Header Ads

വിമര്‍ശിക്കുന്നവരെ എതിര്‍ചേരിയില്‍ പെടുത്തി വായടപ്പിക്കുന്നത് താണതരം തന്ത്രം



അധ്വനിക്കുന്ന ജനവിഭാഗത്തില്‍ നിന്നും ഓരോ പാര്‍ട്ടിയും പ്രത്യേകിച്ച് അധ്വാന വര്‍ഗ്ഗത്തിനു വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പാര്‍ട്ടി അകന്നു പോയി എന്നതാണ് അവരുടെ തോല്‍വിക്കു പ്രധാന കാരണം. ബൂര്‍ഷ്വാസികളുടെ പട്ടികയില്‍ സാധാരണക്കാരായ, ജീവിക്കാന്‍ വേണ്ടി ബിസിനസ് നടത്തുന്ന, പാവപ്പെട്ട ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ അവരുടെ തോല്‍വി പൂര്‍ണ്ണമായി. നോക്കുകൂലി, കണ്ട കൂലി, കേട്ടകൂലി എന്ന പേരിലുള്ള ഗുണ്ടായിസം മറ്റൊരു തോന്ന്യാസം. പാര്‍ട്ടി രൂപംകൊണ്ട നാളുകളില്‍ അവര്‍ പാവങ്ങള്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയും നിലകൊണ്ടിരുന്നു. പാര്‍ട്ടിയുടെ മഹത്തായ ആദര്‍ശവും നിലപാടുകളും പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള അവരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം അവരെ ജനങ്ങളുടെ പാര്‍ട്ടിയാക്കി മാറ്റി. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍, ആ പാര്‍ട്ടി സ്വന്തം മൂല്യങ്ങളെ കൈവിട്ടു. പാവപ്പെട്ടവരെ ചവിട്ടിയരച്ചു. വിമര്‍ശിച്ചവരെ വെട്ടിനിരത്തി, അല്ലെങ്കില്‍ എന്നെന്നേക്കുമായി നിശബ്ദരാക്കി. 

വിമര്‍ശനങ്ങളെ നേരിടാന്‍ കൊടിയുടെ നിറം നോക്കാതെ രൂപം കൊണ്ട മറ്റൊരു അടവു നയമാണ് വിമര്‍ശകരെ എതിര്‍ചേരിയില്‍ പെടുത്തി വായടപ്പിക്കുക എന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ കോണ്‍ഗ്രസും ബി ജെ പിയും സംഘപരിവാറും മറ്റും ആക്കിക്കളയും. ഇനി കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നതെങ്കിലോ വിമര്‍ശകന്‍ കമ്മ്യൂണിസ്റ്റാണ് അല്ലെങ്കില്‍ ബി ജെ പിയാണ് എന്നാവും ആരോപണം. ബി ജെ പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ചാലും ഇതുതന്നെയാവും ഫലം. ചുരുക്കത്തില്‍, വിമര്‍ശനം ശരിയാണോ എന്ന ഒരു ആത്മ പരിശോധന പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തുന്നില്ല. പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തുവാനും ജനങ്ങളിലേക്കു തിരിച്ചെത്താനുമുള്ള മാര്‍ഗ്ഗമാണ് ഇത്തരത്തില്‍ പാര്‍ട്ടിക്കാരും നേതാക്കളും ഇല്ലാതാക്കുന്നത്. ഇനി അതല്ല, ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എങ്കില്‍, മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍, അത് ചൂണ്ടിക്കാണിക്കാന്‍ പാടില്ല എന്ന അലിഖിത നിയമമൊന്നും ഇന്ത്യയില്‍ ഇല്ലല്ലോ...

ഷുഹൈബ് വധക്കേസില്‍ കേരളപ്പോലീസിന് കേരളഹൈക്കോടതി ഗജരാജപട്ടം നല്‍കി ആദരിച്ചു

എന്തിനെന്നല്ലേ.....? ഒരു മനുഷ്യനെ മാടിനെപ്പോലെ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ പഴുതുകള്‍ തീര്‍ക്കുന്ന പോലീസിന് മറ്റെന്തു പട്ടം നല്‍കി ആദരിക്കാനാണ്....? പാര്‍ട്ടി നടത്തിയ നിരവധി കൊലകളില്‍ ഒന്നുമാത്രമാണ് ഷുഹൈബ് വധം. സി പി എമ്മിന് സ്വന്തം രക്ഷസാക്ഷികളുടെ പേരു നിരത്തി വാദിക്കാം. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാം. കാരണം, ഭരണമിപ്പോള്‍ അവരുടെ കൈകളിലാണ്. എന്നിട്ടും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിടിക്കപ്പെടുന്നത് ഡമ്മി പ്രതികളാണ്, കുറ്റം ചെയ്തത് കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ബി ജെ പി യോ സംഘപരിവാറോ ആരായാലും അത് അങ്ങനെ തന്നെ. പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടി കൂലിപ്പണി ചെയ്യുന്ന നട്ടെല്ലില്ലാത്ത വിഭാഗമായി കേരള പോലീസ് തരം താണുപോയി. പോലീസായാല്‍ ഈര്‍ക്കില്‍ കനത്തിലെങ്കിലും നട്ടെല്ലു വേണ്ടേ....?? രാഷ്ട്രീയത്തിന് അധീതമായി പ്രവര്‍ത്തിക്കേണ്ട ഒന്നാണ് പോലീസ്. പക്ഷേ, പണമുള്ളവന്റെയും അധികാരമുള്ളവന്റെയും ചട്ടുകമായി പലപ്പോഴും മാറുന്ന പോലീസ്, പാവപ്പെട്ടവന്റെ ദേഹത്തേക്ക് മെക്കിട്ടു കേറാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. നിസ്സാര കേസുകളില്‍ പെടുത്തി നിരപരാധികളെ കുടുക്കാന്‍ അവര്‍ കാണിക്കുന്ന കുശാഗ്രബുദ്ധിയുടെ നൂറില്‍ ഒരംശം മതി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍. 

വായു ജിത്ത് എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വന്ന ഈ കുറിപ്പിനെ കമ്മ്യൂണിസ്റ്റുകാര്‍ വിമര്‍ശിച്ചത് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അടിസ്ഥാനത്തിലായിരുന്നു. അല്ലാതെ, അദ്ദേഹം ഉയര്‍ത്തിവിട്ട പ്രശ്‌നത്തിന്റെ പേരില്‍ ആയിരുന്നില്ല. വിമര്‍ശനങ്ങളെ ഈ രീതിയില്‍ അല്ല നേരിടേണ്ടത് എന്ന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനെയും ഇത് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. തെറ്റുതിരുത്തി തിരിച്ചു വന്നാല്‍ പാര്‍ട്ടിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാവും. അല്ലാത്ത പക്ഷം കേരളത്തില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടും. 

വായു ജിത്ത് കുറിച്ച, അബ്ദു അസലാംപാട്ട് ഷെയര്‍ ചെയ്ത ആ കുറിപ്പിലേക്ക്....... 


രാഷ്ട്രീയ എതിരാളികളോട് പത്തുപൈസയുടെ മാന്യതയോ മര്യാദയോ കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഏതൊരു പ്രദേശത്തായാലും ശക്തി കൈവരിക്കുന്നതു വരെ ഉന്നതമായ ജനാധിപത്യ ബോധത്തെപ്പറ്റിയൊക്കെ വാതോരാതെ സംസാരിക്കുകയും സമഗ്രാധിപത്യം കൈവന്നാല്‍ എതിര്‍ ശബ്ദങ്ങളെ നിര്‍ദാക്ഷിണ്യം ഇല്ലാതാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണത്.

ഇതെല്ലാം ചെയ്തതിനു ശേഷം ഉളുപ്പില്ലാതെ ജനങ്ങളുടെ പേരിലിട്ട് വെര്‍ബല്‍ ഡയേറിയയും നടത്തിക്കളയും. ഒരാളെ വെട്ടിക്കൊന്നതിനു ശേഷം അയാള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത അവഹേളനവും വ്യക്തിഹത്യയും നടത്തുന്ന മറ്റൊരു പ്രസ്ഥാനമില്ല. അതില്‍ സാധാരണ അണികള്‍ തൊട്ടു ബുദ്ധിജീവികളെന്ന് നടിക്കുന്ന മൈല്‍ഗുണന്മാര്‍ വരെ പങ്കെടുക്കുകയും ചെയ്യും.

ലോകത്ത് കാപട്യവും ഇരട്ടത്താപ്പും പ്രധാന ആയുധങ്ങളായി സ്വീകരിച്ചിട്ടുള്ള മറ്റൊരു പാര്‍ട്ടി ഉണ്ടോയെന്ന് സംശയമാണ്. എന്ന് സമഗ്രാധിപത്യം കൈവരുന്നോ അന്ന് ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കാനും തിരുത്താനും ശ്രമിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രത്യേകിച്ച് ഇന്ത്യയിലെ സിപിഎമ്മും.

ഒരു മനുഷ്യനെ വെട്ടിക്കൊന്നതിനു ശേഷം അതിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കുട്ടികളെ വെട്ടി കെട്ടിത്തൂക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ലോകത്തുണ്ടോ? തിരഞ്ഞെടുപ്പില്‍ നിന്നതിനു ഒരാളെ അടിച്ചു കൈയും കാലും ഒടിച്ചതിനു ശേഷം ദേഹം മുഴുവന്‍ പ്‌ളാസ്റ്ററുമായി കിടക്കുന്നയാളെ അവഹേളിച്ച് തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തില്‍ മിമിക്രി കാണിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ?

ഒരു സ്ത്രീയുടെ ഭര്‍ത്താവിനെ വെട്ടി തുണ്ടം തുണ്ടമാക്കിയതിനു ശേഷം തിരഞ്ഞെടുപ്പിനു നിന്നതിനു അവരെ മോശമായി അനുകരിച്ച് അവഹേളിച്ച വേറെ ഏതു പ്രസ്ഥാനമാണുള്ളത് ?

സോഷ്യല്‍ മീഡിയയിലായാല്‍ തന്നെ രാഷ്ട്രീയ എതിരാളികളേ പറ്റുമെങ്കില്‍ ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യണമെന്നും സോഷ്യലി ബോയ്‌കോട്ടു ചെയ്യണമെന്നും ആക്രോശിക്കുന്ന അണികളും സൈബര്‍ ഫ്രോഡുകളും മറ്റേതു സംഘടനയിലാണുള്ളത് ?

നല്ല ഭീകരനും ചീത്ത ഭീകരനുമില്ല ഭീകരനേയുള്ളൂ എന്ന് പറയുന്നതു പോലെ നല്ല കമ്യൂണിസ്റ്റും ചീത്ത കമ്യൂണിസ്റ്റുമില്ല... കമ്യൂണിസ്റ്റേ ഉള്ളൂ.. ഇനി ഏതെങ്കിലും ഒരാള്‍ നല്ലവനാണെങ്കില്‍ അതയാളുടെ വ്യക്തിപരമായ നന്മയാണ്..... പ്രത്യയശാസ്ത്രത്തിന്റേതല്ല...

കാരണം ഇത്രയും മനുഷ്യവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രമില്ല തന്നെ.....

അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതു കൊണ്ടാണ് കേരളീയര്‍ സിപിഎമ്മിനെ ശരിയായി മനസ്സിലാക്കാത്തത്...... പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ അത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.

ഐസിസിനേയും അല്‍ക്വായ്ദയേയുമൊക്കെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പക്ഷേ പഞ്ചാരപ്പാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ കൊടും വിഷത്തെ മനസ്സിലാക്കാന്‍ കാലങ്ങളെടുക്കും....

ബംഗാളിലെ ജനങ്ങള്‍ അതിനു മുപ്പത്തഞ്ച് വര്‍ഷമെടുത്തു. ത്രിപുരക്കാര്‍ ഇരുപത്തഞ്ചും..... !

ചിത്രം 1 : സിപിഎമ്മിനെതിരെ മത്സരിച്ചതിനു കണ്ണൂരില്‍ ജഗദീപനെന്ന കോണ്‍ഗ്രസുകാരനെ അടിച്ചും വെട്ടിയും മൃതപ്രായനാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചപ്പോള്‍ പ്രകടനത്തില്‍ അവഹേളിക്കുന്നു .

ചിത്രം 2 : ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയെ വിജയാഹ്‌ളാദ പ്രകടനത്തില്‍ അവഹേളിക്കുന്നു.

ചിത്രം 3 : കതിരൂര്‍ മനോജിനെ വെട്ടിക്കൊന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പട്ടിക്കുട്ടികളെ കൊന്ന് അതേ സ്ഥലത്ത് കെട്ടിത്തൂക്കിയിരിക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.