സത്യസന്ധനും ധനകാര്യമന്ത്രിയുമായ നമ്മുടെ തോമസ് ഐസക്കിന് ഒരു തുറന്ന കത്ത്....... പ്രതീക്ഷയോടെ
സര്‍, താങ്കളെ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നു, വിശ്വസിക്കുകയും
ചെയ്യുന്നു. നമ്മുടെ ഖജനാവില്‍ പണമില്ലെന്നും മുണ്ടുമുറുക്കി
ഉടുക്കണമെന്നും അങ്ങു പറയുമ്പോള്‍ ഞങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നതും
അതുകൊണ്ടു തന്നെ. പക്ഷേ, സാര്‍, അങ്ങു ചിന്തിച്ചിട്ടുണ്ടോ...? കേരളം
പലപ്പോഴും പലതിനും റോള്‍ മോഡലാണ്. നമ്മളാണ് പലപ്പോഴും രാജ്യത്തിന്
വഴികാട്ടിയായിരിക്കുന്നത്. അതുകൊണ്ട് ചില ചെറിയ, എളിയ നിര്‍ദ്ദേശങ്ങള്‍
താങ്കളുടെ അറിവിലേക്കു പറയുകയാണ്.
നമ്മുടെ കേരളം കുറച്ചുകൂടി സമ്പന്നമാവാന്‍, കള്ളത്തരം ചെയ്യുന്നവരെയും
കള്ളക്കച്ചവടം ചെയ്യുന്നവരെയും ഒന്നു കൂച്ചുവിലങ്ങിട്ടാല്‍ മതി. ഇക്കാര്യം
ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. പക്ഷേ, ഭരിക്കുന്നവരും
ഉദ്യോഗസ്ഥരും ഇതൊന്നും അറിയുന്നില്ലെന്നു മാത്രം. ആര്‍ത്തിപിടിച്ചവര്‍
കട്ടുമുടിക്കും, പക്ഷേ ആ കളവിനും വേണ്ടേ സാര്‍ ഒരു നിയന്ത്രണം....? അവര്‍
രാത്രി മുഴുവന്‍ കക്കട്ടെ. പക്ഷേ, സൂര്യന്റെ വെളിച്ചത്തില്‍, പകല്‍
വെളിച്ചത്തില്‍, മോഷ്ടിക്കാന്‍ താങ്കള്‍ അനുവദിക്കരുത്.
ഇക്കാര്യം എങ്ങനെ നടപ്പിലാക്കാമെന്ന് ബുദ്ധിരാക്ഷസനായ താങ്കളെ പറഞ്ഞു
മനസിലാക്കിക്കേണ്ട ആവശ്യം എനിക്കില്ല. എങ്കിലും ചില നിര്‍ദ്ദേശങ്ങള്‍
തരാതിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. കാരണം, കേരളത്തിന്റെ
ഇപ്പോഴത്തെ പോക്കില്‍ എനിക്ക് വളരെയധികം ആശങ്കയുണ്ട്.
നമ്മുടെ എല്ലാ വകുപ്പുകളും ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നിസ്സാരമായി
നടപ്പിലാക്കാവുന്നതേയുള്ളു ഇത്. ലോകത്തില്‍, ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം
ഇറക്കുമതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. കേരളത്തില്‍ കോഴിക്കോട്,
കൊച്ചി, തിരുവനന്തപുരം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴി. കോടിക്കണക്കിനു
രൂപയുടെ സ്വര്‍ണ്ണമാണ് ഈ വിമാനത്താവളങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ
കള്ളക്കടത്തും ഇറക്കുമതിയും നിയന്ത്രിച്ചാല്‍ നമുക്ക് നല്ലൊരു വരുമാനം
കിട്ടും. കൂടാതെ എല്ലാ സ്വര്‍ണ്ണക്കടയിലും ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും
കൃത്യമായ ഒരു റെയ്ഡ് നടത്തുക.
ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിച്ച്, അവരെ നികുതി
വെട്ടിക്കുന്ന പൗരന്മാരായി മാറ്റിയിട്ട് സര്‍ക്കാരിന് എന്തു പ്രയോജനമാണ്
ഉള്ളത്...? അതിനാല്‍, സ്വര്‍ണ്ണത്തിന് ഒരു ശതമാനം നികുതി ചുമത്തി, അതു
കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ മനസുവയ്ക്കണം. ജനങ്ങള്‍ ഒരു
ശതമാനം നികുതി കൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടുത്തെ എല്ലാ
സ്വര്‍ണ്ണക്കടക്കാരും കോടീശ്വരന്മാരായതിനു പിന്നിലെ പരസ്യമായ രഹസ്യം
ഞങ്ങള്‍ക്ക് അറിയാം. ഇതൊന്നും ഞങ്ങള്‍ക്ക് അറിയില്ല എന്ന് താങ്കള്‍
വിചാരിക്കരുത്. അത്രയ്ക്കു വിലകുറച്ചു കാണാന്‍ ജനങ്ങള്‍ മന്ദബുദ്ധികളോ
അല്പബുദ്ധികളോ അല്ല.
ഭരണകൂടവും അതിലെ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു കൊടുക്കുന്നതു കൊണ്ടാണ്
സ്വര്‍ണ്ണക്കച്ചവടക്കാരും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നവരുമെല്ലാം
ഇത്രയധികം വമ്പന്‍ പണക്കാരാകുന്നത്. സാധാരണ വോട്ടര്‍മാര്‍ക്ക്
ബുദ്ധിയില്ലെന്നു താങ്കള്‍ കരുതരുത്. നികുതി ഭാരം താങ്ങാന്‍ കഴിയാതെ,
ജനങ്ങള്‍ അതില്‍ നിന്നും ഒഴിവാകാനുള്ള പഴുതുകള്‍ തിരയുകയാണ്. എല്ലാ
മേഖലയിലും വരുമാന നികുതിയും വില്‍പ്പന നികുതിയും വെട്ടിക്കുന്നതു കൊണ്ട്
അതൊരു കുറ്റമല്ലാത്തതുപോലെയാണ് ജനങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. നികുതി വളരെ
അധികം വാങ്ങുന്നതിനു പകരം ഒരു നിശ്ചിത അളവില്‍, അവര്‍ക്കും കൂടി
ജീവിക്കാന്‍ വേണ്ടത് കൊടുത്തു കൊണ്ടുള്ള ഒരു നികുതിയാണെങ്കില്‍ കടയുടമകള്‍
അതു വാങ്ങുവാനും തരാനും തയ്യാറാവും. 14 ശതമാനവും 16 ശതമാനവും 18 ശതമാനവും
നികുതി പിരിച്ചിട്ട് അതു വെട്ടിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിലും
നല്ലത് കുറഞ്ഞ നികുതി ഈടാക്കി, അതു പിരിച്ചെടുക്കാന്‍ കര്‍ശന
നടപടിയെടുക്കുക എന്നതാണ്. വന്‍തോതിലുള്ള നികുതി, ഒരു ശതമാനവും രണ്ടു
ശതമാനവും അഞ്ചു ശതമാനവും ആയി കുറയ്ക്കുക.
എറണാകുളം പോലുള്ള പട്ടണങ്ങളില്‍ എത്രയധികം കെട്ടിടങ്ങള്‍ സ്‌ക്വയര്‍
ഫീറ്റുകകള്‍ തെറ്റിച്ചും അനധികൃതമായി മൂന്നും നാലും നിലകള്‍ പ്ലാനില്ലാതെ
പാസാക്കിയിട്ട് പിന്നെ അത് അംഗീകരിക്കുകയാണ് ചെയ്യുന്നത്. എവിടെയും
വെട്ടിപ്പാണ്. ഞാന്‍ പറയുന്നു, എം എല്‍ എ മാര്‍ക്ക് എല്ലാം മാസം അഞ്ചു
ലക്ഷം രൂപയെങ്കിലും മാസം ശമ്പളം കൊടുക്കണം. ഒരു കോര്‍പ്പറേറ്റിന്റെ ജനറല്‍
മാനേജര്‍ക്ക് കിട്ടുന്ന അത്രയും വലിയ ശമ്പളം എം എല്‍ എ മാര്‍ക്കും എം
പിമാര്‍ക്കും കൊടുക്കണം. പക്ഷേ അവര്‍ ഒരു ബസ്റ്റാന്റോ മൂത്രപ്പുരയോ രണ്ടു
പോസ്റ്റും മുകളില്‍ ഒരു ഷീറ്റുമിട്ട് തട്ടിക്കൂട്ടിയ ശേഷം അഞ്ചു ലക്ഷവും
പത്തു ലക്ഷവും എഴുതി എടുക്കുന്ന പണിയും മറ്റ് അഴിമതികളും അവസാനിപ്പിക്കണം.
പുതിയ തലമുറയിലെ കുട്ടികള്‍ വാര്‍ത്ത കാണാത്തതും രാഷ്ട്രീയത്തില്‍
ഇറങ്ങാത്തതും എന്താണെന്നു താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ...? അവരും കക്കാന്‍
തുടങ്ങിയിരിക്കുന്നു. അവര്‍ കള്ളത്തരം പഠിക്കാന്‍ കൂടുതല്‍ ശുഷ്‌കാന്തി
കാണിക്കുന്നു. വെട്ടിച്ചോ തട്ടിച്ചോ സ്വന്തം മാതാപിതാക്കളെ കൊന്നിട്ടോ
അവര്‍ക്കും എങ്ങനെയും പണമുണ്ടാക്കിയാല്‍ മതി എന്നായി. ഇത്തരം
ഉദാഹരണങ്ങളല്ലേ ഇന്നത്തെ തലമുറയിലുള്ള നേതാക്കന്മാരും കാര്‍ന്നോന്മാരും
മതമേലദ്ധ്യക്ഷന്മാരും കാണിച്ചു കൊടുക്കുന്നത്...? മതമേലധ്യക്ഷന്മാര്‍
കക്കുന്നു. മന്ത്രിമാര്‍ കക്കുന്നു. എം എല്‍ എ മാര്‍ കക്കുന്നു. എല്ലാവരും
കക്കുന്നു. എന്നാല്‍ കള്ളന്മാരുടെ ഒരു സംസ്ഥാനമാക്കിക്കൂടെ ഇത്.
കള്ളന്മാരുടെ സ്വന്തം നാട്....!!!
ദൈവത്തെ ഓര്‍ത്ത് കൃത്യമായ ഒരു നികുതി പിരിവ് ഇവിടെ ഉടനെ ഉണ്ടാവണം.
എന്നാല്‍ പാവങ്ങളെ കൊന്നു പിഴിയുകയും ചെയ്യരുത്. അരി, ചെറിയ കാറുകള്‍
(മാരുതി 800 പോലുള്ള ചെറിയ കാറുകള്‍), അഞ്ചു പവന്‍ സ്വര്‍ണ്ണം
മേടിക്കുന്നവനു വരെ ഒരു വിട്ടുവീഴ്ച, അഞ്ചു ലിറ്റര്‍ പെട്രോള്‍
അടിക്കുന്നവന് ഒരു വിട്ടുവീഴ്ച. പക്ഷേ, ഇന്നെന്താണ് നടക്കുന്നത്...?
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും അംമ്പാനിക്കും
ടാറ്റയ്ക്കും ഇവിടുത്തെ വലിയ മന്ത്രിക്കും രവി പിള്ളയ്ക്കും ഇവിടെ മീന്‍
വില്‍ക്കുന്നവനും ചവറു കോരുന്നവനും ഒരേ നികുതി....!! ഇതെന്തു ന്യായമാണെന്ന്
ഒരിക്കലെങ്കിലും അങ്ങ് ചിന്തിച്ചിട്ടുണ്ടോ...?
ഇതു മാറേണ്ട സമയം അതിക്രമിച്ചില്ലേ സാറേ...? സാറൊക്കെ വലിയ പണ്ഡിതനല്ലേ...?
സാറൊന്നു ചിന്തിച്ചു നോക്കൂ... ആഡംബര കാറുകള്‍ക്ക് നികുതി ഇപ്പോള്‍ ഒരല്പം
കൂട്ടിയിട്ടുണ്ട്. എന്തുകൊണ്ട് സ്വര്‍ണ്ണവും പെട്രോളും സ്ഥലവും മണ്ണും
കല്ലുമെല്ലാം ഉപയോഗത്തിന് അനുസരിച്ച് നികുതി ഈടാക്കിക്കൂടാ...?
ഇലക്ട്രിസിറ്റി അങ്ങനെയല്ലേ...? മിതമായി ഉപയോഗിക്കുന്നവന് ഒരു ചാര്‍ജ്ജ്,
കൂടുതല്‍ ഉപയോഗിക്കുന്നവന് കൂടുതല്‍ ചാര്‍ജ്ജ്. നമ്മുടെ അസംസ്‌കൃത
വസ്തുക്കളായ മണല്‍, ഇഷ്ടിക, മരം, സ്വര്‍ണ്ണം, പെട്രോള്‍, വെള്ളം, ഇവ
കൃത്യമായി ഉപയോഗിക്കുന്നവര്‍ക്ക്, സത്യസന്ധമായി ഉപയോഗിക്കുന്നവര്‍ക്ക്,
മനസാക്ഷി അറിഞ്ഞ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ആനുകൂല്യം കൊടുക്കണ്ടേ
സാര്‍...?
നമ്മുടെ അസംസ്‌കൃത വസ്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്നവരില്‍ നിന്നും
കൂടുതല്‍ പണം മേടിക്കണ്ടേ സാര്‍...? എന്നാണു സര്‍ ഇതെല്ലാം
ശരിയാകുന്നത്...? ഒമ്പതു ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഇന്ത്യയില്‍
പണിയുമ്പോള്‍, നൂറു സ്‌ക്വയര്‍ ഫീറ്റിന്റെ വീടുകാരനും ഇവനും ഒരേ ടാക്‌സ്
എങ്ങനെ....? പുതിയ തലമുറയിലെ മക്കളോട് നിങ്ങള്‍ കണ്ണീരോടെ ഉത്തരം പറയേണ്ടി
വരും. തോമസ് ഐസക്ക് സാറില്‍ ഞങ്ങള്‍ക്ക് അമിതമായ പ്രതീക്ഷയുണ്ട്. താങ്കളുടെ
സ്ഥാനം പോയാല്‍ ഞങ്ങളുടെ ഹൃദയത്തില്‍ താങ്കള്‍ക്ക് ഒരു കസേരയുണ്ടാവും
സര്‍. തുറന്നു പറയുകയാണ്, സ്വര്‍ണ്ണക്കടക്കാരും ഇരുമ്പുകച്ചവടക്കാരും വലിയ
ഹോള്‍സെയില്‍ കച്ചവടം ചെയ്തു കോടികള്‍ ഉണ്ടാക്കുമ്പോള്‍ ബാക്കിയുള്ളവര്‍
ഒരു ആയിരം രൂപയെങ്കിലും ഉണ്ടാക്കട്ടെ സാര്‍. ഇവിടെ എങ്ങനെയാണ്...? ഒരു മാസം
സകല ചെലവും കഴിഞ്ഞ് ആയിരമോ രണ്ടായിരമോ കൈയില്‍ പിടിക്കുന്നവനല്ലേ സാര്‍
കൂടുതലും...? പക്ഷേ എല്ലാ മാസവും കോടിക്കണക്കിനു രൂപ
ലാഭമുണ്ടാക്കുന്നവരെയല്ലേ നിങ്ങള്‍ സൃഷ്ടിക്കുന്നത്...?
വലിയ വലിയ ഫല്‍റ്റുടമകള്‍ എങ്ങനെയാണു സാര്‍ കുറെ പൈസ ബാങ്കില്‍ നിന്നും
ലോണ്‍ എടുത്തിട്ട് ഇങ്ങനെ കോടീശ്വരന്മാരാകുന്നത്..? പത്തുകോടിയുടേയും
അഞ്ചുകോടിയുടേയും കാറു മേടിക്കുന്നത്...? ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി
എങ്ങനെയാണ് 25 ലക്ഷം രൂപയ്ക്ക് നടത്തുക...? സര്‍ ഞങ്ങളൊക്കെ
മണ്ടന്മാരാണോ...? ദൈവത്തെയോര്‍ത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍,
മന്ത്രിയെന്നോ കളക്ടറെന്നോ ഡി ജി പി എന്നോ ഒന്നും പുതിയ തലമുറ നോക്കില്ല
സര്‍. ദൈവത്തെയോര്‍ത്ത് കൃത്യമായി നികുതി പണം പിരിക്കാന്‍ നിങ്ങള്‍
ശ്രമിക്കണം. വലിയ സ്വര്‍ണ്ണക്കടയില്‍ നിന്നു തന്നെ ആദ്യം തുടങ്ങണം. പിന്നെ
ഫല്‍റ്റ് നിര്‍മ്മാതാക്കള്‍. അങ്ങനെ നികുതി കൃത്യമായിട്ട് എടുത്താല്‍ തന്നെ
നമ്മുടെ നാടിന് ഒരു ഉയര്‍ച്ചയുണ്ടാവും. അല്ലാതെ ട്രഷറിയില്‍ പണമില്ല
എന്നും പറഞ്ഞാല്‍ കോടീശ്വരന്മാര്‍ കോടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.
മരുന്നുമേഖലയിലും രണ്ടുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ മരുന്നല്ലേ
സാര്‍ നമ്മള്‍ എക്‌സ്‌പോര്‍ട്ട് ചെയ്തിരിക്കുന്നത്...? എന്തുകൊണ്ട്
കേരളത്തിലോ ഇന്ത്യയിലോ നമ്മുടെ സര്‍ക്കാര്‍ തലത്തില്‍ ഒരു മരുന്നു ഫാക്ടറി
പോലും ഉണ്ടാകാത്തത്...? ഈ ലാഭമെല്ലാം ചില വ്യക്തികളുടെ പോക്കറ്റിലേക്കല്ലേ
പോകുന്നത്...? കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് എത്ര സ്വര്‍ണ്ണ
മുതലാളിമാര്‍ ഉണ്ടായി എന്നു നിങ്ങള്‍ ശ്രദ്ധിക്കണം. മനസാക്ഷി ഉണ്ടെങ്കില്‍
(പറഞ്ഞാല്‍ മാത്രം പോര) ഉണര്‍ന്നു പ്രവര്‍ത്തിക്കണം സര്‍.
ദൈവത്തെയോര്‍ത്ത്, പുതിയ തലമുറയ്ക്കു വേണ്ടി, കുഞ്ഞുമക്കള്‍ കള്ളന്മാരും
കൊലയാളികളുമാവാതിരിക്കുവാന്‍ രാജ്യസ്‌നേഹം ഊട്ടി വളര്‍ത്തുവാന്‍ വേണ്ടി,
നിങ്ങള്‍ മന്ത്രിമാര്‍, കുറച്ചുകൂടി ഹൃദയശുദ്ധി വരുത്തി
ഞങ്ങളിലേക്കിറങ്ങിവരണം സാര്‍. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ, ദീര്‍ഘായുസ്
ഉണ്ടാകട്ടെ. ജനങ്ങള്‍ക്കു വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി
പ്രവര്‍ത്തിക്കാന്‍ കുറച്ചെങ്കിലും സമയം കണ്ടെത്തണം. നിങ്ങള്‍ നല്ല സാലറി
എഴുതി എടുക്കണം സാര്‍. മന്ത്രിമാരൊക്കെ പത്തു ലക്ഷം രൂപ ശമ്പളമായി എടുത്തോ.
പക്ഷേ ഒരു കോടി മോഷ്ടിക്കുന്നതിനു കൂട്ടുനില്‍ക്കരുത് സാര്‍.
പക്ഷേ, ഇത്രയും നാളത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് ഒരു കാര്യം ജനപക്ഷത്തിന്
തീര്‍ച്ചയാണ്. ലക്ഷങ്ങളോ കോടികളോ ശമ്പളമായി വാങ്ങിയാലും ആര്‍ത്തിയെ
തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ലെന്ന്.....!!!
നന്ദി നമസ്‌ക്കാരം....
സ്‌നേഹപൂര്‍വ്വം
ബെന്നി ജോസഫ്, ജനപക്ഷം
അഭിപ്രായങ്ങളൊന്നുമില്ല