Header Ads

എന്നെ കല്ലെറിയാന്‍ ഓടിക്കൂടിയവരുടെ ശ്രദ്ധയ്ക്ക്.....



പൊങ്കാലയിടല്‍ കഴിഞ്ഞെന്നു ഞാന്‍ കരുതുന്നു. എന്നെ കല്ലെറിയാന്‍ നിങ്ങള്‍ കാണിച്ച ആവേശത്തിന്റെ ആയിരത്തില്‍ ഒരു ശതമാനം മതി നിങ്ങള്‍ക്കു ചുറ്റും നടക്കുന്ന അനീതിക്കും അഴിമതിക്കും എതിരെ ഒന്നു ശബ്ദമുയര്‍ത്താന്‍. പക്ഷേ, അതിന് സ്ത്രീകളുടെ മെക്കിട്ടു കയറുന്നത്ര ഗുമ്മില്ലല്ലോ...? അല്ലേ....??? ബെന്നി ജോസഫ് ജനപക്ഷം എന്ന മനുഷ്യന്‍ കഴിഞ്ഞ 12 വര്‍ഷമായി മരുന്നിലെ കൊള്ളയ്‌ക്കെതിരെയും മറ്റ് നിരവധി അഴിമതികള്‍ക്കെതിരെയും നിരന്തരം പോരാടുന്നു. അത്തരത്തിലുള്ള വാര്‍ത്തകള്‍ തമസോമ എന്ന ഞങ്ങളുടെ പബ്ലിക്കേഷനില്‍ അച്ചടിച്ചു വരുന്നു. പക്ഷേ, അത്തരം വാര്‍ത്തകള്‍ക്കുള്ള റീഡബിലിറ്റി എത്ര...? അനീതിക്കെതിരെ പ്രതികരിക്കുന്നവരുടെ എണ്ണം എത്ര....??

സകലവിധ മായങ്ങളും ചേര്‍ത്ത് ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നവര്‍, അത് കഴിച്ച് രോഗികളാകുന്നവരെ പിഴിഞ്ഞെടുക്കുന്ന ആശുപത്രികള്‍, റോക്കറ്റുപോലെ കുതിച്ചുയരുന്ന വില, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ നട്ടം തിരിയുന്ന ജനങ്ങള്‍..... ഇത് ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യരുടേയും പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങളൊന്നും ഇത്രയേറെ തീവ്രതയോടെ ചര്‍ച്ച ചെയ്തത് ഞാന്‍ കണ്ടിട്ടില്ല. ഇതെക്കുറിച്ചൊന്നും ആരും വേവലാതിപ്പെടുന്നതും ഞാന്‍ കണ്ടിട്ടില്ല. 

ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് കൊടുത്ത് മാധ്യമ പ്രസ്ഥാനം നിലനിര്‍ത്തുന്നവരാണ് ഓരോ മാധ്യമങ്ങളും. ഒരു സ്ത്രീ നഗ്നത കാണിച്ചാല്‍, കണ്ണൊന്നിറുക്കിയാല്‍ അവളെ സന്മാര്‍ഗ്ഗം പഠിപ്പിക്കാന്‍ ഓടിക്കൂടുന്നവരുടെ എണ്ണമെത്ര....???? കുടുംബത്തില്‍ പിറന്നത് എന്ന് അവകാശപ്പെട്ട് വാളെടുക്കുന്ന ഓരോ ആണും പെണ്ണും ഇക്കാര്യങ്ങളെല്ലാം ചിന്തിച്ചാല്‍ നന്നായിരിക്കും. നിരവധി അഴിമതി കഥകള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമമാണ് മാതൃഭൂമി. ഇവിടെയുള്ള ഓരോ പത്രങ്ങളും അങ്ങനെതന്നെ. മാധ്യമങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ എന്തുതന്നെ ആയാലും ഈ അഴിമതി കഥകളെ വെളിച്ചത്തു കൊണ്ടുവരാന്‍ ജീവന്‍ പണയപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരുണ്ട് ഇവിടെ. നിങ്ങള്‍ക്കവര്‍ നിങ്ങളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയ നാണം കെട്ട വര്‍ഗ്ഗമാണ്. പക്ഷേ, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കാവല്‍നായ്ക്കളെപ്പോലെ പണിയെടുക്കുന്നത് ഇവിടെ സത്യവും നീതിയും ധര്‍മ്മവും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. ലൈംഗികതയെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ചു പറയുമ്പോള്‍ മാത്രം ജീവന്‍ വയ്ക്കുന്ന നിങ്ങളുടെ നാവു പോലെയല്ല മാധ്യമപ്രവര്‍ത്തകരുടേത്. അനീതിക്കെതിരെ അത് എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. 

എത്ര വലിയ അഴിമതിക്കഥകളാണ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്....? അത്തരത്തില്‍ സ്വന്തം ജീവന്‍ കൂടി പണയം വച്ച് ഓരോ മാധ്യമപ്രവര്‍ത്തകരും പുറത്തുവിടുന്ന വാര്‍ത്തകളോട് നിങ്ങളുടെ പ്രതികരണം എന്തായിരുന്നു സുഹൃത്തുക്കളെ....?? 'ഇത് ഇന്ത്യയാണ്. ഇതു കേരളമാണ്. ഇവിടെ എന്തു തോന്ന്യാസവും നടക്കും. ഒരാള്‍ മാത്രം പ്രതികരിച്ചിട്ട് ഇവിടെ എന്തു മാറ്റമുണ്ടാക്കാനാണ്....' ഇതുതന്നെയല്ലേ നിങ്ങളുടെ മനസിലുള്ളത്....??? എന്താ, ഞാന്‍ പറഞ്ഞതു സത്യമല്ലേ.....???? സ്ത്രീയെ അടിച്ചമര്‍ത്താനും കാല്‍ക്കീഴിലാക്കാനും കഴിയുന്നത്ര എളുപ്പമല്ലല്ലോ അഴിമതിക്കെതിരെ പ്രതികരിക്കുക എന്നത്. അല്ലേ....???

നിങ്ങളുടെ ഈ നിസംഗതയാണ് ഇന്ത്യയെ അഴിമതിയുടേയും മറ്റൊട്ടനവധി തിന്മകളുടേയും ഈറ്റില്ലമാക്കിയത്. ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇവിടെ ആളുകള്‍ പരസ്പരം വെട്ടിക്കീറുന്നുണ്ടെങ്കില്‍ അതിനു കാരണം നിങ്ങളുടെ നിസംഗതയാണ്. ഇത്തരം കാര്യങ്ങള്‍ ഇവിടെനടക്കുമ്പോള്‍ നിങ്ങളുടെ നാക്കെന്താ അണ്ണാക്കിലേക്കു താണു പോയോ....??? 

ഒരു സ്ത്രീ അവരുടെ സ്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇവിടെ ആര്‍ക്ക് എന്തു നഷ്ടമാണ് ഉണ്ടായത്....??? നിങ്ങള്‍ ജയിപ്പിച്ചുവിട്ട മന്ത്രിമാരും ജനപ്രതിനിധികളും നിങ്ങള്‍ക്കു വരുത്തിത്തീര്‍ത്ത നഷ്ടത്തെക്കാള്‍ വലുതാണോ അത്.....??? പറയൂ....???? നാലുകാലില്‍ തീര്‍ത്ത ഒരു ബസ്റ്റോറ്റും കക്കൂസും കെട്ടിഉയര്‍ത്തിയ ശേഷം ലക്ഷങ്ങല്‍ പോക്കറ്റിലാക്കുകയും അതു വെണ്ടയ്ക്ക അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ആ ജനപ്രതിനിധികള്‍ക്കെതിരെയുള്ള നിങ്ങളുടെ പ്രതികരണമെന്ത്.....? ഇത്ര തീവ്രവും തീക്ഷ്ണവുമാണോ ആ പ്രതികരണം.....??? സ്ത്രീയുടെ ശരീരഭാഗം അല്‍പമെങ്കിലും വെളിയില്‍ കാണുമ്പോള്‍, അവള്‍ അവളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ നിങ്ങളിത്ര അസ്വസ്ഥരാകുന്നത് എന്തിന്....????? തുണിയുരിഞ്ഞു നിന്നവരുടെ കൂട്ടത്തില്‍ നിങ്ങളുടെ അമ്മയും പെങ്ങളുമുണ്ടോ....????

ഞാന്‍ തേവിടിശ്ശിയാണു പോലും...! എന്നെ മുക്കാലിയില്‍ കെട്ടി അടിക്കണം പോലും....!! എന്റെ ഭാഷ തരംതാണു പോയി പോലും....!!! എന്നെ പച്ചയോടെ കത്തിക്കണം പോലും....! ഇനി എന്തൊക്കെയാണു നിങ്ങളുടെ ആഗ്രഹം.....????

മാറിയ ഈ ജീവിത സാഹചര്യത്തിലും നിങ്ങള്‍ സ്ത്രീകള്‍ക്കു കൊടുക്കുന്ന സ്ഥാനമെന്താണ്....??? പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ അവള്‍ പ്രാപ്തയായി. പക്ഷേ, നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ ഒന്നു പാളിനോക്കുകയെങ്കിലും ചെയ്യുക. ജോലി ചെയ്തു സമ്പാദിക്കുന്നത് പുരുഷനാണ് എങ്കില്‍, അവന്റെ എല്ലാ കാര്യങ്ങളും നോക്കാനും അന്വേഷിക്കാനും അവര്‍ക്കു വേണ്ടപ്പെട്ട സ്ത്രീകളുണ്ട്. അത് ഭാര്യയാകാം, അമ്മയാകാം, സഹോദരിയാകാം, മകളാകാം. പക്ഷേ, പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകളെ നിങ്ങള്‍ ഒന്നു പാളി നോക്കുകയെങ്കിലും ചെയ്യൂ.....??? ജോലി ചെയ്ത് സമ്പാദിക്കണം എന്ന അവളുടെ ആഗ്രഹത്തിനു വേണ്ടി അവള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. ജോലി കഴിഞ്ഞു വീട്ടിലെത്തി ഉമ്മറത്ത് കസേരയില്‍ ചാരിക്കിടന്ന് 'ചായയെട്, ചോറെട്, വെള്ളമെട്,' തുടങ്ങി നിരവധി കാര്യങ്ങള്‍ അവളോട് ആജ്ഞാപിക്കുന്ന പുരുഷകേസരികള്‍ സത്രീകളെ ഒന്നു ശ്രദ്ധിക്കുക..... സ്വന്തമായി സമ്പാദിക്കണമെന്ന ആ ആഗ്രഹത്തെ തല്ലിക്കെടുത്താന്‍ നിങ്ങള്‍ അവളുടെ തോളിലേക്ക് എടുത്തുവച്ച ഭാരമെത്രയാണ് എന്ന് നിങ്ങള്‍ ഒന്നു ചിന്തിക്കുക.....!!! ഒരു ദിവസത്തെ അധ്വാനമത്രയും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്ന അവള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന സ്വീകരണമെന്താണ്....??? സോറി...., കുടുംബത്തില്‍ പിറക്കാന്‍ ഭാഗ്യം സിദ്ധിച്ച ആണും പെണ്ണും എന്നോടു ക്ഷമിക്കുക... ഞാന്‍ അവളെക്കുറിച്ചല്ല പറഞ്ഞത്. 

ഞാന്‍ പറഞ്ഞത് എന്താണ് എന്നു മനസിലാകണമെങ്കില്‍ കണ്ണുതുറന്ന് നിങ്ങള്‍ ലോകത്തെ കാണ്. നിങ്ങള്‍എന്നെക്കാള്‍ ബുദ്ധിമാന്മാരാണ്. വിദ്യാഭ്യാസം, അറിവ്, ലോകപരിചയം, ഇതെല്ലാം വളരെക്കൂടുതല്‍. എന്നിട്ടും ചുറ്റും കാണുന്നതു കാണാന്‍ കണ്ണില്ല. ചിന്തിക്കാന്‍ ശേഷിയില്ല. അതുകൊണ്ടുതന്നെയാണു ഞാന്‍ പറഞ്ഞത്. നിങ്ങളുടെ കണ്ണ് സ്ത്രീയുടെ ശരീരത്തിലാണ് എന്ന്.... 

ഓരോ പരസ്യത്തിലും അതിഭാവുകത്വമാണ് ഉള്ളത്. ശരിയായി ഉള്ളതിനെക്കാള്‍ അപ്പുറം പറയുമ്പോള്‍ മാത്രമേ അതേക്കുറിച്ചു ചര്‍ച്ചയുണ്ടാകുന്നുള്ളു. കുടുംബത്തില്‍ പിറന്നവര്‍ സ്തനങ്ങള്‍ മൊത്തമായി വെളിയിലിട്ട് കുഞ്ഞിനു പാല്‍ കൊടുക്കില്ലത്രെ...! അവള്‍ പ്രസവിക്കാത്തവളാണത്രെ....!! അവളുടെ സ്വഭാവം ശരിയല്ലത്രെ....!!! നിങ്ങള്‍ മിടുക്കരാണ്. മിടുമിടുക്കര്‍. എത്ര എളുപ്പമാണ് നിങ്ങള്‍ തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നത്....!! ഇനി, മുലകുടി മാറാത്ത കുഞ്ഞുങ്ങളെയും കൊണ്ട് വെളിയില്‍ പോകുന്ന അമ്മമാരെ നിങ്ങള്‍ ശ്രദ്ധിക്കുക. അവരില്‍ എത്ര പേരുടെ കൈയില്‍ കുപ്പിപ്പാല്‍ ഉണ്ടെന്നു നോക്കുക... എത്ര പേര്‍ പൊതു സ്ഥലങ്ങളില്‍ സ്വന്തം കുഞ്ഞിനു പാലു കൊടുക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട് എന്നു ശ്രദ്ധിക്കുക.....!!!! ഭാവി തലമുറയെക്കുറിച്ച്, അവരുടെ ആരോഗ്യകരമായ വളര്‍ച്ചയെക്കുറിച്ച് കുറച്ചെങ്കിലും ആശങ്കയുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കുമായിരുന്നു.....!!! അല്ലാതെ മുഖചിത്രത്തിലെ സ്ത്രീയുടെ സ്തനങ്ങള്‍ നോക്കി കൊലവിളി നടത്തില്ലായിരുന്നു.

മനുഷ്യശരീരത്തിലെ കൈകാലുകള്‍ പോലെ സ്ത്രീ ശരീരത്തിലെ സ്തനങ്ങളും യോനിയും പുരുഷന്റെ ലിംഗവുമെല്ലാം. മനുഷ്യശരീരത്തിലെ മറ്റവയവങ്ങള്‍ പോലെ തന്നെ ജനനേന്ദ്രിയങ്ങള്‍ക്കുമുണ്ട് വ്യക്തമായ ധര്‍മ്മം. അത് ലൈംഗിക സുഖത്തിനു വേണ്ടി മാത്രമാണ് എന്നു ചിന്തിക്കുന്ന ആണും പെണ്ണും സമൂഹത്തിലെ പുഴുക്കുത്തുകളാണ്. അത് തിരിച്ചറിയാനുള്ള സെന്‍സ് നിര്‍ഭാഗ്യവശാല്‍ ഇവിടെയുള്ള ബഹുഭൂരിഭാഗം ആണിനും പെണ്ണിനും ഇല്ലാതെ പോയി. അതുകൊണ്ടുമാത്രമാണ് മുഖചിത്രത്തിലെ മോഡല്‍ ഉയര്‍ത്തിവിട്ട ചിന്തയെ പൂര്‍ണ്ണമായും തമസ്‌കരിച്ച് അവളുടെ അടക്കമില്ലായ്മയിലേക്ക് ഈ ചര്‍ച്ചകള്‍ വഴിമാറിപ്പോയത്. 

തേവിടിശ്ശി എന്നുവിളിച്ച് നിങ്ങളെല്ലാം എന്നെ അധിക്ഷേപിച്ചാലും ഞാന്‍ തേവിടിശ്ശി ആകില്ല. അതിനു ഞാനും നിരവധി ആണുങ്ങളും തീരുമാനിക്കണം. പക്ഷേ, അവിടെയും ആണുങ്ങള്‍ കേമന്മാര്‍, തറവാട്ടില്‍ പിറന്നവര്‍, അന്തസ്സുള്ളവര്‍. 

ഞാന്‍ എഴുതിയതിനെല്ലാം ഉത്തരവാദി ഞാന്‍ മാത്രമാണ്. അതിന്റെ പേരില്‍ എന്റെ കൂട്ടുകാരായ പുരുഷന്മാരെ, എന്റെ പരിചയക്കാരായ പുരുഷന്മാരെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ജയിക്കുവാന്‍ വേണ്ടി അപ്പനും അമ്മയ്ക്കും മുത്തിക്കും വിളിക്കുന്ന ഏര്‍പ്പാട്..... അത് തറവാട്ടു മഹിമയാണോ എന്ന് നിങ്ങള്‍ തന്നെ പരിശോധിച്ചാല്‍ മതി. 

അല്ല, ആണുങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടത്. പൊതുജനങ്ങളുടെ അഭിപ്രായം ഭയന്ന് സ്വന്തം കുഞ്ഞിന്റെ അണ്ണാക്കിലേക്ക് കുപ്പിപ്പാല്‍ തിരുകിവയ്ക്കുന്ന അമ്മമാരെയാണ് മുരുക്കിന്‍ പത്തലിനു തല്ലേണ്ടത്. സ്വന്തം കുഞ്ഞിന്റെ അവകാശത്തെ നിഷേധിക്കുന്ന ഈ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു കാണിച്ചു കൊടുക്കുന്നത് മോശം മാതൃകയാണ്. അനീതിക്കെതിരെ പോരാടാനും അക്രമത്തിനെതിരെ പോരാടാനുമുള്ള കഴിവും തന്റേടവുമായി ഓരോ കുഞ്ഞും വളര്‍ന്നു വരുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് അവരാണ്. സ്ത്രീയെ.... നട്ടെല്ലില്ലാത്തതു നിനക്കു തന്നെയാണ്....!! അതിന് പുരുഷനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.....!!! 



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.