Header Ads

ചെകുത്താന്റെ വക്കീല്‍ ആളൂരെത്തുന്നു, പിണറായിയിലെ സൗമ്യയ്ക്കു വേണ്ടിയും....!



പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യ(28)യ്ക്കു വേണ്ടി വാദിക്കാന്‍ ചെകുത്താന്റെ വക്കീലായ അഡ്വ. ആളൂര്‍ (ബിജു ആന്റണി ആളൂര്‍) എത്തുന്നു. സൗമ്യക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി. കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു. തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.

ആളൂരിന്റെ പേര് ഏറെ ചര്‍ച്ച ചെയ്തത് തൃശൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യവെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണുമരിച്ച സൗമ്യയുടെ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായപ്പോഴായിരുന്നു. ഭിക്ഷക്കാരനായ ഗോവിന്ദച്ചാമിക്കു വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്ന ആളൂര്‍ വക്കീല്‍ എത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജിഷാ കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ വക്കീലായി. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കായും ഹാജരായി. ഇപ്പോള്‍, പിണറായിയില്‍ സൗമ്യയ്ക്ക് വേണ്ടിയും ഹാജരാകുന്നു. കൊടും കുറ്റവാളികളുടെ വക്കീല്‍ ആകുന്നതുവഴി ലഭിക്കുന്ന കുപ്രസിദ്ധിയാണോ ഇത്തരം കേസുകള്‍ വാദിക്കാന്‍ ആളൂരിനെ പ്രേരിപ്പിക്കുന്നത്...?? അതോ ഈ കുറ്റവാളികളെ സഹായിക്കുന്ന മറ്റാര്‍ക്കെങ്കിലും വേണ്ടിയോ........???

അതേസമയം, സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. സൗമ്യയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലാകും അറസ്റ്റ്. ആറു വര്‍ഷം മുമ്പ് ഇളയകുട്ടി മരിച്ചത് കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇനിയും ആയിട്ടില്ല. സൗമ്യയുടെ മുന്‍കാലചരിത്രമറിയുകയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാള്‍ക്കെതിരേ നിലവില്‍ തെളിവുകളൊന്നുമില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.

പ്രതിയായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇവരുടെ അമ്മ കമല, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണത്തിലാണ് നിലവില്‍ പ്രതിചേര്‍ത്തത്. മകള്‍ ഐശ്വര്യയുടെ മരണത്തില്‍ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളില്‍ യുവതി പ്രതിയാകും. മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

കിഷോറിന്റെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ സൗമ്യയോടും ചോദിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെയാണ് വക്കീലായി ആളൂരെത്തുന്നുവെന്ന വാര്‍ത്ത ചര്‍ച്ചായകുന്നത്. കൊടുങ്ങല്ലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത കിഷോറിനെ വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിലെത്തിച്ചാണ് ചോദ്യംചെയ്യുന്നത്. പലകാര്യങ്ങളിലും സൗമ്യയുടെ മൊഴിക്ക് വിരുദ്ധമാണ് കിഷോറിന്റെ മൊഴി. മൊഴിയിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിനൊടുവില്‍ മാത്രമേ ഇളയ കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് പൊലീസ് ഉറപ്പിക്കൂ. മൂത്ത മകള്‍ ഐശ്വര്യ മരിച്ചപ്പോള്‍ പിണറായിയില്‍ വന്നിരുന്നില്ലെന്ന് ഇയാള്‍ തലശ്ശേരി സിഐ. കെ. ഇ. പ്രേമചന്ദ്രന്‍ മുമ്പാകെ മൊഴിനല്‍കി. മരിച്ചതറിഞ്ഞില്ലെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്.

'ഇളയ മകള്‍ കീര്‍ത്തന മരിച്ചത് ഒന്നരവയസ്സുള്ളപ്പോവാണ്. മകള്‍ക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ അസുഖമുണ്ടായിരുന്നു. കാതുകുത്ത് കഴിഞ്ഞതു മുതല്‍ കുഞ്ഞ് കരച്ചിലായിരുന്നു. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് കുടുംബബന്ധം തകര്‍ത്തത്,' ഇങ്ങനെയാണ് കിഷോറിന്റെ വെളിപ്പെടുത്തല്‍. ഒന്നിച്ചുകഴിയുന്നതിനിടയില്‍ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. ഒന്നിച്ചുതാമസിക്കാന്‍ താത്പര്യമില്ലെന്ന് എഴുതിവെച്ച് പിണറായിയിലേക്കു വരികയായിരുന്നു. സൗമ്യക്ക് എലിവിഷം നല്‍കിയിട്ടില്ലെന്നാണ് കിഷോറിന്റെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സൗമ്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ബന്ധുക്കളില്‍ നിന്ന് പോലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കും.

ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവും കേസില്‍ പ്രധാനമാകും. യുവതിയുമായി ബന്ധമുള്ളതിന്റെ പേരില്‍ കഴിഞ്ഞദിവസം ചോദ്യംചെയ്തവര്‍ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇവര്‍ക്കെതിരേ മൊഴിയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു. യുവതിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനും ശ്രമം തുടങ്ങി. ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി യുവതി മൊഴിനല്‍കിയിരുന്നു.

പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്. ഇവരെ കൊല്ലാന്‍ വിഷം വാങ്ങി നല്‍കിയത് സൗമ്യയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പലപ്പോഴായി ഇയാള്‍ വാങ്ങി നല്‍കാറുണ്ടായിരുന്നു. ഇതിന്റെ കൂടെ സൗമ്യയുടെ ആവശ്യപ്രകാരം എലിവിഷം വാങ്ങി നല്‍കിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എലിവിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നു.


.........................................................................

Adv BA Aloor, Pinarayi murder case: Aloor appears for the murderer Soumya, Malayalam News, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.