Header Ads

നടന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചന: കോണ്‍ഗ്രസ്; പൈലറ്റിനെതിരെ കേസ്



രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായ സംഭവത്തില്‍ പൈലറ്റിനെതിരെ കേസ്. സംഭവത്തെക്കുറിച്ച് കര്‍ണാടക പൊലീസും ഏവിയേഷന്‍ മന്ത്രാലയവും അന്വേഷണം തുടങ്ങി. ഓട്ടോ പൈലറ്റ് സംവിധാനത്തിനുണ്ടായ പിഴവാണ് പ്രശ്‌നത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും നടന്നത് ബോധപൂര്‍വ്വമായ ഗൂഡാലോചന ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതെത്തുടര്‍ന്നാണ് പൈലറ്റുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയെ വകവരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ന്യൂഡല്‍ഹിയില്‍നിന്നും കര്‍ണാടകത്തിലെ ഹുബ്ലിയിലേക്കുള്ള യാത്രയില്‍ രാഹുലിനോടൊപ്പം സഞ്ചരിച്ച കൗശല്‍ എന്ന വിദ്യാര്‍ത്ഥിയാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വിമാനത്തിന് അപ്രതീക്ഷിതമായി സാങ്കേതിക തകരാറുണ്ടായെന്നും പ്രതികൂല കാലാവസ്ഥയല്ല ഇതിന് കാരണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാഹുലിനെ ഇല്ലായ്മ ചെയ്യാന്‍ മനപ്പൂര്‍വ്വം നടത്തിയ സാങ്കേതിക തിരിമറിയാണ് പ്രശ്‌നത്തിന് കാരണമെന്നും ആരോപിക്കുന്നു. പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായുമാണ് പരാതി.

വളരെ പ്രസന്നമായ കാലാവസ്ഥയായിരുന്നു സംഭവം നടക്കുമ്പോള്‍. കാറ്റോ മഴക്കാറോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടനല്‍കുന്നത്. അതിനിടെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചുവെന്നും അറിയാന്‍ കഴിഞ്ഞു. രണ്ടു തവണ വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും മൂന്നാം തവണയാണ് സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞതെന്നും കര്‍ണാടക ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയുണ്ടായെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ഈ വിഷയം കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സജീവ ചര്‍ച്ചയാക്കും. 41,000 അടി ഉയരത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വിമാനത്തിന് തകരാറ് സംഭവിക്കുന്നത്.

വിമാനത്തില്‍ രാഹുല്‍ഗാന്ധിയെക്കൂടാതെ നാലുപേരാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് രാഹുല്‍ പ്രത്യേക വിമാനത്തില്‍ കര്‍ണാടകത്തിലേക്ക് വന്നത്. എന്നാല്‍ ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ തകരാറുണ്ടായെന്നും പൈലറ്റ് അപ്പോള്‍ തന്നെ ഓട്ടോമാറ്റിക് മോഡിലേക്ക് മാറിയെന്നും വിമാന കമ്പനി വിശദീകരിക്കുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കര്‍ണാടകയിലെ ഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പാണ് തകരാറുണ്ടായത്. വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ബോധപൂര്‍വം എന്തോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി ഷക്കീര്‍ സനദി നല്‍കിയ പരാതി ലഭിച്ചതായി ഹുബ്ലിധാര്‍വാഡ് പൊലീസ് ഡി.സി.പി രേണുക സുകുമാറും അറിയിച്ചു. മൂന്നാമത്തെ ശ്രമത്തില്‍ പകല്‍ 11.25നാണ് വിമാനം ഹൂബ്ലിയില്‍ ഇറങ്ങിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യാത്രയില്‍ അസ്വാഭാവികമായ പലതും സംഭവിച്ചതായി വിമാന ജീവനക്കാരും പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ നിയന്ത്രണത്തില്‍നിന്ന് ഓട്ടോപൈലറ്റ് (സ്വയം പറക്കല്‍)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടന്‍ പൈലറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്ന് ഡി.ജി.സി.എ അറിയിച്ചു.

രാഹുല്‍ ഗാന്ധിയെ കൊലപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ ബി ജെ പി നിഷേധിച്ചു. യാതൊരു തരത്തിലും രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നാണ് ബി ജെ പിയുടെ നിലപാട്. വി ടി എ വി എച്ച് ഫാല്‍ക്കണ്‍ (VTAVH Falcon) 2000 വിമാനമാണ് വിവാദത്തില്‍ പെടുന്നത്. 2001ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഈ വിമാനം റെലിഗെയര്‍ ഏവിയേഷന്‍ (Religaire Aviation Company) കമ്പനിയുടേതാണ്. 

..............................................................................

Tags: Rahul Ganghi, Aviation department, BJP was trying to kill Rahul Gandhi,  

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.