Header Ads

നാട് ഭരിക്കുന്നത് ഉദ്യോഗസ്ഥരോ അതോ സര്‍ക്കാരോ?അനേക വര്‍ഷങ്ങള്‍ പ്രവാസിയായിരുന്ന്, തന്റെ തുച്ഛമായ സമ്പാദ്യവും, മറ്റുള്ളവരില്‍ നിന്നും കടമെടുത്തതുമായ തുകകൊണ്ട് തനിക്കും തന്റെ മക്കള്‍ക്കും അറിയാവുന്ന ഒരു തൊഴില്‍ ചെയ്ത് പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാം എന്ന മോഹവുമായി ജന്മനാട്ടില്‍ എത്തിയ സുഗതനെ കാത്തിരുന്നത് ഒരു കഷ്ണം കയര്‍ ആയിരുന്നു. അതില്‍ ജീവിതം അവസാനിപ്പിക്കണം എന്നതായിരിക്കും വിധിയെങ്കിലും അതിന് കാരണക്കാര്‍ ആരൊക്കെയാണ്? നമ്മള്‍ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? 

കേരളം ഭരിക്കുന്ന പാര്‍ട്ടിയില്‍നിന്നും ഇതുപോലുള്ള തിക്താനുഭവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ അനേകരാണ്. ഇങ്ങനെ ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസി ചിലപ്പോള്‍ ആദ്യമാകും. എന്നാല്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി തുടര്‍ന്ന് നടത്തുവാന്‍ കഴിയാതെ വീണ്ടും പ്രവാസി ആയവര്‍ അനേകം. ഒന്നുകില്‍ തൊഴില്‍ പ്രശ്‌നം, ഇല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ധാര്‍ഷ്ട്യത്തോടെയുള്ള പിരിവുകള്‍. അമ്പലത്തിലെ ഉത്സവം, പള്ളിപ്പെരുന്നാള്‍, കലാ സാംസ്‌കാരിക സംഘടനകളുടെ വാര്‍ഷികം തുടങ്ങി രാഷ്ട്രീയക്കാരുടെ പിരിവുകള്‍, എല്ലാത്തിന്റെയും ഭാരം ഏല്‌ക്കേണ്ടി വരുന്നത് വ്യവസായികളാണ്. അവന്‍ ഒരു പ്രവാസിയാണോ അവനോടുള്ള ജനങ്ങളുടെ മനോഭാവം മാറും. അങ്ങനെ സ്വന്തം നാട്ടില്‍ ഒരു ചെറിയ വ്യവസായം എന്ന സ്വപ്നം കേരളത്തില്‍ നടക്കില്ല എന്ന് പലരില്‍ കൂടിയും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇടതുപക്ഷം. 

ആത്മഹത്യാ പ്രേരണക്ക് കുറ്റം ചുമത്തപ്പെട്ട സഖാവിന് ജാമ്യം ലഭിച്ചപ്പോള്‍ പൂമാലയിട്ട് സ്വീകരിക്കുന്നതും സാക്ഷര കേരളം കണ്ടു. എന്നും വന്‍കിട വ്യവസായികള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരന് എന്ത് പ്രവാസി? അവന്‍ എന്നും ഒരു കറവപ്പശു. രാഷ്ട്രീയക്കാരന്റെ നിലപാട് ഇങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കേരളാപോലീസോ? വളരെ മൃദു സമീപനമാണ് കേരള പോലീസിന്റേത് എന്ന് മുഖ്യന്‍ പറഞ്ഞു നാവ്എടുത്തില്ല, അതിനുമുമ്പ് തന്നെ ഒരു പ്രവാസിയുടെ മേല്‍ കേരളപോലീസിന്റെ ഗുണ്ടാവിളയാട്ടം നടന്നിരിക്കുന്നൂ. സൗദിയില്‍ ജോലി ചെയ്യുന്ന ഹക്കീമിനും കുടുംബത്തിനുമാണ് കേരളാ പോലീസിന്റെ പീഡനം ഏല്‌ക്കേണ്ടി വന്നിരിക്കുന്നത്. 

സ്വന്തം മകളുടെ വിവാഹ നിശ്ചയം മുടക്കികൊണ്ടാണ് കേരളാപോലീസ് മാതൃകയായത്. ഒരു ദിവസം മുഴുവനും രാത്രി വൈകിയും ഹക്കീമിനെയും കുടുംബത്തെയും അയാളോടൊപ്പം, സര്‍ക്കാര്‍ ബസ്സില്‍ തട്ടി എന്ന് ആരോപിക്കപ്പെടുന്ന വാനിലെ യാത്രക്കാരെയും പോലീസ് സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തി നിയമ നടപടിയിലേക്ക് കടന്നു. വാഹനം അപകടത്തില്‍പ്പെട്ടാല്‍ വാഹനം ഓടിച്ച ആളിനെ ചോദ്യം ചെയ്യുവാന്‍ സ്റ്റേഷനില്‍ കൊണ്ടുപോകാം, ഒപ്പമുള്ള യാത്രക്കാരില്‍നിന്നും മൊഴിയെടുത്ത് അവരെ പറഞ്ഞയക്കുക എന്ന നിയമം നിലനില്‍ക്കെ ഈ പ്രവാസിയോടും കുടുംബത്തോടും എന്തിനുവേണ്ടിയായിരുന്നൂ പോലീസിന്റെ ധാര്‍ഷ്ട്യം? ഒന്നുകില്‍ പണം വാങ്ങാം, ഇല്ലെങ്കില്‍ ആഭ്യന്തരമന്ത്രിയെയും മേലുദ്യോഗസ്ഥരെയും തങ്ങള്‍ക്ക് ഒരു പ്രശ്‌നം അല്ലാ എന്നുള്ള നിഗളിപ്പോ? അതുമല്ലെങ്കില്‍ പ്രവാസിയോട് എന്തുമാകാം എന്നുള്ള തോന്നലോ? എന്തായിരുന്നാലും കേരളത്തില്‍ ജീവിക്കുന്ന ഓരോ മലയാളിയും ഇന്ന് അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ പ്രവാസിയുടെ ചോരയുടെ വിലതന്നെയാണ്. 

കേരളത്തില്‍ ഏത് ഉദ്യോഗസ്ഥന് ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയും പ്രവാസിയുടെ ഒന്നും കൈപ്പറ്റിയിട്ടില്ലായെന്ന്. ഒരു കാലത്ത് അവന്‍ കൊണ്ടുവരുന്ന സിഗരറ്റു മുതല്‍ അവന്‍ ഇടുന്ന അടിവസ്ത്രത്തിനു വരെ പ്രിയം ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍. അവന്റെ പണം കൊണ്ട് സമുദായങ്ങള്‍ കൊഴുത്തു, രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം ഉണ്ടായി. വിദ്യാഭ്യാസമേഖലയും വ്യവസായമേഖലയും അഭിവൃദ്ധിപ്പെട്ടു. ഇതിനെല്ലാം പ്രവാസിയുടെ പണം നല്ലത്. ഇവിടെ കാലങ്ങളായി ഇരു മുന്നണികളും മാറി മാറി ഭരണം നടത്തി, എന്ത് തൊഴില്‍ മേഖലയാണ് ഈ സര്‍ക്കാരുകള്‍ കൊണ്ടുവന്നത്. മദ്യം ഒഴുക്കി അതിന്റെ ലാഭം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാര്‍ തുടങ്ങി ജനപ്രതിനിധികള്‍ വരെ സുഖലോലുപരായി കഴിയുന്നു. മദ്യ കച്ചവടമല്ലാതെ ഇന്നത്തെ ഇടതുപക്ഷത്തിന് എന്ത് സംരംഭം ലാഭത്തില്‍ നടത്തി കാണിക്കുവാന്‍ സാധിക്കും. 

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇവിടെ നടക്കുന്നതിനെക്കുറിച്ച്് ഒരറിവും ഇല്ലാ എന്ന് തന്നെ പറയാം. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുംവിധം കാര്യങ്ങള്‍ നടത്തുന്നു. ജയിലുകള്‍ ഇന്ന് സുഖലോലുപതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്നു. കൊലപാതക കേസിലെ പ്രതിക്ക് കാമുകിയുമായി സല്ലപിക്കുവാന്‍ പോലീസുതന്നെ വിളക്ക് പിടിച്ചുകൊടുക്കുന്നു. പ്രതികള്‍ക്ക് അടിക്കടി പരോള്‍ അനുവദിക്കുന്നു. അങ്ങനെ അകത്തുള്ളവന്റെ ജീവിതം സുഖകരവും മാന്യമായി. തൊഴില്‍ ചെയ്തു ജീവിക്കുന്നവന്റെ ജീവിതം ദുസ്സഹവുമായി മാറിയിരിക്കുന്നു. കേരളത്തിലെ പ്രവാസിയോടെന്നല്ല ഒരു പൗരനോടും ഇതുപോലുള്ള അനീതികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരും മേലുദ്യോഗസ്ഥരും ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടുത്തെ പാവപ്പെട്ടവര്‍ എന്ത് ചെയ്യണം എന്നുകൂടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പറഞ്ഞുതരുന്നത് ഉചിതമായിരിക്കും.

Santhosh PavithramangalamTags: Suicide of NRI Sugathan, Flag hoisting of DYFI, Kerala is not promoting small scale industries, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.