Header Ads

ആള്‍ദൈവം ആശാറാം ബാപ്പു കുറ്റവാളിയെന്ന് കോടതി വിധി



ജയ്പുര്‍: പതിനാറുകാരിയെ ആശ്രമത്തില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വിവാദ സ്വാമി ആശാറാം ബാപ്പു കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചു. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് ഇയാള്‍ കുറ്റക്കാരനാണ് എന്നു വിധിച്ചത്. ആശാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന പൊലീസിന്റെ അപേക്ഷ പ്രകാരം പ്രത്യേക ജയിലില്‍ വച്ചുതന്നെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജോധ്പൂരിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആശാറാം ബാപ്പുവിനോടൊപ്പം കൂട്ടുപ്രതികളായ രണ്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എല്ലാവരുടേയും ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

Asaram and Son

വിവാദ സ്വാമി ആശാറാമിന്റെ പീഡനക്കേസില്‍ വിധിവരുന്നതോടെ അനുയായികള്‍ അക്രമത്തിലേക്ക് തിരിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തല്‍ ജോധ്പൂരില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇതുകൊണ്ടാണ് ആശാറാമിനെ തടവിലാക്കിയിരിക്കുന്ന ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചുതന്നെ വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. ജോധ്പൂര്‍ നഗരത്തില്‍ 21ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കുറെക്കൂടി ശക്തമാക്കി.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ ആശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നു. ആശാറാമിനെ സംരക്ഷിക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് വിധി വരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ വേറെ കേസുകളുമുണ്ട്.

പീഡനക്കേസുകളില്‍ പെട്ട് കഴിഞ്ഞവര്‍ഷം ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് സിങ്ങ് അകത്തായിരുന്നു. ഇയാളെപ്പോലെതന്നെ വിപുലമായ അനുയായികളാണ് ആശാറാമിനും ഉള്ളത്. ഗുര്‍മീതിനെ ശിക്ഷിച്ച ദിവസം ഇയാളുടെ അനുയായികള്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ അക്രമം അഴിച്ചുവിട്ടു. അക്രമസംഭവങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ആശാറാമിന്റെ വിധി പ്രസ്താവം ജയിലിനകത്തുതന്നെ ആക്കിയത്. പൊലീസ് നല്‍കിയ ഹര്‍ജിയില്‍ ജയിലിനുള്ളില്‍ തന്നെ വിധി പ്രഖ്യാപിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആള്‍ദൈവങ്ങളായി വിലസുന്ന കൊടുംകുറ്റവാളികളെ സംരക്ഷിച്ച് പൂജിച്ച് കൊണ്ടുനടക്കുന്ന പ്രതിഭാസം ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും കാണില്ല. ഇവരുടെ പേരില്‍ തെരുവു യുദ്ധങ്ങള്‍ അരങ്ങേറുന്നതും അതിനു തടയിടാന്‍ സര്‍ക്കാരിനു കഴിയാത്തതും വലിയ നാണക്കേടു മാത്രമല്ല, ഭരണകൂടത്തിന്റെ കഴിവില്ലായ്മ കൂടിയാണ്. 

Tags: Asaram Bapu, Jodhpur court, Asaram Bapu's case, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.