Header Ads

വാര്‍ത്ത വന്നു, ഇനിയെങ്കിലും നടപ്പാകുമോ മരുന്നിന് ജനറിക് നാമകരണം.....???



നടപ്പിലാകുമെന്ന് ഉറപ്പില്ലെങ്കിലും ഈ വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇങ്ങനെ പല പ്രതീക്ഷകളും ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. മരുന്നിലെ കൊള്ള ഇപ്പോഴും തുടരുന്നു, അനുസ്യൂതം... അവിരാമം....!!! ജീവിക്കാനുള്ള അവകാശം പോക്കറ്റിന്റെ കനത്തില്‍ തിട്ടപ്പെടുത്തുന്ന ആര്‍ത്തിമൂത്ത പിശാചുക്കളുടെ കേന്ദ്രമാണ് ആശുപത്രികള്‍. എങ്കിലും, തളരാതെ, തകരാതെ ജനപക്ഷം ഇന്നും മുന്നോട്ട്....!!! 

കഴിഞ്ഞ 12 കൊല്ലമായി, ജീവന്‍ രക്ഷാ മരുന്നില്‍, പ്രത്യേകിച്ചും ക്യാന്‍സര്‍ രോഗികളുടെ മരുന്നില്‍, അമിത ലാഭവും കൊള്ളയും നടക്കുന്ന വിവരം ജനപക്ഷം നിരന്തരം കോടതികളിലും മറ്റു ഫോറങ്ങളിലും ജനസമൂഹത്തിനു മുന്നിലും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, മലയാള മനോരമ ദിനപ്പത്രത്തില്‍ ഫെബ്രുവരി 28, 2018 ല്‍ വലിയൊരു വാര്‍ത്ത വന്നു, വളരെ സന്തോഷം. 


മരുന്നുകളുടെ ജനറിക് നാമം, മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന കര്‍ശനമാക്കുന്നു എന്നാണ് ആ വാര്‍ത്ത. പക്ഷേ, നിങ്ങളോര്‍ക്കണം. ഇങ്ങനെ പല കര്‍ശന നിബന്ധനകളും കഴിഞ്ഞ അഞ്ചെട്ടു വര്‍ഷത്തിനിടയില്‍ പലതവണ വന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. മരുന്നുകുറിക്കുമ്പോള്‍ മൂലനാമം (Generic Name) എഴുതണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാര്‍മാരും ഈ നിയമം നിര്‍ബന്ധമായും പാലിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കുന്ന എത്ര ഡോക്ടര്‍മാരും ആശുപത്രികളും ഇവിടെയുണ്ട്....? 

കമ്പനിയുടെ പേരും ബ്രാന്‍ഡ് പേരും എഴുതിയാല്‍ നടപടി എടുക്കുമെന്നു പറയുന്നു. ഒരസുഖത്തിന് 16 മരുന്നല്ല, മറിച്ച് 16,000 മരുന്നാണ് ഇവിടെ ഉള്ളത്. ഓരോ ഡോക്ടറെയും നമ്മള്‍ കണ്ട് ആ ഡോക്ടറുടെ അടുക്കളയുടെ ഭാഗത്തു നിന്നും നമ്മള്‍ നീങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഈ മരുന്ന് നമ്മള്‍ക്കു കിട്ടില്ല. ഏതൊരാശുപത്രിയില്‍ പോയി മരുന്ന് എഴുതിയാലും അവിടെ നിന്നും അരക്കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ പിന്നെ ആ മരുന്ന് കിട്ടില്ല എന്നതാണ് സത്യം. 

എന്തായാലും ഇപ്പോള്‍ ഈ എടുത്തിരിക്കുന്ന തീരുമാനം വളരെ നല്ലതാണ്. പക്ഷേ, ഈ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് എങ്ങനെയെങ്കിലും ഒന്നു നടപ്പാക്കണമെന്ന് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തോടും ഭരണാധികാരികളോടും ജനപക്ഷം യാചിക്കുന്നു. 

ഡോക്ടര്‍മാര്‍ക്ക് അമിതമായ കമ്മീഷന്‍ കിട്ടുന്നത് മരുന്നു കമ്പനികളുടെ പേര് (Brand Name or Company Name) എഴുതുമ്പോഴാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ ഇതിനൊരു മറുനയം, അല്ലെങ്കില്‍ മുട്ടാപ്പോക്ക്, പറയുന്നുണ്ട്. അതായത്, ജനറിക് നാമം എഴുതിയാല്‍ ഈ മരുന്ന് ചാത്തനായിരിക്കും. അതിന് ക്വാളിറ്റി ഉണ്ടാവില്ല, ഉത്പാദിപ്പിക്കുന്ന സ്ഥലം ശരിയായിരിക്കില്ല. അങ്ങനെയെങ്കില്‍, മരുന്നിന്റെ ക്വാളിറ്റി പരിശോധിച്ച് ഉറപ്പു വരുത്താനാണ് നമുക്ക് ഇവിടെ ഡ്രഗ് കണ്‍ട്രോളര്‍മാരുള്ളത്. അതിന് ചില നോംസ് (norms) ഉണ്ട്. മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയെയും നമ്മുടെ ഭരണകൂടത്തിന് നിലയ്ക്കു നില്‍ത്താന്‍ കഴിയണം. ആ നോംസ് അനുസരിച്ചു വേണം നല്ല ക്വാളിറ്റിയുള്ള മരുന്ന് ഉണ്ടാക്കാന്‍. രണ്ടുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ മരുന്ന് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ, ജനപക്ഷത്തിന്റെ ഇക്കാലമത്രയുമുള്ള അന്വേഷണത്തില്‍ തെളിഞ്ഞ ഒരു കാര്യമുണ്ട്. പാവപ്പെട്ട രോഗികളെ ഞെക്കിപ്പിഴിയുന്നതില്‍ ഡോക്ടര്‍മാരാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന സത്യം. 


മരുന്നുകളുടെ ജനറിക് നാമം എഴുതണമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പു സെക്രട്ടറി, കൗണ്‍സില്‍ അംഗം, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെല്ലാം ഇതില്‍ ഇടപെട്ടിട്ടുണ്ട്. പക്ഷേ, ഇത് നടപ്പാകുമെന്ന് ജനപക്ഷത്തിന് യാതൊരു വിശ്വാസവുമില്ല. നടപ്പായാല്‍ നിങ്ങളുടെ ഒപ്പം ഞങ്ങളും ഉണ്ടായിരിക്കും. നമുക്ക് അതിപ്രഗത്ഭരായ നിരവധി ഡോക്ടര്‍മാരുണ്ട്. ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍, ഹാര്‍ട്ടിന്റെ ഡോക്ടറായ ജോസ് പെരിയപുരം, മറ്റു പ്രമുഖ ഡോക്ടര്‍മാരായ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍, സച്ചിദാനന്ദന്‍ കമ്മത്ത്, അങ്ങനെ കഴിവുറ്റ കുറെ ഡോക്ടര്‍മാര്‍ ഇവിടെയുണ്ട്. പക്ഷേ, മരുന്നിലെ വന്‍കൊള്ളയെക്കുറിച്ച് ഇവരും ഒരക്ഷരം പോലും മിണ്ടുന്നില്ല. ജനങ്ങളോട് ഇവര്‍ക്കു പോലും ഒരു ഉത്തരവാദിത്വമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്....???

നൂറു രൂപയുടെ മരുന്നില്‍ 1000 രൂപയുടെ ബില്ലാണ് എഴുതുന്നത്. ചെറിയ വ്യത്യാസമൊന്നുമല്ല. അതുപോലെ ഒരു ഇന്‍ജക്ഷന്‍ എടുത്താല്‍ നമുക്ക് 25 ഇന്‍ജക്ഷന്‍ ഫ്രീ കിട്ടുന്നു. മെഡിക്കല്‍ റെപ്മാരുടേയും ഈ മെഡിക്കല്‍ കമ്പനികളുടേയും കൊള്ളയ്‌ക്കെതിരെ ഇനിയെങ്കിലും ജനങ്ങള്‍ പ്രതികരിച്ചേ തീരൂ. 

ഈ സംഘടിത കൊള്ള സര്‍ക്കാരിന്റെ അറിവോടെ...

മെഡിക്കല്‍ രംഗത്തെ ഈ സംഘടിത കൊള്ള സര്‍ക്കാരിന്റെ അറിവോടെതന്നെയാണ് നടക്കുന്നത്. അതിനുള്ള തെളിവുകളും ജനപക്ഷം ഇവിടെ നിരത്തുന്നു. പാക്ലിറ്റാക്‌സെല്‍ (Paclitaxel) എന്ന മരുന്ന് കേരള മെഡിക്കല്‍ സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (Kerala Medical Supply Corporation Limited) വാങ്ങുന്നത് 1226 രൂപയ്ക്കാണ്. എന്നാല്‍ ഈ മരുന്നിന്റെ എം ആര്‍ പി (MRP) 10,850 രൂപയും. അതായത് 9624 രൂപയുടെ അമിത ലാഭം. അമിഫോസ്റ്റിന്‍ ഇന്‍ജക്ഷന്റെ (Amifostin Inj) വില വെറും 430 രൂപ. പക്ഷേ, ഇതു രോഗികള്‍ക്കു ലഭിക്കുന്നത് 4225 രൂപയ്ക്കും. ഈ വ്യത്യാസം എങ്ങനെ വന്നു....? മരണത്തെ മുഖാമുഖം കാണുന്ന രോഗികളുടെ കൈയിലെ അവസാനത്തെ നാണയത്തുട്ടുകളാണ് ഇത്തരത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും അടിച്ചു മാറ്റി തങ്ങളുടെ കീശയിലാക്കുന്നത്. നാം ജയിപ്പിച്ചു വിടുന്ന സര്‍ക്കാരാണ് ഈ സംഘടിത കൊള്ളയ്ക്കു കുടപിടിക്കുന്നത്. നിങ്ങള്‍ കൊള്ളയടിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാണ്. ഈ കൊള്ള കണ്ടിട്ടും പ്രതികരിക്കാതെ ഇറുകെ പൂട്ടിവച്ച നിങ്ങളുടെ ചുണ്ടുകളാണ് ഉത്തരവാദികള്‍. 


നമ്മള്‍ തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കന്മാരാണ് ഇതില്‍ ശുഷ്‌കാന്തിയും നേതൃത്വവും വഹിക്കേണ്ടത്. പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന ഈ പരിപാടിക്ക് ഒരു അറുതിവരുവാന്‍ ജനറിക് നാമം എഴുതുന്നത് ഒരു പരിധി വരെയെങ്കിലും സഹായകരമാകും. പുതിയ തട്ടിപ്പൊന്നും കണ്ടെത്തിയില്ലെങ്കില്‍ ഡോക്ടര്‍മാര്‍ ജനറിക് പേരുകള്‍ എഴുതണമെന്ന് അപേക്ഷിച്ചുകൊണ്ടും എല്ലാവരും ഇതിനു വേണ്ടി ശബ്ദിക്കണമെന്നു യാചിച്ചു കൊണ്ടും നിറുത്തുന്നു,

നിങ്ങളുടെ സ്വന്തം 

ബെന്നി ജോസഫ്, ജനപക്ഷം 


(Benny Joseph Janapaksham is talking about the importance of prescribing medicines in its generic name. He is fighting against the daylight robbery of the price of life saving medicines in India, especially Kerala for the past 12 years. But, nobody is bothered about it. Even the cancer patients are their relativesw are silent about this illegal practices that happening in the field of medicine. The number one beneficiary of this illegal practice is doctors. Hospitals, medicine distributers and the manufacturers also get a good share. Political leaders are ministers are not taking any initiative against these practices. A public agitation is also not raising against these illegal pricing of medicines. Still, Benny Joseph is taking up the issue everywhere to make a change.)

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.