Header Ads

ലിഗയ്ക്കു വേണ്ടി പണപ്പിരിവ്: അത് ജ്വാലയെ കുടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തന്ത്രമെന്ന്




ദുരൂഹമായ സാഹചര്യത്തില്‍ കോവളത്ത് കൊല്ലപ്പെട്ട ലിത്വാനിയന്‍ യുവതി ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനിറങ്ങിയ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പരക്കെ ആക്ഷേപം. ലിഗയുടെ പേര് പറഞ്ഞ് 380000 രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്ന് കള്ളപ്പരാതിക്കാരനെക്കൊണ്ട് ഒരു പരാതി വാങ്ങിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതായി ആണ് ആക്ഷേപം.

കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി തിരുവനന്തപുരം നഗരത്തിലും മറ്റും അലഞ്ഞ് തിരിഞ്ഞു നടക്കുന്ന അഗതികളെയും അശരണരേയും കണ്ടെത്തി അവരെ സഹായിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്യുന്ന ജ്വാല എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ് അശ്വതി.

ലിഗയുടെ മരണത്തിന് ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല എന്ന തരത്തിലുള്ള ആരോപണം അശ്വതി ഉയര്‍ത്തിയിരുന്നു. അശ്വതിയും എലിസയും കൂടി ഡി ജി പി ബെഹ്‌റയെ കാണാന്‍ ചെന്നപ്പോള്‍ അയാള്‍ ധാര്‍ഷ്ട്ര്യത്തോടെ പെരുമാറിയെന്ന് അശ്വതി ഫെയ്‌സ് ബുക്കിലും ചാനലുകളിലും പറഞ്ഞിരുന്നു. അശ്വതിയുടെ ഈ ഇടപെടലോടെയാണ് പൊലിസ് അന്വേഷണം സജീവമാക്കിയത്.

സര്‍ക്കാരിനെതിരെ അശ്വതി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വതി പണം കൈപ്പറ്റിയെന്ന ആരോപണമുണ്ടായിരിക്കുന്നത്. ഏപ്രില്‍ 24 ന് മാതൃഭൂമി ചാനലിന്റെ സൂപ്പര്‍ പ്രൈം ടൈമില്‍ പോലീസിന്റെ അനാസ്ഥയെ കുറിച്ചും മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചതിനെക്കുറിച്ചും അശ്വതി തുറന്നടിച്ചിരുന്നു. 

'എങ്കിലവളെ ഒരു പാഠം പഠിപ്പിക്കണമെന്ന് സംഘ പരിവാറിന്റെ ഫാസിസത്തിനെതിരെ പോരാടുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലല്ലോ. അപ്രിയ സത്യം പറയുന്നവരുടെ വായില്‍ പ്ലാസ്റ്ററൊട്ടിക്കുന്ന മഹത്തായ ഭരണമല്ലേ കേരളത്തില്‍ നടക്കുന്നത്. നമുക്ക് മോദിയെ തെറി പറഞ്ഞ് രസിക്കാം. അശ്വതി ഉയര്‍ത്തുന്ന ജ്വാലകളെ തല്ലിക്കെടുത്താം,' പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു പറയുന്നു. 

ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി ലിഗയുടെ സഹോദരി ഇലീസ് രംഗത്തെത്തി. അശ്വതിയ്‌ക്കെതിരെ തനിക്ക് യാതൊരു പരാതിയുമില്ലെന്നും കേസുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇലീസ് പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എതിരെ അശ്വതി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് അശ്വതിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി പരാതി നല്‍കിയത്. തനിക്കെതിരെ പരാതി നല്‍കിയിട്ടുള്ള കോവളം പനങ്ങോട് സ്വദേശി അനില്‍ കുമാര്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അശ്വതി പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അശ്വതി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങിലൂടെ ഒട്ടേറെപ്പേരാണ് അശ്വതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ തുക ലിഗയുടെ സഹോദരി ഇലീസിനോ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനോ നല്‍കാതെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ, വാട്‌സ്ആപ്പില്‍ ലിഗയുടെ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചായിരുന്നു അശ്വതിയുടെ പണപ്പിരിവെന്നും മാധ്യമ ശ്രദ്ധ നേടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പണപ്പിരിവ് നടത്തുകയാണ് അശ്വതിയുടെ പതിവെന്നും ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍ രംഗത്തെത്തിയിരുന്നു. കോവളം പൂങ്കുളത്ത് അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി ജ്വാല അഡ്വാന്‍സ് കൊടുത്തതായാണ് താന്‍ അറിഞ്ഞതെന്നും ഇത് ഇത്തരത്തില്‍ പിരിവെടുത്ത പണം കൊണ്ടാണെന്നാണ് സംശയിക്കപ്പെടുന്നതെന്നും ധന്യ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.


.................................................................................................

Tags: Financial allegations against Aswathy Jwala, police case against Aswathy Jwala, death of Liga, article is written by taking inputs from Mangalam, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.