ലിഗയുടെ മരണം: അന്വേഷണം മുറുകിയതോടെ കോവളത്തുനിന്നും രണ്ടുയുവാക്കള്‍ അപ്രത്യക്ഷരായി
വിദേശ വനിത ലിഗയുടെ മരണം മരണത്തിലേക്കു നയിച്ച കാരണങ്ങളും ദുരൂഹമായി
തുടരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രദേശവാസികളും
മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കള്‍ അപ്രത്യക്ഷരായി. ലിഗയുടെ
മരണവുമായി ഈ യുവാക്കളുടെ തിരോധാനത്തിന് ബന്ധമുണ്ടോ എന്ന് പോലീസ്
അന്വേഷിക്കുന്നു. ലിഗയുടെ മരണത്തിനു പിന്നില്‍ മാഫിയയുടെ ഇടപെടലുണ്ടെന്ന്
നേരത്തെ ഇന്റലിജന്‍സും വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ
സൂചനകള്‍. ലിഗ ശ്വാസം മുട്ടിയാകാം മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത
ഡോക്ടര്‍മാര്‍ പൊലീസിനെ വാക്കാല്‍ അറിയിച്ചു. ഇതും കൊലപാതകത്തിന്റെ
സൂചനയാണ്. അതിനിടെ മൃതദേഹം ലിഗയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. രാജീവ്
ഗാന്ധി ബയോ ടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
ലിഗയുടെ മൃതദേഹം കണ്ടെത്തിയത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ താവളത്തിന്
അടുത്താണ്. ചേന്തിലക്കരയ്ക്ക് എതിര്‍വശമുള്ള വെള്ളച്ചിറ മാറയെന്ന
സ്ഥലത്തും മയക്കുമരുന്ന് മാഫിയയുണ്ട്. മയക്കുമരുന്ന് കുത്തിവയ്ക്കാനും
മറ്റും നിരവധി പേര്‍ ഇവിടങ്ങളില്‍ എത്താറുണ്ട്. ബീച്ചില്‍ നിന്ന് ലിഗയെ
വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കണ്ടല്‍ക്കാട്ടിലെത്തിച്ച്
മയക്കുമരുന്ന് കുത്തിവച്ചശേഷം കൊലപ്പെടുത്തിയെന്ന വാദവും സജീവമാണ്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം കിട്ടിയാലേ ഇത്
സ്ഥിരീകരിക്കാനാവൂ. മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുന്‍പ്
കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയതും അന്വേഷണ പരിധിയിലാണ്.
അന്വേഷണം കോട്ടയത്തും നീട്ടിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ എസ്പിയും സംഘവും
രണ്ടുദിവസമായി കോട്ടയത്തുണ്ട്. പോലീസ് ഇതേക്കുറിച്ച് കൂടുതല്‍
അന്വേഷണങ്ങല്‍ നടത്തിവരികയാണ്. അതിനാല്‍ തന്നെ, അന്വേഷണവിവരങ്ങള്‍ പുറത്തു
വിട്ടിട്ടില്ല.
കൊലപാതകം സംബന്ധിച്ച നിഗമനങ്ങള്‍
കോവളത്ത് കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പില്‍ ലിഗയെ ശ്വാസംമുട്ടിച്ച്
കൊലപ്പെടുത്തിയതാവാമെന്ന നിഗമനമാണ് ശക്തമാകുന്നത്. മൃതദേഹം
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനാണ് പൊലീസിന് വിവരം
നല്‍കിയത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശവും
പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ
സൂക്ഷ്മപരിശോധനയില്‍ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തില്‍
ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും
ക്ഷതമേറ്റതിന്റെ ലക്ഷണമില്ല. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഫോറന്‍സിക് വിഭാഗം പൊലീസിന്
കൈമാറിയിട്ടില്ല. ഫോറന്‍സിക് മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള
മെഡിക്കല്‍ബോര്‍ഡ് മരണകാരണം വിശകലനം ചെയ്തശേഷമാണ് കൊലപാതകമാണെന്ന് പൊലീസിനെ
അറിയിച്ചത്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളം പനത്തുറയിലെ പ്രദേശവാസികളടക്കം
പത്തിലേറെപ്പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ചീട്ടുകളിക്കാനും കഞ്ചാവ്
ഉപയോഗിക്കാനും കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയില്‍ സ്ഥിരമായി
എത്തുന്നവരും പിടിയിലായവരിലുണ്ട്. തിരുവല്ലത്ത് ക്യാമ്പ് ഓഫീസ് തുറന്ന്
ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് രണ്ട് പേരെ കാണാതായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് മീന്‍പിടിക്കാനെത്തിയപ്പോള്‍
മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ച രണ്ട് യുവാക്കളെ ഇന്നലെ വീണ്ടും
ചോദ്യംചെയ്തു. മൃതദേഹം കണ്ടതിന് തൊട്ടടുത്തുള്ള രണ്ട് വീട്ടുകാരെയും
ചോദ്യംചെയ്തു.
മരണകാരണം വ്യക്തമാക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലവും ആന്തരികായവങ്ങളുടെ
പരിശോധനാ ഫലവും ലഭിച്ചേമതിയാകൂ എന്ന നിലപാടിലാണ് പൊലീസ്. ശരീരത്തില്‍
ക്ഷതമോ മുറിവോ ഇല്ലെന്നും എല്ലുകള്‍ ഒടിഞ്ഞിട്ടില്ലെന്നും മാനഭംഗ സാധ്യതയും
കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു.
അതിനാല്‍ ആത്മഹത്യാ സാധ്യതയും പൊലീസ് ഇപ്പോഴും പൂര്‍ണമായും തള്ളിയിട്ടില്ല.
അന്വേഷണത്തിന്റെ തുടക്കത്തില്‍ കേരള പോലീസിനെതിരെ ലിഗയുടെ സഹോദരി ഇലീസ്
നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതികളൊന്നും
ഇല്ലെന്ന് ഐജി മനോജ് ഏബ്രഹാമിനെ കണ്ടശേഷം ഇലീസ് വ്യക്തമാക്കി.
പോലീസില്‍ അറിയിക്കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ട്...??
മൃതദേഹത്തിന് 36 ദിവസം പഴക്കമുണ്ടായിരുന്നു. രൂക്ഷ ദുര്‍ഗന്ധമുണ്ടായിട്ടും
ആരും അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ഈ സ്ഥലത്ത്
സ്ഥിരമായി ചീട്ടുകളി സംഘം എത്താറുണ്ടായിരുന്നു. ഈ സംഘത്തില്‍ പെട്ടവരടക്കം
മൃതദേഹം കണ്ടിട്ടുണ്ടാവാം. എന്നാല്‍ ആരും പൊലീസില്‍ വിവരമറിയിച്ചിരുന്നില്ല
എന്നാണു പോലീസ് കരുതുന്നത്. ല്ലെന്നാണ് സൂചന. കടല്‍ത്തീരം വഴി വിദേശവനിത
ഒറ്റയ്ക്ക് നടക്കുന്നതും ആറ്റില്‍ കുളിക്കുന്നതും ചിലരോട് സിഗരറ്റ്
ആവശ്യപ്പെട്ടതായും കണ്ടെന്ന സാക്ഷി മൊഴിയുമുണ്ട്. ചേന്തിലക്കരയിലേക്കുള്ള
വഴിയിലും കടത്തുകടവിലും താമസിക്കുന്നവരെയും കയര്‍ തൊഴിലാളികളെയും പൊലീസ്
മണിക്കൂറുകളോളം ചോദ്യംചെയ്തു.
സഹോദരിയുടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഇലീസ് ഐജിക്കു രേഖാമൂലം
നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന്
ഇലീസിനെ കണ്ടശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍
രാഷ്ട്രീയ നേതാക്കള്‍ തന്നെ വന്നു കാണേണ്ടെന്നും മരണത്തെ
രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഇലീസ് മാധ്യമങ്ങളോടു പറഞ്ഞു. 'തന്റെ
സഹോദരിയെ ബഹുമാനിക്കണമെന്നും സഹോദരിക്ക് എന്തു സംഭവിച്ചുവെന്ന്
അറിയണമെന്നും അതിന് ഇതൊരു രാഷ്ട്രീയ യുദ്ധമാക്കുന്നതു ദയവായി
അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ചെന്തിലക്കരയിലെ
കണ്ടല്‍ക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താല്‍
ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസില്‍ നിന്ന് സമുദ്ര ബീച്ച് വഴി
പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. പോത്തന്‍കോട്ടെ
ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ലിഗയുടെ കൈവശം 2000 രൂപയേ
ഉണ്ടായിരുന്നുള്ളൂ. അതിനിടെ ലിഗയെ കൊലപ്പെടുത്താന്‍ ആരെങ്കിലും ക്വട്ടേഷന്‍
നല്‍കിയോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. ലിഗയുടെ മരണത്തില്‍ നിരവധി
സംശയങ്ങള്‍ ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.
പ്രദേശത്തെ നിരവധിപേരെ ചോദ്യംചെയ്യുകയാണ്. മരണം അസ്വാഭാവികമാണ്.
മൂന്നുദിവസത്തിനകം കേസ് തെളിയും. ഐ.ജി മനോജ് എബ്രഹാം കൃത്യമായ, ശാസ്ത്രീയ
അന്വേഷണം നടത്തുകയാണ്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.
പൊലീസ് 24 മണിക്കൂറും അന്വേഷിക്കുകയാണ്‌ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു
ആരാണു ലിഗ...? അവരെ കൊന്നത് ആര്...??
ലിത്വേനിയക്കാരി ലിഗ സ്‌ക്രോമാനെ കൊന്നത് ആരാണ്? അമൃതാനന്ദമയീയുടെ
ആശ്രമത്തിലെത്തിയ ലിഗ എന്തിന് കോവളത്ത് എത്തി തുടങ്ങിയ നിരവധി സംശങ്ങള്‍
പൊലീസിന് ഇപ്പോഴുമുണ്ട്. ലിഗ ആരെന്ന് പോലും പൊലീസിന് ഇനിയും വ്യക്തത
വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലിഗയെ അടുത്തറിയാനാണ് നീക്കം. സഹോദരി ഇലിസ
പറയുന്നത് മാത്രമാണ് പൊലീസിന് ലിഗയെ കുറിച്ച് അറിയാവുന്നത്. എന്നാല്‍
ഇതുകൊണ്ട് മാത്രം കേസ് തെളിയിക്കാനാവില്ല. ലിഗയുടെ ജീവിതം മൊത്തത്തില്‍
മനസ്സിലാക്കാനാണ് നീക്കം.
ഭര്‍ത്താവ് അയര്‍ലണ്ടുകാരന്‍ ആന്‍ഡ്രൂസിനും സഹോദരി ഇലിസ സ്‌ക്രോമാനുമൊപ്പം
വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടി തിരുവനന്തപുരത്ത് എത്തിയെന്നാണ്
പൊലീസിന് ലഭിച്ചിട്ടുള്ള മൊഴികള്‍. ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക
ശേഷിയും പൊലീസിന് അറിയില്ല. ആന്‍ഡ്രൂസിനെ കുറിച്ചും ഒരു വ്യക്തതയുമില്ല.
ആന്‍ഡ്രൂസിനെ കൂടതല്‍ അടുത്തറിയാനാണ് നീക്കം. ലിഗയെ കാണാതായ പരാതി
പൊലീസില്‍ നല്‍കിയപ്പോള്‍ അവര്‍ ബോയ് ഫ്രണ്ടിനൊപ്പം പോയതാകാമെന്നായിരുന്നു
പൊലീസിന്റെ ആ്ദ്യ പ്രതികരണം. ഇത്തരം ആക്ഷേപങ്ങള്‍ക്ക്
അടിസ്ഥാനമുണ്ടോയെന്നും പൊലീസ് പരിശോധി്ക്കുന്നുണ്ട്.
സഹോദരിയെ കാണാതായി പൊലീസില്‍ പരാതിപ്പെട്ടശേഷവും ഇലിസയും ആന്‍ഡ്രൂസും
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും സ്വന്തം നിലയില്‍ അന്വേഷണം
നടത്തിയിരുന്നു. ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ
പാരിതോഷികവും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ഒരു ഹോട്ടലില്‍ ലിഗയെ കണ്ടെന്ന
വിവരത്തെതുടര്‍ന്ന് ആന്‍ഡ്രൂസും ഇലിസയും അവിടെയെത്തി. രൂക്ഷമായ ഭാഷയിലാണ്
ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്. ആന്‍ഡ്രൂസും മാനേജരുമായി
വാക്കേറ്റമുണ്ടായി.
ഹോട്ടല്‍ ജീവനക്കാര്‍ ആന്‍ഡ്രൂസിനെ മര്‍ദ്ദിച്ചു. അവിടത്തെ
ജനാലച്ചില്ലുകള്‍ തകര്‍ത്തതിന് ആന്‍ഡ്രൂസിനെതിരേ വിഴിഞ്ഞം സിഐ കേസെടുത്തു.
ഒരുദിവസം ലോക്കപ്പില്‍ പാര്‍പ്പിച്ചശേഷം മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്
പറഞ്ഞ് ആശുപത്രിയിലാക്കി. പിന്നീട് നിര്‍ബന്ധപൂര്‍വ്വം ആന്‍ഡ്രൂസിലെ
അയര്‍ലണ്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന്
നാലു ദിവസം മുന്‍പാണ് ആന്‍ഡ്രൂസ് കേരളത്തിലേക്ക് മടങ്ങിവന്നത്. വിദേശ
മാധ്യമങ്ങളില്‍ പൊലീസിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ അയര്‍ലണ്ട്
എംബസിയും കാര്യങ്ങള്‍ ഗൗരവത്തോടെ എടുത്തു.
ലിഗയുടെ കുടുംബ പശ്ചാത്തലം....
ലിഗയുടെയും ആന്‍ഡ്രൂസിന്റെയും കുടുംബപരവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍
പൊലീസ് അന്വേഷിക്കുന്നത്. ഇലിസയില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാം
വിശദവിവരങ്ങള്‍ ശേഖരിച്ചു. ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇത് കേസ് അന്വേഷണത്തില്‍ അതിനിര്‍ണ്ണായകമാകും. കോവളത്തിന് സമീപം
തിരുവല്ലത്തെ കുറ്റിക്കാട്ടിലാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം ലഭിച്ചത്.
ഡി.എന്‍.എ ഫലം ലഭിച്ചില്ലങ്കിലും ഇത് ലിഗയെന്ന് ഉറപ്പിച്ചാണ് അന്വേഷണം.
മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. കൊലപാതകമോ ആത്മഹത്യയോ എന്താണങ്കിലും
മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് പൊലീസ്
വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോവളം, തിരുവല്ലം ഭാഗത്തെ
ഒട്ടേറെ നാട്ടുകാരെ ചോദ്യം ചെയ്തു.
ലിഗ ഒറ്റക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ട് സ്ത്രീകള്‍
മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടും
അവ്യക്തതയുമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി
സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരെടെയും താവളമാണെന്നും കണ്ടെത്തി.
ഇവരില്‍ പലരെയും ചോദ്യം ചെയ്യുമ്പോളും പരസ്പരവിരുദ്ധമായ മൊഴികളാണ്
ലഭിക്കുന്നത്. ഇതും സംശയം വര്‍ധിച്ചതോടെയാണ് ഈ സംഘങ്ങളെ കേന്ദ്രീകരിച്ച്
അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനൊപ്പമാണ് ലിഗയുടെ കുടുംബ
പശ്ചാത്തലവും മറ്റും പൊലീസ് അന്വേഷിക്കുന്നത്.
.....................................................................................................................
Tags; The death of Liga Skromane, Liga is strangulate to death, secrets behind the death of liga, police is investigating, Ramesh Chennithala offers support to Liga's sister, police investigation
അഭിപ്രായങ്ങളൊന്നുമില്ല