Header Ads

അങ്ങനെയെങ്കില്‍, രാഷ്ട്രീയ, ആത്മീയ നേതാക്കള്‍ ഉള്‍പ്പടെ പൊതുരംഗത്തുള്ള എല്ലാവരുടേയും പണമിടപാടുകള്‍ പരിശോധിക്കണംകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരവധി കള്ളത്തരങ്ങള്‍ നടക്കുന്നുണ്ട്. അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന പണത്തിന്റെ കണക്കുകള്‍ ആരെയും കാണിക്കേണ്ടതില്ല എന്ന കാരണത്താല്‍, പണസമ്പാദനത്തിനുള്ള നല്ലൊരു മാര്‍ഗ്ഗമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാറിക്കഴിഞ്ഞു. ജ്വാലയുടെ സ്ഥാപകയായ അശ്വതി എന്ന യുവതിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും അവരെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. അശ്വതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ മാനമുണ്ട് എന്നത് സത്യം തന്നെ. പക്ഷേ, സംശയദൃഷ്ടി ആദ്യമായി പതിയുന്ന ജീവകാരുണ്യപ്രവര്‍ത്തകയല്ല അശ്വതി. പാവങ്ങളെ സഹായിക്കാനിറങ്ങുന്നവരെയെല്ലാം വീക്ഷിക്കുന്നത് സംശയത്തിന്റെ കണ്ണിലൂടെയാണ്. അവരില്‍ ചിലരാണ് ജോസ് മാവേലി, പ്രിയ അച്ചു, സോണിയ മല്‍ഹാര്‍, തെരുവോരം മുരുകന്‍ തുടങ്ങിയവര്‍. അതിഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെല്ലാം എതിരെയുള്ളത്.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച പണമുപയോഗിച്ച് സ്വത്തു സമ്പാദിച്ചുവെന്നും മറ്റുപല പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കുന്നുവെന്നുമാണ് ഇവരെക്കുറിച്ചുള്ള പരാതികള്‍. പാവങ്ങള്‍ക്കും രോഗികള്‍ക്കുമെല്ലാം വളരെക്കുറച്ചു തുക മാത്രം നല്‍കി, ബാക്കി പണം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഇവരെപ്പോലുള്ള കാരുണ്യ, സാമൂഹ്യസേവന, സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നേരെ ആരോപണങ്ങള്‍ ഉണ്ട്. പലപ്പോഴും ഇവരില്‍ പലരും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തങ്ങളുടെ വരവു ചെലവു കണക്കുകള്‍ ബോധ്യപ്പെടുത്തി കാര്യങ്ങള്‍ പരമാവധി സുതാര്യമാക്കിയാണ് നീങ്ങുന്നതും.

എങ്കിലും, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കുന്നവരെ വെറും വിഢികളാക്കിക്കൊണ്ട്, ആ പണം ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. എല്ലാവരെയും ആ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും പലരും ഇത്തരക്കാരാണ്. അതിനാലാണ് പൊതുജനങ്ങളുടെ സംശയദൃഷ്ടി എപ്പോഴും ഇവരുടെമേല്‍ പതിക്കുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ടി പിരിക്കുന്ന പണത്തില്‍ നിന്നും ഒരു ചില്ലി പോലും ഇവര്‍ക്കു കൊടുക്കുന്നില്ലെന്നതും പോരാഞ്ഞ് ഇവരെ ഉപദ്രവിക്കുന്നവരും ധാരാളമുണ്ടെന്നതാണ് സത്യം.

എങ്കിലും, കാരുണ്യത്തിന്റെ പേരില്‍ നടക്കുന്ന പണപ്പിരിവുകള്‍ മാത്രമല്ല, രാഷ്ട്രീയ, ആത്മീയ നേതാക്കള്‍ ഉള്‍പ്പടെ പൊതുരംഗത്തുള്ള എല്ലാവരുടേയും പണമിടപാടുകള്‍ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കണം. അങ്ങനെവരുമ്പോള്‍, ആത്മീയ വ്യാപാരം നടത്തുന്ന വള്ളിക്കാവിലമ്മയും സായി ബാബയുടെ ട്രസ്റ്റും ചാരിറ്റി നടത്തുന്ന സെലിബ്രിറ്റികളും ഉള്‍പ്പടെ എല്ലാം സോഷ്യല്‍ ഓഡിറ്റിംഗിന്റെ പരിധിയില്‍ വരേണ്ടതു തന്നെയാണ്. ഇതു കൂടാതെ, ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്ന പണത്തിന്റെയും വരവു ചെലവു കണക്കുകള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. പാര്‍ട്ടിക്കാര്‍ നടത്തുന്ന ബക്കറ്റ് പിരിവും, സ്വദേശങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും പിരിക്കുന്ന പണവും ഉള്‍പ്പടെ അതിന്റെ ചെലവുകളും പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്.

ജനങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും പരിഹരിച്ച്, ജനങ്ങള്‍ക്കു നന്മ ചെയ്യാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രവര്‍ത്തകര്‍. പക്ഷേ, ജനങ്ങളുടെ കണ്ണീരൊപ്പാന്‍ പിരിച്ചെടുത്ത പണമുപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും അനേകം തലമുറയ്ക്കായി ആ പണം പല തരത്തില്‍ സമ്പാദിച്ചു വയ്ക്കുകയും ചെയ്യുകയാണ് പല ജനപ്രതിനിധികളും. അവരില്‍ നിന്നും വ്യത്യസ്ഥരായി, കിട്ടുന്ന തുകയുടെ ഏറിയ കൂറും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ്. അശ്വതിയെയും തെരുവോരം മുരുകനെയും പ്രിയ അച്ചുവിനെയും സോണിയ മല്‍ഹാറിനെയും പോലുള്ള ചാരിറ്റി പ്രവര്‍ത്തകര്‍. എന്നാല്‍, ഇവരുടെ പണമിടപാടുകളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ കാണുന്നു എന്നതിന്റെ ഉദാഹരണമാണ് അശ്വതിക്കെതിരായ പരാതി.

ചാരിറ്റി പ്രവര്‍ത്തകര്‍ ചെയ്യുന്നത് വളരെയേറെ നന്മയുള്ള കാര്യങ്ങളാണ്. പക്ഷേ, ഇതിനിടയില്‍ ധാരാളം കള്ളനാണയങ്ങളും ഉണ്ട് എന്നതാണ് സത്യം. ജനങ്ങളുടെ ദൈന്യതയില്‍ മനംനൊന്ത് കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ പണം നല്‍കുന്നവരെ വെറും വിഢികളാക്കി, പാവപ്പെട്ടവര്‍ക്ക് ചെറിയൊരു തുക മാത്രം നല്‍കി, ബാക്കി പോക്കറ്റിലാക്കുന്ന വന്‍ സംഘങ്ങളും രംഗത്തുണ്ട്. പണത്തിന്റെ മേഖലകളിലെല്ലാം കള്ളത്തരങ്ങളുമുണ്ട്. മരണത്തോടു മല്ലടിച്ച്, ജീവിതം തന്നെ കൊടും നിരാശയിലായ ഇത്തരം രോഗികളില്‍ നിന്നുപോലും പിടിച്ചുപറിക്കുന്ന മനസാക്ഷിയില്ലാത്തവരാണ് സഹായ വാഗ്ദാനവുമായി മുന്നിട്ടിറങ്ങുന്നതെന്ന കാര്യം ആരെയും ഞെട്ടിക്കും. ചാരിറ്റി സംഘടനകള്‍ ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുക എന്നത്. പിന്നീട് ആ അക്കൗണ്ടിലേക്കു പണം കുമിഞ്ഞു കൂടിക്കൊള്ളുമെന്ന് അവര്‍ക്കറിയാം. അങ്ങനെയെത്തുന്ന പണം പല രീതിയില്‍ തിരിമറി നടത്താനുള്ള വിദ്യകളും തട്ടിപ്പുനടത്തുന്നവര്‍ക്ക് അറിയാം.

കാരുണ്യം നല്ലൊരു വില്‍പ്പന ചരക്കാണെന്നും കണ്ണീരിന് ഇന്നും വലിയ വിലയാണെന്നും ഇത്തരക്കാര്‍ മനസിലാക്കിക്കഴിഞ്ഞു. ആരാധനാലയങ്ങള്‍ക്കു മുന്നിലും തിരക്കേറിയ തെരുവോരങ്ങളിലും നാണയത്തുട്ടുകള്‍ക്കായി കൈ നീട്ടുന്ന ഭിക്ഷക്കാരില്‍ പലരും അതിസമ്പന്നരായ ധനാഡ്യരാണ്. ഇത്തരം കള്ളനാണയങ്ങള്‍ക്കിടയില്‍ സത്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളുടെ കരുണയും സ്‌നേഹവും മനസലിവും തന്നെയാണ് ഇവരുടെ വില്‍പ്പന ചരക്ക്.

കരയുന്നവരെ ആശ്വസിപ്പിക്കാനും അവരുടെ കണ്ണീരൊപ്പാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, എന്തിനാണ് ഇടയിലൊരു മധ്യസ്ഥന്‍...? ഒന്നുകില്‍ അവര്‍ക്കു നേരിട്ടു പണം നല്‍കാം, അല്ലെങ്കില്‍ ആവശ്യക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം. അതാണ് ഏറ്റവും സുതാര്യമായ മാര്‍ഗ്ഗം.

പൊതുപ്രവര്‍ത്തകരുടെ പണമിടപാടുകള്‍ സുതാര്യമായിരിക്കണം. യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കല്ലെറിയാന്‍ നിരവധി പേരുണ്ടാവും. ചിലര്‍ അസൂയ കൊണ്ടാണ് അതു ചെയ്യുന്നത്. അനിയന്ത്രിതമായി പണം കൈയില്‍ വന്നു ചേരുമ്പോള്‍, അത് വഴിവിട്ടു ചെലവഴിക്കുന്ന പ്രവണതയും ഏറെയാണ്. കൃത്യമായ ഓഡിറ്റിംഗും എത്ര പണം കൈപ്പറ്റി എന്നും എത്ര പണം ഏതു രീതിയില്‍ ചെലവഴിച്ചു എന്നതിനും കൃത്യമായ കണക്കുകള്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ സമര്‍പ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാം ഓണ്‍ലൈന്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍, ഈ കണക്കുകളും ഓണ്‍ലൈന്‍ ആക്കാവുന്നതാണ്. അങ്ങനെയും സുതാര്യത നിലനിര്‍ത്താന്‍ കഴിയും. അപ്പോഴും നൂറു ശതമാനം സുതാര്യത സ്വപ്‌നങ്ങളില്‍ മാത്രമാകും.... കാരണം കൈകാര്യം ചെയ്യുന്നത് പണമാണ്. ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുന്ന രീതി ആവിഷ്‌കരിച്ചപ്പോള്‍ ഉണ്ടായ ദുരന്തം ജിഷയുടെ അമ്മയുടേയും ചേച്ചിയുടേയും രൂപത്തില്‍ എത്തിയ കാഴ്ച മലയാളികള്‍ കണ്ടതാണ്. എങ്കിലും നിയമം ശക്തമാക്കിയാല്‍, പണമിടപാടുകളും സുതാര്യമാകും. പക്ഷേ, ശക്തമായ നിയമവും അതു നടപ്പിലാക്കാന്‍ തക്ക സത്യസന്ധരായവും ഇല്ല എന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം....

ഭൂമികുലുക്കം വന്നപ്പോള്‍ ഒരു പത്രം സാമ്പത്തികമായി മെച്ചപ്പെട്ടു. കണ്ണാടി പരിപാടി കൊണ്ട് ഒരു ചാനലും. ദുരിതാശ്വാസവും ദുരിതനിവാരണവുമെല്ലാം അര്‍ഹിക്കുന്നവരിലല്ല എത്തിച്ചേരുന്നത് എന്നതിന്റെ ഉദാഹരണമാണിത്. പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാന്‍ ദാദാക്കള്‍ക്കു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. ഇടയില്‍ ഒരു മീഡിയേറ്റര്‍ വരുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂലകാരണം. 

.........................................................................
Tags: Donating to the poor, charity, Priya Achu, Theruvoram Murugan, Sonia Malhar< Malayalam news, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.