Header Ads

ചെമ്മീന്‍പുളി (ഇരുമ്പന്‍പുളി)യെ സ്വാദിഷ്ടമായ ഈന്തപ്പഴം പോലെയാക്കി മാറ്റുന്ന വിധം



 


ചെമ്മീന്‍പുളി (ഇരുമ്പന്‍പുളി)യെ സ്വാദിഷ്ടമായ ഈന്തപ്പഴം പോലെയാക്കി മാറ്റുന്ന വിധം

ആവശ്യമായ സാധനങ്ങള്‍

ചെമ്മീന്‍പുളി (ഇരുമ്പന്‍പുളി) വലുത്: ഒരുകിലോ
പഞ്ചസാര : 350 ഗ്രാം
ചുണ്ണാമ്പ്: ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം


ഒരു കിലോഗ്രാം വലിയ ചെമ്മീന്‍പുളി (ഇരുമ്പന്‍പുളി) എടുക്കുക. നന്നായി വിളഞ്ഞതാവണം, പക്ഷേ പഴുത്തതാവാന്‍ പാടില്ല. (വലിയ പുളി നോക്കി എടുത്താല്‍ നല്ല രുചിയുണ്ടാകും. ചെറിയ പുളിയാണെങ്കില്‍ രുചി കുറയും.) ഒരു ടീസ്പൂണ്‍ ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കി അതിന്റെ തെളിവെള്ളം എടുക്കണം. ഈ വെള്ളത്തില്‍ ചെമ്മീന്‍പുളി മുക്കി വയ്ക്കണം. പുളിയിലെ കറ കളയാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചുണ്ണാമ്പിന്റെ തെളിവെള്ളത്തില്‍ 24 മണിക്കൂര്‍ പുളി മുക്കി വയ്ക്കണം. (ഇന്ന് നാലു മണിക്കു മുക്കി വച്ചാല്‍ പിറ്റേദിവസം നാലുമണിക്ക് എടുക്കാം.) അതിനു ശേഷം ചുണ്ണാമ്പുതെളിയില്‍ നിന്നും പുളി പുറത്തെടുത്ത് രണ്ടോമൂന്നോ പ്രാവശ്യം നല്ല വെള്ളത്തില്‍ കഴുകണം. പിന്നീടത് വെള്ളം തോരാന്‍ വയ്ക്കാം.


നന്നായി വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ പുളിയെടുത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഇടണം. അതിനു ശേഷം 350 ഗ്രാം പഞ്ചസാരയെടുത്ത് പുളിയില്‍ പൊത്തി വയ്ക്കണം. ഏകദേശം 20 മിനിറ്റുനേരം പുളി പഞ്ചസാരയില്‍ പൊത്തി വയ്ക്കണം. ഒരുകിലോ പുളിക്ക് 350 ഗ്രാം പഞ്ചസാര മതിയാകും. ഏകദേശം 20 മിനിറ്റുകഴിയുമ്പോള്‍ ഈ പുളി പാത്രത്തോടെ എടുത്ത് അടുപ്പത്തു വച്ച് തിളപ്പിക്കണം. തിളച്ചു തുടങ്ങുമ്പോള്‍ പഞ്ചസാര ഉരുകി ലായനിപോലെയാവും. പുളി ആ ലായനിയില്‍ നികന്ന് കിടക്കണം. ഈ സമയം സ്പൂണ്‍ കൊണ്ട് പതുക്കെ പുളി ഇളക്കിക്കൊടുക്കാം. പാത്രം എടുത്ത് പതുക്കെ ഒന്നു മറിച്ചു കൊടുത്താലും മതി. പുളി പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. പുളി പതുക്കെ ഞെങ്ങുന്ന പാകമാകുമ്പോള്‍ (ചെറുതായി വെന്തുകഴിയുമ്പോള്‍) തീ അണയ്ക്കണം.


അതിനു ശേഷം, പിറ്റേന്നു കാലത്ത് ഈ പുളി പഞ്ചസാര ലായനിയില്‍ നിന്നും എടുത്ത് വെയിലത്ത് ഉണക്കാന്‍ വയ്ക്കണം. വൈകുന്നേരമാകുമ്പോള്‍ പുളി വെയിലത്തു നിന്നും എടുത്ത് വീണ്ടും പഞ്ചസാര പാനിയില്‍ മുക്കിവയ്ക്കണം. പിറ്റേദിവസം വീണ്ടും പഞ്ചസാര പാനിയില്‍ നിന്നും പുളി എടുത്ത് വെയിലത്ത് ഉണക്കാന്‍ വയ്ക്കണം. അങ്ങനെ രണ്ടുപ്രാവശ്യം പഞ്ചസാര പാനിയില്‍ പുളിയിട്ട് അടുത്ത ദിവസം രാവിലെ പഞ്ചസാര പാനിയില്‍ നിന്നും പുളിയെടുത്ത് വെയിലത്ത് ഉണക്കാന്‍ വയ്ക്കണം. പിന്നീടുള്ള രണ്ടു ദിവസം പുളി സാധാരണ രീതിയില്‍ വെയിലത്തിട്ട് ഉണക്കാം. അങ്ങനെ ആകെ നാലു ദിവസം പുളി വെയിലത്തു വച്ച് ഉണക്കണം. (രണ്ടുദിവസം പഞ്ചസാര ലായനിയില്‍ മുക്കിയും രണ്ടു ദിവസം പഞ്ചസാര ലായനിയില്‍ മുക്കാതെയും). ഇതോടെ ചെമ്മീന്‍പുളി കറുത്ത് സ്വാദിഷ്ടമായ ഈന്തപ്പഴം പോലെ ആയിത്തീരും. ഇത് നിരവധി രോഗങ്ങള്‍ക്ക് ഉത്തമമാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ ഇതു ഫലപ്രദമാണ്. മാത്രവുമല്ല, പൂര്‍ണ്ണമായും ജൈവവുമാണ്. 

(തയ്യാറാക്കിയത്: സെലിന്‍ ബെന്നി ജോസഫ്)
(Courtesy: Mrs Baby George Parapally)


Celine Benny Joseph



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.