Header Ads

കെവിന്റെ കൊലപാതകം: കൂട്ടുനിന്ന എഎസ്‌ഐയും പൊലീസുകാരനും അറസ്റ്റില്‍; 10000 രൂപ കൈക്കൂലി വാങ്ങിയതിനും തെളിവെന്ന് സൂചനകെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെയും ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തു. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞ് കൊണ്ട് കൂട്ട് നിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിനെ തട്ടിക്കൊണ്ട് പോയത് ഇവര്‍ക്ക് അറിയാമായിരുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെവിന്‍ കൊല്ലപ്പെടുന്നതിന് തലേദിവസം തന്നെ പട്രോളങ്ങിനിടെ പ്രതികള്‍ എഎസ്‌ഐ ബിജുവിന്റേയും സംഘത്തിയും കൈയില്‍പെട്ടിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ കൂടുതല്‍ അന്വേഷണം നടത്താതെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി.

കുറ്റകൃത്യം നടത്തിയത് തലേദിവസം കണ്ട അതേ ചെറുപ്പക്കാരാണെന്ന് ബോധ്യമായിട്ടും തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് ബിജുവിനെതിരായുള്ള കുറ്റം. പ്രതികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം കൈയിലുണ്ടായിരുന്നിട്ടും വിളിച്ച് നോക്കാന്‍ പോലും തയ്യാറായില്ല. ഇതിനിടെ പതിനായിരം രൂപ കൈക്കൂലി വാങ്ങിയാണ് ബിജു കുറ്റകൃത്യത്തിന് കൂട്ട് നിന്നതെന്ന് ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല എഎസ്‌ഐക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന തരത്തിലുള്ള ഓഡിയോയും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എഎസ്‌ഐയെ അറസ്റ്റ് ചെയ്തത്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പൊലീസുകാര്‍ സഹായിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറത്ത് വന്ന ഫോണ്‍ സംഭാഷണം എഎസ്‌ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു. 

നിലവില്‍ ആറ് പേര്‍ പൊലീസുകാര്‍ സംശയ നിഴിലിലാണ്. ബുധനാഴ്ച രാവിലയോടെയായിരുന്നു എഎസ്‌ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത്. ഇതോടെ കേസില്‍ പൊലീസിന്റെ കൃത്യമായ ഇടപെടല്‍ വ്യക്തമാവുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകല്‍ നടന്നത് പൊലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്‌പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുറ്റകൃത്യത്തില്‍ പൊലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. പ്രാദേശിക സഹായം പൊലീസില്‍ നിന്നു തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനിടെ കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസിലെ പ്രതികളെയെല്ലാം രക്ഷിക്കാനുള്ള ഗുഢനീക്കം സിപിഎമ്മിന്റെ നേതൃതലത്തില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി താത്പര്യം അനുസരിച്ച് മാത്രമാണ് നിലവില്‍ അന്വേഷണം മുന്നോട്ടുപോകുന്നത്. കേസില്‍ പ്രതിയായ പാര്‍ട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. അതിനാല്‍ പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐയാണ് കുറ്റക്കാരനെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ തലവനായ ഐജി വിജയ് സാഖറെ പറയുന്നത് എസ്‌ഐക്കെതിരേ കുറ്റമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. എസ്‌ഐ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് മാത്രമാണ് ഐജി പറയുന്നത്. ഇത്തരത്തില്‍ മുഖ്യമന്ത്രിയും ഐജിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെയാണ് കുറ്റം പറയുന്നത്. വിമര്‍ശനം ഉണ്ടാകുന്‌പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് സമനില തെറ്റുന്നത്. വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എഎസ്‌ഐ ബിജുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. രാത്രിയില്‍ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
.....................................................................................................................

Tags: Gandhi nagar ASI Biju and police driver are arrested for the honor killing of Kevin, police could prevent this murder, police helped the culprit by accepting bribe, News source : Marunadan Malayali, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.