പിണറായി കൂട്ടക്കൊല: സൗമ്യ ബാലലൈംഗിക പീഡനത്തിന്റെ ഇര?
പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ സൗമ്യ ബാലലൈംഗിക പീഡനത്തിന്റെ
ഇരയെന്ന് നാട്ടുകാര്‍. എട്ടാംവയസില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടും
അതെല്ലാം മൂടിവയ്ക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമാണ് നാട്ടുകാരും
ബന്ധപ്പെട്ടവരും ശ്രമിച്ചതെന്നും വെളിപ്പെടുന്നു. എട്ടാമത്തെ വയസുമുതല്‍
സൗമ്യ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായും സൗമ്യയുടെ
നാട്ടുകാരനായ ലക്ഷ്മണന്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍,
അതിനികൃഷ്ടമായ രീതിയില്‍, എട്ടുവയസുകാരിയായ പെണ്‍കുട്ടി ലൈംഗിക ബന്ധം
ആസ്വദിക്കാറുണ്ടായിരുന്നു എന്ന രീതിയിലാണ് ലക്ഷ്മണന്‍ ഈ സംഭവത്തെ
വിവരിച്ചത്. ഇതില്‍നിന്നും, ലൈംഗിക പീഡനത്തിന് ഇരയാകുന്ന ഒരു
പെണ്‍കുട്ടിയെ, അത് കൊച്ചുകുഞ്ഞായാല്‍ പോലും, ആളുകള്‍ ഏതുരീതിയിലാണ്
കാണുന്നത് എതാണ് വ്യക്തമാക്കുന്നത്.
ആദ്യകൊലപാതകം നടന്നപ്പോള്‍ തന്നെ, പോലീസിനും ആശുപത്രി അധികൃതര്‍ക്കും
നാട്ടുകാര്‍ക്കും തുടര്‍ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. ശര്‍ദ്ദി ബാധിച്ച്
ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക്
അയക്കാമായിരുന്നു. യഥാര്‍ത്ഥ മരണകാരണം കണ്ടെത്താമായിരുന്നു. ഇവിടെ അതൊന്നും
ഉണ്ടായില്ല. പോലീസിനും സംശയങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ ഫലമാണ്
തുടരെയുണ്ടായ കൊലപാതകങ്ങള്‍.
തന്ത്രപരമായ ഇടപെടലിലൂടെ ഡിവൈഎസ് പി സദാനന്ദനാണ് സൗമ്യയില്‍ നിന്നും സത്യം
പറയിച്ചത്. മുന്‍ ഭര്‍ത്താവില്‍ നിന്നും സൗമ്യയ്ക്ക് അനുഭവിക്കേണ്ടി വന്ന
ക്രൂരത അത്ര ഭീകരമായിരുന്നു. ഈ സംഭവത്തില്‍ കിഷോറിനെതിരെ പൊലീസ്
കേസെടുക്കും. ആദ്യ കുട്ടിയുടെ മരണവും കൊലപാതകമാണെ സംശയം പൊലീസിനുണ്ട്.
സൗമ്യയുടെ മൊഴി വിശകലനം ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്
കിഷോറാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നു.
ഭര്‍ത്താവ് തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും രക്ഷയില്ലെന്നു
തോന്നിയപ്പോഴാണ് വിട്ടുപോന്നത് എന്നും അവര്‍ പോലീസിനോടു വെളിപ്പെടുത്തി.
ഇളയമകളുടെ പിതൃത്വത്തില്‍ ഭര്‍ത്താവിനു സംശയമുണ്ടായിരുന്നുവെന്നും ഇതിന്റെ
പേരില്‍ ഒരുപാട് ഉപദ്രവിച്ചുവെന്നും സൗമ്യ പറഞ്ഞു. 'എലിവിഷം കലക്കി നല്‍കി,
മകള്‍ തന്റേതാണെങ്കില്‍ കുടിക്കണമെന്നും പറഞ്ഞു. അങ്ങനെ താന്‍ കുടിച്ചു.
ഇതില്‍ കേസൊന്നും വേണ്ടെന്ന് എല്ലാവരും പറഞ്ഞാണ് ഒഴിവാക്കിയത്' സൗമ്യ
പോലീസിനോടു പറഞ്ഞു. 'വീട്ടില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അച്ഛന് പണിക്കു
പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും
പറ്റാതായി. കുടുംബത്തിന്റെ ഭാരം എന്റെ തലയില്‍ മാത്രമായി.
കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ
പ്രയാസപ്പെട്ടു. ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില
പുരുഷന്മാരുടെ അരികിലെത്തിച്ചത്. പണം കിട്ടിയതിനാല്‍ അതില്‍പ്പെട്ടുപോയി.
ഒരിക്കല്‍മാത്രം വീട്ടില്‍ തന്നെക്കാണാന്‍ ഒരാള്‍ വിരുന്നു. അയാളുമായി
ഇടപഴകുന്നത് മകള്‍ കാണുകയും ചെയ്തു. ഇതാണ് ഇത്തരത്തില്‍ ചെയ്യാന്‍
പ്രേരിപ്പിച്ചത്,' സൗമ്യ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.
സുഖജീവിതത്തിനു വേണ്ടിയാണ് സൗമ്യ ഇതെല്ലാം ചെയ്തത് എന്നാണ് പോലീസിന്റെ ഭാഷ്യം. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത
ജോലികളില്ല. കല്ലുവെട്ടു തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍
തിയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോഓപ്പറേറ്റീവ്
ക്രെഡിറ്റ് സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു
പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും. ഇതെല്ലാം അന്വേഷണ സംഘത്തിന്
മുന്നില്‍ തുറന്നു പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും
മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്
നിര്‍ണ്ണായകമായത്.
എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍
നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
ഇതിനിടെ എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷേ
സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ
മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന
ഇല്ലായിരുന്നു. ചര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍
പോകാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നല്‍കി. ഇതോടെ സൗമ്യയെ പൊലീസ്
നിരീക്ഷിക്കുകയായിരുന്നു.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ
ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012
സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു
വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും
കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. ഛര്‍ദ്ദിയെ തുടര്‍ന്നാണ്
സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍
നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ
ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ
നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുത്തത്.
..........................................................................................................................
Tags: Murders in Pinarayi, Soumya, death of 4 members in a family
അഭിപ്രായങ്ങളൊന്നുമില്ല