സര്‍ക്കാരിന്റെ മേല്‍ വീണ ലിഗയുടെ രക്തക്കറ അശ്വതിയെ കഴുവേറ്റിയാല്‍ മായില്ല
പിണറായി സര്‍ക്കാരിന്റെ മേല്‍ ലിഗയുടെ രക്തക്കറ മാത്രമല്ല, മറിച്ച് നിരവധി
നിരപരാധികളുടെ രക്തക്കറകളുണ്ട്. ഏറ്റവുമൊടുവില്‍ അത് വരാപ്പുഴയിലെ
ശ്രീജിത്തിലും വിദേശി വനിത ലിഗയിലും എത്തിനില്‍ക്കുന്നു എന്നു മാത്രം. ബി
ജെ പിയുടേയും സംഘപരിവാറിന്റെയും ലായത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ
തളയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് കരുതിക്കൂട്ടിയല്ല, മറിച്ച് അതിനു
നിരവധി കാരണങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകളാണ് അശ്വതി ജ്വാലയ്ക്കു നേരെ
നടക്കുന്ന പ്രതികാര നടപടികള്‍.
യാതൊരു തരത്തിലുള്ള വിമര്‍ശനങ്ങളെയും നേരിടാന്‍ കഴിവില്ലാത്ത,
എതിര്‍ശബ്ദങ്ങളെ ശക്തിയും അധികാരവുമുപയോഗിച്ചു നിശബ്ദമാക്കുന്ന ഒരു
പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലാണ് ഇന്ത്യ ഇപ്പോള്‍. കേരളത്തിലെ
സ്ഥിതിയും വ്യത്യസ്ഥമല്ല എന്ന് ഓരോ ദിവസവും കേരള മുഖ്യമന്ത്രി ജനങ്ങള്‍ക്കു
കാണിച്ചു കൊടുക്കുന്നു.
ഇല്‍സിയുടെ പരാതി ചവറ്റുകുട്ടയിലിട്ട പോലീസ് അശ്വതിക്കെതിരെ പരാതി കിട്ടിയ ഉടന്‍ ചാടിപ്പുറപ്പെട്ടു
പരാതി കിട്ടിയാല്‍ അന്വേഷിക്കുന്നതില്‍ തെറ്റില്ല എന്നാണ് സി പി എമ്മിന്റെ
മൂടുതാങ്ങികള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ലിഗയെ കാണാനില്ല എന്ന
പരാതിയുമായി കോവളം പോലീസ് സ്‌റ്റേഷനിലെത്തിയ സഹോദരി ഇല്‍സിയെ പോലീസ്
അവഹേളിച്ച് അയച്ചത് എന്തിന്...? കാണുവാന്‍ പോലും അനുവദിക്കാതെ
മുഖ്യമന്ത്രിയുടെ ഓഫീസ് അവരെ ആട്ടിയോടിച്ചത് എന്തിന്...?? കാണാതാകുന്ന
കേസുകളില്‍ പെട്ടെന്ന് അന്വേഷണം നടത്തേണ്ടതിനു പകരം ഒരു നടപടിയും
സ്വീകരിക്കാതെ വിലപ്പെട്ട ഒരാഴ്ചത്തെ സമയം കളഞ്ഞത് എന്തിന്...??
പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും തിന്നാനും മാത്രം നടന്നാല്‍ മതിയോ
പോലീസ്...??
അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതിപ്പെടുകയാണ്
ഇപ്പോള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചോദിക്കാനും പറയാനും
ആരുമില്ലാത്ത അശ്വതിയെന്ന സ്ത്രീയെ പോലീസിനെ കൊണ്ട് അധിക്ഷേപിച്ചാലൊന്നും
സര്‍ക്കാരിനുമേല്‍ വീണ ലീഗയുടെ രക്തക്കറ മാഞ്ഞു പോവില്ല. ന്യായീകരണങ്ങള്‍ കൊണ്ട് തുടച്ചു കളയാവുന്ന പാതകമല്ലിത്. എന്തൊക്കെ
വിചിത്രമായ ന്യായീകരണങ്ങളാണ് പാര്‍ട്ടിയും കുഴലൂത്തുകാരും
പോലീസുകാരുമെല്ലാം മുന്നോട്ടു വയ്ക്കുന്നത്...??
വിഷാദരോഗം ബാധിച്ച ലിഗ ഒതളങ്ങ തിന്നു ചത്തതാണ് എന്നായിരുന്നു പോലീസ് ആദ്യം
പറഞ്ഞത്. ഇപ്പോള്‍ പറയുന്നു മാനഭംഗത്തിനിടയില്‍ നടന്ന കൊലപാതകമാണ് എന്ന്.
ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം രേഖകളുമെല്ലാം കൊലപാതകമെന്ന്
ഉറപ്പിക്കുമ്പോഴും പോലീസിന് മാത്രം അത്ര ഉറപ്പു പോര. വരാപ്പുഴയില്‍
ശ്രീജിത്തിനെ പ്രതിയാക്കി ഇടിച്ചു കൊന്ന പോലെ ലിഗ വധക്കേലില്‍ അശ്വതിയെ
കൊലപാതകി ആക്കി ഇടിച്ചു കൊല്ലാതിരുന്നാല്‍ ഭാഗ്യം. കൊന്നത് അശ്വതിയാണ്
എന്ന് ആരെങ്കിലും പരാതി നല്‍കിയാല്‍, അതേക്കുറിച്ചും അന്വേഷിക്കാതെ
പോലീസിനു തരമില്ലല്ലോ... മൂന്നാം മുറയല്ലേ കുറ്റം തെളിയിക്കാനായി അവര്‍
സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം...!
അന്വേഷണം: അതു നടത്തേണ്ടത് ഇപ്പോഴായിരുന്നില്ല
അശ്വതിയെക്കുറിച്ചു പരാതി തന്നയാള്‍ ആര്. അയാളുടെ ഉദ്ദേശമെന്ത്...??
അശ്വതിക്ക് അയാള്‍ പണം നല്‍കിയിട്ടുണ്ടോ...? അയാള്‍ക്ക് പണം
നഷ്ടപ്പെട്ടിട്ടുണ്ടോ...?? മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പോലീസിനുമെതിരെ
ശബ്ദിച്ച അശ്വതിക്കെതിരെ ഒരു പരാതി വന്നപ്പോള്‍ പോലീസ് കുറച്ചു കൂടി
ശ്രദ്ധാലുവാകുകയല്ലേ വേണ്ടിയിരുന്നത്...?? അതിനു പകരം അവരെ തേജോവധം
ചെയ്യാന്‍ ശ്രമിച്ചത് എന്തിന്...? കാരുണ്യത്തിന്റെ പേരില്‍ നടക്കുന്ന പല
കള്ളക്കളികളെയും കുറിച്ച് അറിവുള്ളയാളാണ് അശ്വതി. തെരുവോരം മുരുകന്റെ
സംഘടനയ്ക്ക് എതിരെ അശ്വതി ശബ്ദമുയര്‍ത്തിയിരുന്നു. അതിനാല്‍, തന്റെ
പ്രവര്‍ത്തനങ്ങള്‍ അന്വേഷണവിധേയമാകുന്നതില്‍ അശ്വതിക്ക്
എതിര്‍പ്പുണ്ടാകാനും വഴിയില്ല. പക്ഷേ, പരാതി ഉന്നയിച്ച സമയത്തിലാണ്
കുഴപ്പം.
അശ്വതിയെക്കുറിച്ച് മുരളി കൃഷ്ണന്‍ നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വരികള്‍ നോക്കുക
ഇവള്‍ അശ്വതി നായര്‍ ( ജ്വാല)
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, സമയം ഉച്ചക്ക് ഒരു മണിയോടടുക്കുമ്പോള്‍
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ
ചുവന്ന ഇരുചക്രവാഹനത്തില്‍ ഒരു പെണ്‍കുട്ടി ചുറ്റുന്നത് കാണാം. അവളുടെ
വാഹനത്തിലെ സഞ്ചിയില്‍ നിറയെ ഭക്ഷണ പൊതികളാണ്. തെരുവിലുപേക്ഷിക്കപ്പെട്ടതും
അല്ലാത്തതുമായ അഗതികളുടെ ജീവാമൃതം നിറച്ച പൊതികള്‍.
ഒരു വീട്ടുജോലിക്കാരിയുടെയും അവരുടെ രണ്ടു പെണ്‍മക്കളുടെയും അധ്വാനത്തില്‍
നിന്നും മിച്ചം പിടിച്ചു, ഉറ്റവരും ഉടയവരും ഇല്ലാത്തവരെ ഊട്ടുന്നവള്‍
അശ്വതി നായര്‍, തിരുവന്തപുരം മുട്ടത്തറ സ്വദേശി. തന്റെ കണ്ണുനീര്‍
മാത്രമല്ല തെരുവില്‍ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടുന്നവരുടെയും
സങ്കടങ്ങള്‍ കാണാന്‍ അശ്വതിയ്ക്കു കഴിയുന്നത് വിശപ്പെന്തെന്നു നന്നായി
മനസിലാക്കിയതുകൊണ്ടാണ്.
ഭര്‍ത്താവുപേക്ഷിച്ചു പോയപ്പോള്‍ സമീപവീടുകളില്‍ പകല്‍ സമയ ജോലിയും
സന്ധ്യമുതല്‍ അര്‍ദ്ധരാത്രിയോളം തട്ടുകടജോലിയും ചെയ്യുമ്പോള്‍ നന്നായി
പഠിക്കുന്ന മക്കളില്‍ ആയിരുന്നു വിജയകുമാരിയമ്മയുടെ സ്വപ്‌നങ്ങള്‍,
പ്രത്യേകിച്ചും മകള്‍ അശ്വതിയില്‍. കടുത്ത പട്ടിണിയിലും ദാരിദ്രത്തിലും
പ്ലസ്ടു വരെ അശ്വതിയുടെ വിദ്യാഭ്യാസം വലിയ അല്ലലില്ലാതെ മുന്നോട്ടു പോയി.
ഈ സമയം വിജയകുമാരിയമ്മയുടെ മൂത്തമകന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍
തുടങ്ങിയിരുന്നു. പ്ലസ്ടുവിനു ശേഷം നേഴ്‌സ് ആകാന്‍ ആഗ്രഹിച്ചു
എഴുതിയെങ്കിലും എന്ട്രന്‍സ് അശ്വതിക്ക് കിട്ടിയില്ല. അതിനാല്‍ കേരളത്തിന്റെ
പുറത്ത് പഠിക്കാന്‍ ശ്രമിച്ചെങ്കിലും, പട്ടിണികിടന്നും കടം
മേടിച്ചുംസ്വരൂപിച്ച അഡ്മിഷന്‍ പണം കബളിപ്പിച്ചുകൊണ്ടു ഏജന്റ് മുങ്ങി.അതോടെ
ബീകോമിന് പാരലല്‍ ആയി പഠിക്കുകയും ഒപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍
മെഡിക്കല്‍ റിപ്രസെന്റെറ്റീവ് ജോലിയും തുടങ്ങി. സ്വന്തം ചേരിയില്‍ പെട്ട
ഒരാള്‍ ഒരിക്കല്‍ വിശന്നു കരഞ്ഞു ഭക്ഷണം ചോദിച്ചപ്പോഴാണ് തന്റെ ചുറ്റും ഒരു
നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത അനേകരുണ്ടെന്നു അവള്‍ ശ്രദ്ധിച്ചത്.
അവര്‍ക്കും കൂടി ഭക്ഷണം കൊടുത്താലോ എന്നു അമ്മയോടു അശ്വതി പറഞ്ഞപ്പോള്‍
പട്ടിണിയും ഒറ്റപ്പെടലും ആരെക്കാള്‍ നന്നായി അറിയാവുന്ന ആ സ്ത്രീ
സന്തോഷിക്കുകയാണുണ്ടായത്. The poor people are often the most generous
എന്നതാണല്ലോ സത്യം.
അടുത്തദിവസം രാവിലെ ആറു പൊതി ചോറുമായാണ് അശ്വതി ജോലിക്കിറങ്ങിയത്. അതിന്റെ
എണ്ണം നാള്‍ക്കുനാള്‍ നാള്‍ പിന്നെ കൂടി വന്നു.രാവിലെ വീടു ജോലിക്ക്
പോകുന്നതിനു മുന്‍പായി ആ അമ്മ പൊതികള്‍ തയ്യാറാക്കി വെയ്ക്കും.മകള്‍
അതുമെടുത്തു ജോലിക്ക് പോകും, ഉച്ചയാകുമ്പോള്‍ തിരുവന്തപുരത്തെ
തെരുവോരങ്ങളില്‍ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് പോകും. ഇതു
അശ്വതിയും അമ്മയും അനുജത്തി രേവതിയും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ജേഷ്ഠന്‍
വിവാഹിതനായി കുടുംബജീവിതം തുടങ്ങിയിരുന്നു. പിന്നീട് മെഡിക്കല്‍കോളേജില്‍
ഒന്‍പതാം വാര്‍ഡിലെ രോഗികളുടെ ദയനീയ സാഹചര്യം നേരിട്ടു കാണാനിടയായി, അവരെ
സഹായിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ക്രൂരമായ സമീപനമാണ് അധികാരികളില്‍
നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്, അവസാനം
മനുഷ്യാവകാശകമ്മീഷനെ പ്രശ്‌നത്തിലേക്ക് ഇടപെടുത്തിയത്തിനു ശേഷമാണ് അനുമതി
ലഭിച്ചത്.
ബീകോമിന് ശേഷം LLB ഈവനിംഗ് കോഴ്‌സിനു ചേര്‍ന്നു. ഇതിനിടെ
സോഷ്യല്‍മീഡിയകളില്‍ കൂടി മറ്റും അറിഞ്ഞും കേട്ടും ചിലര്‍ സഹായിക്കാന്‍
തുടങ്ങി. അവരോടൊപ്പം ചേര്‍ന്നു ജ്വാല എന്ന സംഘടന രൂപികരിച്ചു. തെരുവില്‍
അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും
പുനരധിവസിപ്പിക്കാന്‍ ഒരു വീടു വാടകയ്ക്ക് എടുത്തു. സ്വന്തം കാലില്‍
നില്‍ക്കാന്‍ അനേകരെ പ്രാപ്തരാക്കാന്‍ സഹായിക്കാന്‍ ലോട്ടറി ടിക്കെട്ടും
ബോര്‍ഡും അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന ഒരു ആശയം അടുത്തിടെ മുതല്‍
പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി.
ഭിക്ഷാടനത്തെ പല കാരണങ്ങളാലും പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍
ശ്രദ്ധിച്ചിരുന്ന അശ്വതി, അര്‍ഹരായവരില്‍ തന്നെയാണ് തന്റെ സഹായം
ചെല്ലുന്നത് എന്നു ആദ്യംമുതലേ ഉറപ്പുവരുത്തിയിരുന്നു. മാറാരോഗമായതിനാല്‍
ഭര്‍ത്താവും മക്കളും കല്ലെറിഞ്ഞോടിച്ച ഒരു അന്യഭാഷ നടിയും, അമ്മയെ അച്ഛന്‍
ക്രൂരമായി കൊല്ലുന്നത് കണ്ടു സ്വയം ഭ്രാന്തഭിനയിച്ചു വീടുവിട്ടിറങ്ങി
അലഞ്ഞുതിരിയുന്ന സമ്പന്നനായിരുന്ന യുവാവും, ജീവിതസായാന്ഹത്തില്‍ മക്കള്‍
നടതള്ളിയവരും എല്ലാം കണ്ടുമുട്ടിയ അനേകരില്‍ ചിലര്‍. അവര്‍ക്കാണ് അശ്വതി
ഇന്നു താങ്ങും തണലുമാകാന്‍ ശ്രമിക്കുന്നത്.
യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ തുടങ്ങി, ലഭിച്ച അനേകം ബഹുമതികളില്‍ നിന്നും
കിട്ടുന്ന തുകയും തന്റെ അന്നദാന പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കുന്നു.
ഇതൊക്കെയാണെങ്കിലും സമൂഹത്തില്‍ നിന്നും വളരെ ഏറെ എതിര്‍പ്പുകളും
അവഹേളനങ്ങളും ഇവര്‍ നേരിടുന്നുണ്ട്. ചുറ്റിനും മാധ്യമപ്പടയെയും
ക്യാമറകൂട്ടങ്ങളെയും നിരത്തി 'സേവനം നടത്തി' അതെടുത്ത് Facebookല്‍
ബൂസ്റ്റട് പോസ്റ്റും ഇടുന്ന സെലിബ്രിട്ടികളില്‍ നിന്നും, നിക്ഷിപ്ത
താത്പര്യത്തോടെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരില്‍ നിന്നും,
ജീവിതത്തിന്റെ അവസാനനാളുകളില്‍ സമ്പാദിച്ചു മടുക്കുമ്പോള്‍ അവശേഷിക്കുന്ന
ആത്മീയമായ ശൂന്യത അവസാനിപ്പിക്കാന്‍ ജീവകാരുണ്യത്തിലേക്കുമൊക്കെ
തിരിയുന്നവരില്‍ നിന്നും വളരെ വ്യത്യസ്തമാണ് അശ്വതിയുടെ ജീവിതം നമ്മെ
പഠിപ്പിക്കുന്നത്.
തന്റെ പേരിനെ മുതലെടുക്കാന്‍ വരുന്നവരെ അകറ്റി നിര്‍ത്താനും അതോടൊപ്പം
അനാവശ്യ മാധ്യമശ്രദ്ധയും ഒഴിവാക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
പട്ടിണി എന്നാല്‍ രുചിയില്ലാത്തതിനാലോ, ബന്ധുക്കളോടു പിണങ്ങിയോ
ദേവപ്രീതിക്കോ ഒരു നേരമോ രണ്ടു നേരമോ ആഹാരമുപേക്ഷിക്കുന്നതിനെ പറയുന്നതല്ല;
അനുഭവിച്ചാല്‍ മാത്രം മനസിലാവുന്ന ക്രൂരമായ അവസ്ഥയാണ്. പട്ടിണിയാല്‍
നൊന്തുപെറ്റമക്കളേയും സ്വശരീരവും വില്‍ക്കുന്നവരേയും അതിനു പോലും
ഗതിയില്ലാത്തവരേയും പറ്റി നാം ചിന്തിച്ചിട്ടുണ്ടോ. പേരുകേട്ട
ദേവാലയങ്ങളില്‍ ഭക്തവേഷം കെട്ടുന്നവര്‍ക്കു പേരും നാളും വിലാസവും
രേഖപ്പെടുത്തി അന്നദാനം നടത്തുന്നതിലും കോടി പുണ്യവും മനസ്സമാധാനവും ഇത്തരം
രീതിയില്‍ അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താല്‍ കിട്ടും എന്നതല്ലേ സത്യം,
അതല്ലേ നമ്മള്‍ ചെയ്യേണ്ടത്.
ഇവള്‍ പണക്കാരികുട്ടിയല്ല, അധ്വാനിച്ചു സമ്പാദിക്കുന്ന ,അതിലെ ഏറിയ പങ്കും
വഴിയരികിലെ നിരാലംബര്‍ക്ക്.ആഹാരം നല്‍കാന്‍ ചിലവഴിക്കുന്ന പെണ്‍കുട്ടി..
നമ്മള്‍ കാണാതെ പോകരുത് ഈ നന്മമരങ്ങളെ, ഒപ്പം എളിയ രീതിയിലെങ്കിലും
പകര്‍ത്താനും...
നഗരം അന്ന് ഉത്രാടപാച്ചിലിലായിരുന്നു. മക്കളാലും ചെറുമക്കളാലും
ഉപേക്ഷിക്കപ്പെട്ട, തെരുവിലിഴഞ്ഞും നിരങ്ങിയും, ഒരു തണല്‍ കോണിലുറങ്ങിയും
ചുക്കിചുളിഞ്ഞ ഒരമ്മ. ഭക്ഷണപ്പൊതി കൊടുത്തപ്പോള്‍, വിശപ്പില്ല പിന്നെ
കഴിച്ചോളാമെന്ന്. ഒന്നു തലോടി കുശലം പറഞ്ഞു തിരിഞ്ഞപ്പോള്‍, കൈയിലെ
പിടിത്തം വിടാനൊരു മടി, തിരിഞ്ഞുനോക്കിയപ്പോള്‍ പീലികള്‍ കൊഴിഞ്ഞു
കുഴിയിലാണ്ട, പാടമൂടിയ കണ്ണുകളില്‍ എന്തോ സംശയം.
''ഉം എന്തേ !....''
'' നാളെ തിരുവോണമാണ്, മോള്‍ക്കു അവധിയാണോ അതോ ചോറു കൊണ്ടുവരുമോ.......''
......................................................................................
Tags: Aswathy Jwala, Liga, murder of liga, case against Aswathy, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല