Header Ads

അശ്വതിക്കെതിരെയുള്ള അന്വേഷണം മരവിപ്പിച്ചു



സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള അന്വേഷണം പോലീസ് മരവിപ്പിച്ചു. ജനവികാരം എതിരാകുമെന്ന് മനനസ്സിലായതോടെ അന്വേഷണം വേണ്ടെന്ന് വയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. . കേരളത്തില്‍ ഒറ്റപ്പെട്ടു പോയ വിദേശ പൗരന്മാര്‍ക്ക് താങ്ങും തണലുമായി നിന്നിട്ടും സര്‍ക്കാര്‍ വേട്ടയാടിയതിനെതിരെ ശക്തായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉള്ളത്. ഇതാണ് മാറി ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ പേരില്‍ അനധികൃത പണപ്പിരിവു നടത്തിയെന്ന പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ സ്‌പെഷല്‍ ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് അശ്വതി ജ്വാലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന് മുന്‍പില്‍ ഹാജരാകുന്നതിന് തൊട്ടു മുന്‍പ് ഇതു മാറ്റിവച്ചതായി അറിയിച്ചെന്ന് അശ്വതി പറഞ്ഞു. നോട്ടിസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്നാണു നിര്‍ദ്ദേശമെന്നും അശ്വതി വെളിപ്പെടുത്തി.

'രാജ്യത്തിന് തന്നെ നാണക്കേടാകുമല്ലോ എന്ന വിചാരം മാത്രമാണ് ലിഗയെ അന്വേഷിച്ചിറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍, ഒരു പരിചയവുമില്ലാത്തവര്‍ ജ്വാലയുടെ ഓഫീസിന് മുന്നില്‍ കേന്ദ്രീകരിക്കുമ്പോള്‍ വല്ലാത്ത ഭയം തോന്നുന്നു. എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. എന്റെ അവസ്ഥയെങ്കില്‍ ഇതാണെങ്കില്‍ ഇനി ആരെങ്കിലും ആപത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുന്നോട്ട് വരുമോ?' അശ്വതി ചോദിക്കുന്നു.

എന്നാല്‍, ലഭിച്ച പരാതി വ്യാജമാണെന്നു പൊലീസിനു പോലും ബോധ്യമായെന്നു തെളിഞ്ഞതിനാലാണ് തനിക്കെതിരെയുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുന്നതെന്ന് അശ്വതി പറഞ്ഞു. പരാതി കിട്ടിയ ഉടന്‍ അശ്വതിക്കെതിരെ ധൃതിപിടിച്ച് അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടെങ്കിലും സൈബര്‍ ലോകത്ത് അടക്കം അശ്വതിക്ക് പിന്തുണ കൂടി. അശ്വതിക്കെതിരെ കേസ് എടുത്താല്‍ ജനവികാരം എതിരാകുമെന്നും സര്‍ക്കാരിന് മനസ്സിലായി. ഇതോടെ അശ്വതിക്കെതിരായ അന്വേഷണം വേണ്ടെന്ന് വയ്ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

ലിഗയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ അശ്വതി പണപ്പിരിവു നടത്തിയെന്നു കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസമാണു കോവളം സ്വദേശി അനില്‍കുമാര്‍ ഡിജിപിക്കു പരാതി നല്‍കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു ഐ ജി മനോജ് ഏബ്രഹാമിനു കൈമാറുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെയും ഡിജിപിക്കെതിരെയും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു തനിക്കെതിരെ പരാതി എത്തിയതെന്ന് അശ്വതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ അനില്‍കുമാറിന്റെ വിശദാംശങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഞാന്‍ എന്തോ വലിയ എന്തോ തെറ്റ് ചെയ്തതുപോലുള്ള അന്വേഷണമാണ് എന്റെ നേര്‍ക്കുണ്ടായത്. ജ്വാലയുടെ ഓഫീസില്‍ പൊലീസുകാര്‍ വരുന്നു കണക്കുകള്‍ പരിശോധിക്കുന്നു. ഫയലുകള്‍ നോക്കുന്നു. ഭര്‍ത്താവിനെ കുറിച്ച് അന്വേഷിക്കുന്നു. ഒരു പരിചയവുമില്ലാത്തവര്‍ ജ്വാലയുടെ ഓഫീസിന് മുന്നില്‍ കേന്ദ്രീകരിക്കുന്നു. ഇതൊക്കെ വല്ലാത്ത ഭയമാണ് മനസ്സിലണ്ടാക്കിയത്. എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നതാണ് കൂടുതല്‍ സങ്കടം ഉണ്ടാക്കിയത്, അശ്വതി പറഞ്ഞു.

'ഞാന്‍ വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നത് അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളൊക്കെ ഞെട്ടലുണ്ടാക്കും. പക്ഷേ ഇതൊന്നും കൊണ്ട് പൊതു പ്രവര്‍ത്തനമോ ജ്വാലയുടെ പ്രവര്‍ത്തനങ്ങളോ അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ല. അത് ഇനിയും തുടരും. പരാതിക്കാരനായ അനില്‍കുമാര്‍ ഇതുവരെയും പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. ആദ്യം പരാതിക്കാരന്‍ പുറത്തുവരട്ടെ. സാധാരണയായി പരാതികള്‍ നല്‍കുന്നതു പൊലീസ് സ്റ്റേഷനുകളിലാണ്, എന്നാലിതു ഡിജിപിക്കു നേരിട്ടു കൈമാറിയതില്‍ അസ്വാഭാവികതയുണ്ടെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

'കാണാതായ വനിതയെ കണ്ടെത്താന്‍ അവരുടെ ബന്ധുക്കളെ സഹായിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണം ഞാന്‍ പണം പിരിച്ചു എന്നതാണ്. ഇത് ഒരു കള്ളക്കേസാണ്. ഒരു തരത്തിലുള്ള പിരിവും ഇതില്‍ നടന്നിട്ടില്ല. ലിഗയെ അന്വേഷിച്ച് ബന്ധുക്കള്‍ക്കൊപ്പം നടക്കുമ്പോള്‍ അനുഭിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്. എന്നാലും അതൊന്നും വകവയ്ക്കാതെ അവരെ സഹായിക്കുകയാണ് ചെയ്തത്. ഞാന്‍ പണ പിരിവ് നടത്തി എന്ന് ആരോപിക്കുന്ന ആളെ എനിക്ക് അറിയുക പോലും ഇല്ല. വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടന്നത്. എന്നാല്‍ അതിലും എത്രയോ ഇരട്ടി പിന്തുണയാണ് കിട്ടയത്. അതില്‍ മലയാളികളോട് എത്ര നന്ദി പറഞ്ഞാലും മനസ്സിലാകില്ല.'

'തെരുവുകളില്‍ അലഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ജ്വാല. വിദേശ വനിതയെ കാണാനില്ലെന്നും ബന്ധുക്കള്‍ നാടു നീളെ പോസ്റ്റര്‍ ഒട്ടിച്ച് നടക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ ആണ് അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. ലിഗയുടെ സഹോദരി ഇലീസ്, ഭര്‍ത്താവ് ആന്‍ഡ്രു ജോനാഥന്‍ എന്നിവരുമായി സംസാരിച്ചപ്പോഴാണ് വിഷയത്തെ കുറിച്ച് വിശദമായി അറിയുന്നതും. നമ്മുടെ നാട്ടില്‍ വെച്ച് ഇത്തരം ഒരു അപകടം ഉണ്ടാകുന്നത് രാജ്യത്തിന് തന്നെ നാണക്കേടാകുമല്ലോ എന്നാണ് കരുതിയത്. അവരെ സഹായിക്കാനും ലിഗയെ അന്വേഷിക്കാനുമുള്ള യാത്രകള്‍ പലപ്പോഴും പാതിരാത്രിയിലാണ് അവസാനിച്ചിട്ടുള്ളത്. ആന്‍ഡ്രുവിന്റെ സങ്കടം പലപ്പോഴും മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ഭക്ഷണം പോലും സമയത്ത് കഴിക്കാതെ അന്വേഷണം നീണ്ട് പോയിരുന്നു.'

'നാട് നീളെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സഹായിക്കുകയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജ്വാല എന്ന സംഘടന ചെയ്ത് വരുന്നത്. സമാനമായി ഒരു വിദേശ വനിത അങ്ങനെ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് ലിഗയെ തേടി ബന്ധുക്കള്‍ അലയുന്നു എന്നറിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഇറങ്ങി തിരിച്ചതിന് പിന്നിലെന്നും അശ്വതി പറയുന്നു. ഇത്തരത്തില്‍ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഇത് പോലെയുള്ള സാഹചര്യത്തില്‍ ഇനി ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ട് വരുമോ എന്നും അവര്‍ ചോദിക്കുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളേയും ഒക്കെ നിയമപരമായി തന്നെ നേരിടും. ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ല.'

തട്ടുകടയാണ് ഇന്നും അശ്വതിയുടെ അമ്മയുടെ ഉപജീവനമാര്‍ഗ്ഗം. പണം വാങ്ങിയുള്ള പൊതു പ്രവര്‍ത്തനമല്ല നടത്തുന്നതെന്ന് അശ്വതി ഉറപ്പിച്ചു പറയുന്നു. അധികാര വര്‍ഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരില്‍ തന്നെ ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. തിരുവനന്തപുരത്തെ പൊന്നറ സ്‌കൂളിന് മുമ്പിലാണ് അശ്വതിയുടെ അമ്മ വിജയകുമാരി തട്ടുകട നടത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളില്‍ അലയുന്നവര്‍ക്ക് വര്‍ഷങ്ങളായി പൊതിച്ചോര്‍ എത്തിക്കുന്ന പെണ്‍കുട്ടിയാണ് അശ്വതി. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓര്‍മ്മകളില്‍ നിന്നാണ് ഇന്നത്തെ തെരുവില്‍ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കല്‍ റെപ്പ് ജോലിയും എല്‍.എല്‍.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.

അശ്വതി സാമൂഹികസേവന രംഗത്തെത്തിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു. 2015ല്‍ സംസ്ഥാന സര്‍ക്കാരിന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരവും നേടി. വീട്ടുജോലി ചെയ്യുന്ന അമ്മയുടെ തുച്ഛ വരുമാനത്തിലാണ് അശ്വതിയും വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ജ്യേഷ്ഠന്‍ രാജേഷും മെഡിക്കല്‍ റെപ്രസന്റേറ്റീവായ അനുജത്തി രേവതിയും പഠിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിര്‍ധന രോഗികള്‍ക്കു ശനിയാഴ്ച ഭക്ഷണം കൊടുക്കുന്ന കാര്യമറിഞ്ഞ് പൊതിച്ചോറുമായി അതില്‍ പങ്കുചേരാന്‍ അശ്വതിയെത്തി. പക്ഷേ, അധികൃതര്‍ അതു നല്‍കാന്‍ അനുവദിച്ചില്ല. അപ്പോഴാണ് തെരുവില്‍ അലയുന്നവരുടെ അടുത്തേക്കു പൊതിച്ചോറുമായി അശ്വതിയെത്തുന്നത്. അതാണ് ജ്വാല ഫൗണ്ടേഷനായി മാറിയത്.

അതേസമയം ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. തീവ്രനിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകര്‍ പഠിപ്പിച്ചുവിട്ടതുപോലെ പരസ്പരവിരുദ്ധമായ മൊഴി നല്‍കി ഇവര്‍ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടല്‍കാട്ടിലും തൊട്ടടുത്തെ പാര്‍വതീ പുത്തനാറിലും പൊലീസ് ഇന്നലെയും തെരച്ചില്‍ നടത്തി.

മൃതദേഹത്തിന് 35ദിവസം പഴക്കമുള്ളതിനാല്‍ തെളിവുകള്‍ ശേഖരിക്കാനാവാതിരുന്നതാണ് വലിയ വെല്ലുവിളി. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ. പൂനംതുരുത്തിലെ കണ്ടല്‍കാട്ടില്‍ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേര്‍ ചേര്‍ന്ന് ലിഗയെ കാട്ടില്‍ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാല്‍ ബീച്ചില്‍ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നുമാണ് രണ്ട് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ലിഗ വധക്കേസ് വിദേശരാജ്യങ്ങളും ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍, അന്വേഷണം പഴുതടച്ചതാവണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കി. പനത്തുറ വടക്കേകുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ അടിപിടി, കഞ്ചാവ് വില്‍പ്പന കേസുകളില്‍ പ്രതികളാണ്. മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ഇവരെ ചോദ്യംചെയ്യുന്നത്. 



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.