Header Ads

ഒത്തുതീര്‍പ്പു രാഷ്ട്രീയം അഥവാ ഭരണ പ്രതിപക്ഷ ഒത്തുകളി





സഖാവ് ടി. പി ചന്ദ്രശേഖരന്റെ വധത്തോടുകൂടി പ്രതിക്കൂട്ടിലായ സിപിഎം ന്റെ മുതിര്‍ന്ന സഖാക്കള്‍ അഴികള്‍ക്കുള്ളില്‍ ആവുകയും അങ്ങനെ കേരളത്തില്‍ കത്തികൊണ്ടുള്ള രാഷ്ട്രീയത്തിന് അറുതിവരികയും ചെയ്യും എന്ന് നല്ല ഒരുവിഭാഗം ജനങ്ങള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വേഗം മാറി മറിയുന്നതായിട്ട് ആണ് അന്ന് കാണുവാന്‍ സാധിച്ചത്. ഒരുകൂട്ടം സമാധാന കാംക്ഷികളുടെ പ്രതീക്ഷക്ക് മങ്ങല്‍ ഏല്പിച്ചുകൊണ്ടാണ് സഖാവ് ടി. പി യുടെ കൊലപാതക കേസിന്റെ ഡയറി പോലീസ് അടച്ചത്. ഗൂഡാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ച് അകത്തായ പ്രതിക്ക് ജാമ്യം ലഭിച്ചതുമുതല്‍ കേസിന്റെ ഗതി വഴിമാറുകയായിരുന്നു. 



സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അത് ചിലപ്പോള്‍ ചെന്ന് എത്തുന്നത് സിപിഎം ന്റെ ഉന്നതങ്ങളിലേക്ക് ആകും എന്ന് മനസ്സിലാക്കിയ നേതൃത്വം അന്നത്തെ സര്‍ക്കാരിനെ പാട്ടിലാക്കി ചില ഒത്തുതീര്‍പ്പ് സമവാക്യങ്ങള്‍ ഉണ്ടാക്കി എന്ന് സംശയിച്ചാല്‍ അതിനെ ആര്‍ക്കും തള്ളിപ്പറയുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. യുഡിഫ് ഭരണ കാലത്തെ ചില അഴിമതികളും ചിലരുടെ യഥാര്‍ത്ഥ മുഖങ്ങളും പുറത്തു വരാതിരിക്കണമെങ്കില്‍ ഈ സമവാക്യങ്ങള്‍ കൂടിയേ തീരൂ. പിന്നെ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ സമുന്നതരായ സഖാക്കള്‍ ഒരത്യാവശ്യം വിളിച്ചുപറഞ്ഞാല്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അത് കേള്‍ക്കാതിരിക്കുവാന്‍ പറ്റുമോ? 'നിങ്ങള്‍ക്ക് ഒരു സഹായം ചെയ്യുവാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഈ കസേരയില്‍ ഇരിക്കുന്നത്' എന്ന മറുപടിയായിരിക്കും ഭരണപക്ഷം ചോദിച്ചത്? 



ചത്തത് നമ്മുടെ വീട്ടുകാര്‍ ഒന്നും അല്ലല്ലോ? ഒരു പ്രവര്‍ത്തകന്‍ പോയാല്‍ അതുപോലത്തെ നൂറുപേരെ നമുക്ക് ഇറക്കാം. ഇതൊക്കെ ആയിരുന്നിരിക്കാം അന്നത്തെ നേതാക്കള്‍ സംസാരിച്ചിരുന്നത്. ഇവര്‍ ആരും നേരിട്ട് ഇടപെട്ടുകാണുകയില്ല, എന്നാല്‍ ചില ദൂതന്മാര്‍ മുഖേനെ ആകാം ഈ ഒത്തുതീര്‍പ്പിലെത്തിയത്. പോലീസിന്റെമേല്‍ സിപിഎം ന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം, എല്ലാവര്‍ക്കും അവരുടെ ജീവനില്‍ കൊതി കാണുമല്ലോ. ആ സാഹചര്യത്തില്‍ കേസ് സിബിഐ യെ ഏല്‍പ്പിച്ച് ഈ കൊലപാതക പാര്‍ട്ടിയുടെയും അതിന്റെ സഖാക്കളുടെയും യാഥാര്‍ത്ഥമുഖം ജനങ്ങളില്‍ തുറന്നുകാട്ടേണ്ട ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനുണ്ടായിരുന്നു. സഖാവ് ടി. പി യുടെ ഭാര്യ ഈ കേസ് സിബിഐ ക്ക് വിടണം എന്ന് പറഞ്ഞ് പലതവണ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി, സമരങ്ങള്‍ നടത്തി. അന്നെല്ലാം ആഭ്യന്തരമന്ത്രിയുടെ മറുപടി വളരെ ലളിതമായിരുന്നൂ, അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്, സിബിഐ യെ ഏല്പിക്കേണ്ട ആവശ്യം ഇല്ലായെന്ന്. ശരിയായ നിയമനടപടിയില്‍ കൂടി 'വരമ്പത്ത് കൂലി നല്കിയിരുന്നുവെങ്കില്‍' ഒരു ഷുഹൈബിന്റെ ജീവന്‍ ഇവിടെ പൊലിയുകയില്ലായിരുന്നൂ. ഇവിടെ കാലങ്ങളായി ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ് അരങ്ങേറുന്നത്. അതില്‍ ബിജെപി യുടെ പങ്കും കുറച്ചുകാണുന്നില്ല. 



സോളാര്‍ കേസ് സിപിഎം കൊട്ടിഘോഷിച്ചുകൊണ്ട് അണികളെ പണവും ഭക്ഷണവും കൊടുത്ത് തിരുവനന്തപുരത്ത് അണിനിരത്തി. ജനത്തെ എല്ലാം വിളിച്ചുകൂട്ടിയപ്പോള്‍ മണ്ടന്‍ ശിരോമണികള്‍ ചിന്തിച്ചില്ല ഈ വന്നുകൂടുന്ന സ്ത്രീപുരുഷന്മാരുടെ മലമൂത്ര വിസര്‍ജനം എവിടെ നടത്തും എന്ന്? വലിയ ഒരു പരിസ്ഥിതി പ്രശ്‌നം അവിടെ ഉടലെടുക്കുമായിരുന്നൂ. തിരുവന്തപുരത്തെ താമസക്കാര്‍ പ്രകോപിതരാകുമായിരുന്നു. സമരം പൊളിഞ് സിപിഎം പ്രതികൂട്ടില്‍ ആകുമായിരുന്നു. ഏതുവിധേനയും മുഖം രക്ഷിക്കുവാന്‍ എ കെ ജി സെന്ററില്‍ സഖാക്കള്‍ തലപുകയുമ്പോള്‍ ഒത്തുതീര്‍പ്പ് സമവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ വിളിക്കുന്നു. 

ഒരു സിനിമയില്‍ നടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞതുപോലെ 'എല്ലാം കോംപ്ലിമെന്റ്‌സ് ആക്കി'. സിപിഎം അണികളോട് വീട്ടില്‍ പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും പെട്ടിയുമായി വന്ന കാരാട്ടും ഒപ്പം ഉണ്ടായിരുന്ന ഘടകകക്ഷി സി പി ഐ യുടെയും കണ്ണുകള്‍ തള്ളിപ്പോയി. രണ്ടുമൂന്നു ദിവസം കേരളത്തില്‍ സുഖമായി അങ്ങ് കൂടാം എന്ന് കരുതി ഇറങ്ങി തിരിച്ചതായിരുന്നു കാരാട്ട് സഖാവ്. ഇത്രവേഗം സമരം ഒത്തുതീര്‍പ്പ് ആകും എന്ന് സഖാവ് ഉള്‍പ്പടെ ആരും കരുതിയിരുന്നില്ല. അനന്തര ഫലമോ, മലപോലെ വന്നവന്‍ എലിപോലെ പോയി എന്ന് പറയുന്നതുപോലെ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഇപ്പോള്‍ അകത്താകും എന്ന് ഇന്ത്യ മൊത്തവും ഉള്ള ജനങ്ങള്‍ ഉറ്റു നോക്കിയ കേസില്‍ വെള്ളം ചേര്‍ത്തൂ. അങ്ങനെ കോടികളുടെ അഴിമതി ഒന്നും അല്ലാതെയായി. ചില നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും അവരെ വിജയിപ്പിക്കുന്നതിലും ഈ ഒത്തുരാഷ്ട്രീയം അങ്ങാടിയില്‍ പാട്ടാണ്. ഈ മലിനസമായ ഒത്തുരാഷ്ട്രീയം ഉള്ളിടത്തോളം കാലം നിരപരാധികള്‍ ഇവിടെ കൊല്ലപ്പെടും, പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് ഒരുകൂട്ടര്‍ സുഖമായി നമ്മുടെയിടയില്‍ വിഹരിക്കും.


Santhosh Pavithramangalam

Tags: Kerala Politic, LDF, UDF, Kerala political leaders

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.