Header Ads

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഹൃദയവേദന അറിയണമെങ്കില്‍ മനുഷ്യനായിരിക്കണം, മനസാക്ഷി ഉണ്ടായിരിക്കണം



സ്വന്തം വീട്ടില്‍ നിന്നും സ്ഥലത്തു നിന്നും കുടിയൊഴിപ്പിക്കാന്‍ പോകുന്നവന്റെ ചങ്കിലെ നീറ്റല്‍ അനുഭവിച്ച് അറിഞ്ഞിട്ടുണ്ടോ....? അത് അറിയണമെങ്കില്‍ മനുഷ്യനായിരിക്കണം, മനസാക്ഷി ഉണ്ടായിരിക്കണം. താനിത്രനാളും അധിവസിച്ച ഭൂമിയില്‍ നിന്നും കുടിയിറക്കി വിടാന്‍ പോകുന്നു എന്ന വാര്‍ത്ത ഏതൊരുവന്റെയും മനസിനെ കീറിമുറിക്കും. ഒരു സ്ഥലത്തു നിന്നോ വീട്ടില്‍ നിന്നോ മാത്രമല്ല അവന് ഇറങ്ങിപ്പോകേണ്ടിവരുന്നത്. മറിച്ച്, താനിത്രനാളും പരിചയിച്ച ചുറ്റുപാടുകളില്‍ നിന്ന്. ഒത്തൊരുമയോടെ ജീവിച്ച അയല്‍വാസികളില്‍ നിന്ന്. ആ പ്രദേശത്തെ സാഹചര്യങ്ങള്‍ മുതലാക്കി അല്ലലറിയാതെ ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്ന്... ഇവിടെ നിന്നെല്ലാമാണ് അവന് ഇറങ്ങിപ്പോകേണ്ടി വരുന്നത്. ആ മനുഷ്യരുടെ വേദന അതേ അര്‍ത്ഥത്തില്‍ സര്‍ക്കാരിനു മനസിലാകുമോ...?? ഇല്ല, ഒരിക്കലുമില്ല. അറിയുമായിരുന്നുവെങ്കില്‍, കുടിയിറക്കപ്പെട്ടവര്‍ ഇങ്ങനെ തെരുവില്‍ അലയില്ലായിരുന്നു.

കുടിയിറക്കാന്‍ വിധിക്കപ്പെട്ടവര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥകള്‍ കേള്‍ക്കുന്ന ഏതൊരുവനും ചിന്തിക്കും അവര്‍ വികസനത്തിന് എതിരാണ് എന്ന്. പക്ഷേ, അങ്ങനെയല്ല. എല്ലാ നല്ല വികസനങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവര്‍ തന്നെയാണ് കേരളീയര്‍. പക്ഷേ, കുടിയിറക്കപ്പെട്ടവരുടെ ഇപ്പോഴത്തെ ജീവിതമാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്കു കാരണം. അര്‍ഹതപ്പെട്ടത് നല്‍കാതെ, അവര്‍ അക്കാലമത്രയും സമ്പാദിച്ചതൊക്കെയും സര്‍ക്കാരിനു വിട്ടുകൊടുത്ത് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും കാരുണ്യത്തിനു വേണ്ടി തൊഴുതുപിടിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥ. എന്തിനു വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ നരകയാതനകളിലൂടെ കടന്നുപോകുന്നത്...?? വികസനത്തിനു വേണ്ടി. അപ്പോള്‍ ആ വികസനം അവരുടെ ജീവിതത്തിലും വേണ്ടേ...?? തങ്ങളുടെ സര്‍വ്വസ്വവും വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്കല്ലേ വികസനത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ കിട്ടേണ്ടത്...?? പക്ഷേ, യാഥാര്‍ത്ഥ്യം അങ്ങനെയല്ല. സംശയമുണ്ടെങ്കില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിനു വേണ്ടിയും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടിയും വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയും മെട്രോ റെയിലിനു വേണ്ടിയും ഒഴിഞ്ഞുപോകേണ്ടിവന്ന അനേകം നിരാലംബരുടെ ഇപ്പോഴത്തെ ജീവിതമൊന്നു നോക്കുക....!! സര്‍ക്കാര്‍ നടത്തുന്ന വികസനത്തിന്റെ യഥാര്‍ത്ഥ മുഖം അപ്പോള്‍ മനസിലാകും.

കേരളം വികസിക്കേണ്ടത് കുടിയിറക്കപ്പെടുന്നവരുടെ കണ്ണുനീരിന്റെ വില കൊണ്ടാവരുത്. മറിച്ച് അവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കിയിട്ടാവണം. സര്‍വ്വേ നടത്തുന്നതിനു മുന്‍പു തന്നെ കുടിയിറക്കപ്പെടുന്നവരുടെ കാര്യങ്ങള്‍ പരിഹരിച്ചിരിക്കണം. ഇക്കാര്യങ്ങള്‍ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ ആരും വികസനത്തിന് എതിരു നില്‍ക്കില്ല. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതു കൊണ്ടാണ് എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്.

വികസനത്തിനു വേണ്ടി ജനങ്ങളെ ഒഴിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധയോടെ വേണം അതു ചെയ്യാന്‍. ഒരു വൃക്ഷത്തൈ പറിച്ച് മറ്റൊരിടത്തേക്കു മാറ്റി നടുമ്പോഴുള്ള ശ്രദ്ധയും കരുതലും ഇക്കാര്യത്തിലും ഉണ്ടാവണം. മറ്റൊരു ആവാസ വ്യവസ്ഥയില്‍, ചുറ്റുപാടില്‍ വാടിപ്പോകാതെ ജീവിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഒരുക്കണം. അവര്‍ക്ക് വേറൊരു സ്ഥലം കണ്ടെത്തി, ഒരു ടൗണ്‍പ്ലാന്‍ തീരുമാനിച്ച് അവിടെ പോസ്റ്റ് ഓഫീസും ബസ് സ്റ്റാന്‍ഡും ഇലക്ട്രിസിറ്റി ഓഫീസും സ്‌കൂളും ഹോസ്പിറ്റലും മറ്റെല്ലാ സൗകര്യങ്ങളും നല്‍കണം. കുടിയിറക്കപ്പെടുന്ന എല്ലാവരെയും കൂടി ഒരു ടൗണ്‍ഷിപ്പിലേക്കു കൊണ്ടുപോയാല്‍ സര്‍ക്കാരിന് ഇത്രയധികം ചെലവു വരില്ല.


നാടിന്റെ വികസനത്തിനു വേണ്ടി മൂന്നു സെന്റ് സ്ഥലം നഷ്ടപ്പെടുന്നവന് നാലു സെന്റ് എങ്കിലും കൊടുക്കേണ്ടേ...?? ആയിരം സ്‌ക്വയര്‍ഫീറ്റിന്റെ ഒരു വീടുള്ളവന്‍ വികസനത്തിനു വേണ്ടി മാറിക്കൊടുക്കുമ്പോള്‍ അവന് 1100 സ്‌ക്വയര്‍ഫീറ്റിന്റെ വീടുവേണ്ടേ നമ്മുടെ സര്‍ക്കാര്‍ വച്ചുകൊടുക്കാന്‍...?? പക്ഷേ, ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്...?? ഏതൊരു വികസനത്തിനും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടി വരുന്നു. അവര്‍ക്കു കിട്ടുന്ന തുച്ഛമായ നഷ്ടത്തുക വച്ച് ഒരിക്കലും അവര്‍ക്ക് വേറൊരു വീടു വയ്ക്കാനോ സ്ഥലം വാങ്ങാനോ സാധിക്കാതെ, അവര്‍ ഭിക്ഷക്കാരും തെരുവു തെണ്ടികളുമായി മാറുന്നു. എന്നാല്‍ ഏതൊരു വികസനം വരുമ്പോഴും ഏതൊരു പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമ്പോഴും പഞ്ചായത്തു മെംബര്‍ തൊട്ട് എം എല്‍ എമാര്‍, എം പിമാര്‍, മന്ത്രിമാര്‍, സെക്രട്ടറിമാര്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍, എല്ലാവരും കോടീശ്വരന്മാര്‍ ആകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കുടിയിറക്കപ്പെട്ടവരാകട്ടെ, തങ്ങളുടെ അവകാശത്തിനു വേണ്ടി ഓഫീസുകള്‍ തോറും കയറിയിറങ്ങി ശിഷ്ട ജീവിതം കഴിച്ചു കൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം മലയാളികള്‍ ഓര്‍ക്കുന്നതു കൊണ്ടാണ് ഇപ്പോള്‍ വയല്‍ക്കിളികളും മറ്റും ഈ വികസനത്തെ എതിര്‍ക്കുന്നത്. അല്ലാതെ അവര്‍ വികസനത്തിന് എതിരായതു കൊണ്ടല്ല. മറ്റൊരു പ്രധാന കാര്യമാണ് ടോള്‍ റോഡുകള്‍. ഒരു ടോള്‍ റോഡു പണിയുമ്പോള്‍ അവിടെ എവിടെയെങ്കിലും കണക്കുണ്ടോ...?? നൂറുകോടി രൂപയുടെ ഒരു പദ്ധതിക്ക് ആയിരം കോടി രൂപ ടോള്‍ പിരിച്ചാലും സര്‍ക്കാര്‍ അതു നിറുത്തുമോ...??


ആരാണീ സര്‍ക്കാര്‍....?? നമ്മള്‍ തെരഞ്ഞെടുക്കുന്ന നേതാക്കന്മാരില്‍ 95 ശതമാനവും കള്ളനും ക്രിമിനലും കൊലപാതകികളും മനസാക്ഷിയില്ലാത്തവരും ആണ്. പണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കള്‍ പറയും നീ രാഷ്ട്രീയത്തില്‍ ഇറങ്ങല്ലേ എന്ന്. കാരണം കുടുംബം വെള്ളത്തിലാവും. കാരണം അന്നെല്ലാം രാഷ്ട്രീയം എല്ലാ അര്‍ത്ഥത്തിലും ജനസേവനമായിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല, ഇന്നത് കോടിക്കണക്കിനു രൂപ സമ്പാദിച്ചു കൂട്ടാനുള്ള മാര്‍ഗ്ഗമാണ്. കൈയിലെ കാശുകൊണ്ടാണ് അന്ന് രാഷ്ട്രീയം കളിച്ചിരുന്നത്. ഇന്ന് അങ്ങനെയാണോ...?? നിങ്ങള്‍ക്കു മക്കളുണ്ടെങ്കില്‍, ഓരോരുത്തരേയും ഓരോരോ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കണം. ഒരു കുടുംബത്തിലുള്ളവര്‍ പല പാര്‍ട്ടികളില്‍. എല്‍ ഡി എഫിലും യു ഡി എഫിലും ബി ജെ പിയിലുമെല്ലാം. പണം വാരാനുള്ള എളുപ്പമാര്‍ഗ്ഗമാണത്. കുടുംബം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

ഉടുതുണിക്കു മറുതുണിയില്ലാതെ വരുന്ന ഏതൊരു രാഷ്ട്രീയ നേതാവിന്റെയും സ്വത്തു വെളിപ്പെടുത്താന്‍ ഇവിടെ എത്ര രാഷ്ട്രീയ നേതാക്കള്‍ക്കു കഴിയും...?? ഒരഞ്ചു ശതമാനത്തിനു ചിലപ്പോള്‍ കഴിഞ്ഞേക്കും. ബാക്കി 95 ശതമാനവും വെറും 5 വര്‍ഷം കഴിയുമ്പോള്‍ കോടീശ്വരന്മാരും കൊള്ളക്കാരുമായി മാറുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഓരോ പദ്ധതിയിലും മുന്‍കൂട്ടി ധാരണയില്ലാതെ, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കൃത്യമായി താമസിക്കുവാന്‍ അവര്‍ക്കു വേണ്ട അവകാശങ്ങള്‍ കൊടുക്കാന്‍ എന്തുകൊണ്ടു കഴിയുന്നില്ല...?? ഏതൊരു വികസനം വരുമ്പോഴും ഡല്‍ഹിയിലും ബോംബെയിലും മറ്റു മഹാനഗരങ്ങളിലുമുള്ള വലിയ വലിയ ഗോസായിമാര്‍ അംബാനി അദാനിമാര്‍ തുടങ്ങിയ വലിയ വലിയ കോടീശ്വരന്മാര്‍ക്ക് ഇതിന്റെ ഗുണമുണ്ടാകുന്നു.

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും ഇന്നും ജോലി ലഭിച്ചിട്ടില്ല. വല്ലാര്‍പാടത്തു നിന്നും ഒഴിഞ്ഞുപോയവര്‍ക്ക് ഇന്നും സ്ഥലവും പണവും കൊടുത്തിട്ടില്ല. എന്നാല്‍ ശീമാട്ടി പോലുള്ള വലിയ വലിയ കമ്പനികള്‍ മെട്രോ റെയിലിന് എതിരെ കേസ് നടത്തുമ്പോള്‍ അവര്‍ക്കു കൂടുതല്‍ തുക അനുവദിക്കുന്നു. കോടതിയില്‍ പോകാനും കൈയ്യൂക്ക് ഇല്ലാത്തവനും ഇന്നും ദരിദ്രവാസി. ഈ നീതി ഇവിടെ നടപ്പാകുമ്പോഴല്ലേ, ജനം തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും അക്രമം കാട്ടുകയും ചെയ്യുന്നത്.... ???

ജനാധിപത്യമെന്നാല്‍ ഇതല്ല. അരാഷ്ട്രീയം ജനാധിപത്യത്തെ തുലയ്ക്കും. പക്ഷേ, കള്ളരാഷ്ട്രീയവും കൊള്ളരാഷ്ട്രീയവും നാടിനെയും നാട്ടുകാരെയും നശിപ്പിക്കും. ഇപ്പോള്‍, അവസാനമിതാ സുപ്രീം കോടതി പോലും പറഞ്ഞിരിക്കുന്നു, കേരളത്തിലെ നാണം കെട്ട, തന്തയില്ലാത്ത നിയമസഭ തെറ്റായ ഒരു നടപടിയിലൂടെ നിരവധി കുഞ്ഞുങ്ങളുടെ ഭാവി നശിപ്പിക്കുകയും മെഡിക്കല്‍ കോളജ് എന്ന മേടിക്കല്‍ കോളജില്‍ കൊള്ളയടിച്ചതും സുപ്രീം കോടതി ഇടപെട്ട് ഭരണപക്ഷവും പ്രതിപക്ഷവും പോക്കറ്റു വീര്‍പ്പിക്കുന്ന കാര്യത്തില്‍ ഒരമ്മ പെറ്റ മക്കളാണ് എന്നും തെളിയിച്ചിരിക്കുന്നുവെന്ന്.

മലയാളികളെ മണ്ടന്മാരെ, ഇനിയെങ്കിലും നിങ്ങളുടെ മനസില്‍ നിന്നും എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയുമെല്ലാം മാറ്റിവച്ചുകൊണ്ട് നന്മയുള്ളവരെ, ജനത്തിന് ഒപ്പം നില്‍ക്കുന്നവരെ, ജനാധിപത്യത്തിന്റെ നന്മയ്ക്കായി നല്ലവരെ മാത്രം ജയിപ്പിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് കാലുപിടിച്ചുകൊണ്ട് പുതിയ തലമുറയ്ക്കു വേണ്ടി നല്ല വെളളം കുടിക്കുവാനും നല്ല ഭക്ഷണം കഴിക്കുവാനും സമാധാനവും ശാന്തിയും നിലനിര്‍ത്തുവാന്‍ വേണ്ടി കക്ഷി രാഷ്ട്രീയം നോക്കാതെ നന്മയുള്ളവരെ, നമ്മുടെ കൂട്ടത്തില്‍ നിന്നും ഉള്ളതില്‍ ഭേതപ്പെട്ടവരെ തെരഞ്ഞെടുത്ത് ഇവിടുത്തെ ജനാധിപത്യം കാത്തു സൂക്ഷിക്കുകയും നീതി നടപ്പാക്കുകയുമാണ് വേണ്ടത്.

വികസനപ്രവര്‍ത്തനം ചെയ്യുന്നതിനു മുമ്പ് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഭംഗിയായി ചെയ്തതിനു ശേഷം മാത്രമേ വികസനമെന്ന വാക്കുപോലും ഉപയോഗിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ജനങ്ങള്‍ തെരുവില്‍ നേരിടും. 


Tags: Evicting people for development, developments in Kerala, Vizhinjam project, Vallarpadam, 


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.