വൈറ്റ് കോളര്‍ ജോലിവിട്ട് പാടത്തേക്ക്: രഞ്ജു തീര്‍ക്കുന്നത് പുതിയൊരു വിജയഗാഥ

ദേഹത്ത് അഴുക്കുപറ്റാത്ത, അധികം വിയര്‍ക്കാത്ത, കനത്ത ശമ്പളം പറ്റുന്ന ഒരു
ജോലി. ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും സ്വപ്‌നമാണത്. ഇങ്ങനെ ഒരു
ജോലി കിട്ടിയാല്‍, നല്ലൊരു വീടുവയ്ക്കാം, വിവാഹം കഴിക്കാം, പിന്നെ ആ
ജോലിയുടെ സുരക്ഷിതത്വത്തില്‍ സ്വന്തം കുടുംബത്തെക്കുറിച്ചു മാത്രം
ചിന്തിച്ച്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സെല്‍ഫിയും സ്വന്തം ജീവിതത്തിന്റെ
നിലവാരവും മറ്റുള്ളവരെ കാണിച്ച് ഒന്നഭിമാനിച്ചു ജീവിക്കാം. കാറുവാങ്ങാം,
നാടുകാണാം, കുടുംബവുമായി ചുറ്റിയടിക്കാം. ഇന്നത്തെ യുവത്വം ഈ
രീതിയിലെല്ലാമാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് രഞ്ജു വി എന്ന
ചെറുപ്പക്കാരന്‍ വ്യത്യസ്ഥനാകുന്നത്. ഒരു ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍
കമ്പനിയുടെ മാനേജര്‍ പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ് പാടത്തേക്കിറങ്ങിയ
ചെറുപ്പക്കാരന്‍. സ്വന്തമായി ഭൂമിയില്ലാത്ത തൃശൂര്‍, പാവറട്ടി സ്വദേശിയായ ഈ
ചെറുപ്പക്കാരന്‍ ഭൂമി പാട്ടത്തിനെടുത്താണ് ജൈവ നെല്‍കൃഷിയിലേക്ക്
ഇറങ്ങിയിരിക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, ഇരിങ്ങാലക്കുട
എന്നിവിടങ്ങളില്‍ 24 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ജൈവ കൃഷിരീതിയിലൂടെ
പൊന്നുവിളയിക്കുന്നു ഇദ്ദേഹം. 

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ചില നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം
നൊന്ത്, ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നവനാണ് രഞ്ജു. ജോലി രാജി
വച്ചിറങ്ങുമ്പോള്‍ മനസില്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്വന്തമായി
എന്തെങ്കിലും തുടങ്ങണം. അന്തസോടെ ജീവിക്കണം. അത് നിസ്സഹായരായ ആളുകളുടെ
വിയര്‍പ്പിന്റെ വില അപഹരിച്ചാവരുത് എന്നു നിര്‍ബന്ധമുണ്ടായിരുന്നു.
ചെറുപ്പം മുതലേ താല്‍പര്യമുണ്ടായിരുന്ന കൃഷിപ്പണിയാണ് രഞ്ജു
തെരഞ്ഞെടുത്തത്. അധ്വാനിക്കാനുള്ള മനസുണ്ട്. എന്തു കഷ്ടപ്പാടുകളും
നേരിടാമെന്നുള്ള ചങ്കൂറ്റവും. അതിനാല്‍ പറമ്പിലേക്കു തന്നെ ഇറങ്ങി,
തൂമ്പയുമായി. ആദ്യം പച്ചക്കറി കൃഷിയാണ് തുടങ്ങിയത്. 45 സെന്റ് സ്ഥലത്ത്
വെണ്ടയും വഴുതനയും തക്കാളിയും പയറുമെല്ലാം നട്ടു. പക്ഷേ, ഒന്നു രണ്ടു കൃഷി
കഴിഞ്ഞപ്പോള്‍ മനസിലായി, പച്ചക്കറിയുടെ വിപണനം അത്ര എളുപ്പമല്ല എന്ന്.
വിളവെടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനകം അത് വിറ്റുതീര്‍ക്കണം.
അല്ലെങ്കില്‍ നശിച്ചു പോകും. അതോടെ നെല്‍കൃഷിയിലേക്കു തിരിഞ്ഞു. 
ആദ്യം കുറച്ചു സ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. വര്‍ഷത്തില്‍ രണ്ടു
കൃഷിയാണ് ഇറക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍
വികസിപ്പിച്ചെടുത്ത വിത്തുകളും നടുന്നുണ്ട്. ഉമ, ജ്യോതി, ചിറ്റേനി, കുറുവ,
നവര, തുടങ്ങിയ പലതരം നെല്ലിനങ്ങളാണ് നടുന്നത്. വര്‍ഷത്തില്‍ 20-25 ടണ്‍
നെല്ല് ഉല്‍പ്പാദിപ്പിക്കാന്‍ ഇദ്ദേഹത്തിനു സാധിക്കുന്നു. പൂര്‍ണ്ണമായും
ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. പക്ഷേ, വെള്ളത്തിന്റെ ലഭ്യതക്കുറവാണ്
ഇദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വര്‍ഷം വെള്ളത്തിന് ഏറെ
ബുദ്ധിമുട്ടി. ഇക്കൊല്ലവും സ്ഥിതി മെച്ചമല്ല. 
നെല്‍കൃഷിക്ക് പ്രധാനമായും മൂന്നു സമയങ്ങളില്‍ വെള്ളം വേണം. ഒന്ന്, നടുന്ന
സമയത്ത്, രണ്ട്, നെല്‍ച്ചെടികളില്‍ കതിരുണ്ടാവുന്ന സമയം, മൂന്നാമത്തേത്
നെല്ലില്‍ പാലുറയ്ക്കുന്ന സമയം. ഈ സമയങ്ങളില്‍ ജലലഭ്യത കുറഞ്ഞാന്‍ അത്
വിളവിനെ വല്ലാതെ ബാധിക്കും. രഞ്ജുവിന് കൃഷിയിടങ്ങളില്‍ ഏറെ സഹായകരമാകുന്നത്
ബംഗാളികളായ പണിക്കാരാണ്. അതും ചെറുപ്പക്കാര്‍. കൃഷിപ്പണി ഇവര്‍ വളരെവേഗം
പഠിക്കുന്നു. പക്ഷേ, മലയാളികളായ ചെറുപ്പക്കാര്‍ ആരുമില്ല ഈ രംഗത്ത്.
കൃഷിയറിയാവുന്ന മലയാളികള്‍ പ്രായമായവരാണ്. പക്ഷേ, അവര്‍ക്ക് ബംഗാളികളുടെ
അത്ര വേഗതയും ഇല്ല.
രഞ്ജുവിന്റെ കൃഷിസ്ഥലങ്ങള്‍ പാലക്കാട്, തൃശൂരില്‍ മാള, ഇരിങ്ങാലക്കുട എന്നീ
പ്രദേശത്താണ്. പാലക്കാട് 15 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
എന്നാല്‍, വെള്ളത്തിന്റെ ലഭ്യതക്കുറവു മൂലം ഈ വര്‍ഷത്തോടു കൂടി
പാലക്കാട്ടുള്ള കൃഷി നിറുത്തുകയാണ്. പകരം, തൃശൂരില്‍ വെള്ളം കിട്ടുന്ന
സ്ഥലങ്ങള്‍ ഇദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു.
ചാണകം, മീന്‍ മാലിന്യത്തില്‍ നിന്നും ഉണ്ടാക്കുന്ന പ്രത്യേകതരം വളം,
കരിമ്പ് പൊടിച്ച് സ്പിരിറ്റ് ഉണ്ടാക്കിയ ശേഷം മൊളാസസ് വേസ്റ്റ്
ഉപയോഗിച്ചുണ്ടാക്കുന്ന വളം എന്നിവയാണ് കൃഷിയിടത്തില്‍ പ്രധാനമായും
ഉപയോഗിക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് ഡിസ്റ്റിലറി വേസ്റ്റ്
വളമെത്തുന്നത്. ഇതിന് താരതമ്യേന വില വളരെ കുറവാണ്. പക്ഷേ, കൃത്യമായി
വെള്ളമില്ലെങ്കില്‍ വിപരീത ഫലമാവും ഉണ്ടാക്കുക. കാരണം ഈ വളങ്ങള്‍ക്ക് ചൂട്
വളരെ കൂടുതലാണ്.
കീടങ്ങളെ അകറ്റാന്‍ കാന്താരിമുളകും ഗോമൂത്രവും കൂടി കൂട്ടിക്കലര്‍ത്തിയുള്ള
മിശ്രിതമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനായി 250 ഗ്രാം
കാന്താരിമുളക് മിക്‌സിയില്‍ അടിച്ച് എസ്സന്‍സ് മാത്രമെടുത്തു
ഗോമൂത്രത്തില്‍ കലക്കി പത്തിരട്ടി വെള്ളവും ചേര്‍ത്ത് ചെടികളില്‍ തളിക്കണം.
പ്രാണികള്‍ കൂടുതലാണ് എങ്കില്‍ കൂടുതല്‍ മുളകു ചേര്‍ക്കാം. കീടനാശിനി
പ്രയോഗിക്കേണ്ടത് സ്ഥലത്തിന്റെയും കീടങ്ങളുടെയും അടിസ്ഥാനത്തിലാണ്. 
‘മെഡിക്കല്‍ മേഖല സേവന മേഖലയാണ്. നമ്മുടെ ഇഷ്ടത്തിനു വാങ്ങുന്ന വസ്തുവല്ല
മരുന്ന്. മറിച്ച് അസുഖം വരുമ്പോള്‍ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും നാം
നിര്‍ബന്ധിതരാവുകയാണ്. മക്കളെ ഡോക്ടറാക്കാനും എന്‍ജിനീയറാക്കാനുമാണ്
ഇപ്പോഴും പല മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അത്രത്തോളം ഈ മേഖല
ജനമനസുകളില്‍ സ്വാധീനം ചെലുത്തുന്നു. പക്ഷേ, ഈ മേഖലയിലുള്ള ആളുകളുമായി
അടുത്തിട പഴകിയപ്പോഴാണ് ഇതിലെ ജീര്‍ണ്ണത മനസിലായത്. എന്റെ അനുഭവം വച്ചു
പറഞ്ഞാല്‍ കേരളത്തിലെ 90 ശതമാനം ഡോക്ടര്‍മാരും മനസാക്ഷിയില്ലാത്തവരാണ്.
വെറുതെ പൈസയുണ്ടക്കാന്‍ മാത്രം പണിയെടുക്കാന്‍ എനിക്കു കഴിയില്ല.
അതുകൊണ്ടാണ് ജോലി രാജി വച്ചത്,’ രഞ്ജു വ്യക്തമാക്കി.
ഇത്രയേറെ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞെങ്കിലും ഈ ചെറുപ്പക്കാരന്‍ ഇപ്പോഴും
പൂര്‍ണ്ണമായും സംതൃപ്തനല്ല. കുറെക്കൂടി ആളുകളെ ജൈവകൃഷിയിലേക്ക്
ആകര്‍ഷിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു. ജൈവകൃഷിയില്‍ ധാരാളം ഉല്‍പാദനം
നടക്കുന്നുണ്ട്. പക്ഷേ, വിപണനമാണ് പ്രശ്‌നം. ഇടനിലക്കാരെ ഒഴിവാക്കി,
നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് രഞ്ജു
ശ്രമിക്കുന്നത്. കൃഷിക്കാര്‍ക്ക് കൃഷിചെയ്യുന്നതിലാണ് പൂര്‍ണ്ണ ശ്രദ്ധ.
അതിനാല്‍, ഉല്‍പ്പന്നം വേണ്ട രീതിയില്‍ വിപണിയില്‍ എത്തിക്കാന്‍
സാധിക്കുന്നില്ല. ഇടനിലക്കാരെ ഒഴിവാക്കിയാല്‍ അതിന്റെ പ്രയോജനം
ലഭിക്കുന്നത് കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ്. 
ആളുകളുടെ കൈയില്‍ അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും ഷര്‍ട്ട്
വാങ്ങാന്‍ പണമുണ്ട്. അമ്പതിനായിരത്തിന്റെയും മറ്റും കണ്ണട വാങ്ങാന്‍
പണമുണ്ട്. വിലക്കൂടിയ ഷൂ വാങ്ങാനും പണമുണ്ട്. പക്ഷേ, കഴിക്കുന്ന
ഭക്ഷണത്തിനു വേണ്ടി പത്തുരൂപ കൂടുതല്‍ കൊടുക്കാന്‍ അവര്‍ക്കു മടിയാണ്,
രഞ്ജു പറഞ്ഞു നിര്‍ത്തി.
കര്‍ഷകനെ ബഹുമാനിക്കാനും അവന്റെ വിയര്‍പ്പിന് തക്ക പ്രതിഫലം കൊടുക്കാനും മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

അര്‍പ്പണബോധമുള്ള ഇത്തരം കര്‍ഷകര്‍ക്കും ചെറുപ്പക്കാര്‍ക്കുമൊപ്പം എപ്പോഴും ജനപക്ഷവും തമസോമയും ഉണ്ടായിരിക്കും.

Tags: Organic farming, Ranju V, organic farm products, paddy, 
Meta Description: Ranju V entered in organic farming after resigning his white collar job in a multi national pharma company. He was fed up with the malpractices in the field of medicine and hospitals. Now, he is cultivating paddy in 24 acres of land. 

Leave a Reply

Your email address will not be published. Required fields are marked *