Header Ads

ഇന്ന് വിഷു.....! എന്റെ കണ്ണുതുറപ്പിച്ച വിഷു.....!!



ഇന്ന് വിഷു.....


എന്റെ കണ്ണുതുറപ്പിച്ച വിഷു.....

ഞാന്‍ കഴിച്ച ഭക്ഷണവും ഞാന്‍ കുടിച്ച പാനീയങ്ങളും വിഷമായിരുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്ന വിഷു....

എന്റെ വീടുവിട്ടു പോന്ന ശേഷം നാളിതുവരെ, സുരക്ഷിതമെന്നു കരുതി ഞാന്‍ കഴിച്ചതത്രയും സുരക്ഷിതമല്ലായിരുന്നു. ഞാന്‍ കരുതി കീടങ്ങളെ അകറ്റാന്‍ വേണ്ടി തളിക്കുന്നതും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും നിറവും മണവും കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളും മാത്രമാണ് വിഷമെന്ന്.... പക്ഷേ, രാസവളങ്ങളും മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കുന്നു എന്ന് എനിക്കു മനസിലാക്കിത്തന്നത് ജൈവകാര്‍ഷികോത്സവം 2018 ആണ്.

ആരോടെല്ലാമാണ് ഞാന്‍ നന്ദി പറയേണ്ടത്....??? എന്നെ ഈ മേളയിലേക്കു ക്ഷണിച്ച ബെന്നി ചേട്ടനോട് (ബെന്നി ജോസഫ് ജനപക്ഷം). പിന്നെ, മേളയുടെ ജീവാത്മാവായി നിന്ന നാസര്‍ക്ക, അബ്ബാസിക്ക തുടങ്ങിയവരോട്..... പ്രശാന്ത് അച്ചന്.... ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്.... പിന്നെ ട്രസ്റ്റിന്റെ ഭാഗമായ എല്ലാവര്‍ക്കും... (പേരെടുത്തുപറയാന്‍ ധാരാളമുണ്ട്. പേരറിയാത്തവരും...) 

എങ്കിലും...,

എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും എന്നോടൊപ്പമുണ്ടായിരുന്ന കുഞ്ഞനുജന്‍ അഹമ്മദ് തന്‍സിക്ക്...... പിന്നെ ഒരു കൂട്ടായി കൂടെയുണ്ടായിരുന്ന ഷിഫാനയ്ക്കും....... നന്ദി, നന്ദി മാത്രം..

മേള കഴിഞ്ഞു, ഒരു ശൂന്യത പോലെ.... സ്വന്തം കുടുംബത്തില്‍ നിന്നും ഇറങ്ങിപ്പോന്ന പോലെ.... ആരെല്ലാമോ ചുറ്റിലുമുണ്ടായിരുന്നു.... ഉത്സവം പോലെ നാലു ദിവസങ്ങള്‍ കഴിഞ്ഞുപോയി. 18 വയസുപോലും തികയാത്ത ജൈവകര്‍ഷകര്‍...... ഞാന്‍ ജീവിക്കുന്ന ഈ കേരളത്തില്‍ ഇങ്ങനെയും ചില നല്ലകാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി.... 

വെറും 19 വയസ് മാത്രം പ്രായമുള്ള സൂരജ് അപ്പു. സ്വന്തം ബ്രാന്‍ഡില്‍ അരി വിപണിയില്‍ ഇറക്കുകയാണ് ഈ കുട്ടി. സ്വരൂപ്, രഞ്ജു തുടങ്ങിവരുടെ പ്രവര്‍ത്തനങ്ങളും അത്ഭുതത്തോടെ മാത്രമേ എനിക്കു കാണാന്‍ കഴിയുന്നുള്ളു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ഞാന്‍ സ്വയം ചിന്തിക്കുന്നു, പാഴായിപ്പോയോ എന്റെ ജന്മം.......????

വൃക്ക രോഗം ബാധിച്ച ഒരു രോഗിക്ക് സ്വന്തം വൃക്ക നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വലിയ മനുഷ്യന്റെ സാന്നിധ്യം കൊണ്ടുകൂടി ധന്യമായിരുന്നു ഈ മേള. ഈ ഉത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലൂടെ മിന്നിമറിഞ്ഞ ചിന്ത എന്തായിരിക്കും...?? ഹരിതവിപ്ലവത്തിന്റെ പേരില്‍, നമ്മുടെ പൂര്‍വ്വികര്‍ നമുക്കു നല്‍കിയ കൃഷിവിജ്ഞാനം പാടെ ഉപേക്ഷിച്ച് രാസ-വിഷകൃഷിയിലേക്കു മാറിയതാണ് സ്വന്തം വൃക്കയുടെ നഷ്ടത്തിലേക്ക് എത്തിച്ചത് എന്ന് അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ....?? ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കൊരു നിമിഷം നോക്കി. എന്നത്തേയും പോലെ ആ മുഖം പ്രസന്നമായിരുന്നു. കണ്ണുകളില്‍ പ്രകാശവും. ഏതെല്ലാം തരത്തിലാണ് വിഷം മനുഷ്യശരീരത്തിലെത്തുന്നതെന്നും ആന്തരീകാവയവങ്ങളെ തകരാറില്‍ ആക്കുന്നതെന്നും അദ്ദേഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ടാവണം. ആ കണ്ണുകളില്‍ തുളുമ്പി നിന്നത് ആ തിരിച്ചറിവാകാം....

ജസ്റ്റിസ് ഹരിഹരന്‍ നായര്‍ എന്ന മഹത് വ്യക്തിയെ അടുത്തറിയാന്‍ ഒരവസരം കൂടി ലഭിച്ചു. ഒപ്പം ഇതുപോലെ അനവധി വ്യക്തിത്വങ്ങള്‍. ജൈവകാര്‍ഷികോത്സവം 2018 ന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജസ്റ്റിസ് ഹരിഹരന്‍ നായര്‍, സണ്ണി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം.

മേളയ്ക്കു കൊഴുപ്പേകാന്‍ എത്തിയ കൃതിക, പ്രിയ അച്ചു, രാജീവ് ആലുങ്കല്‍, കൊച്ചിന്‍ മന്‍സൂര്‍, ക്യാപ്റ്റന്‍ രാജു, തുടങ്ങിയവരെയും നന്ദിയോടെ സ്മരിക്കുന്നു....

ഈ ചെറിയ കൂട്ടായ്മ വളര്‍ന്നുവലുതാവണം. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിലേക്കു വരണം. നഷ്ടപ്പെട്ടുപോയ നന്മ നമുക്കു തിരിച്ചു പിടിക്കണം....

എല്ലാറ്റിനും നന്ദി.... 

നാസര്‍ക്ക.... ഇഷ്ടം മാത്രം.... ഒരു ജ്യേഷ്ഠ സഹോദരനോടെന്ന പോലെ.... ദൈവം ആയുസും ആരോഗ്യവും നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....


ജെസി തുരുത്തേല്‍
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട് കോം

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.