ഇന്നുപെട്ടിക്കട, നാളെ ബഹുനില കെട്ടിടം: മെട്രോനഗരങ്ങളിലെ ഭൂമി കൈയ്യേറ്റം ഇങ്ങനെ

മെട്രോ നഗരമായ കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍
കഴിയും, വഴിവാണിഭക്കാരുടെ ഒരുനീണ്ട നിര. പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും
പച്ചക്കറികളും വസ്ത്രങ്ങളും വില്‍ക്കുന്നവര്‍, തട്ടുകടകള്‍, മുറുക്കാന്‍
കടക്കാര്‍, ചെറിയ പലഹാരക്കടകള്‍, എന്നിങ്ങനെ പലവിധ വഴിവാണിഭക്കാര്‍.
നിങ്ങളുടെ വീട്ടിലേക്കാവശ്യമായ എല്ലാം ഈ കടകളില്‍ നിന്നും
വഴിവാണിഭക്കാരില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാന്‍ കഴിയും.

നഗരം പാവപ്പെട്ട നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയാണ്. തലചായ്ക്കാന്‍ ഒരിടം
പോലും അവരില്‍ പലര്‍ക്കും ഇല്ല. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ
പെട്ടിക്കടകളിലും തട്ടുകടകളിലും മറ്റും അന്തിയുറങ്ങുന്നവരും ഇവരിലുണ്ട്.
ഇവരില്‍ പലരും അധികം വിദ്യാഭ്യാസമില്ലാത്തവരാണ്. അക്ഷരാഭ്യാസമില്ലാത്തവര്‍.
അവര്‍ പഠിക്കുന്നത് ജീവിതമാണ്. ചെറിയ കുട്ടികളും വൃദ്ധന്മാരും അവരിലുണ്ട്.
ഈ വഴിവാണിഭത്തില്‍ നിന്നുമുള്ള വരുമാനം കൊണ്ട് കഴിഞ്ഞുപോകുന്ന കുറെ
മനുഷ്യര്‍. 


തലചായ്ക്കാന്‍ ഒരു കൂര അവര്‍ക്കും വേണം. പക്ഷേ, ഈ പട്ടിണിപ്പാവങ്ങളുടെ
പേരില്‍ ഗുണ്ടകളും മയക്കുമരുന്നു വ്യാപാരികളും ഭൂമി കൈയ്യേറ്റക്കാരും മറ്റു
മാഫിയകളും വിലസുന്നത് അധികമാരും അറിയാറില്ല. ആദ്യം തോടോ റോഡരികോ ഇവര്‍
കൈയ്യേറും. പിന്നെ അവിടെ പെട്ടിക്കടകളോ പ്ലാസ്റ്റിക് ഷീറ്റ് വച്ചുകെട്ടിയ
ചെറിയ കൂരകളോ നിര്‍മ്മിക്കും. കാലക്രമേണ ആ കൂരകള്‍ക്ക് പിന്‍വാതിലിലൂടെ
ഇലക്ട്രിസിറ്റി കണക്ഷന്‍ വാങ്ങിച്ചെടുക്കും. വീട്ടു നമ്പറും. അതോടെ, അവിടെ
വീടുകള്‍ ഉയര്‍ന്നുവരും. ഈ വീടുകള്‍ ലക്ഷങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കും.
റോഡും തോടും കൈയ്യേറുന്നതിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണ്. 



കൊച്ചിയുടെ ഹൃദയഭാഗത്ത് പനമ്പിള്ളി നഗറില്‍ ശിഹാബ് തങ്ങള്‍ റോഡില്‍
ഇത്തരത്തില്‍ ഒരു തോടു കൈയ്യേറിയതിന്റെ ദൃശ്യങ്ങള്‍ ജനപക്ഷവും തമസോമയും
ഈയിടെ പുറത്തു വിട്ടിരുന്നു. ഞങ്ങളുടെ ശ്രമഫലമായി ഈ അനധികൃത നിര്‍മ്മാണം
ജില്ല ഭരണകൂടം നിറുത്തിവച്ചു. പനമ്പിള്ളിനഗറില്‍ മാത്രമല്ല, കൊച്ചിയുടെ
എല്ലാഭാഗത്തും അനധികൃത കൈയ്യേറ്റങ്ങള്‍ നടക്കുന്നു. സൗത്ത് പാലത്തില്‍
നിന്നും പറമ്പിത്തറ റോഡിലോട്ടു പോകുമ്പോള്‍ നിരവധി കൈയ്യേറ്റങ്ങള്‍ ഉണ്ട്.
ഇതു കൂടാതെ, നോര്‍ത്ത് പാലത്തിനു സമീപവും മണപ്പാട്ടി പറമ്പിലുമുള്ള
കൈയ്യേറ്റങ്ങള്‍, സൗത്ത് റെയില്‍വേ സ്റ്റേഷനു പുറകിലുള്ള ഗാന്ധിനഗറില്‍
നടക്കുന്ന കൈയ്യേറ്റങ്ങള്‍, എന്നിവയെല്ലാം നിരോധിക്കപ്പെടേണ്ടതാണ്. നാലഞ്ച്
അടി വീതിയിലാണ് ഈ കൈയ്യേറ്റങ്ങളെല്ലാം. ഇതെല്ലാം ബന്ധപ്പെട്ടവരുടെ അറിവോടെ
കൈക്കൂലി വാങ്ങിക്കൊണ്ടാണ് നടക്കുന്നത്. പാര്‍ട്ടിക്കു വേണ്ടി കൊല
ചെയ്യുന്നവര്‍ക്കും കിട്ടും ഇതുപോലെ ഭൂമി. കൈയ്യേറ്റക്കാരെയല്ല, മറിച്ച്
കൈയ്യേറ്റം അനുവദിക്കുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും
ജനപ്രതിനിധികളെയുമാണ് കഠിനമായി ശിക്ഷിക്കേണ്ടത്. 



നമ്മുടെ ജനപ്രതിനിധികളും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍
ഉദ്യോഗസ്ഥരും നേതാക്കളും എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ കൈയ്യേറ്റങ്ങള്‍
അത്രയും നടക്കുന്നത്. പട്ടിണിപ്പാവങ്ങളായ ഇവരുടെ കിറി നക്കി ജീവിക്കുന്ന
രണ്ടുംകെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഇതിനു
കുടപിടിക്കുന്നത്. ഈ പാവങ്ങള്‍ക്ക് വീടു വച്ചു കൊടുക്കേണ്ട എന്നല്ല,
മറിച്ച്, തലചായ്ക്കാന്‍ അവര്‍ക്കും വേണം ഉറപ്പുള്ള ഒരു മേല്‍ക്കൂര. പക്ഷേ, ആ
മേല്‍ക്കൂര മറിച്ചു വില്‍ക്കാന്‍ പറ്റുന്നതാവരുത്, മറിച്ച്, അവര്‍ക്ക്
എന്നേക്കും സംരക്ഷണം നല്‍കുന്നതാവണം. അവരുടെ ജീവിത നിലവാരം
മെച്ചപ്പെടുന്നതു വരെ ആ വീടിന് ചെറിയൊരു വാടക സര്‍ക്കാരിലേക്കു നല്‍കാന്‍
കഴിയണം. ചുരുങ്ങിയത് ഒരു 25 രൂപയെങ്കിലും മാസവാടക.

വീടില്ലാതെ, തലചായ്ക്കാന്‍ ഒരിടമില്ലാതെ, തെരുവില്‍ കഴിയുന്ന അനേകം
പേരുണ്ട് കേരളത്തില്‍. ഇവര്‍ക്കെല്ലാം സ്വന്തമായി വീടും സ്ഥലവും നല്‍കാന്‍
ഒരു പക്ഷേ സര്‍ക്കാരിനു കഴിഞ്ഞെന്നുവരില്ല. ഇതിനു പകരം ഇത്തരം വാടകവീടുകള്‍
സര്‍ക്കാരിനു നല്‍കാവുന്നതാണ്. ഇവരുടെ ജീവിതം മെച്ചപ്പെടുന്നതിന്
അനുസരിച്ച്, സ്വന്തമായി ഇവര്‍ക്കു വീടും സ്ഥലവും വാങ്ങാം. എന്നുമെന്നും
ദരിദ്രരായി കഴിയുന്നത് നല്ലതല്ല. മറിച്ച് ദാരിദ്യത്തില്‍ നിന്നും
കരകയറാനുള്ള എല്ലാ സഹായവും സര്‍ക്കാരിനു ചെയ്തു കൊടുക്കാം. ഒപ്പം ദരിദ്രരായ
ഓരോരുത്തരും പരിശ്രമിക്കട്ടെ. അവരുടെ ജീവിതം മെച്ചപ്പെടട്ടെ, അങ്ങനെ
അന്തസായി ജീവിക്കാന്‍ അവര്‍ക്കു കഴിയട്ടെ. അല്ലാതെ, പൊതുസ്ഥലങ്ങള്‍
കൈയ്യേറി വീടും കച്ചവടസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് ഒത്താശ
ചെയ്യുകയല്ല സര്‍ക്കാരും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ചെയ്യേണ്ടത്.
ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഉണ്ടാവേണ്ടത്.

ഈ പാവങ്ങളെ തെരുവിലിറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അവര്‍ക്കും മനസമാധാനത്തോടെ
കിടന്നുറങ്ങണം. തെരുവില്‍ അലയുന്ന ജനങ്ങള്‍ ഉള്ളിടത്തോളം കാലം അതൊരു
ക്ഷേമരാഷ്ട്രവുമാവില്ല. സര്‍ക്കാര്‍ അനുവദിച്ചാല്‍, എല്ലാവര്‍ക്കും വീട്
എന്ന സ്വപ്‌ന ലക്ഷ്യത്തിലേക്കെത്താനുള്ള പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ ജനപക്ഷവും തമസോമയും തയ്യാറാണ്.

ഈ വാര്‍ത്ത ഭരണാധികാരികള്‍ക്കു സമര്‍പ്പിക്കുന്നു. ഇരട്ടച്ചങ്കുള്ള
സര്‍ക്കാരാണെങ്കില്‍ ഈ അനധികൃത കൈയ്യേറ്റങ്ങളാണ് തടയിടേണ്ടത്. കൊച്ചിയിലെ
വെള്ളക്കെട്ടിനും രോഗദുരിതങ്ങള്‍ക്കും ഗതാഗത കുരുക്കിനുമുള്ള കാരണങ്ങളില്‍
പ്രധാനപ്പെട്ടതാണ് ഈ അനധികൃത കൈയ്യേറ്റങ്ങള്‍.


Benny Joseph, Janapaksham



Tags: Encroachments in Kochi city, Land mafia in Kerala, 

Lots of encroachments can be seen in Kochi city with the full support of politicians, and concerned people. It should be prevented. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു