അമ്മയ്ക്കു മീന്‍ കറിയില്‍, അച്ഛനു രസത്തില്‍, മകള്‍ക്കു ചോറില്‍: പിണറായിയിലെ കൊലകളുടെ ചുരുളഴിയുമ്പോള്‍...!
പിണറായിയിലെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ക്രൂരതയുടെ പര്യായമായി ഒരു
സ്ത്രീ. പോറ്റിവളര്‍ത്തിയ അച്ഛനെയും അമ്മയെയും നൊന്തു പ്രസവിച്ച മകളെയും
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നതിന് സൗമ്യ എന്ന ഇരുപത്തെട്ടുകാരിയെ
പോലീസ് കസ്റ്റഡിയില്‍ എടുത്തു. എലിവിഷം ചോറില്‍ കലര്‍ത്തി മകള്‍ക്കും
മീന്‍കറിയില്‍ കലര്‍ത്തി അമ്മയ്ക്കും രസത്തില്‍ കലര്‍ത്തി അച്ഛനും നല്‍കി.
പിണറായി എന്ന പാര്‍ട്ടി ഗ്രാമത്തില്‍ നടത്തിയ ഈ അരും കൊലകള്‍ തന്റെ ജീവിതം
സുഗമമായി കൊണ്ടുപോകുന്നതിനു വേണ്ടിയായിരുന്നു എന്ന് സൗമ്യ പറഞ്ഞു.
പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു യുവതിയാണ് ഇത്തരത്തില്‍
അരുംകൊലകള്‍ നടത്തിയത്. ഇരുപത്തെട്ടു വയസിനിടെ സൗമ്യ നിരവധി ജോലികള്‍
ചെയ്തു. കല്ലുവെട്ടു മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ സഹായി
ആയിവരെ നിന്നിട്ടുണ്ട്. ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ്
സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായി ജോലിചെയ്യുകയായിരുന്നു ഇപ്പോള്‍. തന്റെ
പരിചയമുപയോഗിച്ച് പല വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ നടത്തിയിട്ടുണ്ട്.
വഴിവിട്ട ജീവിതം സുഗമമായി നടക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കളെ
കൊന്നതെന്ന് സൗമ്യ പോലീസിനോടു വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ പോലീസിന്റെ ചോദ്യങ്ങളോട്
നിസ്സഹകരിക്കുകയാണ് സൗമ്യ ചെയ്തത്. പല സന്ദര്‍ഭങ്ങളിലും പോലീസിനെ
വെല്ലുവിളിക്കുകയും ചെയ്തു. സി ഐയുടെ ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ചും
ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവര്‍ക്കു മുന്നിലും സൗമ്യ ഏറെ നേരം
പിടിച്ചു നിന്നു. ഏകദേശം 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടയില്‍
ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പോലീസ്
വിളിച്ചു വരുത്തി. ഇവര്‍ക്കെതിരെ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ
ഉണ്ടായിരുന്നില്ല. ശാസ്ത്രീയമായ പരിശോധനാ ഫലങ്ങളല്ലാതെ മറ്റൊന്നും തെളിവായി
ഉണ്ടായിരുന്നുമില്ല. പക്ഷേ, സൗമ്യയുമായി ബന്ധപ്പെട്ട പലരും എത്തിയതോടെ
സൗമ്യയ്ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയായി. ഇതോടെ പിണറായിയിലെ
ദുരൂഹമരണങ്ങള്‍ പോലീസ് തെളിയിച്ചു.
വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന്
അന്വേഷണത്തില്‍ വ്യക്തമായതാണ് നിര്‍ണ്ണായകമായത്. എലിവിഷത്തിന്റെ
പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും
കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ
എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷേ
സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ
മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന
ഇല്ലായിരുന്നു. ചര്‍ദ്ദിയാണെന്നു പറഞ്ഞുവെങ്കിലും ആശുപത്രിയില്‍ പോകാന്‍
ആദ്യം ഇവര്‍ കൂട്ടാക്കിയില്ല. ഇത് സംശയത്തിന് ഇട നല്‍കി. സൗമ്യയെ പൊലീസ്
നിരീക്ഷിക്കാന്‍ കാരണമിതാണ്. ഇവരുടെ പ്രവര്‍ത്തികളിലും പോലീസിന് സംശയം
തോന്നി. അങ്ങനെയാണ് പിണറായിയിലെ ക്രൂരത പുറം ലോകം അറിഞ്ഞത്.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ
ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012
സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു
വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും
കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11
മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം
ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ
കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന്
സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍
മൊഴി നല്‍കിയതായാണ് വിവരം.
ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ
ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍
പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന
സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള
നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം
ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍
അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന്
ഉറപ്പിച്ചത്.
തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി
രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട്
സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ
ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല.
എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ
ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ
വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി.
ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി
പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി
ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റസമ്മതവും.
.............................................................................
Tags: Murder in Pinarayi, Soumya is arrested for the murder of her parents and daughter, Unveiling the secret behind a series of murders, Pinarayi party village
അഭിപ്രായങ്ങളൊന്നുമില്ല