ലിഗയുടെ മൃതദേഹം കിട്ടി, ജെസ്‌ന ഇപ്പോഴും കാണാമറയത്ത് തന്നെ
കേരള പോലീസിനെയും സര്‍ക്കാരിനെയും ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടില്‍
നിറുത്തിക്കൊണ്ടാണ് ലാത്വിയ സ്വദേശി ലിഗയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.
വിഷാദ രോഗത്തിനു ചികിത്സ തേടിയാണ് വിദേശി വനിത ലിഗ കേരളത്തില്‍ എത്തിയത്.
ചികിത്സക്കിടെ, കോവളത്തു നിന്നും കാണാതായ ലിഗയുടെ മൃതദേഹം ഒരു മാസത്തിനു
ശേഷം തിരുവല്ലത്തെ കണ്ടല്‍ക്കാടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍
കണ്ടെത്തുകയായിരുന്നു. സഹോദരിയെ കാണാതായതിനു ശേഷം ലിഗയുടെ സഹോദരി ഇലീസ്
മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി. സര്‍ക്കാരും പോലീസും കൈമലര്‍ത്തി.
ഒടുവില്‍, സ്വന്തം രീതിയില്‍ സഹോദരിക്കായുള്ള തിരച്ചില്‍
നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ലിഗയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍, കാമുകനൊപ്പം
പോയിരിക്കാമെന്നു പറഞ്ഞ് പോലീസ് അപമാനിക്കുകയായിരുന്നുവെന്ന് ഇലീസ്
പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നേരിട്ടത് ക്രൂരമായ അപമാനവും
പരിഹാസവുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിയെ കാണാന്‍
അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.
ലിഗയെ കാണാതായി പത്തു ദിവസം കഴിഞ്ഞാണ് പോലീസ് കേസ്
ഗൗരവമായിട്ടെടുക്കുന്നത്. കരഞ്ഞുപറഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തു
നിന്നും ആദ്യ ദിവസങ്ങളില്‍ ഒരു സഹായവും ലഭിച്ചില്ലെന്ന് ലിഗയുടെ
ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, അന്വേഷണത്തിന്റെ നാള്‍ വഴികളില്‍
കേരളീയരില്‍ നിന്നും പിന്തുണയും സഹായവും ലഭിച്ചതായും ലിഗയുടെ ബന്ധുക്കള്‍
പറഞ്ഞു.
Liga and Elees
ജെസ്‌നയ്ക്ക് ലിഗയുടെ വിധി ആകാതിരിക്കട്ടെ....
വിദേശ വനിത ലിഗയുടെ മരണം കേരളത്തെ പിടിച്ചുലക്കുകയാണ്. സമാന
സാഹചര്യത്തില്‍, റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജെസ്‌നയെ
കാണാതായിട്ടും ദിവസങ്ങളായി. പക്ഷേ, ഇതുവരെ ഈ കേസിലും യാതൊരു വ്യക്തതയും
വന്നിട്ടില്ല. തന്റെ മകളെ ആരോ തട്ടിക്കൊണ്ടു പോയി എന്നാണ് ജെസ്‌നയുടെ
പിതാവ് ആരോപിക്കുന്നത്. ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സഹോദരനും.
പ്രേമബന്ധങ്ങളോ മറ്റു സൗഹൃദബന്ധങ്ങളോ ജെസ്‌നയ്ക്ക് ഇല്ല. മൊബൈല്‍ ഫോണ്‍
കോള്‍ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും സംശയിക്കത്തക്ക
യാതൊന്നും കണ്ടെത്തിയിട്ടുമില്ല.
മാര്‍ച്ച് 22ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി
സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന.
അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്. അടുത്ത കൂട്ടുകാരികളും കുറവാണ്.
പനി ബാധിച്ച് കഴിഞ്ഞ ജൂലൈ 5 നാണ് ജെസ്‌നയുടെ അമ്മ മരിച്ചത്. അമ്മയുടെ മരണം
ജെസ്‌നയെ വല്ലാതെ തളര്‍ത്തിയിരുന്നു. പക്ഷേ, തന്റെ സങ്കടങ്ങള്‍ ഈ
പെണ്‍കുട്ടി ആരുമായും പങ്കുവച്ചിരുന്നില്ല.
സഹോദരന്‍ ജെയ്‌സ് ജോണ്‍ ആണ് ജെസ്‌നയെ കോളജില്‍ കൊണ്ടാക്കിയിരുന്നത്.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലാണ് ജെയ്‌സ്
പഠിക്കുന്നത്. സഹോദരന്റെ ബൈക്കില്‍ കോളജിലേക്കു പോകുന്ന ജെസ്‌ന വൈകിട്ട്
ബസിലാണ് തിരികെ വന്നിരുന്നത്. ജെസ്‌നയുടെ ക്ലാസ് നേരത്തെ തീരുന്നതു
കൊണ്ടാണ് ഇത്. ജെസ്‌നയുടെ മൂത്ത സഹോദരിയാണ് ജെഫിമോള്‍.
സ്റ്റഡി ലീവ് ആയതിനാല്‍ വീടിന്റെ വരാന്തയിലിരുന്ന് ഈ പെണ്‍കുട്ടി
പഠിക്കുന്നത് അയല്‍ക്കാര്‍ കാണാറുണ്ടായിരുന്നു. കാണാതായദിവസവും
അയല്‍വാസികള്‍ ഈ പെണ്‍കുട്ടിയെ കണ്ടിരുന്നു. എന്നാല്‍, 9 മണിയോടെ ജെസ്‌ന
ഒരു ഓട്ടോയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്കു പോയി. ഓട്ടോ ഡ്രൈവറോടും
അടുത്ത വീട്ടുകാരോടും മുക്കൂട്ടുതറയില്‍ അമ്മായിയുടെ വീട്ടിലേക്കു പോകുന്നു
എന്നാണ് ജെസ്‌ന പറഞ്ഞത്. ജെസ്‌നയെ ഓട്ടോ ഡ്രൈവര്‍ മുക്കൂട്ടുതറയില്‍
ഇറക്കിവിടുകയും ചെയ്തു. പിന്നീടാണ് ജെസ്‌നയെ കാണാതാകുന്നത്. ഓട്ടോയില്‍
നിന്നും ഈ കുട്ടി ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു.
വൈകുന്നേരമായിട്ടും മകള്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്ന്, അന്നു രാത്രി
ഏഴരയോടെ പിതാവും ചില ബന്ധുക്കളും എരുമേലി പോലീസ് സ്‌റ്റേഷനില്‍ പരാതി
നല്‍കി. എന്നാല്‍, വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ നടന്ന
സംഭവമായതിനാല്‍ പിറ്റേന്നു രാവിലെ എട്ടുമണിയോടെ കേസ് അവിടേക്കു മാറ്റി.
മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചിട്ടും കൂട്ടുകാരെ ചോദ്യം
ചെയ്തിട്ടും അസ്വോഭാവികമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സമീപദിവസങ്ങളില്‍ അസ്വസ്ഥതയോ അസ്വാഭാവിക പെരുമാറ്റമോ ജെസ്‌നയില്‍ ആരും
കണ്ടതുമില്ല. ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചു. മൊബൈല്‍ ഉള്‍പ്പടെയുള്ള
സാധനങ്ങളൊന്നും കുട്ടി എടുത്തിട്ടുമില്ല. പിന്നെ, ഈ പെണ്‍കുട്ടി എവിടേക്കു
പോയി...?? പോലീസ് അന്വേഷണം തുടരുകയാണ്....
..............................................................................
Tags: Liga and Elees, Jesna Maria, missing of Jesna, death of Liga, police is still clueless even one month after the missing of Pathamanthitta resident Jesna Maria, Liga's dead body recovered
അഭിപ്രായങ്ങളൊന്നുമില്ല