Header Ads

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന 365 ദിവസവും ചക്ക തരുന്ന വിയറ്റ്‌നാം പ്ലാവ്: ജൈവകാര്‍ഷിക മേളയുടെ മറ്റൊരു ആകര്‍ഷണം




ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് കഥകളില്‍ മാത്രമുള്ളതല്ല, ഓര്‍ഗാനിക് കേരളയുടെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവത്തിലെ ഏദന്‍ നഴ്‌സറിയുടെ സ്റ്റാളിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ അത്ഭുതം കാണാനാകും. ഒപ്പം നഴ്‌സറി ഉടമ ബെന്നിയെയും. ദാരിദ്ര്യമാണ് തന്നെ പ്ലാവ് നടീലിലേക്ക് നയിച്ചതെന്നു പറയുന്ന ബെന്നിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മാസം ഒരുലക്ഷം രൂപയിലേറെ. കൃഷി ലാഭമല്ലെന്ന് ഇനിയാരും പറയരുത്. ചെയ്യേണ്ട പോലെ ചെയ്താല്‍ വരുമാനം കൊയ്യാനാകുമെന്ന് ബെന്നിയുടെ ജീവിതം തെളിയിക്കുന്നു.

ജൈവരീതിയില്‍ കൃഷിചെയ്ത് പാകപ്പെടുത്തിയെടുക്കുന്ന പഴവര്‍ഗ്ഗങ്ങളാണ് ഇദ്ദേഹത്തിന്റെ നഴ്‌സറിയില്‍ ഉള്ളത്. രാസവളങ്ങള്‍ വിളകളെ മാത്രമല്ല, മണ്ണിനെയും നശിപ്പിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. വിയറ്റ്‌നാം പ്ലാവ് കൂടാതെ നിരവധി ഫലവര്‍ഗ്ഗങ്ങളുടെ തൈകളും ഇദ്ദേഹം വില്‍ക്കുന്നുണ്ട്. പക്ഷേ, കൂടുതല്‍ വരുമാനം നല്‍കുന്നത് വിയറ്റ്‌നാം പ്ലാവു തന്നെയാണ്. ചുവന്ന കളറാണ് ചക്കച്ചുളകള്‍ക്ക്. ആറു ചുളകള്‍ അടങ്ങിയ ഒരു പാക്കറ്റിന് കൊച്ചി ലുലു മാളില്‍ നിന്നും ഇദ്ദേഹത്തിന് ലഭിക്കുന്നത് 90 രൂപയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുകൊണ്ടും യോജിച്ചതാണ് വിയറ്റ്‌നാം പ്ലാവ്. അങ്കമാലിയിലെ കോതക്കുളങ്ങരയില്‍ ഇദ്ദേഹത്തിന് ഒരേക്കറിലുള്ള വിസ്തൃതിയിലുള്ള നഴ്‌സറിയുണ്ട്. 

കഴിഞ്ഞ 20 വര്‍ഷമായി ഫലവൃക്ഷത്തൈകളുടെ വിപണനത്തില്‍ സജീവമാണെങ്കിലും വിയറ്റ്‌നാം പ്ലാവ് ഇദ്ദേഹത്തിന്റെ നഴ്‌സറിയില്‍ അംഗമായി എത്തിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളു. ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ സുലഭമായി കായ്ക്കുന്ന ഫലവൃക്ഷങ്ങളായ റംബൂട്ടാന്‍, ദുരിയാന്‍, മില്‍ക്ക് ഫ്രൂട്ട്, ബ്രസീലിയന്‍ മള്‍ബറി, അബിയു തുടങ്ങിയവ ഇദ്ദേഹത്തിന്റെ നഴ്‌സറിയിലെ ചില അതിഥികളാണ്. വിയറ്റ്‌നാം പ്ലാവിന്റെ ബഡു തൈകള്‍ 200 രൂപ വിലയില്‍ ജൈവകാര്‍ഷികോത്സവം 2018 മേളയിലെ സ്റ്റാളില്‍ നിന്നും ലഭ്യമാണ്. 



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.