ജനങ്ങള്‍ പ്രതികരിക്കണം, ചെങ്ങന്നൂരിലെങ്കിലും...!!!
ഭരിച്ചു മുടിച്ച രാഷ്ട്രീയപാര്‍ട്ടികളെ ബോധ്യപ്പെടുത്തേണ്ടേ..., ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന്...!!!
എന്തനീതി കണ്ടാലും പ്രതികരിക്കാത്ത ജനങ്ങളാണ് ഒരു ജനാധിപത്യ
രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശാപം. അനീതിക്കും അക്രമത്തിനുമെതിരെ
പ്രതികരിക്കുമെങ്കിലോ...., ജനാധിപത്യത്തെക്കാള്‍ സൗന്ദര്യമുള്ള ഒരു
ഭരണസംവിധാനം ഇല്ല തന്നെ. പക്ഷേ, ഇന്ത്യയില്‍, കേരളത്തിലും, പ്രതികരണ ശേഷി
നഷ്ടപ്പെട്ട ജനമാണുള്ളത്. പ്രതികരിക്കുന്നവരാകട്ടെ, കുറെ സദാചാര വാദികളും.
ശരിയായ രീതിയില്‍, അനീതിക്കെതിരെ പ്രതികരിക്കുന്ന, മതരാഷ്ട്രീയ
കോമരങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്ന ജനങ്ങളുണ്ട് എങ്കില്‍ ഇന്ധന വില
ഇത്രത്തോളം കൂടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊളളകള്‍ ഇവിടെ നടക്കില്ല.
നമ്മുടെ പുഴകള്‍ നശിക്കില്ല. നാടും ജനങ്ങളും ഗതിപിടിക്കാതെ അലയില്ല.
പെട്രോള്‍ ഡീസല്‍ വില കുതിച്ചു കയറുകയാണ്. ഡീസലിന്റെ വില 70 രൂപയില്‍
എത്തി നില്‍ക്കുന്നു. പെട്രോള്‍ വിലയെക്കാള്‍ വെറും ഏഴര രൂപ മാത്രമാണ്
കുറവ്. വിലയിങ്ങനെ വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് 700 രൂപയില്‍ എത്തിയാലും
നമ്മള്‍ അത് വാങ്ങി ഉപയോഗിക്കും, യാതൊരു എതിര്‍പ്പുമില്ലാതെ. കാരണം,
അനീതിക്കെതിരെ പ്രതികരിക്കാന്‍ നാം എന്നേ മറന്നു കഴിഞ്ഞു....! സര്‍ക്കാരിന്
ഇപ്പോഴും നഷ്ടമാണത്രെ..... ജനങ്ങളെ എത്രമാത്രം പിഴിഞ്ഞാലും
തൃപ്തിപ്പെടാത്ത സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും. എത്ര കിട്ടിയാലും
ആര്‍ത്തി അടങ്ങാത്ത ഒരു വര്‍ഗ്ഗമാണിവര്‍.
അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു.
എന്നിട്ടും സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡിലേക്കാണ്.
പ്രതികരിക്കാന്‍ അറിയാത്ത ജനങ്ങള്‍ ഉള്ളിടത്ത് എന്തും നടക്കും. ഡീസല്‍
വിലയുടെ കുതിച്ചുകയറ്റം ചരക്കുഗതാഗതത്തെയും ബാധിക്കും. അവശ്യസാധനങ്ങളുടെ
വിലക്കയറ്റത്തിനും കാരണമാകും. അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴാണ്
പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. ബിജെപി സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം കേന്ദ്ര എക്‌സൈസ് നികുതി അഞ്ചുതവണയായി ആറുരൂപയാണ്
കൂട്ടിയത്. ഡീസല്‍വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരന്റെ ജീവിതവും
പ്രതിസന്ധിയിലാകും. ചരക്കുലോറി, ഓട്ടോടാക്‌സി കൂലിയും വര്‍ധിക്കുന്നതോടെ
അവശ്യസാധനങ്ങളുടെ വിലയിലും വര്‍ധനയുണ്ടാകും.
ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്, മന്‍മോഹന്‍സിങിന്റെ
ഭരണകാലത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ഇന്നത്തെ പ്രധാന
മന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്ഥാവനകള്‍ ബി ജെ പിയുടെ ഫേയ്‌സ്ബുക്ക്
പേജില്‍ ഒന്നു തപ്പിയാല്‍ കാണാം. അന്ന്, മന്‍മോഹന്‍സിങിനെ മോദി വിളിച്ചത്
കള്ളന്‍ എന്നാണ്. എന്നാലിപ്പോള്‍, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ
കോര്‍പ്പറേറ്റുകളുടെ കോണക വാലില്‍ കെട്ടിയിടുന്ന നരേന്ദ്രമോദിയെ എന്തു
പേരിട്ടാണു വിളിക്കേണ്ടത്...???
മോഷണത്തിന്റെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്.
അതില്‍ ബി ജെ പി എന്നോ കോണ്‍ഗ്രസ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ
വ്യത്യാസമില്ല. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞു തിന്നാനുള്ള കരാറെടുത്ത്
ഭരിക്കാന്‍ കയറിയിരിക്കുന്ന കള്ളക്കൂട്ടങ്ങളാണ് നാം കാലാകാലങ്ങളായി
വിജയിപ്പിച്ചുവിട്ട ഈ പാര്‍ട്ടികള്‍.
ക്ഷാമമുള്ള ഒരു വസ്തുവാണ് പെട്രോളും ഡീസലും. ലഭ്യത വളരെ കുറവ്.
ആവശ്യക്കാരാണെങ്കില്‍ ഏറെയും. ആ വസ്തു വില്‍ക്കാന്‍ എന്തിനാണ് പരസ്യം...??
അത് വില്‍ക്കുന്നത് സര്‍ക്കാരിന് നഷ്ടമാണെന്നു പറഞ്ഞാണ് വില
വര്‍ദ്ധിപ്പിക്കുന്നത്. എന്തിനാണിത് പരസ്യം കൊടുത്തു വില്‍ക്കുന്നത്...???
എന്താണ് ജനങ്ങള്‍ ഇതേക്കുറിച്ചൊന്നും ചിന്തിക്കാത്തത്...??? പ്രതികരണശേഷി
നഷ്ടപ്പെട്ട് ശവങ്ങളായി മനുഷ്യര്‍ മാറിയിരിക്കുന്നു. അതി മഹത്തായ ഇന്ത്യന്‍
ജനാധിപത്യം തുലയാനും അത് അഴിമതിയുടെ കൂത്തരങ്ങായി മാറാനും കാരണം ജനങ്ങളുടെ
ഈ നിസംഗതയാണ്.
പ്രകൃതിവിഭവമായ പെട്രോളും ഡീസലും കടം കൊടുക്കേണ്ട കാര്യമില്ല. ഇതിന്
പ്രൊമോഷനും ആവശ്യമില്ല. ഇന്ധനങ്ങള്‍ക്ക് എന്തിനാണ് പരസ്യം...?? ക്യൂ
നിന്നാല്‍ പോലും കിട്ടാത്ത സാധനമാണിത്. ഇതിന് കടം കൊടുക്കുകയും സെയില്‍സ്
ആന്റ് മാര്‍ക്കറ്റിംഗ് നടത്തുകയുമെല്ലാം ചെയ്യുന്നത് തികച്ചും
വിഡ്ഡിത്തമാണ്. എന്തിനാണ് ഈ അനാവശ്യചെലവുകള്‍...???
പെട്രോളും ഡീസലും വില്‍ക്കുന്നത് 55% നികുതിയും സബ്‌സിഡിയുമൊക്കെ
നല്‍കിയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സത്യത്തില്‍ ഈ മേഖലയില്‍
വന്‍ അഴിമതിയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ മോദി പറഞ്ഞു
പെട്രോളില്‍ വലിയ അഴിമതിയാണ് എന്ന്. മോദി ഭരിക്കുമ്പോള്‍ ഇന്ധനവില
റോക്കറ്റുപോലെ കുതിച്ചുയരുന്നു. പരസ്യത്തിനായി ഇവര്‍ കോടികള്‍ മുടക്കുന്നു.
ജനങ്ങളില്‍ നിന്നും ഇങ്ങനെ പിരിക്കുന്ന പണം നാടിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ല, മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടേയും
നേതാക്കളുടെയും പോക്കറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
പട്ടേല്‍ പ്രതിമയ്ക്ക് 2500 കോടി രൂപയാണ് ചെലവ്. എന്തിനാണ് കാക്കയ്ക്കു
തൂറാന്‍ ഇത്രയും തുക ചെലവഴിച്ച് കക്കൂസ് ഉണ്ടാക്കുന്നത്...??? ഇവിടെ
നടക്കുന്നത് ഇലക്ഷനല്ല, മറിച്ച് സെലക്ഷനാണ്. ചൊറി പിടിച്ചവനെ വേണോ തൂറിയവനെ
വേണോ നാറിയവനെ വേണോ എന്ന തെരഞ്ഞെടുപ്പ്. ഓരോരോ സ്ഥാനാര്‍ത്ഥികളെ
പാര്‍ട്ടികള്‍ കൊണ്ടുവന്നു നിറുത്തും. നമ്മളവരെ ജയിപ്പിക്കണം. അങ്ങനെ
നാടിനെയും നാട്ടുകാരെയും കൊള്ളയടിക്കാന്‍ ഓരോരുത്തര്‍ക്കും
അവസരമുണ്ടാക്കിക്കൊടുക്കണം.
പുതിയ തലമുറയെങ്കിലും ഇതിനെതിരെ പ്രതികരിച്ചേ തീരൂ. ഇക്കാലമത്രയും നമ്മളെ
കുരങ്ങുകളിപ്പിച്ചവര്‍ക്കുള്ള ശിക്ഷ നിങ്ങള്‍ക്ക് ഇങ്ങനെയും നല്‍കാം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയെയോ കോണ്‍ഗ്രസിനെയോ
ഇടതുപക്ഷത്തെയോ വിജയിപ്പിക്കാതെ, ആം ആദ്മി പാര്‍ട്ടിക്കോ സ്വതന്ത്രനോ
വോട്ടു നല്‍കാം. ഇന്ത്യയെ കട്ടുമുടിച്ച പാര്‍ട്ടികള്‍ക്ക് നമുക്ക്
ഇങ്ങനെയും നല്‍കാം കനത്ത തിരിച്ചടി.
പെട്രോളില്‍ നിന്നും കിട്ടുന്ന പണം കൊണ്ടാണത്രെ നമ്മുടെ നാട്
വികസിപ്പിക്കുന്നത്....!! അതിന് വേറെ മറ്റനേകം മാര്‍ഗ്ഗങ്ങളുണ്ട്. ആഡംബര
കാറുകളും വീടുകളും നിര്‍മ്മിക്കുന്നവരില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം
ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കണം. അങ്ങനെയാണ്
ഇന്ത്യയെ വികസിപ്പിക്കേണ്ടത്.
ഡീസലിനു വില കൂടുമ്പോള്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും
വില കൂടും. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസുകാരും
തുടങ്ങും പാവങ്ങളുടെ മേല്‍ കുതിര കയറാന്‍. ഡീസല്‍ വില വര്‍ദ്ധന എല്ലാവരെയും
ബാധിക്കുന്ന ഒരു കാര്യമാണ്. വികസനത്തിന്റെ പേരു പറഞ്ഞ് ഇനിയും ജനങ്ങളെ
പറ്റിക്കരുത്. പുതുതായി പണിയുന്ന പാലവും റോഡും ബസ് ഷെല്‍ട്ടറുകളുമെല്ലാം
കട്ടുമുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളാണ് ഇവര്‍ക്ക്.
വികസനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ചെയ്താല്‍ ജനങ്ങള്‍ തീര്‍ച്ചയായും ആ
നേതാവിനെ ബഹുമാനിക്കും. പക്ഷേ, ഇപ്പോള്‍, ഈ വികസനമെന്നു പറഞ്ഞു നടത്തുന്ന
പണികളെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോടികള്‍ അടിച്ചുമാറ്റാനുള്ള
തന്ത്രമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്...???
കോടികള്‍ മുടക്കി പരസ്യം ചെയ്ത് അറിയിച്ചിട്ടു വേണ്ട സര്‍ക്കാരിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താന്‍. വൈപ്പിനിലും
വൈറ്റിലയിലുമെല്ലാം പാലം വരുന്നതിന് പരസ്യം നല്‍കേണ്ട കാര്യമില്ല. ഓയില്‍
വില വര്‍ദ്ധനയില്‍ നടക്കുന്നത് വന്‍ അക്രമവും അഴിമതിയുമാണ്.
ഒരു രൂപ കുറച്ച് റിലയന്‍സ് എങ്ങനെയാണ് ഇന്ധനം വില്‍ക്കുന്നത്...? ഇന്ത്യന്‍
ഓയിലും ഭാരത് പെട്രോളിയവുമെല്ലാം മുഴുവന്‍ നികുതിയും കൊടുത്തിട്ടാണ്
റിഫൈനറിയില്‍ നിന്നും ഇന്ധനമെടുക്കുന്നത്. എന്നാല്‍, റിലൈയന്‍സാകട്ടെ
പെട്രോളും ഡീസലും വില്‍പ്പന നടത്തിയതിനു ശേഷമാണ് നികുതി കൊടുക്കുന്നത്.
നികുതി വെട്ടിപ്പ്, ഇന്‍കം ടാക്‌സ് വെട്ടിപ്പ് അനധികൃത സ്വര്‍ണ്ണ ഇറക്കുമതി
ഇതൊന്നും ഈ നാട്ടില്‍ അഴിമതിയേ അല്ലെന്ന അവസ്ഥയാണ്.
കഴിഞ്ഞ 71 വര്‍ഷമായി മാറി മാറി ഭരിച്ച് ജനങ്ങളെ കൊള്ളയടിച്ച ഇടതു
വലതുപക്ഷങ്ങള്‍ക്കും ബി ജെ പി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ചെകിടടച്ച്
കിട്ടുന്ന അടിയായിരിക്കണം ഓരോ തെരഞ്ഞെടുപ്പുകളും. ചെങ്ങന്നൂര്‍
നിവാസികള്‍ക്ക് കൈവന്നിരിക്കുന്നത് നല്ലൊരു അവസരമാണ്. തങ്ങള്‍ രാഷ്ട്രീയ
പാര്‍ട്ടികളുടെയും നേതാക്കളുടെയും കൈയിലെ പാവകളല്ലെന്ന്
മനസിലാക്കിക്കൊടുക്കാനുള്ള വിലപ്പെട്ട ഒരവസരം. മലയാളികള്‍ വെറും
ശവങ്ങളല്ലെന്ന് ഈ പാര്‍ട്ടിക്കാരെ അറിയിക്കണം. അവര്‍ക്ക് പ്രതികരണ
ശേഷിയുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയെങ്കിലും ചെങ്ങന്നൂരില്‍ ആം ആദ്മി
പാര്‍ട്ടിയോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോ ജയിച്ചേ തീരൂ.
ഇന്ത്യന്‍ ജനാധിപത്യം നിലനിര്‍ത്തണം. ഭാവി തലമുറയ്ക്ക് ഇവിടെ ജീവിക്കണം.
നന്മുടെ കാടും പുഴകളും നാടും സംരക്ഷിക്കാന്‍, കള്ളന്മാരെയും കൊള്ളക്കാരെയും
നിലയ്ക്കു നിര്‍ത്താന്‍ വോട്ടുകൊണ്ട് മറുപടി പറഞ്ഞേ തീരൂ. നെറികെട്ട
രാഷ്ട്രീയ പ്രവര്‍ത്തകരുടെ കരണത്തു പതിക്കുന്ന അടികളാവണം ഈ തെരഞ്ഞെടുപ്പ്.
അതിനാല്‍ ജനങ്ങള്‍ ഒരു തവണയെങ്കിലും കൂട്ടത്തോടെ ആം ആദ്മിയ്ക്ക് വോട്ടു
നല്‍കിയേ തീരൂ. ഡല്‍ഹിയില്‍ കേജ്രിവാള്‍ നടത്തുന്ന ഭരണം കണ്ടിട്ടെങ്കിലും
കണ്ണുതുറക്കാന്‍ ജനങ്ങള്‍ക്കു കഴിയണം.
ജനങ്ങളെ കൊള്ളയടിച്ച് നാടുകട്ടുമുടിക്കാന്‍ ഇനിയിവരെ അനുവദിച്ചു കൂടാ. ഈ
ആര്‍ത്തിപ്പണ്ടാരങ്ങളെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വം
ജനങ്ങള്‍ക്കാണ്. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്
നിങ്ങളുടെ ഭര്‍ത്താവോ ഉറ്റവരോ ഉടയവരോ ആരുമാകാം. എങ്കിലും, ഇത്തവണയൊന്ന്
മാറി ചിന്തിക്കൂ.... അവിടെ ആം ആദ്മിയോ സ്വതന്ത്രനോ ജയിക്കട്ടെ... അവര്‍
വന്ന് മലമറിക്കുമെന്ന് വിചാരിച്ചിട്ടല്ല, മറിച്ച് ഈ കൊള്ളക്കാരെ നിലയ്ക്കു
നിര്‍ത്താന്‍ വേണ്ടി മാത്രം... അവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ
പ്രഹരമായിരിക്കണം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയം.
പ്രത്യേക മതമോ രാഷ്ട്രീയമോ ജനപക്ഷത്തിനും തമസോമയ്ക്കും ഇല്ല. എന്നെന്നും
സത്യത്തിനും നീതിക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും.
Benny Joseph Janapaksham
Tags: Chengannur By election, Political parties in India, petrol diesel price hike, Narendra Modi government, Petroleum products,
Meta Description: Narendra Modi government is supporting and helping corporate unlawfully by exploiting the poor Indians. All political parties including BJP are same. They are just looting people. People must reply to this in election.
അഭിപ്രായങ്ങളൊന്നുമില്ല