Header Ads

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍



യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ..... 

മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി. യോഗ അവളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി. ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെ നാനമ്മാള്‍ ഇപ്പോഴും ഓടി നടക്കുന്നതിനു കാരണം യോഗയും നാച്ചുറോപ്പതി ചികിത്സയുമാണ്. അവര്‍ യോഗയില്‍ ജീവിക്കുന്നു. ശ്വസിക്കുന്നത് യോഗയുടെ നിയമമനുസരിച്ച്. ഭക്ഷണ രീതിയും ചികിത്സയുമാകട്ടെ പൂര്‍വ്വികന്മാര്‍ നമുക്ക് കൈമാറിയ നാച്ചുറോപ്പതിയെ അടിസ്ഥാനമാക്കി. 

1920 ഫെബ്രുവരി 24 നാണ് നാനമ്മാള്‍ ജനിച്ചത്. നാനമ്മാളിന്റെ പൂര്‍വ്വികര്‍ ആന്ധ്ര സ്വദേശികളായിരുന്നു. അവരുടെ മാതൃഭാഷയാകട്ടെ തെലുങ്കും. പക്ഷേ, തമിഴ്‌നാട്ടിലെ മറ്റുനിരവധി ആളുകളെപ്പോലെ, നാനമ്മാളുടെ പൂര്‍വ്വികരും തമിഴ്‌നാട്ടില്‍ ചേക്കേറി, നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്. നാനമ്മാളുടെ അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകരായിരുന്നു. 


ഒന്നാം ക്ലാസ് വരെ മാത്രമേ നാനമ്മാള്‍ക്കു പഠിക്കുവാന്‍ സാധിച്ചുള്ളു. അവരുടെ ചെറുപ്പകാലത്ത് സ്ത്രീകള്‍ വീടിനു വെളിയില്‍ ഇറങ്ങുന്നതു പോലും അപൂര്‍വ്വമായിരുന്നു. നാനമ്മാളുടെ ക്ലാസില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളോടു സംസാരിക്കാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ലായിരുന്നു. അതിനാല്‍, ആണ്‍കുട്ടികള്‍ മാത്രമടങ്ങിയ ക്ലാസിലേക്കു പോകാനുള്ള മടികൊണ്ട് നാനമ്മാള്‍ ഒന്നാംക്ലാസോടെ പഠനം നിറുത്തി. വീട്ടുജോലികളില്‍ അമ്മയെ സഹായിക്കാന്‍ തുടങ്ങി, ഒപ്പം യോഗ പഠനവും. 

18-ാമത്തെ വയസില്‍ നാനമ്മാള്‍ ഋതുമതിയായി. പിറ്റേവര്‍ഷം തന്നെ, അതായത് 19-ാമത്തെ വയസില്‍ അവരുടെ വിവാഹം നടത്തി, വെങ്കിടസാമി എന്ന രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുമായിട്ട് (Registrade Medical Practitioner). വിവാഹത്തിനു ശേഷം വളരെ കുറച്ചു സമയം മാത്രമേ അവര്‍ക്കു യോഗ ചെയ്യാന്‍ അവസരം ലഭിച്ചുള്ളു. ആ വീട്ടിലെ അടുക്കളയിലായിരുന്നു അവര്‍ ഉറങ്ങിയിരുന്നത്. വെളുപ്പിന് 5 മണിക്ക് എഴുന്നേല്‍ക്കുന്ന ശീലമാണ് നാനമ്മാള്‍ക്ക് ഉള്ളത്. എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം അവര്‍ അടുക്കളയില്‍ തന്നെ യോഗ ചെയ്യുമായിരുന്നു. ഒരിക്കല്‍ നാനമ്മാളിന്റെ അമ്മായി അമ്മ ഇതു കണ്ടുപിടിച്ചു. മകന്റെ അടുത്ത് പരാതിയും പറഞ്ഞു. 'നിന്റെ ഭാര്യ അടുക്കളയില്‍ ഇതെന്തു കളിയാണ് കളിക്കുന്നത്,' എന്ന് അവര്‍ മകനോടു ചോദിച്ചു. 'അത് കളിയല്ല, യോഗയാണ്' എന്നായിരുന്നു മകന്റെ മറുപടി.

ഒരിക്കല്‍, ഭര്‍ത്താവിന്റെ അമ്മയ്ക്ക് അതികഠിനമായ നടുവേദന ഉണ്ടായി. വേദന സഹിക്കാതെ ആശുപത്രിയിലേക്കു പോകാന്‍ തുടങ്ങിയ അമ്മയെ വെങ്കിടസാമി തടഞ്ഞു. നിങ്ങളുടെ മരുമകള്‍ക്ക് കുറച്ചു നല്ല സിദ്ധികള്‍ അറിയാമെന്നും ഈ വേദന മാറ്റിത്തരാന്‍ അവര്‍ക്കു കഴിയുമെന്നും വെങ്കിടസാമി അമ്മയെ അറിയിച്ചു. നാനമ്മാള്‍ അമ്മയെ യോഗ പഠിപ്പിച്ചു, പിന്നെ കുറച്ച് ആയുര്‍വ്വേദ മരുന്നുകളും നല്‍കി. മൂന്നു ദിവസത്തിനകം അവരുടെ വേദന തീര്‍ത്തും മാറി. അതോടെ, നാനമ്മാള്‍ ആ ഗ്രാമത്തില്‍ പ്രശസ്തയായി. അതോടെ യോഗ പഠിക്കാനായി ഗ്രാമത്തില്‍ നിന്നും ധാരാളം പേരെത്തി. 


നാനമ്മാള്‍ ആറുകുട്ടികള്‍ക്കു ജന്മം നല്‍കി. രണ്ടാണും നാലു പെണ്ണും. ഒരു മകളൊഴിച്ച് ബാക്കിയെല്ലാവരും ജീവിച്ചിരിപ്പുണ്ട്. അവരുടെ പ്രസവവും നോര്‍മ്മലായിരുന്നു. ഇവരുടെ 5 മക്കളും 12 കൊച്ചുമക്കളും 11 ചെറുമക്കളും യോഗ പ്രാക്ടീസ് ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ കുഞ്ഞുങ്ങളെല്ലാം ജനിച്ചത് സാധാരണ പ്രസവത്തിലൂടെയാണ്. 'യോഗയിലൂടെയും നാച്ചുറോപ്പതിയിലൂടെയും എല്ലാ രോഗങ്ങളും ചികിത്സിക്കാനാവും,' നാനമ്മാള്‍ വ്യക്തമാക്കി. 

നാനമ്മാള്‍ കാപ്പിയോ ചായയോ കുടിക്കാറില്ല. ആരോഗ്യത്തിനു ഹാനികരമായ ഒരു പാനീയവും അതിഥികള്‍ക്കു നല്‍കാറുമില്ല. തേന്‍ കലക്കിയ വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ പാനീയം ഉത്തമമാണ്. പഞ്ചസാരയെന്ന വെളുത്ത വിഷം ഇവര്‍ ഉപയോഗിക്കാറെയില്ല. ചോക്ലേറ്റും മറ്റ് പദാര്‍ത്ഥങ്ങളും ഇവരുടെ വീട്ടില്‍ ആരും ഉപയോഗിക്കാറില്ല. പൂര്‍വ്വികര്‍ നല്‍കിയ ആഹാര ശീലങ്ങളാണ് ഇവര്‍ ഇപ്പോഴും പിന്തുടരുന്നത്. തെറ്റായ ആഹാര ശീലങ്ങളാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. അതിനാല്‍, ആധുനിക ഭക്ഷണശീലങ്ങള്‍ ഇവര്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 

'നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വിത്തില്ലാത്ത ഒരു യുഗത്തിലൂടെയാണ്. വിത്തില്ലാത്ത മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍, പപ്പായ തുടങ്ങിയവയോടാണ് ആളുകള്‍ക്കു താല്പര്യം. അതുകൊണ്ടുതന്നെ, വിത്തില്ലാത്ത മനുഷ്യരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഇത്രയേറെ പെരുകാന്‍ കാരണം ജനങ്ങളുടെ തെറ്റായ ആരോഗ്യശീലവും ഭക്ഷണവുമാണ്. അമ്മയുടെ ചെറുപ്പകാലത്ത് ഓരോ സ്ത്രീകളും ധാരാളം കുട്ടികളെ പ്രസവിക്കുമായിരുന്നു. പ്രസവമാകട്ടെ, തീര്‍ത്തും സൗജന്യവും. പക്ഷേ, ഇപ്പോഴത്തെ കാലത്ത് ഒന്നോ രണ്ടോ കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. അതും ഓരോ പ്രസവത്തിനും ആയിരങ്ങളും ലക്ഷങ്ങളും ചിലവു വരുന്നു. സിസേറിയന്റെ എണ്ണവും വളരെയേറെയാണ്. ഇനി വരുന്ന കാലത്ത് പുരുഷന് വിത്തുണ്ടാവില്ല, സ്ത്രീകള്‍ക്ക് ശേഷിയുമുണ്ടാവില്ല. അതിനാല്‍ തന്നെ, ഒരു കുഞ്ഞിനെ ജനിപ്പിച്ചെടുക്കാന്‍ ലക്ഷങ്ങളോ കോടികളോ മുടക്കേണ്ടി വരും. അത്തരമൊരു കാലത്തിലേക്കാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത്,' നാനമ്മാളുടെ മകന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി. 

നമ്മള്‍ യോഗ ചെച്ചുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാവും. കരള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളും നോര്‍മ്മലായി പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നോര്‍മ്മലാകും. ഇതോടെ പാന്‍ക്രിയാസ് ഗ്രന്ഥികളും നന്നായി പ്രവര്‍ത്തിച്ചു തുടങ്ങും. അതിനാല്‍, ജീവിതത്തിലെ എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ് യോഗ. മെഡിറ്റേഷനും യോഗയും നാച്ചുറോപ്പതിയും ഒത്തുചേരുമ്പോള്‍ നമുക്ക് ലഭിക്കുന്നത് രോഗമില്ലാത്ത ഒരു ജീവിതമാണ്,' ബാലകൃഷ്ണന്‍ പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ്, അട്ടപ്പാടിയില്‍, മകളുടെ വീട്ടില്‍ വച്ച് നാനമ്മാള്‍ ഒന്നു വീണു. കാലിന് സാരമായ പരിക്കുകള്‍ സംഭവിച്ചു. നാച്ചുറോപ്പതിയിലൂടെയും യോഗയിലൂടെയും ആരോഗ്യസ്ഥിതി വീണ്ടെടുത്തെങ്കിലും നടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. ബുദ്ധിമുട്ടേറിയ യോഗ പോസ്റ്ററുകള്‍ ചെയ്യുന്നതിനും. എങ്കിലും യോഗ മുറകളായ പശ്ചിമോത്താസനം, പാദഹസ്താസനം, ഹാലാസനം, തോലാസനം, ജാനുശിരസാസനം, ഏകപദാസനം, ശശാങ്കാസനം (Pachimothasanam, Paadhahasthasanam, Halasanam, Tolasanam, Janusirasasanam, Eka Paadasanam, Sasangasanam) തുടങ്ങിയ യോഗമുറകള്‍ അവര്‍ മുടങ്ങാതെ എല്ലാദിവസവും ചെയ്യുന്നു. കൂടാതെ നൂറോളം കുട്ടികള്‍ക്ക് യോഗവിദ്യ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. 

നാനമ്മാള്‍ക്ക് നാളിതുവരെ ലഭിച്ചത് 150 അവാര്‍ഡുകളാണ്. അതില്‍ ആറെണ്ണം ദേശീയ തലത്തില്‍ ലഭിച്ച സ്വര്‍ണ്ണ മെഡലുകളാണ്. അതില്‍ ഏറ്റവും പ്രധാനം 2016 ല്‍ ലഭിച്ച യോഗ രത്‌ന അവാര്‍ഡാണ്. 2017 മാര്‍ച്ച് 8ന് മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും നാരി ശക്തി പുരസ്‌കാര്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം സ്‌പെഷ്യല്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചു. 


Tags: Nanammal, the yoga wonder, Padmasree Nanammal, Yoga

(Nanammal reaches 99, but still she is active and doing yogasanas.)

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.