Header Ads

തൃശൂരില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു



തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ ചുട്ടു കൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ഗീതുവിനെയാണ് ഭര്‍ത്താവ് വിരാജ് തീ കൊളുത്തി കൊന്നത്. കുടുംബശ്രീ യോഗത്തിന് ശേഷം ഗീതു പുറത്തിറങ്ങിയപ്പോഴാണ് വിരാജ് തീ കൊളുത്തിയത്. മോനൊടി കണ്ണോളി ജനാര്‍ദ്ദനന്റെ മകളാണ് ഗീതു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ യുവതി മരണത്തിന് കീഴടങ്ങി.

ഗീതുവിനെ തീ കൊളുത്തുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും നാട്ടുകാര്‍ ഇടപെട്ടില്ല. പെട്രോളൊഴിച്ചാണ് വിരാജ് ഭാര്യയെ തീ കൊളുത്തിയത്. അപ്പോഴെല്ലാം നാട്ടുകാര്‍ നിസംഗമായി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഗീതുവിനെ തീകൊളുത്തിയ ശേഷം വിരാജ് ഒളിവില്‍ പോയി. ഞായറാഴ്ച കുടുംബശ്രീ യോഗം കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. 

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജിന്റെ വീടിന് മുന്നില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവുമായി പിണങ്ങിയ ഗീതു മോനൊടിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ലോണെടുത്ത പണം തിരികെ നല്‍കാന്‍ ചെങ്ങാലൂരിലെ കുടുംബശ്രീ യൂണിറ്റിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പിതാവിനൊപ്പമായിരുന്നു ഗീതു എത്തിയത്. യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ഗീതുവിനെ വീടിന് മുന്നില്‍ കാത്തു നിന്നാണ് വിരാജ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ഗീതു വീടിന് മുന്നിലെത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന കന്നാസിലെ പെട്രോള്‍ ഇവരുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുതയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. കണ്ടുനിന്ന നാട്ടുകാരാരും തന്നെ ഗീതുവിനെ രക്ഷിക്കാന്‍ ശ്രമിച്ചതുമില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകാനും നാട്ടുകാര്‍ സഹായിച്ചില്ല. യുവതിയുടെ അച്ഛനും ഓട്ടോ ഡ്രൈവറും കൂടിയാണ് യുവതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കേ ഇന്നു രാവിലെയായിരുന്നു മരണം. മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോട് കൂടി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഒളിവില്‍ പോയ വിരാജിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തീ കൊളുത്തുന്നത് കണ്ടിട്ടും ആരും തടയാനെത്തിയില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കി. കുടുംബശ്രീ യോഗത്തിന് വന്ന 20-ലേറെ പേര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരും തടഞ്ഞില്ല. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിരാജുവും ഗീതുവും സംയുക്തമായി വിവാഹ മോചനത്തിനായി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞ് താമസിക്കു ആയിരുന്നു. കുടുംബശ്രീ യോഗത്തിന് ഗീതു എത്തുമെന്ന് മനസ്സിലാക്കിയ വിരാജ് ഇവരെ കാത്തിരുന്നു കൊല്ലുകയായിരുന്നു. പെണ്‍കുട്ടി അച്ഛനൊപ്പമാണ് കുടുംബശ്രീ യോഗത്തിനെത്തിയത്. ഞായറാഴ്ച മുതല്‍ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ സംസ്ഥാനം വിട്ട് പോയതായാണ് സൂചന. പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.