ജീവിതസായന്തനത്തില്‍ സാന്ത്വനമേകി ഗന്ധര്‍വ്വനാദം

വേദനിക്കുന്ന ഹൃദയങ്ങളില്‍ സാന്ത്വനമായി പെയ്തിറങ്ങുന്ന സ്വരവീചികളാണ് സംഗീതം. ഗന്ധര്‍വ്വസംഗീതമാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ജീവിത സായന്തനത്തില്‍, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് വൃദ്ധ സദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി ‘ഗന്ധര്‍വ്വനാദം’ വാട്‌സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ സാന്ത്വനവുമായി എത്തുന്നു, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഗാനങ്ങളുമായി. ദാസേട്ടന്റെ കടുത്ത ആരാധകനായ, ചെന്നെ നിവാസിയായ പുരുഷോത്തമന്‍ ആണ് ഈ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഫേയ്‌സ്ബുക്കില്‍ ഈ കൂട്ടായ്മയ്മയില്‍ ഇപ്പോള്‍ 8000 ത്തിലേറെ അംഗങ്ങളായി. വൃദ്ധസദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയാണ് ഇവരിപ്പോള്‍. 

ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയിലും മനസിന്റെ നിര്‍മ്മലതയിലും ആകൃഷ്ടരായ വ്യക്തിത്വങ്ങളാണ് ഈ ഗ്രൂപ്പിനു പിന്നിലുള്ള എല്ലാവരും. പുരുഷോത്തമന്‍, രാധാകൃഷ്ണന്‍ പിള്ള, ബെന്നി ജോസഫ് ജനപക്ഷം, കിഷോര്‍ കുമാര്‍, രതീഷ് വിജയന്‍, ജയശ്രീ ബാലകൃഷ്ണന്‍, ഗിരീഷ് കൊയ്‌ലാണ്ടി, പ്രീതി മഹേശ്വരി ബാലകൃഷ്ണന്‍, സേതുലക്ഷ്മി ആര്‍ പിള്ള തുടങ്ങിയവരാണ് ഇതിലെ പ്രധാന വ്യക്തിത്വങ്ങള്‍. 
ഗ്രൂപ്പിന്റെ ആദ്യസംഗീത പരിപാടി തേവര ഓള്‍ഡ് ഏജ് ഹോമില്‍ ഇവര്‍ നടത്തിയിരുന്നു. ഈ പ്രോഗ്രാമിന്റെ വന്‍ വിജയമാണ് ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കച്ചേരിപ്പടി പ്രോവിഡന്‍സ് റോഡില്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ ഏപ്രില്‍ 22 ന്് അടുത്ത സംഗീത പരിപാടി അരങ്ങേറുന്നു. ഞായറാഴ്ച രാവിലെ പത്തുമണിമുതല്‍ 12 മണിവരെയായിരിക്കും സംഗീത പരിപാടി അരങ്ങേറുന്നത്. 
ഗായകരായ ശശിധരന്‍, രവികുമാര്‍, പ്രിജി ദാസ്, മണിക്കുട്ടന്‍, പ്രദീഷ് ഗോപി, പ്രവീണ്‍, സിദ്ധാര്‍ത്ഥ് നന്ദകുമാര്‍, ജയശ്രീ ബാലകൃഷ്ണന്‍ തുടങ്ങിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റെ ഗാനങ്ങള്‍ മാത്രമാണ് സംഗീത പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റുപല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. അതില്‍ ഒന്നാണ് സംഗീതം പഠിക്കുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സംഗീത ഉപകരണം വാങ്ങിനല്‍കുക എന്നതാണ് അതില്‍ ഒന്ന്. 
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പേരില്‍ ഈ ഗ്രൂപ്പ് ഫോം ചെയ്തിട്ട് മൂന്നര വര്‍ഷത്തിലേറെയായി. ഏകദേശം 15 പേര്‍ അടങ്ങിയ ഒരു കമ്മറ്റിയ്ക്ക് ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഗ്രൂപ്പിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത, ഇതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രം മലയാളിയല്ല, മറിച്ച് തമിഴ്‌നാട്ടുകാരന്‍ ആണെന്നതാണ്. ദാസേട്ടനോടുള്ള സ്‌നേഹം ജീവവായു പോലെ കൊണ്ടുനടക്കുന്ന, കേവലം 25 വയസ് മാത്രം പ്രായമുള്ള തമിഴ്‌നാട്ടുകാരനായ പുരുഷോത്തമന്‍. ഇദ്ദേഹം തന്നെയാണ് ഈ ഗ്രൂപ്പിന്റെ സെക്രട്ടറിയും. ദാസേട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബെന്നി ജോസഫ് ജനപക്ഷമാണ് ഈ ഗ്രൂപ്പിന്റെ രക്ഷാധികാരി. ജയശ്രീ ബാലകൃഷ്ണനാണ് പ്രസിഡന്റ്. രാധാകൃഷ്ണന്‍ എസ് പിള്ള (ട്രഷറര്‍), രതീഷ് സുഭാഷ് (വൈസ് പ്രസിഡന്റ്) തുടങ്ങിയവരാണ് മറ്റു ഭാരവാഹികള്‍. 
വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടുമാസത്തില്‍ ഒരിക്കല്‍ സാന്ത്വന സംഗീത സായാഹ്നം സംഘടിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഗ്രൂപ്പിന്റെ അടുത്ത സംഗീത പരിപാടിയാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ ഈ ഞായറാഴ്ച (April 22) നടക്കുന്നത്. മറ്റുനിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്താന്‍ ഈ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. 
ജനപക്ഷം ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തോടുകൂടി ഈ സ്‌നേഹസംഗമം സമാപിക്കും. 

Tags: K J Yesudas, Thevara Oldage home, House of Providence, songs of K J Yesudas, Whatsapp group for KJ Yesudas

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു