Header Ads

ലിഗയുടെ കൊലയാളി യോഗഗുരു; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും



വിദേശി വനിത ലിഗയുടെ കൊലയാളി യോഗാഗുരുവാണ് എന്ന നിഗമനത്തിലാണ് പോലീസ്. യോഗയുടെ പേരില്‍ ബീച്ചില്‍ എന്നുന്നവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇയാളെക്കുറിച്ച് സാക്ഷികള്‍ നല്‍കുന്ന മൊഴി. ശാസ്ത്രീയ തെളിവുകള്‍ കിട്ടിയാല്‍ പോലീസ് ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും. 

കേരളത്തില്‍ ചികില്‍സയ്‌ക്കെത്തി കൊലചെയ്യപ്പെട്ട ലിഗയുടെ കൊലയാളിയെന്നു സംശയിക്കുന്ന ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഇയാളുടെ സഹായിയായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന. എന്നാല്‍, ഇതേക്കുറിച്ച് ഇതുവരെ പോലീസ് യാതൊന്നും പുറത്തു വിട്ടിട്ടില്ല. 

ലഹരിമരുന്നു കേസുകളില്‍ സ്ഥിരമായി പ്രതികളാകുന്നവരില്‍ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. തുടക്കത്തില്‍ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകള്‍ എതിരാവുമെന്ന് വ്യക്തമായതോടെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ലിഗയെ മാനഭംഗം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള നീക്കത്തെ ചെറുത്തപ്പോള്‍ കൊലപാതകം. കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. ആരും വരാത്ത സ്ഥലമായതിനാല്‍ മൃതദേഹം കണ്ടല്‍കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയില്‍ എടുത്ത വാഴമുട്ടം സ്വദേശിയെക്കുറിച്ചു ലഭിച്ച സാക്ഷി മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. 'കാരിരുമ്പിന്റെ ശക്തി, ആറാറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാന്‍ ശേഷി' എന്നെല്ലാമുള്ള മൊഴിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിയത്. ആജാനബാഹുവായ യോഗാ പരിശീലകന്‍ വാഴമുട്ടം പാറവിള സ്വദേശിയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണു പനത്തുറയിലെ കണ്ടല്‍ക്കാട്. ഇത് മനസ്സിലാക്കിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

40 വയസ്സുള്ള യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ് ഇയാള്‍. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് രീതി. കോവളം ബീച്ചില്‍ രാവിലെ സമയങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണ്. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ട പരിചയക്കാരന്‍ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മടങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി മനഃശാസ്ത്രജ്ഞന്റെയും സഹായം പൊലീസ് തേടിയിരുന്നു. സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടര്‍പ്പിലും ചില ശരീര അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തി. ഇവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും.

ഇതിനിടയില്‍, ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചതാണു മരണകാരണം. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. സംഘം ചേര്‍ന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമെന്ന് ഉറപ്പിക്കാം. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയിരുന്നു. 

ലിഗയുടെ മൃതദേഹം നാട്ടുകാര്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രദേശവാസികളില്‍ നിന്നും മൃതദേഹം കണ്ടവരില്‍ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. മൃതദേഹം കണ്ടതിന് സമീപത്താണ് ലിഗയെ ഇവിടെയെത്തിച്ചെന്ന് സംശയിക്കുന്ന ഫൈബര്‍ വള്ളങ്ങള്‍ സൂക്ഷിച്ചിരുന്നത്.

വള്ളങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും മൃതദേഹം കണ്ടസ്ഥലം വരെ നടക്കാന്‍പോലും കഴിയാത്ത തരത്തില്‍ കാടാണ്. മാത്രമല്ല ഇതിനിടയില്‍ ചാടിക്കടക്കാന്‍ ബുദ്ധിമുട്ടുള്ള തോടുകളും ഉണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വീടുകളിലേക്ക് പോകുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടന്നത്. സ്ത്രീകളുടേതടക്കമുള്ള വസ്ത്രങ്ങളും ചെരിപ്പും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്ന സംഘങ്ങള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ചെന്തിലാക്കരിക്ക് സമീപത്തുള്ള കാടിന്റെ ഒരറ്റത്തായാണ് മൃതദേഹം കണ്ടത്.

രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ല എന്ന മൊഴികളും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് മൃതദേഹം കണ്ടെത്തിയതിനു ശേഷം ലിഗയെ ഇവിടെവച്ചു കണ്ടു എന്ന മൊഴികളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടും ആ സമയത്ത് ഇവരാരും ഇത്തരം വിവരങ്ങള്‍ അറിയിക്കാത്തതും സംശയാസ്പദമാണ്. കസ്റ്റഡിയിലുള്ളവരടക്കം പലപ്പോഴും ഈ പ്രദേശങ്ങളില്‍ ഒത്തുകൂടാറുണ്ടെന്നും സമീപ വാസികള്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വലിയ ബാഗുകളുമായാണ് സംഘങ്ങള്‍ എത്തുന്നതെന്നും ഇവര്‍ പറയുന്നു. കാടിനുള്ളിലേക്ക് കടക്കാന്‍ പലഭാഗത്തു നിന്നും ചെറിയ വഴികളുമുണ്ട്.

രണ്ടാഴ്ച മുമ്പുതന്നെ പലരും മൃതദേഹം കണ്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. പ്രദേശവാസികളായ പ്രതികളെ ഭയന്നാണ് ഇത് പുറത്തു പറയാത്തതെന്നും സംശയിക്കുന്നുണ്ട്. ലഹരി മാഫിയയുടെ ശക്തമായ സാന്നിധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതും.

...................................................................................................

Tags: The murders of Liga is identified, arrest is eminent, waiting for some scientific evidence, Malayalam News, Thamasoma, News source : Mangalam

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.