Header Ads

കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ച കേസ്: മതം നോക്കിയല്ല നീതി നടപ്പാക്കേണ്ടത്‌



ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോ കഫീല്‍ഖാന്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലില്‍ ഇട്ടിരിക്കുകയാണ് എന്നും വന്‍ പ്രചാരണം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിട്ടാണ് സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ ഡോ കഫീല്‍ഖാന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍, കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച സംഭവത്തില്‍ ഈ ഡോക്ടര്‍ക്കും പങ്കുണ്ടെന്നു വെളിപ്പെട്ടതോടെയാണ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. പക്ഷേ, ഒരു കുറ്റവാളിയോട് കാണിക്കേണ്ട മര്യാദയെങ്കിലും ഒരു നിരപരാധിയോട് കാണിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാവണമെന്നും കഴിഞ്ഞ എട്ട് മാസമായി കഫീല്‍ഖാനെ തടവിലിട്ട് പീഢിപ്പിക്കുകയാണ് എന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. തുല്യ നീതി എന്നതിനപ്പുറം മതം നോക്കി നീതി എന്നതിലേക്ക് മാധ്യമങ്ങള്‍ കൂടി തരം താണതായി വ്യാഖ്യാനിക്കപ്പെടുന്നു. ഈ അവസരത്തില്‍, ഡോ ഉബൈദ് ഖാന്‍ മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകള്‍....

'മാധ്യമങ്ങളെ, എല്ലാവര്‍ക്കും തുല്യനീതിയല്ലേ ആവശ്യപ്പെടേണ്ടത്. അതിലും മതം നോക്കണോ?

മുഹമ്മദ് കഫീല്‍ ഖാന്റെ ഹൃദയസ്പര്‍ശിയായ കത്ത് കണ്ടു. മാധ്യമങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്, വില്ലനെ ഹീറോ ആക്കാനും ഹീറോയെ വില്ലനാക്കാനും. ആരാണ് ഹീറോ ആരാണ് വില്ലന്‍ എന്നത് നിയമം തെളിയിക്കട്ടെ. ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ എന്‍സഫലൈറ്റിസ് ബാധയും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കാരണമുണ്ടായ ശിശുമരണങ്ങളെ പറ്റി ആരും പറയാത്ത, ആര്‍ക്കും അറിയാന്‍ താല്‍പര്യമില്ലാത്ത ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.

1. കഴിഞ്ഞ 7 മാസങ്ങളായി ജയിലില്‍ തുടരുന്നത് മുഹമ്മദ് കഫീല്‍ ഖാന്‍ മാത്രമല്ല, ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര, ഭാര്യയും ഹോമിയോ ഡോക്ടറുമായ പൂര്‍ണിമ ശുക്ല, പീഡിയാട്രിക് അനസ്‌തേഷ്യ തലവന്‍ ഡോക്ടര്‍ സതീഷ് എന്നിവരും കൂടിയാണ്. ഇവരെ കൂടാതെ മെഡിക്കല്‍ കോളേജ് അക്കൗണ്ടന്റ്, ക്ലര്‍ക്ക്, ഓക്‌സിജന്‍ വിതരണം നടത്തിയ പുഷ്പ ഏജന്‍സി ഉടമ എന്നിവരും ജയിലിലാണ്. ഇതില്‍ കഫീല്‍ ഖാനെ മാത്രം നിരപരാധിയായ ഡോക്ടര്‍ ആയി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശം?

2. പലതവണകളായി ഇവരുടെ ജാമ്യഹര്‍ജികള്‍ കോടതികള്‍ തള്ളിക്കളയുകയുണ്ടായി. പുഷ്പ ഏജന്‍സി എന്ന സ്വകാര്യ ഓക്‌സിജന്‍ സപ്ലൈ ഏജന്‍സിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ വാങ്ങുന്നതിന് ഇവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അത് മുടങ്ങിയതിനാല്‍ ഏജന്‍സിയുടെ ബില്ലുകള്‍ തടഞ്ഞുവച്ചു എന്നും അതോടെ ഓക്‌സിജന്‍ നല്‍കാന്‍ പുഷ്പ ഏജന്‍സി വിസമ്മതിച്ചു എന്നുമാണ് ആരോപണം. എന്‍സഫലൈറ്റിസിനെ മറയാക്കി ഓക്‌സിജന്‍ കച്ചവടം നടത്തി കമ്മീഷന്‍ വാങ്ങാന്‍ കൂട്ടുനിന്നവര്‍ ജയിലില്‍ കിടക്കട്ടെ എന്നുതന്നെയാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം. അവരുടെ നിരപരാധിത്വം കുറച്ചെങ്കിലും കോടതികള്‍ക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഇതിനകം ജാമ്യം ലഭിച്ചേനെ.

3. രാജ്യത്തെ നീതിപീഠങ്ങള്‍ വരെ വിമര്‍ശനവിധേയരാകുന്ന ഈ സമയത്ത്, ജാമ്യഹര്‍ജിക്കുമേല്‍ സുപ്രീം കോടതിയുടെ വിധിയായിരിക്കും സുപ്രധാനം. ആറുതവണയാണ് കഫീല്‍ഖാന്റെ ജാമ്യഹര്‍ജി നിരസിക്കപ്പെട്ടത് എന്ന് ഒരിടത്ത് വായിച്ചു. നിരപരാധി എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളിന്റെ ജാമ്യം നിരസിക്കാന്‍ യാതൊരു കാരണവുമില്ല എന്ന് കരുതുന്നത് മൗഢ്യമാണെന്ന് തോന്നുന്നു.

4. സര്‍ക്കാരിന്റെ ഭാഗത്തെ അലംഭാവം തന്നെയാണ് ഗോരഖ്പൂരില്‍ ഇത് പോലെയൊരു ദുരന്തം സംഭവിക്കാന്‍ കാരണം. കഫീല്‍ ഖാന്‍ തന്റെ കത്തില്‍ പറയുന്നത് പോലെ, കരാര്‍ നിയമനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചയാളാണ് ഇദ്ദേഹം. എന്നിട്ടും ഇയാളെ നൂറു ബെഡ്ഡുകളുള്ള എന്‍സഫലൈറ്റിസ് വിംഗിന്റെ തലവനാക്കിയത് തന്നെ തെറ്റായിരുന്നു. സ്വന്തമായി മെഡിസ്പ്രിംഗ് എന്നപേരില്‍ ആശുപത്രി ഉള്ള കഫീന്‍ ഖാന്‍ അത് തന്റെ ഭാര്യയുടെ പേരിലാണ് നടത്തിയിരുന്നത്. അഴിമതി സര്‍വ്വവ്യാപിയായ ഇക്കാലത്ത്, അത് ഒരു തെറ്റാണെന്ന് പറയുന്നില്ല. പഠിക്കുന്ന കാലത്ത് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ കേസും പിന്നീട് ഡെല്‍ഹിയില്‍ വച്ച് മറ്റൊരാള്‍ക്ക് പകരം എന്ട്രന്‍സ് എക്‌സാം എഴുതിയ കേസിലേയും പ്രതിയായിരുന്നു കഫീല്‍ ഖാന്‍.

ഒരു വ്യക്തിയെ പ്രവര്‍ത്തികള്‍ കൊണ്ട് അളക്കുന്നവര്‍ അയാളുടെ പഴയകാലത്തെ പ്രവര്‍ത്തികള്‍ കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമില്ല.

5. അയാള്‍ക്ക് നീതി ലഭിക്കാത്തത് ഭരണകൂടത്തിന്റെ ഇടപെടലുകളാണെന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടത് സംഭവം അന്വേഷിച്ചത് ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ സമിതി ആണെന്നതാണ്. യാതൊരു കാര്യവുമില്ലാതെ ജാമ്യാപേക്ഷ കോടതി തള്ളുമോ?

ഇനി ഈ പറഞ്ഞ ഗൂഡാലോചനയുടെ ഇരയാണ് ഇവരെങ്കില്‍ കഫീല്‍ ഖാനെ പോലെ തന്നെ ഡോക്ടര്‍ രാജീവ് മിശ്രയ്ക്കും ഭാര്യ പൂര്‍ണ്ണിമ ശുക്ലയ്ക്കും ഡോക്ടര്‍ സതീഷിനും നീതി ലഭിക്കണ്ടേ?

Dr. Ubaid Khan

...................................................................................

Tags: Children in Gorakhpur died due to non availability of oxigan cylinders, Dr Kafeel Khan, How he is hired as the head of encephalitis wing?  

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.