Header Ads

ദീപ നിശാന്തിന്റെ ചോരയ്ക്കു വേണ്ടി ഫേയ്‌സ്ബുക്കില്‍ കൊലവിളിഅധ്യാപിക ദീപ നിശാന്തിന്റെ ചേരയ്ക്കു വേണ്ടി ഫോയ്‌സ്ബുക്കില്‍ കൊലവിളി. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടുവെന്നു'മുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ബി.ജെ.പി പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ അതിനു മറുപടിയായി 'അതിനായി ഞങ്ങള്‍ ശ്രമിക്കു'മെന്ന് മറുപടിയുമെഴുതി. ദീപാ നിശാന്തിനെതിരായ ഇവരുടെ കൊലവിളി ആഹ്വാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ വിശദീകരണ പോസ്റ്റുമായി ബിജു നായര്‍ രംഗത്തെത്തി. വിഷയത്തില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്താണ് ഇത്തരമൊരു കമന്റ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം.

ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ ടീച്ചര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.

ദീപ ടീച്ചറുടെ കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുമെന്നാണ് 'ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും' എന്ന് പറഞ്ഞതില്‍ നിന്നും ഉദ്ദേശിച്ചതെന്നും ഇയാള്‍ കുറിപ്പില്‍ വിശദീകരിക്കുന്നു. എല്ലാ സംഘപ്രവര്‍ത്തകരുടേയും പിന്തുണ പ്രതീക്ഷിച്ചുകൊള്ളുന്നു എന്ന് പറഞ്ഞാണ് ഇയാളുടെ പോസ്റ്റ്.

എന്നാല്‍ ഈ വിശദീകരണത്തിനെതിരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. 'We want her blood' എന്ന് പറഞ്ഞാല്‍ പച്ചമലയാളത്തില്‍ കൊല്ലുമെന്ന് തന്നെയല്ലേയെന്നും 'നല്ല മുന്തിയ ന്യായീകരണം ആണല്ലോ' എന്നു ചോദിച്ചായിരുന്നു ചിലരുടെ വിമര്‍ശനം.

'എന്തൊരു നാടാണിത്. ഈ നാടിനിതെന്തു പറ്റി. കുറച്ചു ചോരയല്ലേ ചോയ്ച്ചുള്ളൂ. അയിനാണ്. ഇവന്മാര്‍ ഇങ്ങിനെ??' എന്നുപറഞ്ഞ് പരിഹസിക്കുന്ന കമന്റുകളും ഉണ്ട്.

'എന്തായാലും ന്യായികരിക്കല്‍ ഒരു തൊഴിലാക്കിയതുകൊണ്ട് വെളിയില്‍ നിന്നും ആളെ വിളിക്കേണ്ടി വന്നില്ലെന്നും പൊലീസുകാര്‍ക്ക് ഈ ന്യായീകരണമൊക്കെ ദഹിക്കുമോ ആവോ' എന്ന് ചോദിച്ചുള്ള കമന്റുകളും ഉണ്ട്.

Deepa Nishant

ദീപക് ശങ്കരനാരായണനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും ചീഫ് ഇലക്ഷന്‍ കമ്മീഷനും എച്ച്.പി ഇന്ത്യയുടെ ഹ്യൂമണ്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റിലേക്കും അയച്ച പരാതി തയ്യാറാക്കിയതും ബിജു നായരാണ്.

നേരത്തെ കത്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും നിലപാടെടുത്തതിന്റെ പേരില്‍ ദീപാനിശാന്തിന്റെയും ദീപക് ശങ്കരനാരായണന്റേയും ഫോണ്‍ നമ്പറും അഡ്രസും ഉള്‍പ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു

ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ 'സ്വാഭിമാന ഹിന്ദുക്കളും' ഇവര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടി ജി മോഹന്‍ദാസ് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ടി.ജി മോഹന്‍ദാസിനെ പരിഹസിച്ച് ദീപാ നിശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. മാപ്പു ചോദിക്കുന്നെന്നും അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയില്ലേ എന്നും ചോദിച്ച് പരിഹസിച്ചായിരുന്നു ദീപ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.

കത്വയില്‍ എട്ടുവയസുകാരി കൊലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമതിരെ വിമര്‍ശനവുമായി ദീപാ നിശാന്തും ദീപക് ശങ്കരനാരായണനും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ ബി.ജെ.പി ഐടി സെല്ലിന്റെ നേതൃത്വത്തില്‍ വിദ്വേഷ പ്രചരണവും കൊലവിളിയും നടന്നുവരികയായിരുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായിക്കൊണ്ടാണ് ഇരുവരുടെയും മേല്‍വിലാസം കൂടി പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയത്.

ദീപക് ശങ്കരനാരായണനെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ദീപക് എന്ന വ്യക്തിയെ വര്‍ഷങ്ങളായി നേരിട്ടറിയാമെന്നും അയാള്‍ എവിടെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി അറിവില്ലെന്നും ഒരു മതത്തിനെതിരെയും അയാള്‍ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്..

ഇന്ത്യ ഒരു മതേതരജനാധിപത്യ റിപ്പബ്ലിക്കായിത്തന്നെ തുടരണം എന്ന കാഴ്ചപ്പാടാണ് അയാളുടെ പോസ്റ്റുകളിലുള്ളത്. വര്‍ഗ്ഗീയവാദികള്‍ മുന്നോട്ടു വെക്കുന്ന മതാധിഷ്ഠിത ഹിന്ദുരാഷ്ട്രത്തിനായുള്ള ശ്രമങ്ങളോടൊപ്പം നില്‍ക്കുന്നില്ല എന്നതാണ് അയാള്‍ ചെയ്ത 'ക്രിമിനല്‍ കുറ്റം!'ഞാനടക്കമുള്ള ഹിന്ദുക്കളെല്ലാം ചെയ്യുന്ന കുറ്റവും അതുതന്നെയാണ് എന്നുപറഞ്ഞായിരുന്നു ദീപ നിശാന്തിന്റെ കുറിപ്പ്.


...............................................................................................

Tags: Deepa Nishant, Deepak Shankaranarayanan, RSS, rape at Kashmir, Religious based Hindu nation, hate speech, Malayalam news, thamasoma, Source: Doolnews


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.