മ്മം ചെയ്തുവെന്ന കഥ
പില്‍ക്കാലത്തുണ്ടായ കെട്ടുകഥ മാത്രമാണ്. അതിനാല്‍ ചേലാകര്‍മ്മം
അനിസ്ലാമികമാണ്.ചേകന്നുര്‍ മൗലവി ഈ ആശയമാണ് മുന്നോട്ടുവെച്ചത്,' ഖുര്‍ ആന്‍
സുന്നത്ത് സൊസൈറ്റി നേതാവ് ഡോ. ജലീല്‍ പുറ്റെക്കാട്ട് പറഞ്ഞു.
'ചേലാകര്‍മ്മത്തിന്റെ ഗുണങ്ങള്‍ കണ്ടെത്തുന്നതിന് നിരവധി പഠനങ്ങള്‍
നടന്നിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ടുള്ള യാതൊരു ഗുണങ്ങളും കണ്ടെത്താന്‍
കഴിഞ്ഞിട്ടില്ല. ലൈംഗിക സംവേദനത്വം കുറയുന്നു തുടങ്ങിയ ദോഷവശങ്ങളാണ്
ചേലാകര്‍മ്മം മൂലമുള്ളത്,' ഡോ.കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു.
പുതിയ ബാലാവകാശ നിയമപ്രകാരം കുത്തിയോട്ടവും ചേലാകര്‍മ്മവും ഗരുഡന്‍തൂക്കവും
അടക്കമുള്ള ആചാരങ്ങള്‍ നിരോധിക്കുകയും കേസ് എടുക്കുയും ചെയ്യാവുന്നതാണ്.
പക്ഷേ, ഇതിനായി ആരും മുന്നോട്ട് വരുന്നില്ല എന്ന് നിയമ വിദഗ്ധരടക്കം നിരവധി
പേര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ ഷമ്മാസ് ജംഷീര്‍, സാമൂഹിക
പ്രവര്‍ത്തക വി.പി സുഹ്‌റ, അഡ്വ.മരിയ വയനാട്, ഷീബാ മുംതാസ്, ചലച്ചിത്ര
നിരൂപകന്‍ റാഫി, എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് തുടങ്ങിയവരും
പങ്കെടുത്തു.
പ്രോഗ്രസീവ് മുസ്ലിം വിമണ്‍സ് ഫോറം (Progressive Muslim Women's Forum),
മൂവ്‌മെന്റ് എഗൈസ്റ്റ് ചൈല്‍ഡ് അബ്യൂസ് (Movement Against Child Abuse),
മൂവ്‌മെന്റ് എഗൈസ്റ്റ് സര്‍ക്കുംസിഷന്‍ (Movement against Circumcision),
സെക്യുലര്‍ സൊസൈറ്റി കോഴിക്കോട് Secular Society Kozhikode) എന്നീ
സംഘടനകള്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തിയത്. ജനാധിപത്യ മഹിളാഅസോസിയേഷന്‍
നേതാവ് പി.കെ സൈനബ, അന്വേഷി പ്രസിഡന്റ് കെ.അജിത, നോവലിസ്റ്റ് ടി.പി
രാജീവന്‍ തുടങ്ങിയവര്‍ അകാരണമായി പരിപാടിയില്‍ നിന്നും വിട്ടുനിന്നുവെന്ന്
സംഘാടകര്‍ പറഞ്ഞു.
........................................................................................
Ali Akbar against Sunnat, in the name of God, Sunnat must be stopped, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല