Header Ads

കൊലയ്ക്കു പിന്നില്‍ സഹോദരന്‍ ഷിനു അടങ്ങിയ 13 അംഗ സംഘം; ഇതുവരെ പിടിയിലായത് മൂന്ന് പേര്‍ മാത്രംപ്രണയ വിവാഹത്തിന്റെ പേരില്‍ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23)നെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്നത് 13 പേരെ. ഇതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.

ഇടമണ്‍ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മരിച്ച കെവിന്റെ ഭാര്യ തെന്മല ഷാനുഭവനില്‍ നീനു(20)വിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍. വിവാഹം കഴിഞ്ഞെങ്കിലും കെവിനും നീനുവും ഒരു ദിവസം പോലും ഒരുമിച്ച് താമസിച്ചിരുന്നില്ല. വീട്ടുകാരെ പേടിച്ച് നീനുവിനെ കെവിന്‍ ഹോസ്റ്റലിലാണ് നിര്‍ത്തിയത്. ഇതിനിടെയാണ് കെവിനെ പ്രതികാരമെന്നോണം തട്ടിക്കൊണ്ട് പോയതും കൊന്നതും. അതുകൊണ്ട് തന്നെ ഭര്‍ത്താവുമായി കഴിയാതെ തന്നെ വിധവയായ നീനുവിന് ഇനി ആശ്രമയായുള്ളത് കെവിന്റെ കുടുംബം മാത്രമാണ്. സഹോദരനെതിരെ പോലും പരാതി കൊടുത്തത് നീനുവാണ്.

അതിനിടെ പ്രതികളെ പിടിക്കാന്‍ പൊലീസ് ഊര്‍ജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. പിടിയിലായ നിയാസ് ഡിവൈഎഫ്‌ഐ.യുടെ ഇടമണ്‍ 34 യൂണിറ്റ് പ്രസിഡന്റാണ്. ഇഷാന്‍ പ്രവര്‍ത്തകനും. ഇവരെ സംഘടനയില്‍നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. ജില്ലാ സെക്രട്ടറി ആര്‍. ബിജു പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണു ഇനി പിടിയിലാകാനുള്ളത്.

ഇഷാനെ ഇടമണില്‍നിന്ന് ഞായറാഴ്ച രാത്രിതന്നെ തെന്മല പൊലീസിന്റെ സഹായത്തോടെ കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഇഷാന്‍ നല്‍കിയ വിവരമനുസരിച്ചാണ് മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് ധാരണ ലഭിച്ചതും ചാലിയക്കരയില്‍നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതും. കാറില്‍ ചാലിയക്കരവഴി കൊണ്ടുവരവേ കെവിന്‍ കാറില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. രാത്രിതന്നെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കെവിനെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തില്‍ പൊലീസ് പിടിയിലായ ഇഷാന്‍ ഇയില്‍ നല്‍കിയ വിവരമനുസരിച്ചു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. കേസന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം എസ്പി വി. എം.മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബു, എഎസ്‌ഐ സണ്ണിമോന്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷനുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. പ്രതികളെ പിടികൂടാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സംഘങ്ങള്‍ക്കാണു ചുമതല.

പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രണയ വിവാഹവത്തിന്റെ പേരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരിയാണെന്ന് പൊലീസ് കരുതുന്നില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്പിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, കേരള പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ എന്നിവര്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ഇന്നു നടത്താനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമാണ്.

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടം എന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

.......................................................................................................

Tags: honor killing in Kerala, Kottayam, murderers of Kevin, neenu's brother shinu is the master brain of the murder of kevin, news source: marunadan malayali, Malayalam news, thamasoma

No comments

Powered by Blogger.