Header Ads

ഇനി അവര്‍ പറയും, നിങ്ങളുടെ കണ്ണുകളും ചുണ്ടുകളും ഞങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നുവെന്ന്...!!ഫാറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസംഗത്തെക്കുറിച്ച് എഴുതിയ കുറിപ്പിനെ തുടര്‍ന്ന് പലരും അദ്ദേഹം പ്രസംഗിച്ച വീഡിയോ അയച്ചു തന്നു. ഒരു ഇസ്‌ലാമിക സദസ്സില്‍ നടത്തിയ ആ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിമര്‍ശനമുന്നയിച്ചത് 'മതേതര' സമൂഹത്തിന്റെ കയ്യടിക്കാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്..

ഒന്ന് രണ്ട് പോയിന്റുകള്‍ മാത്രം പറയാം.

1) എവിടെ ക്ലാസ്സെടുത്താലും അദ്ദേഹം ഒരു കോളേജ് അധ്യാപകനാണ്. അദ്ദേഹം ഉപമിച്ചത് താന്‍ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെക്കുറിച്ചാണ്. ആ കോളജിലെ പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ അപമാനമുണ്ടാക്കുന്ന ഒരു പരാമര്‍ശമാണത്. വസ്ത്രത്തിനുള്ളിലെ മുഴപ്പിന്റെ സാമ്പിള്‍ വത്തക്ക രൂപത്തില്‍ പുറത്ത് കാണിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നവരാണ് താന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ എന്ന് ഒരു മനുഷ്യന്‍ ഏത് വേദിയില്‍ പ്രസംഗിച്ചാലും അത് തെറ്റാണ്.

2) അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളും അല്ലാത്തവരുമുണ്ട്. പര്‍ദ്ദ ധരിക്കാത്ത പെണ്‍കുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്ട ധാരണയെന്താണ്?. മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്. അദ്ദേഹത്തിന്റെ മുന്നില്‍ പര്‍ദ്ദ ധരിക്കാതെ ഇരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ ഉണ്ടാവാനിടയുള്ള അസ്വസ്ഥതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?


3) പര്‍ദ്ദ ധരിച്ച് നടക്കുമ്പോള്‍ മുന്നില്‍ ഒരു പടിയോ സ്റ്റെപ്പോ ഉണ്ടാകുമ്പോള്‍, വേഗത്തില്‍ നടക്കുമ്പോള്‍, ബസ്സിലേക്ക് കയറുമ്പോള്‍, അതല്പം പൊക്കിപ്പിടിക്കേണ്ടി വരും. അത് ഉള്ളിലെ ലെഗ്ഗിന്‍സ് പുറത്ത് കാണിച്ച് ആളുകളെ വശീകരിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. ചികിത്സ വേണ്ടത് പെണ്‍കുട്ടികള്‍ക്കല്ല, പുറത്ത് കാണുന്ന ആ ലെഗ്ഗിന്‌സിന്റെ ചെറിയ പ്രതലത്തെ 'വശീകരണ വത്തക്ക'യാക്കുന്ന രോഗികള്‍ക്കാണ്.

4) മുന്‍ കുറിപ്പില്‍ സൂചിപ്പിച്ച പോലെ വസ്ത്രധാരണത്തില്‍ ഘട്ടം ഘട്ടമായി അതിതീവ്ര മത ജാഗരണം കേരളത്തിലേക്ക് വരികയാണ്. പര്‍ദ്ദ ധരിച്ചവരില്‍ പോലും ചിലയിടങ്ങള്‍ പുറത്ത് കാണുന്നുണ്ട് എന്ന് അതിസൂക്ഷ്മ നിരീക്ഷണം നടത്തി പറയുന്നതിന്റെ അടുത്ത ഘട്ടം കുറേക്കൂടി തീവ്രമായ വസ്ത്രധാരണത്തിലേക്ക് പോകണം എന്ന് തന്നെയാണ്. ആ മുഖവും മൂടൂ എന്ന് പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തും. നിങ്ങളുടെ ചുണ്ടുകളും കവിളുകളും വല്ലാതെ ലൈംഗിക പ്രകോപനമുണ്ടാക്കുന്നു, അത് മൂടി വെക്കൂ എന്നാണ് അടുത്ത ഘട്ടത്തിലെ സ്റ്റഡി ക്ലാസ്സില്‍ വരാന്‍ പോകുന്നത്. ഇത് ആ അദ്ധ്യാപകനെ ഉദ്ദേശിച്ച് പറയുന്നതല്ല, ഒരു ട്രെന്‍ഡിനെക്കുറിച്ച് പറയുന്നതാണ്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന നിഖാബ് ധരിച്ച് കൊച്ച് കുട്ടികള്‍ പോലും സ്‌കൂളുകളില്‍ പോകുന്നത് ഇന്ന് അപൂര്‍വ കാഴ്ചയല്ല. അത് കൂടുതല്‍ വ്യാപകമാകാനാണ് പോകുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങള്‍.

ഇതൊക്കെ മതേതര സമൂഹത്തിന്റെ കയ്യടിക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന് കരുതുന്നവര്‍ക്ക് അങ്ങിനെ തന്നെ കരുതാം. അതിലൊട്ടും വിഷമമില്ല. പക്ഷേ പറയാനുള്ളത് പറയാതെ പോകില്ല.


ബഷീര്‍ വള്ളിക്കുന്ന്

(Basheer Vallikkunnu is talking about the viral video of a teacher in Farooq Collage. Today, a group of sexually intollerent people complained heavily against the dressing style of muslim girls. Tomorrow, they will tell that their lips and eyes are the matter of sexual feelings, so they should cover those body parts also. Whom should be chained, these sexual fanatics or the poor girls...?)

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.