Header Ads

ഞാന്‍ വെറുമൊരു നമ്പറല്ല....! ഇരയെന്ന ലേബലില്‍ എന്നെ ഒതുക്കരുത്...!! പുതിയ ക്യാമ്പെയ്‌നുമായി സോഷ്യല്‍ മീഡിയ
ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല....! സോഷ്യല്‍ മീഡിയയില്‍ പുതിയ കാമ്പെയ്‌നാണ് ഇത്. രശ്മി ആര്‍ നായരും മാധ്യമ പ്രവര്‍ത്തകയായ ഷാഹിനയും അടക്കമുള്ളവര്‍ അണി ചേരുന്ന പുതിയൊരു ക്യാമ്പെയ്ന്‍. കത്വയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിന്റെ ചിത്രങ്ങളും പേരും മാധ്യമങ്ങല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടുമായി കോടതി രംഗത്തെത്തി. പെണ്‍കുട്ടിയുടെ ചിത്രവും പേരും നല്‍കുന്നതിനെതിരെയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഹാഷ് ടാഗ് കാമ്പൈന്‍. #IamNOTjustAnumber എന്ന ഹാഷ് ടാഗിന് പിന്നില്‍ നിരവധി സ്ത്രീകള്‍ അണിചേരുന്നുണ്ട്.

കൊല്ലപ്പെട്ടാല്‍ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിന്‍ മേല്‍ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാര്‍ത്ത വായിച്ചു. മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാല്‍ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേല്‍ ഒരു കൊടുംകുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല. ബലാത്സംഗമെന്ന നികൃഷ്ട പ്രവര്‍ത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മുഖം പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നും മായ്ക്കാന്‍ ഞാന്‍ ഈ സമൂഹത്തെ അനുവദിക്കില്ല.


ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷന്മാരില്‍ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്ഥതയെങ്കിലും ബാക്കി നിര്‍ത്താതെ സോഷ്യല്‍ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സധൈര്യമായി കഴിയാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പോകുന്നത്? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്? എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങള്‍ അടയാളപ്പെടുത്താന്‍ പോകുന്നത്? ഞാന്‍ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരില്‍ ഏതോ ഒരാള്‍?

എനിക്ക് സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറല്ല ഞാന്‍. ഞാനിവിടെ രക്തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷന്മാരാണ് എന്റെ ജീവന്‍ പറിച്ചെറിഞ്ഞത്. ഈ കുറ്റകൃത്യത്തില്‍ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോള്‍, എന്നെ ലോകം മറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുവോ? ഞാന്‍ അതിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.

എന്റെ പേരുവിവരങ്ങള്‍ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ ഞാന്‍ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അര്‍ഹതയും മറ്റൊരാള്‍ക്ക് ഞാന്‍ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിര്‍വചനങ്ങള്‍ തുലയട്ടെ. ഇതെന്റെ സഹോദരിമാര്‍ക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്. തെരുവുകളില്‍ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയര്‍ത്തുക. നമുക്ക് ഏവര്‍ക്കും നീതി ലഭിക്കും വരെ... അതിനൊരു നിമിത്തമാകാന്‍ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും... #IamNOTjustAnumber എന്ന ക്യാമ്പെയിനില്‍ ഞാനും പങ്കു ചേരുന്നു. 

ഈ വികാരമാണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീ കൂട്ടായമകള്‍ ഉയര്‍ത്തുന്നത്. ഹാഷ് ടാഗിന്റെ പോസ്റ്റര്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയും ഷെയര്‍ ചെയ്യുന്നുണ്ട്. കത്വ സംഭവത്തോടെ സ്ത്രീ സുരക്ഷയില്‍ ചര്‍ച്ച സജീവമാണ്. രാജ്യത്താകമാനം സ്ത്രീകള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തില്‍ പുതിയ കാമ്പെയ്‌ന് പ്രസക്തി ഏറുകയാണ്. സ്ത്രീ വെറുമൊരു ഉപഭോഗവസ്തുവല്ലെന്നും അവള്‍ക്കും അന്തസും അഭിമാനവുമുണ്ടെന്നും സമൂഹത്തിന് മനസിലാക്കിക്കൊടുക്കുകയാണ് ഈ ക്യാമ്പെയ്‌നിലൂടെ. 


...........................................................

Tags: I am not just a number, #IamNotJustANumber, campaign against using numbers for victims of rape, Shahina, 

No comments

Powered by Blogger.