തെറ്റു ചെയ്താല്‍ പൗരോഹിത്യവും ചോദ്യം ചെയ്യപ്പെടണം
എന്തുകൊണ്ടോ, സീറോ മലബാര്‍ സഭയുടെ എറണാകുളം അതിരൂപതയുടെ ആര്‍ച്ചു ബിഷപ്പ്
ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ വാക്കുകള്‍ പലതും പൊതുസമൂഹത്തില്‍
തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ട് എന്നുള്ള യാഥാര്‍ഥ്യം അദ്ദേഹം സ്വയം
മനസ്സിലാക്കുകയോ, ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍
പറഞ്ഞുകൊടുക്കുകയോ ചെയ്യെണ്ടതാണ്. ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശങ്ങള്‍
പിതാക്കന്മാര്‍ നടത്തുമ്പോള്‍ അത് വിശുദ്ധ വേദപുസ്തകത്തെ മാത്രം
ആസ്പദമാക്കിയും തന്റെ പ്രസംഗത്തിലൂടെ ക്രിസ്തു നമുക്കായി ക്രൂശില്‍
തറയ്ക്കപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനകള്‍ മനുഷ്യമനസ്സില്‍
ഓര്‍മ്മപുതുക്കലിന്റെയും, അനുതാപത്തിന്റെയും ചിന്തകള്‍
നല്കുന്നതായിരിക്കണം. അതല്ലാതെ തന്റെ പ്രവര്‍ത്തികളെ ന്യായികരിക്കുന്നതും,
രാജ്യത്തിന്റെ നിയമങ്ങള്‍ ദൈവീക നീതിക്ക് അനുസരിച്ചല്ലെന്നും പറയുന്നത്
നിയമവ്യവസ്ഥകളോടുള്ള ഒരുതരം ചോദ്യം ചെയ്യലുമാണ്.
രാജ്യത്തിന്റെ നിയമങ്ങള്‍ ഒരു ദൈവവിശ്വാസിക്ക് യോജിച്ചതുതന്നെയാണ്.
അന്യായമായി സ്വത്ത് സമ്പാദിക്കുകയും അത് ക്രയവിക്രയത്തിലൂടെ ലാഭം
ഉണ്ടാക്കുകയും ചെയ്യരുത് എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്.
ഇതുതന്നെയാണ് രാജ്യത്തെ നിയമ വ്യവസ്ഥ എല്ലാ സമൂഹത്തിനും ഉള്‍ക്കൊള്ളാവുന്ന
രീതിയില്‍ എഴുതി വെച്ചിട്ടുള്ളതും. ദൈവീക നീതിക്ക് അനുസരിച്ചുള്ള പ്രേഷിത
പ്രവര്‍ത്തനം ആണോ ഇന്ന് ഇടയന്മാര്‍ നടത്തുന്നത്? അന്യായമായി സ്വത്തുക്കള്‍
സമ്പാദിച്ച് അതിന്റെ അധിപന്‍ ആകുവാന്‍ ക്രിസ്തു പഠിപ്പിച്ചിട്ടുണ്ടോ?
ചുങ്കക്കാരനായ സഖായി ക്രിസ്തുവിനെ കാണുവാന്‍ ആഗ്രഹിച്ചു. ക്രിസ്തു
സഖായിയുടെ ഭവനത്തിലേക്ക് ചെന്നപ്പോള്‍ ചുങ്കക്കാരനില്‍ മാറ്റം ഉണ്ടായി.
അന്യായമായി സമ്പാദിച്ചത് ദരിദ്രര്‍ക്ക് കൊടുക്കുവാന്‍ സഖായി തയ്യാറാകുന്നൂ.
നമ്മുടെ പിതാക്കന്മാര്‍ ആരും തന്നെ ക്രിസ്തുവിനെ കാണുവാന്‍
ആഗ്രഹിക്കുന്നില്ല എന്നതല്ലേ സത്യം. ക്രിസ്തുവിനെ ഇവര്‍ കണ്ടിരുന്നെങ്കില്‍
ഇവര്‍ സഭാവിശ്വാസികളില്‍ നിന്നും ഓരോന്നും പറഞ്ഞുകൊണ്ട് പിരിവ് എടുത്ത്
സമ്പാദിച്ചതൊക്കെയും സമൂഹത്തില്‍ യാതന അനുഭവിക്കുന്നവര്‍ക്കായി
വീതിച്ചുകൊടുക്കുമായിരുന്നില്ലേ? ലാഭക്കൊതി മൂത്ത് ആതുര ശുശ്രുഷയുടെ പേരില്‍
പാവപ്പെട്ടവനെ കൊള്ളയടിക്കുമായിരുന്നോ?
പൗരോഹിത്യം യാതനയുടെയും സഹിഷ്ണതയുടെയും പര്യായമാകുന്നൂ എന്നാണ്
പൂര്‍വ്വപിതാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്. അതെ അവരുടെ ജീവിതം
അതുതന്നെയായിരുന്നു. ഒരു നേരത്തെ അന്നത്തിനായി ക്ലേശിച്ചിട്ടുള്ളവരും,
തന്റെ വിശപ്പ് മറ്റുള്ളവരെ അറിയിക്കാതെയും തന്റെ ഒപ്പം ഉള്ളവര്‍ക്കും
വിശന്നുവരുന്നവര്‍ക്കും അന്നം നല്‍കിയ ആത്മീയ ആചാര്യന്മാരുടെ സഭയായിരുന്നൂ
ഭാരതത്തിലെ ക്രൈസ്തവ സഭ. ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ
ഉന്നമനത്തിനായി അഘോരാത്രം പ്രയത്‌നിച്ച്് ഉത്തമ മാതൃക കാട്ടിയ
പിതാക്കന്മാര്‍ രാജ്യത്തിന് തന്നെ അഭിമാനമായിരുന്നൂ. അതുകൊണ്ടുതന്നെയാണ്
രാജ ഭരണകാലം നിലനില്ക്കുമ്പോളും, പിന്നീട് ജനാധിപത്യ വ്യവസ്ഥിതി നിലവില്‍
വന്നപ്പോളും ഭരണകൂടങ്ങള്‍ ക്രിസ്ത്യന്‍ പുരോഹിതരെ ബഹുമാനിച്ചതും അവരെ
ആദരിച്ചതും. എന്നാല്‍ ഇന്നത്തെ സഭയോ?
തനിക്കും തന്റെ സ്വന്തക്കാര്‍ക്കും, ഇഷ്ടക്കാരുടെയും മാത്രം സഭയായി
മാറിയിരിക്കുന്നു. അതിന്റെ അനന്തര ഫലമോ, സഭയിലെ വിശ്വാസികള്‍ സഭയില്‍
നിന്നും അകലുകയും നവീന സഭകളിലേക്ക് അവര്‍ കുടിയേറുകയും ചെയ്യുന്നു.
അവിടെയും പാവപ്പെട്ടവര്‍ വഞ്ചിതരാകുന്നു. കൂണുകള്‍ മുളക്കയ്ക്കും പോലെ ആള്‍
ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്നു. പണത്തിന്റെ സ്വാധീനത്തില്‍
സര്‍ക്കാരുകള്‍ക്ക് ഇവരെപ്പോലുള്ളവരെ തൊടുവാന്‍ കഴിയുന്നില്ല. അന്യായമായ പണ
ശ്രോതസ്സിന്റെ ഉറവിടം കണ്ടുപിടിക്കുവാന്‍ രാഷ്ട്രീയ സര്‍ക്കാരുകള്‍ക്ക്
കഴിയുന്നില്ല. എല്ലാ മതപുരോഹിതന്മാരും സുഖലോലുപതയുടെ നറുവീഞ്ഞുനുകരുന്നൂ,
എന്നാല്‍ ഇന്നും ചിലരെങ്കിലും ദൈവീക രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ട
ജീവിതം നയിക്കുന്നുണ്ട് എന്നുള്ള സത്യം വിസ്മരിക്കുന്നില്ല. സീറോ മലബാര്‍
സഭയുടെ എറണാകുളം അതിരൂപതയിലെ വൈദീകരെപ്പറ്റി വ്യാപകമായ പരാതികള്‍
വിശ്വാസികളില്‍ നിലനില്ക്കുന്നുണ്ട്.
പൗരോഹിത്യത്തെ ചോദ്യം ചെയ്യരുത് എന്നുള്ള വചനത്തെ പറഞ്ഞുകൊണ്ട്
വിശ്വാസികളില്‍ ഒരുതരം ഭയത്തെ ഉണ്ടാക്കിയെടുത്തു. ഇവിടെ ചോദ്യം ചെയ്യുന്നത്
പൗരോഹിത്യത്തെ അല്ല. പുരോഹിത വേഷം ധരിച്ചുകൊണ്ട് ഇവര്‍ കാട്ടുന്ന
അനീതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഒരു തൊഴിലായും ഉപജീവനമായും
പൗരോഹിത്യത്തെ ചിലര്‍ കണ്ടുകൊണ്ട് ഇതിലേക്ക് കടന്നുവന്ന കാലം മുതലാണ്
പൗരോഹിത്യത്തിന് മൂല്യശോഷണം സംഭവിച്ചത്. ഇങ്ങനെയുള്ളവരാണ് സാമ്പത്തിക
ക്രമക്കേടിലും അനാശാസ്യപരമായ കാര്യങ്ങളിലും അറിഞ്ഞോ അറിയാതെയോ
ഉള്‍പ്പെട്ടത്. ഇവരെ നിയന്ത്രിക്കുവാന്‍ അവരുടെ നേതൃത്വത്തിനും കഴിയാതെ
പോകുന്നു. ഇത് വലിയ ഒരു പ്രതിസന്ധിയിലേക്ക് ആണ് ഓരോ സഭയും നീങ്ങുന്നത് എന്ന
സത്യം ഇവര്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എക്കാലവും വിശ്വാസികളില്‍ ഭയം ഉളവാക്കി അവരെ കൂടെ നിര്‍ത്താം എന്നുള്ള
ചിന്ത വെടിഞ്ഞ്് അവരോടൊപ്പം നില്ക്കുന്ന പുരോഹിതരെ മാത്രമേ വിശ്വാസികള്‍
ഇനിയുള്ള കാലം അംഗീകരിക്കൂ എന്ന സത്യം മനസ്സിലാക്കി ജനങ്ങളിലേക്ക്
ഇറങ്ങിവരുവാന്‍ ഇവര്‍ തയ്യാറാകണം. അതല്ലാതെ വര്‍ഷത്തില്‍ ഒരിക്കല്‍
കാല്‍കഴുകല്‍ ശുശ്രുഷ നടത്തിയാല്‍ മാത്രം അത് ക്രിസ്തുവിന്റെ
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പാത ആവുകയില്ല.
സന്തോഷ് പവിത്രമംഗലം
Tags: Christian priests, priests in India are also liable to obey the law of this nation.
അഭിപ്രായങ്ങളൊന്നുമില്ല