Header Ads

സംശയമുനയില്‍ പ്രതിപക്ഷം


കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജില്‍ പിന്‍വാതിലിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി കാര്യത്തില്‍ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരുപോലെ ആശങ്ക. അവിടെ മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. അവരുടെ പഠിത്തം തടസ്സം കൂടാതെ നടക്കണം. എന്നാല്‍ പഠിത്തത്തില്‍ ഒട്ടും മോശമല്ലാത്തതും, പാവപ്പെട്ടവന്റെയും കുട്ടികള്‍ നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്ത് നന്നായി പഠിച്ച്് ജോലി കരസ്ഥമാക്കി. എന്നാല്‍ അവരുടെ കഷ്ടപ്പാടോ, പ്രതിഫലമോ ഇവിടുത്തെ വലതോ, ഇടതോ കണ്ടില്ലെന്ന് നടിക്കുന്നു. 

മാസങ്ങളായി ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാര്‍ സമരം ചെയ്യുന്നു. കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും സമരം നടന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ ആ പാവപ്പെട്ട ജീവനക്കാര്‍ക്ക് ശരിയായ പിന്തുണ ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആ സമരത്തിന് ഒരു പിന്തുണ നല്കിയില്ല. സ്വകാര്യ സ്ഥാപന മുതലാളിമാരുടെ ഇഷ്ട്ടത്തിനു വഴങ്ങി നഴ്‌സുമാരുടെ സമരം കണ്ടില്ലെന്ന് നടിച്ചൂ. നഴ്‌സുമാരുടെ സമരത്തിനോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ഇപ്രകാരം ആണെങ്കില്‍ സര്‍ക്കാരിന്റെ മദ്യ നയത്തോടും പ്രതിപക്ഷം മൃദുസമീപനം ആണ് സ്വീകരിച്ചത്. 

മുന്‍സര്‍ക്കാര്‍ വളരെ കൊട്ടിഘോഷിച്ച്് നടപ്പാക്കിയ മദ്യനയം അപ്പാടെ പൊളിച്ച് എഴുതി പഞ്ചാത്തുതോറും മദ്യഷാപ്പുകള്‍ തുറക്കുവാന്‍ അനുവാദം നല്കിയിരിക്കുന്നൂ. ഇങ്ങനെയൊരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വരണമെങ്കില്‍ മദ്യലോബികള്‍ പണം ഒഴുക്കിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടുവാനും മദ്യലോബികള്‍ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. 

മദ്യപാനം കൊണ്ട് കടക്കെണിയിലും ദാരിദ്രത്തിലും ആകുന്ന കുടുംബങ്ങള്‍ അനേകം. അവിടുത്തെ കുടുംബിനികള്‍ക്കൊപ്പം നിന്നുകൊണ്ട് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എതിരെ പ്രതികരിക്കുവാന്‍ കഴിയാതെപോകുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നൂ. കേരളസര്‍ക്കാര്‍ കടക്കെണിയില്‍ ആണെന്നു പറയുകയും പാവപ്പെട്ടവന്റെ സാധാരണ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുമ്പോള്‍ തന്നെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രതിമാസ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ശമ്പളവര്‍ദ്ധനവിനായി ആര്‍ക്കും സമരം ചെയ്യെണ്ടി വന്നില്ല. പ്രതിപക്ഷ എം എല്‍ എ മാരില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ യാതൊരു ഉളുപ്പും ഇല്ലാതെ അധികമുള്ള തുക കീശയില്‍ ആക്കി. ഒപ്പം ചികിത്സാചെലവ്, മറ്റ് ആനുകൂല്യങ്ങള്‍ അങ്ങനെ ഒരു ജനപ്രതിനിധിയെ തീറ്റിപോറ്റുവാന്‍ പാവപ്പെട്ടവന്റെ നികുതിപ്പണം ഒഴുക്കുകയാണ്. 

ഇത്രയധികം പ്രതിഫലം വാങ്ങുവാന്‍ എന്ത് പണിയാണ് ഇവര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്നത് എന്നുകൂടി സ്വയം ചിന്തിക്കുന്നതും അത് ജനങ്ങള്‍ക്ക് മനസ്സിലാക്കി തരുന്നതും നല്ലതായിരിക്കും. മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കോടതി വിധി വരുന്നതിന് തൊട്ടുമുമ്പ് തിടുക്കത്തില്‍ അതിനെ മറികടക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുവാന്‍ കാട്ടിയ തിടുക്കത്തെ ജനങ്ങള്‍ സംശയ ദൃഷ്ടിയോടുകൂടി തന്നെയാണ് കാണുന്നത്. പ്രതിപക്ഷവും അതിനോട് ഒപ്പം കൂടി. അതില്‍നിന്നും ഒരു യുവ എം എല്‍ എ വിട്ടുനിന്നത് അഭിനന്ദനാര്‍ഹം തന്നെ. മെഡിക്കല്‍ പ്രവേശനത്തില്‍ എടുത്ത നിലപാടിന്റെ പേരിലും മറ്റു ചില പൊതുസമീപനങ്ങളിലും ജനങ്ങളോടൊപ്പം നിന്നതിന്റെ പേരിലും മുതിര്‍ന്ന നേതാക്കളുടെ ഭാവിക്ക് ഭീഷണിയാകും എന്നുള്ള ഭയം കൊണ്ടും ഈ യുവ എം എല്‍ എ യ്ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. അതാണ് ഇന്നത്തെ രാഷ്ട്രീയത്തില്‍ നടന്നുവരുന്നത്. ഒത്തുരാഷ്ട്രീയം ഒരു നാടിന്റെ നന്മക്ക് ഭൂഷണം അല്ലാ എന്നുള്ള യാഥാര്‍ഥ്യം രാഷ്ട്രീയ നേതാക്കള്‍ മറക്കാതിരിക്കുന്നത് നന്ന്.

സന്തോഷ് പവിത്രമംഗലം.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.